44 വര്‍ഷത്തിനുശേഷം നേരിട്ട്, കോട്ടയം ഏത് കേരള കോൺഗ്രസിനൊപ്പം?

ഇതിനുമുമ്പ് 1977-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് കോട്ടയത്ത് കേരള കോൺഗ്രസുകൾ പരസ്പരം മത്സരിച്ചത്. ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിന്റെ ഭാഗമായതിനുശേഷമുള്ള ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പുകൂടിയാണിത്.

Election Desk

44 വർഷങ്ങൾക്കുശേഷം കേരള കോൺഗ്രസുകൾ നേരിട്ട് മത്സരിക്കുന്ന തെരഞ്ഞെടുപ്പ്, ജോസ് കെ. മാണി വിഭാഗം എല്‍.ഡി.എഫിന്റെ ഭാഗമായതിനുശേഷമുള്ള ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പ്, ഉമ്മൻചാണ്ടിയുടെ മരണശേഷമുള്ള ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ്- കോട്ടയത്തെ മത്സരത്തിന് ഇത്തവണ സവിശേഷതകൾ ഏറെ. ഇതിനുമുമ്പ് 1977-ലാണ് കേരള കോൺഗ്രസുകൾ കോട്ടയത്ത് പരസ്പരം മത്സരിച്ചത്.

സിറ്റിങ് എം.പി.​ തോമസ് ചാഴിക്കാടന്റെ വിജയം എൽ.ഡി.എഫിനേക്കാൾ ജോസ് കെ.മാണിയുടെ അഭിമാ​നപ്രശ്നമാണ്. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച ​ചാഴിക്കാടന്റെ ജയം, ജോസ് കെ. മാണിയുടെ മുന്നണി മാറ്റത്തിനുള്ള അംഗീകാരം കൂടിയാകും എന്ന പ്രതീക്ഷയിലാണ് പാർട്ടി. കേരള കോൺഗ്രസ് സ്ഥാപകനേതാവ് കെ.എം. ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജിന്റെ വിജയം ജോസഫ് ഗ്രൂപ്പിന്റെയും അഭിമാനപ്രശ്നമാണ്. നേരത്തെ ഇടുക്കിയിൽനിന്ന് ഫ്രാൻസിസ് ജോർജ് രണ്ടുതവണ പാർലമെന്റിലെത്തിയിട്ടുണ്ട്, ഇടതുപക്ഷത്തുനിന്ന്. കഴിഞ്ഞതവണ ഇടുക്കയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നുവെങ്കിലും തോറ്റു.

തോമസ് ചാഴിക്കാടന്‍
തോമസ് ചാഴിക്കാടന്‍

1952-ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിക്കുന്നതാണ് കോട്ടയത്തിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയം. ഇതുവരെയുള്ള ​ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ 11 തവണയും കോൺഗ്രസിന്റെയും കേരള കോൺഗ്രസിന്റെയും സ്ഥാനാർഥികൾക്കായിരുന്നു ജയം. അഞ്ച് തവണയാണ് ഇടതുപക്ഷത്തിന് ജയിക്കാനായത്. അതിൽ നാലു തവണയും എം.പി സുരേഷ് കുറുപ്പായിരുന്നു.

1957-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മാത്യു മണിയങ്ങാടനും സി.പി.ഐയുടെ തോമസും തമ്മിലായിരുന്നു പോരാട്ടം. അന്ന് കോട്ടയംകാര്‍ മാത്യു മണിയങ്ങാടനൊപ്പം നിന്നു. പിന്നീട് 1962-ലും സി.പി.ഐ കോട്ടയത്തുനിന്നും പരാജയത്തിന്റെ രുചിയറിഞ്ഞു. രണ്ടാമതും കോട്ടയത്തെ സമ്മതിദായകര്‍ മാത്യു മണിയങ്ങാടന് പാര്‍ലമെന്റിലേക്ക് എന്‍ട്രി പാസ് നല്‍കി.

1964-ലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് ഈ ലോക്സഭ മണ്ഡലത്തിന്റെയും രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാക്കി. സംശയങ്ങളില്ലാതെ കോണ്‍ഗ്രസ് മാത്യു മണിയങ്ങാടനെ തന്നെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചെങ്കിലും പിളര്‍പ്പിന്റെ ഘട്ടത്തില്‍ ആരെ സ്ഥാനാര്‍ഥിയാക്കുമെന്ന സംശയം ഇടതുപാര്‍ട്ടികളെ വലച്ചു. അങ്ങനെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ കെ.എം. എബ്രഹാമിനെ സി.പി.എം കളത്തിലിറക്കി. കോട്ടയത്തിന്റെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിച്ച്, കോട്ടയം ചുവന്നു.

ഫ്രാന്‍സിസ് ജോര്‍ജ്
ഫ്രാന്‍സിസ് ജോര്‍ജ്

1964-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനോടൊപ്പം അതേ വർഷം ഒക്ടോബർ ഒമ്പതിന് കെ.എം. ജോർജ് ചെയർമാനായി കോട്ടയം തിരുനക്കര മൈതാനത്ത് കേരള കോൺഗ്രസ് ഉദയം കൊണ്ടു. പിന്നീടങ്ങോട്ട് കോട്ടയത്തിന്റെ രാഷ്ട്രീയ നീക്കങ്ങളില്‍ കേരള കോണ്‍ഗ്രസ് വലിയ പങ്കു വഹിച്ചു. 1971- ലാണ് കേരള കോൺ​ഗ്രസ് ആദ്യമായി കോട്ടയത്തുനിന്ന് വര്‍ക്കി ജോര്‍ജിലൂടെ പാര്‍ലമെന്റിലെത്തുന്നത്. 77, 80 തെരഞ്ഞെടുപ്പുകളിൽ സ്കറിയ തോമസിലൂടെ ജയം ആവർത്തിച്ചു.

കേരള കോണ്‍ഗസും പിളര്‍പ്പ് രാഷ്ട്രീയവും

1964-ൽ രൂപീകൃതമായി അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷമാണ് കേരള കോൺഗ്രസ് ഒരു മുന്നണിയുടെ ഭാഗമാകുന്നത്. സി. അച്യുതമേനോന്‍ നയിച്ച ഐക്യമുന്നണി സര്‍ക്കാരില്‍ 1969-ല്‍ കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. ജോര്‍ജ് മന്ത്രിയായി. 1970-ല്‍ പാര്‍ട്ടി ഐക്യമുന്നണയില്‍ നിന്ന് പിന്‍വാങ്ങി. 1971-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ഐക്യമുന്നണിയില്‍ ചേര്‍ന്നെങ്കിലും തെരഞ്ഞെടുപ്പിനുശേഷം സഖ്യം തുടര്‍ന്നില്ല. 1975-ല്‍ അടിയന്തരാലസ്ഥക്കാലത്ത് വീണ്ടും ഐക്യമുന്നണിയോടൊപ്പം.

1977-ൽ പാർട്ടി പിളർന്നു. ആര്‍.ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് (ബി) രൂപീകരിക്കപ്പെട്ടു. ശേഷം മാണി വിഭാഗം യു.ഡി.എഫിലും പിള്ള വിഭാഗം എല്‍.ഡി.എഫിലും മുന്നണി രാഷ്ട്രീയത്തിന്റെ ഭാഗമായി. പിന്നീടങ്ങോട്ട് കേരള കോണ്‍ഗ്രസ് പലതരം രാഷ്ട്രീയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായി. ഇടത് വലത് മുന്നണികള്‍ മാറി മാറി പരീക്ഷിച്ചും പരസ്പരം ലയിച്ചും കോട്ടയത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ പാർട്ടി അമ്മാനമാടി.
1989-ല്‍ മൂവാറ്റുപുഴ ലോക്‌സഭ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ പി.ജെ. ജോസഫ് യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയില്‍ ചേര്‍ന്നു. 1991- മുതല്‍ ഇടതുമുന്നണിയില്‍ ഘടകകക്ഷിയായി ജോസഫ് തുടര്‍ന്നു.

കെ.എം. മാണി
കെ.എം. മാണി

1993-ല്‍ പാര്‍ട്ടി വീണ്ടും പിളര്‍പ്പിന് സാക്ഷ്യം വഹിച്ചു. ടി.എം. ജേക്കബ് മാണി ഗ്രൂപ്പ് വിട്ട് കേരള കോണ്‍ഗ്രസ് (ജേക്കബ്) രൂപീകരിച്ചു. ആര്‍. ബാലകൃഷ്ണപിള്ളയും പിളര്‍ന്ന് മാറി. തര്‍ക്കത്തിനൊടുവില്‍ മൂന്ന് കൂട്ടരും യു.ഡി.എഫില്‍ തുടര്‍ന്നു. 2010 ഏപ്രില്‍ 30ന് ഇടതുമുന്നണി ബന്ധവും മന്ത്രിസ്ഥാനവും ഉപേക്ഷിച്ച് പി.ജെ. ജോസഫ് കെ.എം. മാണിയുടെ പാര്‍ട്ടിയില്‍ ലയിച്ചു. പിന്നീട് നടന്ന രണ്ട് നിയമസഭ തെരഞ്ഞടുപ്പുകളില്‍ യു.ഡി.എഫിന്റെ ഘടകകക്ഷിയാവുകയും ചെയ്തു.

മാണിയുടെ മരണവും അധികാര തര്‍ക്കങ്ങളുമടക്കം കേരള കോണ്‍ഗ്രസിനകത്ത് പ്രതിസന്ധികള്‍ സൃഷ്ടിച്ചു. ജോസ് കെ. മാണിയെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി, 2020-ല്‍ ജോസ് കെ. മാണി വിഭാഗം ഇടത് മുന്നണിയുടെ ഭാഗമായി.

കോട്ടയം ലോക്സഭാ മണ്ഡലം വീണ്ടും ചുമക്കുന്നത് 1984-ലാണ്. ഇന്ദിരാഗാന്ധി വധവും തുടര്‍ന്നുണ്ടായ സഹതാപ തരംഗവും കേരളത്തിലെ മറ്റ് മണ്ഡലങ്ങളെയെല്ലാം കോണ്‍ഗ്രസിന് അനുകൂലമാക്കിയപ്പോള്‍, കോട്ടയത്തുനിന്ന് സി.പി.എമ്മിലെ സുരേഷ് കുറിപ്പ് ലോക്‌സഭയിലെത്തി. 1989-ൽ സുരേഷ് കുറുപ്പിനെ പരാജയപ്പെടുത്തി രമേശ് ചെന്നിത്തല എം.പിയായി. അന്ന് ഹരിപ്പാട് എം.എല്‍.എയായിരുന്നു ചെന്നിത്തല. തുടര്‍ന്ന് 1991, 1996 വര്‍ഷങ്ങളിലും ജയിച്ച് ചെന്നിത്തല ഹാട്രിക് തികച്ചു. 1998-ല്‍ ചെന്നിത്തലയെ തോല്‍പ്പിച്ച് സുരേഷ് കുറുപ്പ് വീണ്ടും എം.പിയായി. 1999-ലും സുരേഷ് കുറുപ്പ് എം.പിയായി. 2004-ല്‍ കേരളമാകെ ഇടത് തരംഗം അലയടിച്ചപ്പോള്‍ കോട്ടയത്തുനിന്ന് വീണ്ടും സുരേഷ് കുറുപ്പ് പാര്‍ലമെന്റിലേക്ക്. അപ്പോഴും കേരള കോണ്‍ഗ്രസ് പിളര്‍പ്പ് തുടര്‍ന്നുകൊണ്ടേയിരുന്നു.

2009, 2014 തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസിലെ ജോസ് കെ. മാണി ജയിച്ചു. 2019-ൽ യു.ഡി.എഫിന്റെ ഭാഗമായ കേരള കോൺഗ്രസിൽനിന്ന് തോമസ് ചാഴിക്കാടൻ ജയിച്ചു. സി.പി.എമ്മിന്റെ വി.എന്‍.വാസവനെയാണ് 1,06, 259 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ചത്. ഇതിനിടയില്‍ ജോസ് കെ. മാണി വിഭാഗം ഇടത് മുന്നണിയിലേക്ക് ചേക്കേറിയതോടെ തോമസ് ചാഴിക്കാടന്‍ ഇടതുപക്ഷ എം.പിയായി. 44 വര്‍ഷത്തിനുശേഷം രണ്ട് കേരളകോണ്‍ഗ്രസുകാര്‍പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. 1980-ല്‍ കെ.എം ചാണ്ടിയും സ്‌ക്കറിയ തോമസുമായിരുന്നു ഇതിന് മുമ്പ് പരസ്പരം ഏറ്റുമുട്ടിയ കേരള കോണ്‍ഗ്രസുകാര്‍.

കെ. സുരേഷ് കുറുപ്പ്
കെ. സുരേഷ് കുറുപ്പ്

കോട്ടയം, പുതുപ്പള്ളി, കടുത്തുരുത്തി, പാല, വൈക്കം ഏറ്റുമാനൂര്‍, പിറവം എന്നീ നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് കോട്ടയം ലോക്‌സഭ നിയോജക മണ്ഡലം. പുതുപ്പള്ളിയും കോട്ടയവും കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള മണ്ഡലങ്ങളാണ്. ഏറ്റുമാനൂര്‍ സി.പി.എമ്മിനും വൈക്കം സി.പി.ഐക്കും സ്വാധീനമുള്ള പ്രദേശങ്ങളാണ്. പിറവം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഹഗത്തിനും പാലാ ഡി.കെ.പിക്കും മുന്‍തൂക്കമുള്ള മണ്ഡലങ്ങളാണ്. റബര്‍ പ്രധാന ഉപജീവന മാര്‍ഗമായ കോട്ടയത്ത് റബര്‍ വിലയിലെ ഇടിവടക്കം തെരഞ്ഞെടുപ്പ് ചര്‍ച്ചക്ക് ചൂടുകൂട്ടും. കന്ദ്ര സംസ്ഥാന സര്‍ക്കാര്‍ വിരുദ്ധ വികാരവും മറ്റ് വിഷയങ്ങളും തെരഞ്ഞെടുപ്പ് ചര്‍ച്ചയുടെ ഭാഗമാണിവിടെ.

Comments