റിയാസ് മൗലവി കേസിലെ വസ്തുതകള്‍ ഇങ്ങനെയാണ്, വിധി നിരാശാജനകം

റിയാസ് മൗലവി കേസില്‍ വിധിയ്‌ക്കെതിരെ അപ്പീല്‍ പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിയ്ക്കെതിരെ വേഗത്തില്‍ അപ്പീല്‍ പോകാന്‍ എ.ജിയ്ക്ക് നിര്‍ദേശം ലഭിച്ചിരിക്കുകയാണ്. വിചാരണക്കോടതിയുടെ ഉത്തരവ് അദ്ഭുതപ്പെടുത്തിയെന്നും പ്രതിഭാഗം പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് കോടതി പറഞ്ഞതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി. ഷാജിത്ത് പറയുന്നു. വിധി വന്നതിന് പിന്നാലെ പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ചതായി ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിനോട് പ്രതികരിക്കുകയാണ് കേസില്‍ റിയാസ് മൗലവിയുടെ ഭാര്യയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ ഷുക്കൂര്‍.

2017 മാർച്ച് 20ന് താമസ്ഥലമായ ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്ത് വെച്ച് റിയാസ്മൗലവി രാത്രി 11.45 ന് മൂന്ന് RSS പ്രവർത്തകരാൽ കൊല്ലപ്പെടുന്നു.

മാർച്ച് 23 നു തന്നെ പോലീസ് പ്രതികളെ അറസ്റ്റു ചെയ്തു.

ഏഴു വർഷവും ഏഴു ദിവസവും അവർ വിചാരണ തടവുകാരായി ജയിലിൽ കിടന്നു.

സംഭവം നടന്ന് തൊട്ടടുത്ത ദിവസം കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസൻ ഐ പി എസ് നേതൃത്വം നൽകുന്ന സ്പഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ സർക്കാർ നിയമിച്ചു.

കൊല്ലപ്പെട്ട റിയാസ് മൗലവി

കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ വിധവ സൈദയുടെ രേഖാ മൂലമുള്ള ആവശ്യ പ്രകാരം കോഴിക്കോട് ബാറിലെ മുതിർന്ന അഭിഭാഷകനും കേരളത്തിലെ മികച്ച ക്രിമിനൽ അഭിഭാഷകരിൽ ഒരാളുമായ അഡ്വ. അശോകനെ സ്പഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.

153A IPC കുറ്റപത്രത്തിൽ ചേർക്കേണ്ടതു കൊണ്ട് സർക്കാർ അനുമതി പത്രം ലഭിച്ചു.

അറസ്റ്റു കഴിഞ്ഞ് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുവാൻ അന്വേഷണ ടീമിനു കഴിഞ്ഞു.

2019 ൽ വിചാരണ നടപടികൾ തുടങ്ങി.

2023 മെയ് ന് അഡ്വ. അശോകൻ മരണപ്പെട്ടു.

വീണ്ടും സൈദ അപേക്ഷ നൽകി. അഡ്വ. അശോകനൊപ്പം ജൂനിയറായി പ്രവർത്തിക്കുന്ന കോഴിക്കോട്ടെ അഡ്വ. ടി ഷാജിതിനെ പ്രോസിക്യൂട്ടറായി നിയമിച്ചു.

അന്തിമ വാദം അവസാനിച്ചു.

അതിനിടയിൽ എട്ടു തവണ ജഡ്ജിമാർ പിരിഞ്ഞും ട്രാൻസ്ഫറായും പോയി.

യു എ പി എ ചേർക്കണമെന്ന അപേക്ഷ ജില്ലാ കോടതി നിരസിച്ചു.

ഹൈക്കോടതിയെ സമീപിച്ചു.

വീണ്ടും ജില്ലാ കോടതിയെ സമീപിക്കുവാൻ പറഞ്ഞു.

ആ ഹർജിയും തീർപ്പാകാതെ കിടക്കുന്നു.

ഇന്നലെ രാവിലെ 11:03 ന് ജില്ലാ ജഡ്ജ് ഒറ്റ വരിയിൽ വിധി പറഞ്ഞു,

'"എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി"

അങ്ങനെ ഒരാളുടെ ജീവൻ നഷ്‌ടപ്പെടുത്തിയവർ സ്വതന്ത്രരായി.

വേദനാജനകവും നിരാശാജനകവുമായിരുന്നു വിധി.

റിയാസ് മൗലവി കേസിലെ പ്രതികള്‍

പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളും മുതലുകളും ശാസ്ത്രീയ അന്വേഷണ റിപ്പോർട്ടുകളും സാക്ഷി മൊഴികളും ഗൗരവമായി പരിഗണിക്കാതെ, വിശ്വാസത്തിലെടുക്കാതെയാണ് കോടതി, വിധി പറഞ്ഞതെന്ന് ഒറ്റവായനയിൽ ആർക്കും ബോധ്യമാകും. പ്രതികളെ കുറ്റവിമുക്തമാക്കുന്നതിനുള്ള കാരണങ്ങളായി പറഞ്ഞതു പലതും നിയമ പരമായി നിലനിൽക്കുന്നതല്ല. ആ വാദങ്ങളെ ഖണ്ഡിക്കുന്ന നിരവധി മേൽക്കോടതി വിധികൾ പ്രോസിക്യൂട്ടർ, കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. ലുങ്കി അരയ്ക്കു താഴെ ഉപയോഗിക്കുന്ന വസ്ത്രമായതു കൊണ്ട്, കൊല്ലാൻ വന്നയാൾ അരയിക്കു മുകളിൽ കുത്തിയാൽ ലുങ്കിക്കു എങ്ങിനെയാണ് കുത്തു കൊള്ളുക, കല്ലു കൊണ്ടെറിഞ്ഞാൽ, സിമന്‍റില്‍ ഒട്ടിച്ച ടൈൽ എന്തു കൊണ്ടു പൊട്ടിയില്ല, എന്നൊക്കെ വിധി പറയുന്ന ആൾക്കു സംശയം വന്നാൽ അപ്പീൽ കോടതിയെ സമീപിക്കുക മാത്രമാണ് പോം വഴി.

ഭരണഘടന ഉറപ്പു നൽകുന്ന ആർടിക്കിൾ 21 പ്രകാരം, ഒരാളുടെ ജീവിക്കാനുള്ള അവകാശമാണ് മൂന്നു പേർ ചേർന്ന് ഇല്ലാതാക്കിയത്. അയാൾ കുറ്റകൃത്യത്തിന്‍റ ഇരയാണ്. അയാളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യതയാണ് സ്റ്റേറ്റിനുള്ളത്. ആ ബാധ്യത നിറവേറ്റുന്നതിൻ്റെ ഭാഗമാണ് കേസ്.

കേസ് വിധി വന്നപ്പോൾ പലരും രാഷ്ട്രീയ ആരോപണങ്ങളുമായി വന്നു. പോലീസും പ്രോസിക്യൂഷനും പ്രതിഭാഗവുമായി ഒത്തു കളിച്ചതാണ് പ്രതികൾ കുറ്റ വിമുക്തരാകുവാൻ കാരണമെന്നു പറയുന്നവർ ചില വസ്തുതകൾ അറിയണം.

ഡോ ശ്രീനിവാനസും ഡിവൈ എസ്പി സുധാകരനും ആയിരുന്നു അന്വേഷണ സംഘത്തിന് നേതൃത്വം നൽകിയത്.

ഡോ ശ്രീനിവാസൻ UDF ഭരണ കാലത്ത് കാസർഗോഡ് ജില്ലാ പോലീസ് മേധാവി ആയിരുന്നു. പ്രഗൽഭനും സത്യസന്ധനും നിസ്വാർത്ഥനുമായ ഓഫീസറാണ്. അദ്ദേഹത്തിൻ്റെ വിശ്വാസ്വതയിൽ ഒരാൾക്കും സംശയമു ണ്ടെന്നു തോന്നുന്നില്ല. വിശദമായ അന്വേഷണത്തിൽ ആ കൊല പാതകത്തിൽ മറ്റു ഗൂഢാലോചന ഇല്ലെന്നു ബോധ്യം വന്നതിനെ തുടർന്നാണ് ഗൂഢാലോചന ഇല്ലെന്നു പോലീസ് പറഞ്ഞത്. ഈ ഓഫീസർമാർ പ്രതികളുമായി ഒത്തു പ്രവർത്തിച്ചു എന്നൊക്കെ പറയുന്നത് മിനിമം ഭാഷയിൽ പറഞ്ഞാൽ മര്യാദകേടാണ്.

പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകുന്ന പൊലീസ്

വിശദമായ ആലോചനകളും ചർച്ചകളും കഴിഞ്ഞ് നിരവധി അഭിഭാഷകരുമായി കൂടിയാലോചന നടത്തിയാണ് റിയാസ് മൗലവിയുടെ ഭാര്യ മുഖ്യമന്ത്രിക്ക് അഡ്വ. അശോകനെ പ്രോസിക്യൂട്ടറായി നിയമിക്കുവാൻ നിവേദനം നൽകുന്നത്. ആ നിവേദനത്തിൽ ഇരയാക്കപ്പെട്ടവരുടെ താൽപര്യപ്രകാരമാണ് തീരുമാനം. അഡ്വ. അശോകന് പ്രത്യക്ഷ രാഷ്ടീയമില്ല. അദ്ദേഹത്തിനു ശേഷം ജൂനിയർ ടി ഷാജിത് പ്രോസിക്യൂട്ടറായി. അതും സൈദയുടെ ആഗ്രഹവും നിവേദനവും പ്രകാരം. പരേതനായ അശോകൻ വക്കീലും ഷാജിതു വക്കീലും പ്രതികളുമായി ഒത്തു ചേർന്നു എന്നാണോ പറയുന്നത്?

കാസർഗോഡിൻ്റെ ചരിത്രം പരിശോധിച്ചാൽ ആദ്യത്തെ സംഭവമാണോ റിയാസ് മൗലവി വധക്കേസ്?

ചരിത്രം നോക്കാം. കാസർഗോഡ് ഒരു പരീക്ഷണ ശാലയാണ്. 2008 മുതൽ 2017 വരെ യുള്ള ഒൻപത് വർഷത്തിനിടയിൽ കാസർഗോഡ് പോലീസ് സ്റ്റേഷന്റ പരിധിയിൽ മാത്രം ആറു (6) മുസ്ലിങ്ങളാണ് സംഘ് പരിവാറുകാരാൽ കൊല്ലപ്പെട്ടത്.

ശ്രദ്ധിക്കുക : കാസർഗോഡ് ജില്ലയിൽ അല്ല, ഒരുപോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം.

14 / 4 / 2008, ബങ്കാരക്കുന്നിലെ മമ്മു മകൻ 22 വയസ്സുള്ള മുഹമ്മദ് സിനാൻ ( ksd Cr 292 /2008).

18 / 4 / 2008, ചൂരിയിലെ അബ്ദുള്ളയുടെ മകൻ 56 വയസ്സുള്ള മുഹമ്മദ് ( ksd Cr 307 / 2008).

10 / 1 / 2011, ചൂരിയിലെ മുഹമൂദ് മകൻ 24 വയസ്സുള്ള റിഷാദ് (ksd Cr 25/ 11).

7/ 7/ 2013 മീപ്പുഗിരിയിലെ ബദറുദ്ദീന്റ മകൻ 19 വയസ്സുള്ള സാബിത്( ksd Cr 566 / 13).

22 / 12 / 14, തളങ്കരയിലെ മുഹമ്മദ് കുഞ്ഞിയുടെ മകൻ 22 വയസ്സുള്ള സൈനുൽ ആബിദ് (Ksd Cr 1048 / 14).

20/ O3/ 17 , ചൂരിപ്പള്ളിയിലെ മുക്രി ഉസ്താദ് മുഹമ്മദ് റിയാസ് മൗലവി (ksd Cr 210 / 2017).

അതായത്, 2008 ഏപ്രിൽ മുതൽ 2017 മാർച്ച് വരെയുള്ള ഒമ്പതു വർഷങ്ങൾക്കിടയിൽ ആറു മുസ്ലിങ്ങളെയാണ് സംഘ് പരിവാർ കൂട്ടം കാസർഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം കൊന്നത്. മുൻ പരിചയമില്ലാത്ത, ഒരിക്കലും ഒരിടത്ത് വെച്ചും പരസ്പരം അറിയുക പോലും ഇല്ലാത്ത ആളുകളെ മത വിദ്വേഷത്തിന്റെ പുറത്തു മാത്രമാണ് ക്രിമിനലുകൾ തീർത്തു കളഞ്ഞത്.

ഈ കേസുകളിലെ പോലീസ് രേഖകൾ പരിശോധിച്ചാൽ ഓരോ കേസിലെയും പ്രതികൾ ആരൊക്കെയാണെന്നു ബോധ്യമാകും, അവരുടെ സംഘ് പശ്ചാത്തലവും. പല കേസുകളിലും ഒരേ പ്രദേശത്തെ 25 വയസ്സിനു താഴെയുള്ളവരാണ് പ്രതികൾ. ഒന്നു രണ്ട് കേസുകളിൽ 18 പോലും തികയാത്ത കൗമാരക്കാരും പ്രതികളായിട്ടുണ്ട്. ഈ കുറ്റകൃത്യങ്ങളുടെ മുഴുവൻ പ്രചോദനം വെറുപ്പിന്റെയും പകയുടെയും സ്രോതസ്സായ ശാഖകളാണ്.

ഈ ജില്ലയിലെ ബേക്കലും കുമ്പളയിലും മഞ്ചേശ്വത്തും മറ്റും നടന്ന കൊലപാതകങ്ങളുടെ എണ്ണം വേറെയും ഉണ്ട്.

ഷുക്കൂര്‍ വക്കീല്‍

2018 ൽ മഞ്ചേശ്വരത്ത് അബൂബക്കർ സിദ്ധീഖ് കൊല്ലപ്പെട്ടു. 2019 ൽ കൊല്ലാൻ ശ്രമിച്ചത് മഞ്ചേശ്വരത്ത് തന്നെയുള്ള കരീം മൗലവിയെ ആയിരുന്നു. 2016ൽ ബേക്കലിൽ ഒന്‍പത് വയസ്സുള്ള ഫഹദിനെ കൊന്നത് ഒരു ശശികല ഭക്തനായിരുന്നു. ഈ ലിസ്റ്റിലെ പേരുകളിലൂടെ ഒന്നു കണ്ണോടിക്കണം.

മുഹമ്മദ് സിനാൻ

മുഹമ്മദ് സിഎ

റിഷാദ്

സാബിത്

സൈനുൽ ആബിദീൻ

റിയാസ് മൗലവി

ഫഹദ്,

അബൂബക്കർ സിദ്ധീഖ്.

ഇവിടുത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് അവരുടെ നിലനിൽപ്പിന്റെ തന്നെ പ്രശ്നമാണ് സംഘപരിവാര്‍ കൊലപാതകങ്ങൾ. ഓരോ കൊലപാതക വാർത്ത പുറത്തു വരുമ്പോഴും അവർ അനുഭവിക്കുന്ന നിസ്സഹായതയും അരക്ഷിതാവസ്ഥയും പറഞ്ഞറിയിക്കാനാവാത്തതാണ്.

Comments