പൾസർ സുനിയുടെ പത്താമത് ജാമ്യാപേക്ഷയും തള്ളുമ്പോൾ

ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സാർന്റെ ഈ വിധിയിൽ അതിജീവിതക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വസിക്കാനുണ്ടെങ്കിലും, പുതുമയൊന്നുമില്ല. കാരണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നതും, കേസിന്റെ ഗൗരവമനുസരിച്ച് ജാമ്യം നിരസിക്കുന്നതും സാധാരണയാണ്.

ടിയെ അക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ പത്താമത് ജാമ്യാപേക്ഷയും ബഹുമാനപ്പെട്ട കേരള ഹൈക്കോടതി തള്ളിയിരിക്കുന്നു. അഡ്വ. വി വി പ്രതീഷ് കുറുപ്പ് മുഖാന്തിരം കഴിഞ്ഞ മാസം 23 നായിരുന്നു പൾസർ സുനിയെന്ന് അറിയപ്പെടുന്ന സുനിൽ എൻ.എസ് തന്റെ പത്താമത് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് 2017 മുതൽ പൾസർ സുനി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2017 മുതൽ തന്നെ കേസിലെ ഒന്നാം പ്രതിയായ സുനിൽ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ട്. അഡ്വ. ഇ സി പൗലോസ് മുഖാന്തിരമായിരുന്നു ആദ്യ ശ്രമം. പ്രസ്തുത ജാമ്യാപേക്ഷ ഹരജിക്കാരൻ പിൻവലിച്ചതിനാൽ കോടതി ഡിസ്മിസ്സ് ചെയ്തിരുന്നു. തുടർന്ന് അഡ്വ. ആളൂർ മുഖാന്തിരം രണ്ടുതവണ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇതിലൊന്ന് അപേക്ഷ പിൻവലിച്ചതിനാൽ തള്ളിപ്പോവുകയും മറ്റൊന്ന് വിചാരണ വേഗത്തിലാക്കാനുള്ള കോടതിയുടെ നിർദേശത്തോടെ ഡിസ്മിസ്സ് ചെയ്യുകയുമാണുണ്ടായത്. 2018 ലായിരുന്നു ഈ സംഭവങ്ങൾ.

പിന്നീട്, 2020 നായിരുന്നു പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്. അഡ്വ. ജോൺ സെബാസ്റ്റ്യൻ മുഖാന്തിരമായിരുന്നു അപേക്ഷ കോടതിയിലെത്തുന്നത്. അന്നും ഹരജിക്കാരൻ പിൻവലിച്ച കാരണത്താൽ കോടതി അപേക്ഷ ഡിസ്മിസ്സ് ചെയ്യുകയായിരുന്നു. തുടർന്ന് സുനിയുടെ വക്കാലത്ത് അഡ്വ. ജോൺ സെബാസ്റ്റ്യൻ ഉപേക്ഷിച്ചതോടെയാണ് അഡ്വ. വി വി പ്രതീഷ് കുറുപ്പ് ഏറ്റെടുക്കുന്നത്. പ്രതീഷ് കുറുപ്പ് മുഖാന്തിരം സമർപ്പിച്ച ആദ്യ അപേക്ഷയും പിൻവലിച്ച കാരണത്താൽ കോടതി ഡിസ്മിസ് ചെയ്തിരുന്നു. അതിനുശേഷം 2022 ലാണ് സുനിയുടെ ജാമ്യാപേക്ഷ കോടതിയിലെത്തുന്നത്. ഇത്രയും ഗൗരവമുള്ള കേസിൽ പ്രതിക്ക് ജാമ്യമനുവദിക്കാൻ ആവില്ലെന്നും, അനുവദിച്ചാൽ അത് സമൂഹത്തിലേക്ക് തെറ്റായ സന്ദേശമാണ് എത്തിക്കുകയെന്നും കാട്ടിയാണ് അന്ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്. ഈ വിധിയെ ചലഞ്ചുചെയ്ത് പ്രതിഭാഗം സുപ്രീംകോടതിയിൽ സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിച്ചിരുന്നു. ന്യായമായ സമയത്തിനുള്ളിൽ വിചാരണ അവസാനിച്ചില്ലെങ്കിൽ ജാമ്യം അനുവദിച്ചുകിട്ടാനായി ഹൈക്കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം പ്രതിഭാഗത്തിനുണ്ടെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി ജാമ്യാപേക്ഷ ഡിസ്മിസ് ചെയ്യുകയായിരുന്നു . ഈ നിരീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി 2023 ൽ വീണ്ടും സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ എത്തിയിരുന്നു. 6 വർഷത്തിലേറെയായി സുനിൽ ജയിലിൽ ആണെങ്കിൽ പോലും കേസിന്റെ പ്രത്യേക വസ്തുതകളും, സാഹചര്യങ്ങളും പരിഗണിച്ചുകൊണ്ട് അക്ക്യൂസ്ഡ് കസ്റ്റഡിയിൽ തുടർന്ന് കൊണ്ട് തന്നെ വിചാരണ പൂർത്തിയാക്കണമെന്നായിരുന്നു പ്രസ്തുത പെറ്റീഷനിൽ കോടതി വിധി.

06.03.2023 ലെ ഈ വിധിയെ ചലഞ്ചുചെയ്തു കൊണ്ട് സ്പെഷ്യൽ ലീവ് പെറ്റീഷനുമായി സുനിൽ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയുടെ വിധിയിൽ ഇടപെടാൻ മതിയായ കരണങ്ങളില്ലെന്ന് ചൂണ്ടികാട്ടി പെറ്റീഷൻ ഡിസ്പോസ് ചെയ്യുകയാണുണ്ടായത്. അതിനു ശേഷം 25.08.2023 നും 20.05.2024 നും സുനിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. 20.05.2024 നു സമർപ്പിച്ച ഒമ്പതാമത് ജാമ്യാപേക്ഷയും ഹൈക്കോടതി ഡിസ്മിസ് ചെയ്ത് സാഹചര്യത്തിലാണ് സുനിൽ പത്താമത് ജാമ്യാപേക്ഷ ഫയൽ ചെയ്തത്. നിരർത്ഥകമായ തുടരെയുള്ള ജാമ്യാപേക്ഷകൾ കോടതിയുടെ നടപടികളെ ദുരൂപയോഗം ചെയ്യാൻ ശ്രമിക്കുകയാണെന്നും, പിഴയോട് കൂടെ ഇത് ഡിസ്മിസ് ചെയ്യുന്നതിനെ കുറിച് ആലോചിക്കണമെന്നും കോടതി നിരീക്ഷിച്ചത് സുനിലിന്റെ പത്താമത് ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായായിരുന്നു. പിഴയോട് കൂടെ ജാമ്യാപേക്ഷ ഡിസ്മിസ് ചെയ്യാമോ എന്ന് പഠിക്കാൻ അമിക്കസ് ക്യൂരിയായി അഡ്വ. ആർ ബിന്ദുവിനെ അന്നേ ദിവസം നിയമിക്കുകയുമുണ്ടായി. തുടർന്ന് കേസ് പോസ്റ്റ് ചെയ്ത രണ്ടുതീയതികളിലും പ്രതിഭാഗം സാവകാശം തേടിയ കാരണത്താൽ ജൂൺ 3 ലേക്ക് കേസ് മാറ്റിവെക്കുകയായിരുന്നു. പ്രസ്തുത തീയ്യതിയിൽ വിനോദ് സേഥ് v . ദേവീന്ദർ ബജാജ് എന്ന സുപ്രീംകോടതി കേസിനെ ആശ്രയിച്ചായിരുന്നു അമിക്കസ് ക്യൂരി റിപ്പോർട്ട് സമർപ്പിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും നിർബന്ധമെന്ന് തോന്നുന്ന കേസുകളിൽ പിഴ ചുമത്താനുള്ള അധികാരപരിധി ഈ കോടതിക്ക് ഉണ്ടെന്നായിരുന്നു അഡ്വ. ആർ ബിന്ദുവിന്റെ റിപ്പോർട്ട്.

ഇരുഭാഗത്തിന്റെ വാദവും, അമിക്കസ് ക്യൂരിയുടെ സബ്മിഷനും കേട്ട ശേഷം ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സാർ നടത്തിയ വിധി പ്രസ്താവം ഇങ്ങനെ വായിക്കാം; സമൂഹവും, സുപ്രീംകോടതിയും ഒരുപോലെ സൂക്ഷമമായി നിരീക്ഷിക്കുന്നൊരു കേസ് ആണിത്. കേസിന്റെ ട്രയൽ കോടതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. പ്രതിഭാഗത്തിന്റെ ജാമ്യാപേക്ഷ പലതവണ ഈ കോടതി ഡിസ്സ്മിസ് ചെയ്തതാണ്. ജാമ്യം അനുവദിക്കാൻ ആവില്ലെന്നും, കസ്റ്റഡിയിൽ തുടർന്ന് കൊണ്ടുതന്നെ അക്ക്യൂസ്ഡ് ട്രയൽ പൂർത്തിയാക്കണമെന്നും പ്രസ്താവിച്ച ഈ കോടതിയുടെ രണ്ടു വിധികൾ സുപ്രീംകോടതി ശരിവെച്ചതുമാണ്. ഈ സാഹചര്യത്തിൽ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ല. ഒരിക്കൽ കോടതി ജാമ്യാപേക്ഷ നിരസിച്ചുകഴിഞ്ഞാൽ, കേസിന്റെ വസ്തുതാപരമായ സാഹചര്യങ്ങളിൽ മാറ്റമുണ്ടെങ്കിൽ മാത്രമേ മറ്റൊന്ന് ഫയൽ ചെയ്യാൻ പാടുള്ളുവെന്നത് സ്ഥിരപ്പെട്ടൊരു തത്ത്വമാണ്. വിനോദ് vs സ്റ്റേറ്റ് ഓഫ് കേരളയിൽ ഈ തത്ത്വം കാണാൻ സാധിക്കും. പ്രസ്തുത തത്ത്വം ഈ കേസിലും ബാധകമാണ്.

മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് ഇയാളുടെ അവസാന ജാമ്യാപേക്ഷ കോടതി തള്ളിയത്, പ്രസ്തുത സാഹചര്യത്തിൽ വീണ്ടും മറ്റൊരു ജാമ്യാപേക്ഷ സമർപ്പിക്കുന്നത് കോടതി നടപടികളുടെ ദുരൂപയോഗമാണ്. കോടതി നടപടികളെ ദുരൂപയോഗം ചെയ്യുന്നതിനെ തടായാനും, നീതിയെ സംരക്ഷിക്കാനും ഉചിതമായ നടപടികൾ എടുക്കാൻ CRPC സെക്ഷൻ 482 ഈ കോടതിക്ക് അധികാരം നൽകുന്നുണ്ട്. അതുകൊണ്ട്, ജാമ്യാപേക്ഷയിലും പിഴചുമത്താനുള്ള അധികാരം ഈ കോടതിക്കുണ്ട്. ഏഴ് വർഷം തുടർച്ചയായി കസ്റ്റഡിയിൽ കഴിയുന്ന ഒരാൾക്കെതിരെ പിഴചുമത്താമോ എന്നതാണ് ഈ കോടതിയുടെ മുന്നിലുള്ള മറ്റൊരു ചോദ്യം. പക്ഷേ, 10 തവണ വ്യത്യസ്ത അഭിഭാഷകർ മുഖേന ജാമ്യാപേക്ഷ സമർപ്പിക്കുകയും, രണ്ടുതവണ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്ത പെറ്റീഷനർക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് വിശ്വസിക്കാനാവില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ലീഗൽ സർവീസ് അതോറിറ്റിയെ പെറ്റീഷനർ സമീപിക്കുമായിരുന്നു, അതുണ്ടായിട്ടില്ല. നിലവിലുള്ള സാഹചര്യം പെറ്റീഷനർ സാമ്പത്തികമായി ഫിറ്റ് ആണെന്നും അല്ലെങ്കിൽ പെറ്റീഷനറെ സഹായിക്കാൻ പുറകിൽ ആരൊക്കെയോ ഉണ്ടെന്നുമാണ് ബോധ്യപ്പെടുത്തുന്നത്. അതുകൊണ്ട് 25000 രൂപ പിഴ ചുമത്തി ഹർജിക്കാരന്റെ ജാമ്യാപേക്ഷ ഈ കോടതി ഡിസ്മിസ് ചെയ്യുന്നു. പിഴയായി ചുമത്തിയ തുക ഒരു മാസത്തിനുള്ളിൽ ലീഗൽ സർവീസ് അതോറിറ്റിയിൽ അടക്കാനും ഈ കോടതി ഉത്തരവിടുന്നു.

ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ സാർന്റെ ഈ വിധിയിൽ അതിജീവിതക്കും പൊതുജനങ്ങൾക്കും ഏറെ ആശ്വസിക്കാനുണ്ടെങ്കിലും, പുതുമയൊന്നുമില്ല. കാരണം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങളിൽ കുറ്റാരോപിതനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വെക്കുന്നതും, കേസിന്റെ ഗൗരവമനുസരിച്ച് ജാമ്യം നിരസിക്കുന്നതും സാധാരണയാണ്. തെളിവുകൾ നശിപ്പിക്കാതിരിക്കാനും, സാക്ഷികളെ സ്വാധീനിക്കാതിരിക്കാനുമാണ് ഈ മുൻകരുതൽ. നടിയെ ആക്രമിച്ച കേസിൽ ജനശ്രദ്ധ കൂടി കണക്കിലെടുത്താണ് കുറ്റാരോപിതന് ജാമ്യം അനുവദിക്കാത്തതെന്നതിൽ സംശയമില്ല. അക്ക്യൂസ്ഡ്ന്റെ പത്താമത് ജാമ്യാപേക്ഷയും കോടതി തള്ളിയ ഈ വിധി വായിക്കുമ്പോൾ തീർച്ചയായും അതിജീവിതക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും ലഭിക്കുമായിരിക്കും. പക്ഷേ, പൂർണ്ണാർത്ഥത്തിൽ അതിജീവിത ആഗ്രഹിക്കുന്നതും കാത്തിരിക്കുന്നതും ഇതിനല്ല. അത് കോടതിയുടെ അന്തിമ വിധി ദിനത്തിന് വേണ്ടിയാണ്. കുറ്റവാളികൾക്ക് കിട്ടാവുന്നതിൽ ഏറ്റവും ശക്തമായ ശിക്ഷ ലഭിക്കുന്ന ആ ദിനത്തിലെ അതിജീവിതയോട് നമ്മുടെ വ്യവസ്ഥിതി നൂറു ശതമാനം നീതി പുലർത്തിയെന്ന് നമുക്ക് ഓരോരുത്തർക്കും പറയാൻ സാധിക്കൂ.

Comments