പൊലീസ് സ്റ്റേഷൻ ഏതൊരു പൊതുസ്ഥാപനവും പോലെ പൊതുജനങ്ങൾക്ക്, പൗരർക്ക് തങ്ങളുടെ എല്ലാവിധ പൗരാവകാശങ്ങളോടും ആത്മാഭിമാനത്തോടും കൂടി, ഭയഭക്തിബഹുമാനത്തിന്റെയും വിനീതഭാവത്തിന്റെയും അധികബാധ്യത കൂടാതെ കയറിച്ചെല്ലാനും നിയമപരമായ ആവശ്യങ്ങൾ പറയാനും പൊലീസിന്റെ ഇടപെടലിലുള്ള പരാതികളുന്നയിക്കാനും ചോദ്യങ്ങൾ ചോദിക്കാനും കഴിയേണ്ട സ്ഥലമാണ്. എന്നാൽ അതൊന്നും സ്വപ്നത്തിൽപ്പോലും സാധിക്കാത്തൊരു സ്ഥലമാണതെന്ന് നമുക്കെല്ലാവർക്കുമറിയാം എന്നതുകൊണ്ടാണ് ചലച്ചിത്രനടൻ വിനായകൻ പൊലീസ് സ്റ്റേഷനിൽ കുഴപ്പങ്ങളുണ്ടാക്കി എന്ന് നമുക്ക് സ്വാഭാവികമായി തോന്നുന്നത്.
അതായത്, ശാരീരിക ആക്രമണമുണ്ടാകും എന്ന യാതൊരു സാധ്യതയുമില്ലാതിരിക്കെ വിനായകന്റെ ശരീരത്തിൽ പിടിക്കാനും തൊടാനും അയാളെ ‘നീ’ എന്നുവിളിക്കാനുമൊക്ക ഒരു പൊലീസ് ഉദ്യോഗസ്ഥന് ആത്മവിശ്വാസം തോന്നുന്നത്, പൊലീസ് പൗരാവകാശങ്ങൾക്കും ജനാധിപത്യനിയമങ്ങൾക്കും മുകളിലുള്ള ഒരു rogue force ആയി ശീലിച്ചതുകൊണ്ടാണ്.
തന്റെ വീട്ടിൽ യൂണിഫോമിലല്ലാതെ പൊലീസ് സംഘത്തോടൊപ്പം കയറിവന്ന ഒരു സ്ത്രീ അവരുടെ പൊലീസ് ഐ.ഡി കാണിച്ചില്ലെന്നും അതാരാണെന്ന് തനിക്കറിയണമെന്നുമാണ് വിനായകൻ ആവശ്യപ്പെടുന്നത്. എന്തുതരത്തിലുള്ള പൊലീസ് നടപടിയിലും അതിലുൾപ്പെടുന്ന പൗരർക്ക് ആ നടപടിയുടെ എല്ലാ കാരണങ്ങളും അറിയാൻ അവകാശമുണ്ട്. ഇതൊക്കെ KP Act- ൽ തന്നെ പറയുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ പദവിയും തൊഴിലും വ്യക്തമാക്കുന്ന തരത്തിലായിരിക്കണം പൊതുവിടങ്ങളിലും സ്വകാര്യവ്യക്തികളുമായുള്ള ഔദ്യോഗിക ഇടപെടലുകളിലും പെരുമാറേണ്ടത്.
അതായത് നിങ്ങളുടെ വീട്ടിൽ വന്ന പൊലീസ് സംഘത്തിലെ സ്ത്രീ, ഇന്നയാളെന്ന പൊലീസ് ഉദ്യോഗസ്ഥയാണെന്ന് വിനായകനെ അറിയിക്കുക എന്ന ചുമതല നിർവ്വഹിക്കാതെ അയാളെ പരമാവധി പ്രകോപിപ്പിക്കുക എന്ന പരിപാടിയാണ് പൊലീസുകാർ നടത്തുന്നത്. ഒരു ചലച്ചിത്രതാരവും നാലാൾ അറിയുന്ന കക്ഷിയുമായതുകൊണ്ടാണ് അയാൾക്ക് മർദ്ദനമേൽക്കാഞ്ഞത്. യാതൊരു തരത്തിലുള്ള പൗരാവകാശങ്ങൾക്കും സ്ഥാനമില്ലാത്ത നിയമബാഹ്യമായ നടപടിക്രമങ്ങളുള്ള ഒരു സ്വയംഭരണ റിപ്പബ്ലിക്കാണ് പൊലീസ് സേന എന്നതാണ് പ്രശ്‌നം.
വിനായകന്റെ കീഴാള സാമൂഹ്യനില കൂടിയാണ് അയാളോടുള്ള പെരുമാറ്റത്തിലെ ധാർഷ്ട്യത്തെ കേരളത്തിൽ സാധ്യമാക്കുന്നത്. ചോദ്യം ചോദിക്കുന്നത് മാത്രമല്ല പ്രശ്‌നം അതാരാണ് എന്നത് കൂടിയാണ്. അതുകൊണ്ടാണ് വിനായകനെ എടാ എന്ന് എളുപ്പത്തിൽ വിളിക്കുന്നത്. ഒരു കൂട്ടം രാഷ്ട്രീയനേതൃത്വത്തിനും ഉദ്യോഗസ്ഥ പ്രഭുക്കൾക്കും ധനികർക്കും മാത്രം ലഭിക്കുന്ന ഒന്നാണ് കേരളത്തിൽ പൗരാവകാശങ്ങൾ എന്ന് വരികയാണ്. ഒരു ദലിതൻ കൂടിയായാൽ ചരിത്രത്തിലെ ഭൂതങ്ങൾ ദംഷ്ട്രകൾ നീട്ടി ഒന്നുകൂടി അലറും.
വിനായകൻ എന്തെങ്കിലും നിയമലംഘനം നടത്തിയതായി വന്നാൽപ്പോലും പൊലീസിന് അയാളുടെ പൗരാവകാശങ്ങളെ ലംഘിക്കാനുള്ള അവകാശം നൽകുന്നില്ല.
ചെറിയ ചോദ്യമാണ്: ‘ആരാണ് എന്റെ വീട്ടിൽ പോലീസുകാർക്കൊപ്പം വന്ന സ്ത്രീ?’
‘ഇന്നയാളാണ്’ എന്ന ലളിതമായ ഉത്തരത്തിനു പകരം, ‘അത് ചോദിക്കാൻ നീയാരാണെടാ’ എന്ന ആക്രോശമാണ് നമ്മൾ കേട്ടത്. ഏറിയും കുറഞ്ഞും എല്ലാ സർക്കാർ കാര്യാലയങ്ങളിലും നിങ്ങൾക്ക് ഈ മറുപടി കേൾക്കാം. എപ്പോൾ നിങ്ങൾ പൗരാവകാശങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയെക്കുറിച്ചും സംസാരിക്കാൻ തുടങ്ങുന്നുവോ, ഉടനടി ആ സംവിധാനം മുഴുവൻ വ്യാഘ്രസമാനമായ മുരൾച്ചയോടെ നിങ്ങൾക്കുനേരെ തിരിയും.