കൊവിഡ് കാലത്തെ പിണറായിഭാഷ

ഐ.എസ്.എൽ മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സിനുവേണ്ടി ജഴ്സി അണിഞ്ഞിരുന്ന ഇയാൻ എഡ്വേഡ് ഹ്യും എന്ന കനേഡിയൻ താരത്തിന്റെ കളികാണാൻ സ്റ്റേഡിയത്തിൽ മാത്രമല്ല ടി വി ചാനലുകളിലും കാണികൾ ആകാംക്ഷയോടെ കാത്തിരുന്നിരുന്നു. പന്ത് ഗോൾവലയത്തിലേക്ക് പായിക്കുമ്പോൾ കാലുകളിൽനിന്ന് കാണികൾ അനുഭവിക്കുന്ന സൗന്ദര്യമായിരുന്നു അദ്ദേഹത്തിന്റെ കളിയുടെ ഭാഷ. ഗോളടിക്കുക എന്ന പ്രയോഗം നമ്മുടെ ഭാഷയിലുണ്ടല്ലോ, ആ അർഥത്തിൽ നോക്കുകയാണെങ്കിൽ ഒരു മണിക്കൂർ പത്രസമ്മേളനത്തിൽ ഭാഷയിലൂടെ ഗോളടിക്കുകയാണ് പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്തെ പിണറായിവിജയന്റെ വാർത്താസമ്മേളനം എങ്ങനെയാണ് ഉയർന്ന ടി.ആർ.പി റേറ്റ് നേടുന്നതെന്ന് ഭാഷാശാസ്ത്രത്തിന്റെ കാഴ്ചപ്പാടിലൂടെ ഒരന്വേഷണം.

സ്ഥിരമായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം ശ്രദ്ധിക്കുന്ന ഭാര്യ: ചായപ്പൊടി തീർന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനുവേണ്ട നടപടികൾ സ്വീകരിക്കണം. ചിലർ വാഷ്ബേസിന്റെ ടാപ്പ് മുറുക്കെ അടക്കാതെ വെള്ളം ലീക്കാവുന്ന കാര്യം കണ്ടിട്ടുണ്ട്. അത് അനുവദിക്കാൻ പറ്റില്ല.
വികൃതിയായ മകനോട് അച്ഛൻ: ചില കുട്ടികൾ രാവിലെ എഴുന്നേറ്റ് പല്ലുതേക്കാതെ ചായ കുടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കുട്ടികൾ പൊതുവേ രണ്ടുനേരം കുളിക്കേണ്ടതായിട്ടുണ്ട്. അതുപോലെ മറ്റൊരു പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത് കുട്ടികളിലെ അമിതമായ മൊബൈൽഫോണിന്റെ ഉപയോഗമാണ്. ഇത് അനുവദിച്ചുതരാൻ പറ്റുന്നതല്ല. ഇത്തരം കുട്ടികൾക്കെതിരേ പോലീസ് നിയമപരമായ നടപടികൾ സ്വീകരിക്കുന്നതാണ്.

മുകളിൽ നൽകിയ ട്രോളുകൾ കൊവിഡ് കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പത്രസമ്മേളനങ്ങളെ അധികരിച്ച് നിർമിക്കപ്പെട്ടവയാണ്. ഇങ്ങനെ മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തെ ആസ്പദമാക്കി നിരവധി ട്രോളുകൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ ട്രോളുകൾ മുഖ്യമന്ത്രിയോടുള്ള രാഷ്ട്രീയവിയോജിപ്പ് പ്രദർശിപ്പിക്കുകയോ ടെലിവിഷൻ ചാനലുകളിലെ പൊളിറ്റിക്കൽ സറ്റയർ പരിപാടികളിലേതുപോലുള്ള വക്രീകരണം ഉപയോഗിക്കുകയോ ചെയ്യുന്നില്ല, മറിച്ച് ആ വാർത്താസമ്മേളനങ്ങളുടെ ജനകീയതയെ പ്രതിഫലിപ്പിക്കുകയാണ്. അദ്ദേഹം അവതരിപ്പിക്കുന്ന ഭാഷയുടെ വിപുലീകരണം (extension) മാത്രമാണ് തൊണ്ണൂറുശതമാനം ട്രോളുകളുടെയും ഉള്ളടക്കം.

അഞ്ചാം സീസൺ വരെ ഐ.എസ്.എൽ മത്സരങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സിനുവേണ്ടി ജഴ്സി അണിഞ്ഞിരുന്ന സ്ട്രൈക്കർ ഇയാൻ എഡ്വേഡ് ഹ്യും എന്ന കനേഡിയൻ താരത്തിന്റെ കളികാണാൻ സ്റ്റേഡിയത്തിൽ മാത്രമല്ല ടി. വി ചാനലുകൾക്കു മുന്നിലും കാണികൾ ആകാംക്ഷയോടെ കാത്തിരുന്നിരുന്നു. 28 മത്സരങ്ങളിൽ കേരളത്തിനായി ബൂട്ടിട്ട അദ്ദേഹം ഒരു ഹാട്രിക് ഉൾപ്പെടെ ശ്രദ്ധേയമായ ഗോളുകൾ നേടിയിരുന്ന താരമായിരുന്നു. ഗ്രൗണ്ടിൽ തന്റെ മുന്നിലേക്ക് വരുന്ന ഫുട്ബോളിനെ അദ്ദേഹം കാലുകളിൽ വഹിക്കുമ്പോൾ ഒരു താളമുണ്ടായിരുന്നു. ആ താളത്തിന്റെ അകമ്പടി വഹിച്ചായിരുന്നു അദ്ദേഹം ബോളിനെ ഗോളാക്കിയിരുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷ ഒരിക്കലും അക്രമാസക്തമായിരുന്നില്ല. പന്ത് ഗോൾവലയത്തിലേക്ക് പായിക്കുമ്പോൾ കാലുകളിൽനിന്ന് കാണികൾ അനുഭവിക്കുന്ന ഈണമായിരുന്നു അദ്ദേഹത്തിന്റെ കളിയുടെ സൗന്ദര്യം. ഐ.എസ്.എൽ എന്ന പുതിയൊരു ഫുട്ബോൾ മത്സരരീതിയെ ജനകീയമാക്കുന്നതിൽ ഹ്യൂമിന്റെ പങ്ക് വിലപ്പെട്ടതായി കാണാം. കേരള ബ്ലാസ്റ്റേഴ്സ് എത്ര ഗോളടിക്കുമെന്നല്ല, ഹ്യുമേട്ടൻ എത്ര ഗോളടിക്കുമെന്നതായിരുന്നു കാണികളുടെ ആകാംക്ഷ.

ഇയാൻ ഹ്യൂം

കളിക്കളത്തിലെ ഹ്യൂമിന്റെ ഭാഷയ്ക്ക് സമാനമായ ഒരു സൗന്ദര്യമാണ് പിണറായി വിജയന്റെ പത്രസമ്മേളനങ്ങളിലും നമുക്കു കാണാനാവുക. ഗോളടിക്കുക എന്ന പ്രയോഗം നമ്മുടെ ഭാഷയിലുണ്ടല്ലോ, ആ അർഥത്തിൽ നോക്കുകയാണെങ്കിൽ ഒരു മണിക്കൂർ പത്രസമ്മേളനത്തിൽ ഭാഷയിലൂടെ ഗോളടിക്കുകയാണ് പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. ഫുട്ബോൾ കാഴ്ചയുടെ അനുഭവം ആണെങ്കിൽ ഇത് കേൾവിയുടെ അനുഭവമാകുന്നുവെന്ന് സാരം. പൊതുവേ ധാർഷ്ട്യക്കാരൻ എന്ന പേരുദോഷം വഹിക്കുന്ന പിണറായിയുടെ ശരീരഭാഷയെക്കുറിച്ചുള്ള വിമർശനങ്ങൾ ശ്രദ്ധേയമാണ്. എന്നാൽ കൊവിഡ് കാലത്തെ ഇതുവരെയുള്ള (27.04.2020) പത്രസമ്മേനങ്ങളിൽ ഒരിക്കൽമാത്രമാണ് ആ ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു ശരീരഭാഷ അദ്ദേഹം പ്രദർശിപ്പിച്ചത്, അതും അൽപസമയത്തേക്ക്, കൈകൾകൊണ്ടുള്ള ഒരു ആംഗ്യത്തിലൂടെ.

ഗോളടിക്കുക എന്ന പ്രയോഗം നമ്മുടെ ഭാഷയിലുണ്ടല്ലോ, ആ അർഥത്തിൽ നോക്കുകയാണെങ്കിൽ ഒരു മണിക്കൂർ പത്രസമ്മേളനത്തിൽ ഭാഷയിലൂടെ ഗോളടിക്കുകയാണ് പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്.

ലോകത്താകമാനം പടർന്നുപിടിച്ച രോഗമാണ് കൊവിഡ്-19. ലോകരാജ്യങ്ങളെ ആകമാനം സ്തംഭിപ്പിച്ചു നിർത്തിയ മഹാമാരി. അമേരിക്കപോലുള്ള എല്ലാം തികഞ്ഞത് എന്നു നമ്മൾ വിശ്വസിക്കുന്ന രാജ്യത്തെപ്പോലും ഭയപ്പാടിലും അരക്ഷിതാവസ്ഥയിലുമാക്കിയ രോഗം. രോഗം ബാധിച്ച് ലോകമാകമാനം സാമ്പത്തികമായും സാമൂഹികമായും അടിയന്തരാവസ്ഥയിലായ സമയം. മുമ്പ് എങ്ങുമില്ലാത്തവിധം പൗരന്റെ മൗലികാവകാശങ്ങളെപ്പോലും കർക്കശമായി നിരോധിക്കേണ്ട സാഹചര്യമായിരുന്നു നോവൽ കൊറോണ എന്ന് നാമകരണം ചെയ്യപ്പെട്ട, വുഹാനിൽ പൊട്ടിപ്പുറപ്പെട്ട, മഹാമാരി ലോകത്തിനു സമ്മാനിച്ചത്.
സാമൂഹികതയുടെ ജീവസ്സുള്ള ഒരു ഉപകരണം എന്ന നിലയിൽ, ഇത്തരമൊരു പ്രതിസന്ധി ഭാഷയിൽ കൊണ്ടുവരുന്ന പ്രത്യേകതകളെക്കുറിച്ചാലോചിക്കുന്നത് കൗതുകകരമായിരിക്കും. സമൂഹം മാറുമ്പോൾ ഭാഷയും മാറുന്നു. "അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ അസാധാരണമായ നടപടികൾ സ്വീകരിക്കേണ്ടിവരു'മെന്ന പിണറായിയുടെ പ്രഖ്യാപനം പോലെ അദ്ദേഹത്തിന്റെ ഭാഷയിലും മുമ്പെങ്ങുമില്ലാത്ത ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. അത് രൂപകങ്ങളായും പ്രയോഗങ്ങളായും ശൈലികളായും മലയാളത്തിൽ രൂഢമായിത്തീരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാർച്ച് പത്തുമുതൽ ആരംഭിച്ച മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ചാനലുകളുടെ ടി.ആർ.പി. റേറ്റിങ് ഉയർത്തുന്നതിനുപിന്നിൽ അദ്ദേഹത്തിന്റെ വാമൊഴിയുടെയും ശരീരഭാഷയുടെയും പ്രത്യേകതകൾ ചെറുതല്ലാത്ത ഒരു പങ്കുവഹിക്കുന്നുണ്ടെന്നു വ്യക്തമാണ്.
ഇങ്ങനെ കൊവിഡ്കാലത്തെ പിണറായിഭാഷയുടെ ചില പ്രത്യേകതകളെ ഭാഷാശാസ്ത്രത്തിന്റെ കണ്ണിലൂടെ കാണാനുള്ള ശ്രമമാണ് ഇവിടെ നടത്തുന്നത്.

പിണറായി: ശരീരവും ഭാഷയും

പിണറായിയെക്കുറിച്ച് കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ മയമില്ലാത്തതും സൗഹൃദപരമല്ലാത്തതുമായ ശരീരഭാഷയാണ് ആദ്യം മനസ്സിലേക്കോടിയെത്തുക. ചരിത്രനിർമിതിയിൽ ഉടൽ ഉത്പന്നമാണെന്ന ജ്ഞാനമാതൃക ലോകത്തിന് പകർന്നുകൊടുത്തുവെന്നതാണ് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെ ഗാന്ധി നൽകിയ മികച്ച സംഭാവനയെന്നും ജനാധിപത്യസമരമാർഗങ്ങൾ ഉടൽ അധിഷ്ഠിത സഹനസമരമാണെന്ന് സത്യഗ്രഹം, അഹിംസ എന്നീ മൂല്യങ്ങളിലൂടെ ഗാന്ധി കാണിച്ചുകൊടുത്തുവെന്നും പോരാട്ടത്തിന്റെ പാരഡൈം ഷിഫ്റ്റായി ഇതിനെ കാണാവുന്നതാണെന്നും ശരീരഗാന്ധി എന്ന ലേഖനത്തിൽ പി. എം ഗിരീഷ് അഭിപ്രായപ്പെടുന്നുണ്ട്. നാം സ്വായത്തമാക്കിയ അറിവ് മസ്തിഷ്‌കത്തിൽ സൂക്ഷിച്ചുവെയ്ക്കുന്ന ജ്ഞാനബിംബവ്യവസ്ഥയുടെ അടിസ്ഥാനമാണ് ജ്ഞാനനിർമിതിക്ക് നിദാനം. ഊന്നുവടി എന്നോ വട്ടക്കണ്ണട (ഒരുകാലത്ത് ഗാന്ധിക്കണ്ണട എന്ന പ്രയോഗം തന്നെയുണ്ടായിരുന്നു) എന്നോ പറയുമ്പോൾ ഗാന്ധിജിയെയും റോസാപ്പൂവ് എന്നു കേൾക്കുമ്പോൾ നെഹ്റുവിനെയും നാം ഓർക്കുന്നത് ജ്ഞാനമാതൃകകൾക്ക് ഉദാഹരണമാണ്. ജ്ഞാനമാതൃക വ്യക്തികളുടെ സങ്കല്പനത്തിനനുസരിച്ച് മാറുമെന്നതും ജ്ഞാനമാതൃകയ്ക്ക് അനുസരിച്ച് സാമാന്യബോധം രൂപപ്പെടുമെന്നതും പ്രസക്തം. ചിരിക്കാത്ത നേതാവ് എന്നു കേൾക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ പിണറായി വിജയൻ കടന്നുവരുന്നതും ഈ ജ്ഞാനബിംബ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തന്നെയാണ്.

ഒരാളുടെ ശരീരത്തിൽ വിവിധരൂപത്തിലുള്ള അധികാരരൂപങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ശരീരം അധികാരത്തിന്റെ ചിഹ്നരൂപമാണ്. പിണറായിയുടെ ചിരിക്കുന്ന ചിത്രങ്ങൾ അപൂർവ്വമായി മാത്രമേ ന്യൂസ് റൂമുകളിൽ ഉപയോഗിക്കപ്പെട്ടു കണ്ടിട്ടുള്ളൂ.

ചിരിക്കാത്ത നേതാവ് എന്നു കേൾക്കുമ്പോൾ വായനക്കാരുടെ മനസ്സിൽ പിണറായി വിജയൻ കടന്നുവരുന്നതും ഈ ജ്ഞാനബിംബ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ തന്നെയാണ്.

കാർക്കശ്യം, ധാർഷ്ട്യം, വിട്ടുവീഴ്ചയില്ലായ്മ- എന്നിവയാണ് പൊതുവേ പിണറായിയുടെ ശരീരഭാഷയുടെ സവിശേഷതകളായി വായിക്കപ്പെടുന്നത്. പിണറായിയുടെ ശരീരഭാഷയെക്കുറിച്ചുള്ള വിമർശനങ്ങളിലേക്ക് വന്നാൽ, "പിണറായി പെരുമാറുന്നത് ചന്തയിലെ ഗുണ്ടയെപ്പോലെ' എന്ന കെ. സുധാകരന്റെയും, "പിണറായിയുടെ ശരീരം കാണുമ്പോൾ ഓർമവരുന്നത് പൊത്തുള്ള മരത്തെയാണ്' എന്ന ശോഭാസുരേന്ദ്രന്റെയും വാക്കുകൾ ശ്രദ്ധിക്കുക.
പിണറായിയുടെ ശരീരഭാഷയാണ് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിന് കാരണമെന്നുവരെ ആക്ഷേപം ഉയർന്നിരുന്നു. ഇങ്ങനെ പലതരത്തിലുള്ള വിമർശനങ്ങൾ അദ്ദേഹത്തിന്റെ ശരീരഭാഷയുമായി ബന്ധപ്പെട്ട് എതിരാളികൾ ആരോപിക്കാറുണ്ട്. എന്നാൽ "മാറിനിൽക്ക്', "കടക്ക് പുറത്ത്' തുടങ്ങിയ അദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ പ്രയോഗങ്ങളിലൂടെ നാമറിഞ്ഞ ശരീരഭാഷ ഒരിക്കൽപ്പോലും കൊവിഡ് കാലത്തെ പത്രസമ്മേളനങ്ങളിൽ ദൃശ്യമായില്ല. മാദ്ധ്യമങ്ങളിലൂടെ പരമാവധി ഉച്ചസ്ഥായിയിൽ ഉയർത്തിക്കാട്ടപ്പെട്ട, മുൻ പാർട്ടി സെക്രട്ടറിയുടെയും കാർക്കശ്യക്കാരനായ മാർക്സിസ്റ്റിന്റെയും ശരീരഭാഷാപ്രതിച്ഛായകളെ മറികടന്ന്, അചഞ്ചലവും കൂസലില്ലാത്തതുമായ നേതൃത്വപാടവവും ജനങ്ങൾക്ക് പിന്തുണ നൽകുന്ന സൗഹാർദ്ദപരമായ സമീപനവും പ്രതിഫലിപ്പിക്കുന്ന തരത്തിൽ സ്വയം ആവിഷ്‌കരിക്കാൻ അദ്ദേഹത്തിനാകുന്നു.

"മാറിനിൽക്ക്', "കടക്ക് പുറത്ത്' തുടങ്ങിയ അദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ പ്രയോഗങ്ങളിലൂടെ നാമറിഞ്ഞ ശരീരഭാഷ ഒരിക്കൽപ്പോലും കൊവിഡ് കാലത്തെ പത്രസമ്മേളനങ്ങളിൽ ദൃശ്യമായില്ല.

2018-ലെ പ്രളയകാലത്ത്, "എന്നാൽ നമ്മളെല്ലാം ഒന്നിച്ചങ്ങ് ഇറങ്ങുകയല്ലേ' എന്ന അദ്ദേഹത്തിന്റെതന്നെ ചോദ്യത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, തന്റെ ഭാഷയിലെ അധികാരചിഹ്നങ്ങളെ പിണറായി വിജയൻ മാറ്റിനിർത്തുകയോ പുതുക്കിപ്പണിയുകയോ ചെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്. മാധ്യമങ്ങൾ രൂപപ്പെടുത്തിയതും അതുവഴി ജ്ഞാനമാതൃകയുടെ അടിസ്ഥാനത്തിൽ നിർമിക്കപ്പെട്ടതുമായ പ്രതിച്ഛായരൂപീകരണത്തിൽ ഒരു "പാരഡൈം ഷിഫ്റ്റ്' ഈ പത്രസമ്മേളനങ്ങളിൽ സംഭവിക്കുന്നുണ്ട്. വിവാദങ്ങൾ സൃഷ്ടിക്കാനുദ്ദേശിച്ചുള്ള ചോദ്യങ്ങൾ അദ്ദേഹം ചിരിച്ചൊഴിവാക്കുകയോ, ഇപ്പോൾ ചെയ്യുന്ന ജോലിയുടെ ഗൗരവത്തെക്കുറിച്ചോർമ്മിപ്പിച്ചുകൊണ്ട് സൗമ്യമായി അവഗണിക്കുകയോ ചെയ്യുന്നത് ശ്രദ്ധിക്കുക.

ഭാഷയും അധികാരവും
ഭാഷ ഒരു വ്യവഹാരമാണ്. വാമൊഴിയിലോ വരമൊഴിയിലോ ഉള്ളടങ്ങിയ അർഥമാണ് വ്യവഹാരമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ ഭാഷയിൽ പ്രത്യയശാസ്ത്രത്തേയും അനേകം അധികാരരൂപങ്ങളെയും ഒളിച്ചുവെക്കാൻ കഴിയും. സംസാരത്തിനുള്ള സവിശേഷവഴിയെന്നാണ് മിഷേൽ ഫൂക്കോ വ്യവഹാരത്തെ രേഖപ്പെടുത്തുന്നത്.

മാധ്യമങ്ങൾ രൂപപ്പെടുത്തിയതും അതുവഴി ജ്ഞാനമാതൃകയുടെ അടിസ്ഥാനത്തിൽ നിർമിക്കപ്പെട്ടതുമായ പ്രതിച്ഛായരൂപീകരണത്തിൽ ഒരു "പാരഡൈം ഷിഫ്റ്റ്' ഈ പത്രസമ്മേളനങ്ങളിൽ സംഭവിക്കുന്നുണ്ട്.

ഫൂക്കോയുടെ അധികാരരീതികളിൽനിന്ന് വ്യത്യസ്തമായൊരു രീതി ആവിഷ്‌കരിക്കാൻ നോർമാൻ ഫെയർക്ലോ എന്ന സാമൂഹികശാസ്ത്രകാരൻ ശ്രമിച്ചിട്ടുണ്ട്. വ്യവഹാരമൊരു പ്രയോഗമാണ്. ഇതിൽ പാഠത്തെ സാമൂഹിക സാഹചര്യവുമായി ബന്ധിപ്പിക്കുന്ന പൊരുത്തം, ഭാഷണക്രിയ എന്നിവ അപഗ്രഥിക്കണം. വ്യവഹാരമൊരു സാമൂഹികപ്രയോഗം കൂടിയാണ്. വ്യവഹാരപാഠത്തിൽ ഉള്ളടങ്ങിയ പ്രത്യയശാസ്ത്രം, ആധിപത്യം, അധികാരം എന്നിവയാണ് ഇവിടെ അപഗ്രഥനത്തിന് വിധേയമാക്കേണ്ടത്.

ചിത്രങ്ങൾ: പ്രസൂൺ കിരൺ

ഇങ്ങനെ വരുമ്പോൾ പത്രസമ്മേളനം എന്ന പിണറായിയുടെ വ്യവഹാരത്തിൽ അടങ്ങിയിരിക്കുന്ന ഭാഷയിലെ വാക്കുകളെ പ്രകാരത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് പരിശോധിക്കാം. ഒരു ധാതു തനിക്കുള്ള അർഥത്തെ വെളിപ്പെടുത്തുന്ന രീതിയാണ് പ്രകാരം. നിർദ്ദേശികം, നിയോജകം, വിധായകം, അനുജ്ഞായകം എന്നിങ്ങനെ പ്രകാരങ്ങളെ വർഗീകരിക്കാമെന്ന് എ.ആർ രാജരാജവർമ രേഖപ്പെടുത്തുന്നു. വക്താവിന്റെ മനോഭാവങ്ങളെ പ്രകടിപ്പിക്കാനാണ് പ്രകാരം ഉപയോഗിക്കുന്നത്.
ക്രിയ നിർവഹിക്കുമ്പോൾ വിധിക്കുകകൂടി ചെയ്യുന്ന ക്രിയാനാമമാണ് വിധായകം. ഇതിന്റെ പ്രത്യയം അണം ആണ്. അനുവാദം സൂചിപ്പിക്കാൻ പ്രയോഗിക്കുന്നവ അനുജ്ഞായകം. ആം പ്രത്യയം. ആജ്ഞയെ കുറിക്കുന്നതാണ് നിയോജകം . ഭാഷയിൽ ഈ പ്രകാരങ്ങൾക്ക് ഈണംകൊണ്ട് ഭേദം വരുത്താനും കഴിയുന്നതാണ്.
ഇനി മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളിലെ ചില പ്രസ്താവനകൾ പരിശോധിക്കാം. "ആവശ്യമായ ക്രമീകരണങ്ങൾ ഉണ്ടാക്കാവുന്നതാണ്'."ആരോഗ്യവകുപ്പ് മുന്നോട്ടുവയ്ക്കുന്ന കാര്യങ്ങൾ അനുസരിച്ച് മുന്നോട്ട് പോകാനാണ് ആശുപത്രി അധികൃതർ തയ്യാറാകേണ്ടത്'. "അതിർത്തി പങ്കിടുന്ന ജില്ലകളിലെല്ലാം നല്ല ജാഗ്രത തുടരേണ്ടതായിട്ടുണ്ട്'. "ഈ നമ്പറിൽ അവസാനിക്കുന്ന കാർഡുടമകളാണ് റേഷൻ വാങ്ങാൻ എത്തേണ്ടത്'. ഇവിടെയൊക്കെത്തന്നെ മുഖ്യമന്ത്രി എന്ന നിലയിൽ അധികാരത്തിലിരിക്കുന്ന ഒരാൾക്ക്, നല്ല ജാഗ്രത തുടരണം, അധികൃതർ തയ്യാറാകണം, വാങ്ങാൻ എത്തണം എന്നിങ്ങനെ വിധായക പ്രകാരം ഭാഷ ഉപയോഗിക്കാവുന്നതാണ്.

പവർ, എ റാഡിക്കൽ വ്യൂ

എന്നാൽ മഹാമാരി എന്ന, മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത സാമൂഹിക സന്ദർഭത്തെ അഭിസംബോധന ചെയ്യാൻ അധികാരത്തിന്റെ ഭാഷ പ്രായോഗികമല്ലെന്നും ജാഗ്രതയുടെ കരുണയുടെ ഭാഷയാണ് വേണ്ടതെന്നും പത്രസമ്മേളന ഭാഷ വ്യക്തമാക്കുന്നു. ഇത് രാഷ്ട്രീയ എതിർചേരിയെപ്പോലും പത്രസമ്മേളനത്തിന്റെ ശ്രോതാക്കളാക്കാൻ ഉതകുന്നുണ്ട്. പത്രസമ്മേളനം വാമൊഴി ആയതുകൊണ്ടുതന്നെ ഈണംകൊണ്ടും അധികാരം സൃഷ്ടിക്കാൻ കഴിയും. ഈണത്തിലും അധികാരഭാഷ അനുഭവഭേദ്യമാകുന്നില്ലെന്ന് ശ്രദ്ധിച്ചാൽ വ്യക്തമാകാവുന്നതാണ്. എന്നാൽ പത്രസമ്മേളനത്തിനവസാനം പത്രലേഖകർ വിവാദവിഷയങ്ങളെക്കുറിച്ചു ചോദിക്കുമ്പോൾ അദ്ദേഹം ഉത്തരം പറയുന്നത് നിയോജകപ്രകാരത്തിന് ഉദാഹരണമാണ്. ചിലത് നോക്കുക: "തെളിവുകൾ കൊണ്ടുവരട്ടെ', "അവർ പറയട്ടെ', "അവർ കണ്ടെത്തട്ടെ', "ചരിത്രം തീരുമാനിക്കട്ടെ'. ഇവിടെ ഭാഷയിൽ ഒളിഞ്ഞിരിക്കുന്ന അധികാരം ഈണത്തിലൂടെ പ്രകടമാവുന്നതായി കാണാം. ഭാഷണത്തിൽ രണ്ട് വാചകങ്ങൾക്കിടയിലെ ഇട (Space) അദ്ദേഹത്തിന്റെ ഭാഷാശൈലിയായി മാറുന്നുണ്ട്. ശൈലിയാണ് ഒരു വ്യക്തി എന്ന് ഫ്രഞ്ച് എഴുത്തുകാരൻ ബഫൻ പറയുന്ന ശൈലി ഇവിടെ ഭാഷയിൽ പിണറായിശൈലിയായി മാറുന്നു.

മഹാമാരി എന്ന, മുമ്പൊരിക്കലും അഭിമുഖീകരിച്ചിട്ടില്ലാത്ത സാമൂഹിക സന്ദർഭത്തെ അഭിസംബോധന ചെയ്യാൻ അധികാരത്തിന്റെ ഭാഷ പ്രായോഗികമല്ലെന്നും ജാഗ്രതയുടെ കരുണയുടെ ഭാഷയാണ് വേണ്ടതെന്നും പത്രസമ്മേളന ഭാഷ വ്യക്തമാക്കുന്നു.

അധികാരത്തിന് മൂന്ന് പ്രധാന ദിശകളുണ്ടെന്ന് പവർ, എ റാഡിക്കൽ വ്യൂ എന്ന പുസ്തകത്തിൽ ല്യൂക്സ് പറയുന്നുണ്ട്. താല്പര്യവൈരുദ്ധ്യങ്ങളുണ്ടാകാത്ത തരത്തിൽ സാഹചര്യങ്ങളെ ക്രമീകരിക്കലാണ് അതിലൊന്ന്. എതിരഭിപ്രായങ്ങൾക്ക് വളരാനുള്ള ഇടങ്ങൾ നിഷ്‌കാസനം ചെയ്യലാണ് ഇതിന്റെ രീതി. അധികാരം നൽകുന്ന വ്യക്തിയുടെ താല്പര്യങ്ങളെ ഹനിക്കാത്ത ""സുരക്ഷിത'' വിഷയങ്ങളിൽ മാത്രം അഭിപ്രായങ്ങൾക്ക് ഇടമൊരുക്കുകയാണ് ഇതുവഴി സാധ്യമാകുന്നത്. അധികാരി തന്റെ താല്പര്യമാണ് ജനങ്ങളുടെയും താല്പര്യം എന്നു തോന്നിക്കുമാറ് അവരോട് ഇടപഴകിയും സഹവസിച്ചും ജനങ്ങൾക്കുള്ളിൽ അത്തരം ഒരു തോന്നലുണ്ടാക്കുന്നതാണ് മറ്റൊന്ന്. ഇത്തരം അധികാരരൂപത്തിൽ ആശയസംഘർഷങ്ങളുടെ സാദ്ധ്യത തന്നെ ഉണ്ടാവില്ല. കാരണം അധികാരവിധേയരായ ജനങ്ങൾക്ക് അതിനുള്ളിലെ സംഘർഷങ്ങളെ തിരിച്ചറിയാൻ തന്നെ കഴിയില്ല. ഇവിടെ അനുസരണം വളരെ സ്വാഭാവികമാണ്, ഭീഷണിയോ പ്രലോഭനമോ ആവശ്യമായി വരുന്നില്ല. പിണറായി വാർത്താസമ്മേളനത്തിൽ പറയുന്ന, അത് ആരോഗ്യ വിദഗ്ധരോട് ചോദിക്കാതെ പറയാൻ പറ്റില്ല, ഉത്തരവ് കയ്യിൽ കിട്ടാത്തതുകൊണ്ട് എല്ലാകാര്യങ്ങളും മനസ്സിലായിട്ടില്ല എന്നിങ്ങനെയുള്ള കാര്യങ്ങൾ ല്യൂക്സിന്റെ നിരീക്ഷണവുമായി ബന്ധം സ്ഥാപിക്കുന്നത് കാണാം.

ഞാനല്ല; നമ്മൾ
പിണറായിയുടെ വാർത്താസമ്മേളനം ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന മറ്റൊരു വസ്തുത അദ്ദേഹം ഉത്തമപുരുഷസർവനാമമായ "ഞാൻ' എന്നല്ല ഉപയോഗിക്കുന്നത് എന്നതാണ്. വക്താവിനെ സൂചിപ്പിക്കുന്ന സർവനാമമാണ് ഉത്തമപുരുഷസർവനാമം. "നമുക്ക് പരിശോധിക്കേണ്ടതായി വരും'. ഇവിടെ "ഞങ്ങൾ' എന്നല്ല "നമ്മൾ' എന്നാണ് ഉപയോഗിക്കുന്നത്. നമ്മൾ എന്നത് ഞാനും നിങ്ങളും ചേർന്നതാണ് എന്ന് സൂചന. പത്രസമ്മേളനം അവസാനിപ്പിക്കുമ്പോൾ പത്രലേഖകരോടും അദ്ദേഹം പറയുന്നത്, "നമുക്ക് അവസാനിപ്പിക്കാം' എന്നാണ്. പ്രവാസികളെ സൂചിപ്പിക്കുന്നത് "നമ്മുടെ സഹോദരങ്ങൾ' എന്നാണ്. ഇത് ഭാഷയിലൂടെയുള്ളൊരു ചേർത്തുനിർത്തലാണ്. ഏറ്റവും പ്രിയപ്പെട്ടവർ എന്ന ഒരു പ്രതീതി ഇത് സൃഷ്ടിക്കുന്നുണ്ട്. അധികാരി തന്റെ താല്പര്യമാണ് ജനങ്ങളുടെയും താല്പര്യം എന്നു തോന്നിക്കുമാറ് അവരോട് ഇടപഴകിയും സഹവസിച്ചും ജനങ്ങൾക്കുള്ളിൽ അത്തരം ഒരു തോന്നലുണ്ടാക്കുന്നുവെന്ന ല്യൂക്സിന്റെ നിരീക്ഷണം ഇവിടെ ശ്രദ്ധേയം. ഏറ്റവും ദുരിതം പിടിച്ച കാലത്ത് അപരന്റെ കരംഗ്രഹിച്ച് പുറംതലോടുന്നതിന്റെ ഒരു അദൃശ്യസാന്നിധ്യം ഭാഷയിലൂടെ കേൾവിക്കാർ അനുഭവിക്കുന്നു. ദുരിതകാലത്ത് ഒപ്പം നിൽക്കുന്നവരെ അനുസരിക്കുക എന്നുള്ളത് മനുഷ്യസ്വഭാവമാണ്. കൂടാതെ സ്വാഭാവികഭാഷയിൽ സംഭവിക്കുന്ന പ്രാദേശികഭാഷയുടെ ഉപയോഗവും പിണറായിയുടെ വാർത്താസമ്മേളനസമയത്ത് ടി ആർ പി റേറ്റിങ് ഉയരാൻ കാരണമാകുന്നു.

ഭാഷയും പ്രയോഗങ്ങളും
വാക്ക്, പദസമൂഹം, ഉപവാക്യങ്ങൾ, വാക്യഘടന തുടങ്ങിയ ഘടകങ്ങൾ പട്ടികയോ പരമ്പരയോ ആയി ഭാഷയിൽ പ്രത്യക്ഷപ്പെടുന്നതിനെ സമാന്തരപ്രയോഗമെന്നു പറയാം. ഈ സമാന്തരപ്രയോഗ രീതി പിണറായിയുടെ വാർത്താസമ്മേളനത്തിൽ സുലഭമായി കാണാൻ കഴിയും. ഇതുതന്നെയാണ് ഒട്ടുമിക്ക ട്രോളുകളുടെയും ഭാഷാരീതിയായി മാറിയതെന്നും കാണാം.
ഊന്നലിനും സമ്മതിപ്രദാനം ചെയ്യുന്നതിനും സംക്ഷിപ്തവും സുതാര്യവുമായ ആശയസംഗ്രഹണത്തിനുമാണ് സമാന്തരപ്രയോഗരീതി ഉപയോഗിക്കുന്നത്. ചില ഉദാഹരണങ്ങൾ നോക്കുക.

പത്രസമ്മേളനം അവസാനിപ്പിക്കുമ്പോൾ പത്രലേഖകരോടും അദ്ദേഹം പറയുന്നത്, "നമുക്ക് അവസാനിപ്പിക്കാം' എന്നാണ്. പ്രവാസികളെ സൂചിപ്പിക്കുന്നത് "നമ്മുടെ സഹോദരങ്ങൾ' എന്നാണ്.

"സർക്കാർ സംവിധാനങ്ങൾ ജാഗ്രതയോടെ ഇടപെടുന്നുണ്ട്', "കൂടുതൽ ബോട്ടുകൾ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്'. "വിവിധ സ്ഥലങ്ങളിൽനിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്'. "ഭക്ഷണക്കിറ്റുകൾ ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്'. "സജ്ജീകരണങ്ങളും ആവശ്യമാണെന്ന് അവരോട് പറഞ്ഞിട്ടുണ്ട്' ഇങ്ങനെ സമാന്തരപ്രയോഗങ്ങളുടെ ഒരു വലിയ നിര ഒരോ പത്രസമ്മേളനങ്ങളിലും കാണാം.

ജനകീയ ഭാഷ
ഒരാളുടെ ശൈലി അയാളുടെ നടത്തംപോലെ, അയാൾ ധരിക്കുന്ന വസ്ത്രംപോലെ, ശീലങ്ങൾപോലെ, കൈയക്ഷരം പോലെ വ്യതിരിക്തമാണ്. ബ്രിട്ടീഷ് ചരിത്രകാരനായ തോമസ് കാർലൈലിന്റെ കൈയക്ഷരം അദ്ദേഹത്തിന്റെ സ്വഭാവം പോലെ അവ്യക്തവും പരുക്കനുമായിരുന്നു. ശാന്തനും ശുദ്ധമനസ്‌കനുമായ ഇംഗ്ലീഷ് ഉപന്യാസകാരൻ അഡിസന്റെ അക്ഷരമാകട്ടെ, മനസ്സു പോലെ സുവ്യക്തമാണെന്നും ഫ്രഞ്ച് എഴുത്തുകാരനായ ബഫൻ നിരീക്ഷിക്കുന്നുണ്ട്. ഈ അർത്ഥത്തിൽ നോക്കുമ്പോൾ പിണറായിയുടെ ഭാഷ ആബാലവൃന്ദം ജനങ്ങൾക്കും ആശ്വാസം നൽകുന്നുണ്ട്. ഒരു ദുരന്തകാലത്ത് നിൽക്കുമ്പോൾ അത് നിയന്ത്രിക്കുന്ന ഒരു മാതൃകാനായകൻ കൂടെയുള്ളവരെ കൂടുതൽ ഭയപ്പെടുത്തുകയല്ല, ചേർത്തുനിർത്തുകയാണ് ചെയ്യുക. അതു ഭാഷയിലൂടെ ആവിഷ്‌കരിക്കാൻ പിണറായിക്ക് കഴിയുന്നുണ്ട്. "ഇത് പ്രവാസികളുടെ നാട് കൂടിയാണ്' എന്നുമാത്രമല്ല പിണറായി ഇതിലൂടെ പറയുന്നത്, ഇത് തെരുവു പട്ടികളുടേയും പൂച്ചകളുടെയും പക്ഷികളുടെയും ഇടംകൂടിയാണ് എന്നാണ്. ഇത് പ്രകൃതിയിലെ എല്ലാ ജീവജാലകങ്ങളോടുമുള്ള ഒരു കരുണയുടെ കരുതലാണ്. ഈ കരുണയാണ് ദുരന്തകാലത്ത് വേണ്ടതെന്ന് പലപ്പോഴും കാഠിന്യമേറിയ ജീവിതപശ്ചാത്തലത്തിലൂടെ കടന്നുവന്ന ഒരു നേതാവിന് മനസ്സിലാകും. അതാണ് ഭാഷയിലൂടെ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നത്. ഇത്തരമൊരു ആവിഷ്‌കാരമാധ്യമമായി ഭാഷ മാറുമ്പോഴാണ് അത് ജനകീയഭാഷയായിത്തീരുന്നത്.

സഹായകഗ്രന്ഥം
1. ഭാഷാശാസ്ത്രം ചോംസ്‌കിക്കുമപ്പുറം-സമ്പാദനവും പഠനവും പി.എം.ഗിരീഷ്

Comments