മോദിയുടെ രാഷ്ട്രീയ ശരണം വിളിയ്ക്ക്
കാതു കൊടുക്കാത്ത പത്തനംതിട്ട

2009-ലെ 1.11 ലക്ഷത്തിൽനിന്ന് ആന്റോ ആന്റണിയുടെ ഭൂരിപക്ഷം 2019-ൽ 44,243-ലേക്ക് ഇടിഞ്ഞത് കോൺഗ്രസിനെ സംബന്ധിച്ച് അനുകൂല ഘടകമല്ല. ​ഈ കുറവ്, ഒരു മികച്ച സ്ഥാനാർഥിയെ നിർത്തി വിജയത്തിലെത്തിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം.

Election Desk

ബരിമല സ്ത്രീപ്രവേശന വിധിക്കുശേഷം വന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിലെല്ലാം പത്തനംതിട്ടയിൽ ശരണം വിളി രാഷ്ട്രീയ മുദ്രാവാക്യമായി ഉയർത്താൻ ബി.ജെ.പി ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ, ആ വിളി അവർക്ക് ശരണമേകിയില്ല.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് ഈ സുവർണാവസരം മുതലെടുക്കാൻ ശക്തമായ ശ്രമമുണ്ടായത്. അതിനായി, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സ്ഥാനാർഥിയാകുകയും ത്രികോണ മത്സരപ്രതീതിയുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തു. വോട്ടിന്റെ എണ്ണത്തിൽ വർധനയുണ്ടായെങ്കിലും വിജയത്തിലെത്തിക്കാനായില്ല.
കോൺഗ്രസിന്റെ സിറ്റിങ് എം.പി ആന്റോ ആന്റണി 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിൽ (കിട്ടിയ വോട്ട് 3,880,927) മണ്ഡലം നിലനിർത്തി. സി.പി.എമ്മിലെ വീണാ ജോർജിന് 3,36,684 വോട്ടും കെ. സുരേന്ദ്രന് 2.97,396 വോട്ടും ലഭിച്ചു. വിശ്വാസം വോട്ടിനുള്ള സുവർണാവസരമാക്കി, 2014-ൽ എം.ടി. രമേശ് നേടിയതിനേക്കാൾ ഒന്നര ലക്ഷത്തിലേറെ വോട്ട് സുരേന്ദ്രന് നേടാനായെന്നുമാത്രം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്റോ ആന്റണി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്റോ ആന്റണി

ഇത്തവണ, ആ കുളം കലക്കൽ പത്തനംതിട്ടയിൽ നടക്കാനിടയില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി 'സ്വാമിയേ' എന്നു വിളിക്കാനുള്ള ഗൃഹപാഠം നന്നായി നടത്തിയാണ് കഴിഞ്ഞ ദിവസം എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണിയുടെ പ്രചാരണത്തിനെത്തിയത്. ബി.ജെ.പി കേരളത്തിൽനിന്ന് ഉറപ്പിക്കുന്ന 'രണ്ടക്ക'ത്തിൽ പത്തനംതിട്ടയും പെടും. എന്നാൽ, ശരണം വിളിച്ച് ജയിക്കാനാകുന്ന ഒരവസ്ഥ ഇത്തവണയും പത്തനംതിട്ടയിലില്ല.

വോട്ട് ഷെയറിൽ സി.പി.എമ്മിന് ഇടിവ് സംഭവിച്ചു. 2009-ൽ അഡ്വ. കെ. അനന്ദ ഗോപന് ലഭിച്ച 37.26 ശതമാനത്തിൽ നിന്ന് 2019-ൽ 32.80 ശതമാനമായി കുറഞ്ഞു. എന്നാൽ ബി.ജെ.പി വോട്ട് ഷെയർ വർധിച്ചുവരുന്നതായി കാണാം. 2009-ൽ 7.06%, 2014-ൽ 15.95%, 2019-ൽ 28.97%. കോൺഗ്രസ് വോട്ടു വിഹിതവും താഴേക്കാണ്. 2009-ലെ 1.11 ലക്ഷത്തിൽനിന്ന് ആന്റോ ആന്റണിയുടെ ഭൂരിപക്ഷം 2019-ൽ 44,243-ലേക്ക് ഇടിഞ്ഞത് കോൺഗ്രസിനെ സംബന്ധിച്ച് അനുകൂലമായ ഘടകമല്ല. ​ഈ കുറവ്, ഒരു മികച്ച സ്ഥാനാർഥിയെ നിർത്തി വിജയത്തിലെത്തിക്കുകയാണ് എൽ.ഡി.എഫ് ലക്ഷ്യം.

അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്ന മോദി
അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുക്കുന്ന മോദി

തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ആന്റോ ആന്റണി ഇറങ്ങുന്നത്. 2009-ൽ മണ്ഡലം നിലവിൽവന്നതുമുതൽ യു.ഡി.എഫ് കോട്ടയായി തുടരുന്ന പത്തനംതിട്ടയിൽ വിജയം തന്നെ ലക്ഷ്യമിട്ടാണ് സി.പി.എം ഡോ. തോമസ് ഐസക്കിനെ മത്സരിപ്പിക്കുന്നത്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇടതുപക്ഷത്താണെന്ന ആത്മവിശ്വാസം എൽ.ഡി.എഫിനുണ്ട്.

കാഞ്ഞിരപ്പള്ളി (കോട്ടയം), പൂഞ്ഞാർ (കോട്ടയം), തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നീ നിയമ സഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്‌സഭ മണ്ഡലം 2008-ലാണ് രൂപീകൃതമാകുന്നത്. തുടർന്നുവന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും മണ്ഡലം കോൺഗ്രസിനൊപ്പം നിന്നു. മണ്ഡലം രൂപീകരിച്ചതു മുതൽ ആന്റോ ആന്റണിയാണ് പത്തനംതിട്ട എംപി. 2019-ൽ അടൂർ ഒഴികെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആധിപത്യം അദ്ദേഹത്തിനായിരുന്നു.

ആന്റോ ആന്റണിക്കെതിരായ ശക്തനായ സ്ഥാനാർഥിയാണ് തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ ജനകീയതയും നിയമസഭാ മണ്ഡലങ്ങളിലെ ഇടതുസ്വാധീനവും വിജയം ഉറപ്പാക്കുമെന്നാണ് എൽ.ഡി.എഫ് പ്രതീക്ഷ.

തോമസ് ഐസക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ
തോമസ് ഐസക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ

കല്ലുകടിയോടെയായിരുന്നു എൻ.ഡി.എയുടെ തുടക്കം. അടുത്തകാലത്ത് ബി.ജെ.പിയിലെത്തിയ പി.സി. ജോർജ് പത്തനംതിട്ട ഉറപ്പിച്ച്, വളരെ നേരത്തെ സ്വയം സ്ഥാനാർഥിയായി മാറിക്കഴിഞ്ഞിരുന്നു. ‘അഭ്യുദയകാംക്ഷികളോടെല്ലാം’ വോട്ടഭ്യർഥനയും നടത്തി കാത്തിരിക്കുമ്പോഴാണ്, അനിൽ ആന്റണി ആകാശത്തുനിന്നെന്നവണ്ണം, ജോർജിനുമുന്നിൽ പൊട്ടിവീണത്. പരിഭവം ജോർജ് മറച്ചുവച്ചില്ല, വോട്ടർമാർക്ക് സ്ഥാനാർഥിയെ കണ്ടുപോലും പരിചയമില്ലെന്നും പരിചയമാകാൻ കുറെ ഓടേണ്ടിവരുമെന്നുമൊക്കെ തുറന്നടിക്കുകയും ചെയ്തു.

എന്നാൽ, ബി.​ജെ.പി അനിൽ ആന്റണിയെ തീരെ നിസ്സാരനായ ഒരു സ്ഥാനാർഥിയായല്ല കാണുന്നത് എന്ന്, മാർച്ച് 15ന് മോദിയെ പത്തനംതിട്ടയിലെത്തിച്ചതിലൂടെ വ്യക്തമാക്കി. 'സ്വാമിയേ ശരണമയ്യപ്പാ' എന്നു വിളിച്ചാണ് പൊതുയോഗത്തിൽ മോദി സംസാരിച്ചുതുടങ്ങിയത്. ആരും ശരണം വിളിക്കാത്ത ഒരു സമയത്ത് മോദി നടത്തുന്ന ശരണം വിളി വോട്ടായി മാറാൻ സാധ്യത കുറവാണ്.

Comments