‘വിനായകനൊപ്പം’ എന്ന നാട്യത്തിൽ പിണറായിയുടെ പൊലീസിനെ രക്ഷിച്ചെടുക്കുന്ന വാഴ്ത്തുപാട്ട് സംഘം

ഇപ്പോൾ, ‘വിനായകനൊപ്പം’ എന്ന പേരിൽ, വിനായകൻ നേരിട്ട പൗരാവകാശലംഘനത്തിൽ നിന്ന് ഭരണകൂടത്തിന്റെ systemic violence- നെ ചർച്ചയിൽ നിന്ന് രക്ഷിക്കാനും അതിനെ ജനാധിപത്യവിരുദ്ധതയുടെ ഭീകരഭാഷ്യമാക്കി മാറ്റിയ പിണറായി വിജയൻ സർക്കാരിനെ ഇതിലെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാക്കാനുമാണ് വാഴ്ത്തുപാട്ട് സംഘം ഐക്യദാർഢ്യവും ധാർമ്മികരോഷവും ഒരു സാംസ്‌കാരിക പ്രശ്‌നമാക്കുന്നത്.

പൊലീസ് സ്റ്റേഷനുകളിൽ ജാതിഭീകരതയും പൗരാവകാശലംഘനവും നടക്കുന്ന കേരളത്തിൽ ആരാണ് പൊലീസ് ഭരണം നടത്തുന്നത് എന്നുകൂടി ചോദിക്കുകയും പറയുകയും ചെയ്യാതെ, ഋഗ്വേദ സൂക്തങ്ങൾ ചർച്ച ചെയ്ത് രാഷ്ട്രീയ ഉത്തരവാദിത്തത്തിൽ നിന്ന് തടിതപ്പാനുള്ള കൗശലമാണ് വിനായകൻ വിഷയത്തിലെ കടന്നൽ, വാഴ്ത്തുപാട്ട് സംഘങ്ങളുടെ വികാരവിക്ഷോഭം.

വിനായകനെ കേരള പൊലീസ്, നിയമവിരുദ്ധതയും പൗരാവകാശലംഘനവും പൊലീസ് സ്റ്റേഷനുകളിൽ പതിവാക്കിയ തങ്ങളുടെ രീതികളിൽ ആക്രമിച്ചത് സാമാന്യം വലിയ പ്രതിഷേധമാണുണ്ടാക്കിയത്. നിയമപരമായി പൊലീസ് പാലിക്കേണ്ട ചുമതലയെക്കുറിച്ചു തന്റെ പൗരാവകാശം വിനിയോഗിച്ചു ചോദ്യം ചോദിച്ചപ്പോഴാണ് വിനായകൻ അധിക്ഷേപിക്കപ്പെട്ടതും അയാളെ നിയമവിരുദ്ധമായി പൊലീസുകാരൻ ശാരീരികമായി സ്പർശിച്ചുകൊണ്ട് ഭീഷണിപ്പെടുത്തിയതും. വിനായകൻ എന്ന നടന്റെ കീഴാള സാമൂഹ്യനിലയാണ് നമ്മുടെ സമൂഹത്തിലെ സാമ്പ്രദായിക ധാരണകളാൽ പെട്ടന്നൊന്നും പൊലീസ് ആക്രോശിച്ചാക്രമിക്കാൻ ഇടയില്ലാത്ത ഒരു സാമൂഹ്യ നിലയിലുള്ള ഒരു ചലച്ചിത്ര താരമായിട്ടും ആ ഗണത്തിൽ വിനയകനെ അവർ കണക്കാക്കാഞ്ഞതിന്റെ കാരണമെന്ന് വ്യക്തമാണ്.

എന്നാൽ അതുമാത്രമല്ല പൊലീസ് സംവിധാനത്തിലെ അത്തരമൊരു ആക്രമണത്തിന്റെ കാരണം. ‘നിന്നോട് വിശദീകരിക്കാൻ നീയാരാടാ’ എന്ന പോലീസുകാരന്റെ ചോദ്യത്തിന് വിനായകൻ നൽകിയ മറുപടിയിലാണ് - ‘ഞാനൊരു പൗരനാണ്’- കുഴപ്പം. ഈ രാജ്യത്ത് ഏറ്റവും വിലകെട്ട വാക്കാണത്. നിങ്ങൾ പൗരപ്രമുഖനാണോ എന്നതിലാണ് കാര്യം. രാജ്യത്ത് പൗരരും പൗരപ്രമുഖരും ഉണ്ടെന്ന് നമ്മെ നിരന്തരം ബോധ്യപ്പെടുത്തുന്നത് ഇപ്പോഴത്തെയും എക്കാലത്തെയും വിവിധ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളാണ്. ഏതൊരു "സാധാരണ" പൗരനും കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ എന്തുതരം അപമാനവും മർദ്ദനവും നേരിടേണ്ടിവരാം എന്നതാണ് വസ്തുത.

ഈ ജനാധിപത്യ വിരുദ്ധ സംവിധാനത്തിനെ കൂടുതൽ ഭീകരമാക്കി എന്നാണ് പിണറായി വിജയൻ സർക്കാർ ചെയ്ത സംഭാവന. ഇപ്പോൾ, വിനായകനൊപ്പം എന്ന പേരിൽ, വിനായകൻ നേരിട്ട പൗരാവകാശലംഘനത്തിൽ നിന്നും ഭരണകൂടത്തിന്റെ systemic violence- നെ ചർച്ചയിൽ നിന്ന് രക്ഷിക്കാനും അതിനെ ജനാധിപത്യവിരുദ്ധതയുടെ ഭീകരഭാഷ്യമാക്കി മാറ്റിയ പിണറായി വിജയൻ സർക്കാരിനെ ഇതിലെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാക്കാനുമാണ് ഈ വാഴ്ത്തുപാട്ട് സംഘം ഐക്യദാർഢ്യവും ധാർമ്മികരോഷവും ഒരു സാംസ്‌കാരിക പ്രശ്‌നമാക്കുന്നത്.

കേരളത്തിന്റെ തെരുവിൽ മലയാളികളായ മനുഷ്യരെ യതീഷ് ചന്ദ്ര എന്ന ഐ.പി.എസുകാരൻ ഏത്തമിടുവിച്ചപ്പോൾ മിണ്ടാതിരുന്നവരാണ് നിങ്ങൾ. വിനായകനെന്ന ദലിത് ചെറുപ്പക്കാരനെ പൊലീസ് മർദ്ദിക്കുകയും തുടർന്നയാൾ ആത്മഹത്യ ചെയ്യുകയുമുണ്ടായപ്പോൾ കാശിക്ക് പോയി, നിങ്ങളുടെ ധാർമികരോഷം. കേരളത്തിലെ പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടയിൽ 14 പേർ മരിച്ചെന്ന് ലോക്സഭയിൽ നൽകിയ മറുപടിയിൽ കാണാം. അതിനുമുമ്പുള്ള കണക്കുകൾ വേറെ. ഈ കണക്കിനുശേഷം താനൂരിൽ മറ്റൊരാൾ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. നിങ്ങൾ മുഖ്യമന്ത്രിയുടെ കുടുംബത്തെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കുന്ന കാലം. പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ഒരാൾക്ക് വേണ്ടിപ്പോലും, ഒരു സംഭവത്തിൽപ്പോലും നിങ്ങൾ തെരുവിലിറങ്ങിയില്ല, കണക്ക് ചോദിച്ചുമില്ല.

താമിർ ജിഫ്രി

കസ്റ്റഡിയിൽ കൊല്ലപ്പെട്ടവരുടെയാണ് ഈ കണക്ക്. കിളികൊല്ലൂരിലടക്കം പൊലീസ് കസ്റ്റഡിയിൽ നടന്ന ഭീകരമായ മർദ്ദനങ്ങളിൽ മൗനം തൊമ്മിക്ക് ഭൂഷണം എന്ന പ്രമാണത്തിൽ നിങ്ങൾ കഴിഞ്ഞുകൂടി. കോവിഡ് കാലത്തടക്കം പൗരരുടെ സ്വകാര്യതയേയും ആത്മാഭിമാനത്തേയും പൊലീസുകാർ തെരുവിൽ വലിച്ചിട്ടപമാനിച്ചപ്പോൾ കേരളത്തിന്റെ മുഖ്യ / ആഭ്യന്തരമന്ത്രി അവരുടെ ത്യാഗത്തിന്റെ കഥ പറഞ്ഞു. പൗരാവകാശത്തിന് പകരം ഔദാര്യത്തിന്റെ പൊതിച്ചോറിൽ നിങ്ങൾ രാഷ്ട്രീയമനുഷ്യരുടെ ശവമടക്ക് നടത്തി.

വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളെന്ന് കരുതുന്ന സംഭവങ്ങളിൽ എട്ട് മാവോവാദികളെ കൊന്നപ്പോൾ നിങ്ങൾ കയ്യടിച്ചു. ബുർഷ്വാ കോടതി നിയമവാഴ്ചയുടെ പേരിൽ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് ഭാണകൂടത്തിനോട് ചോദ്യം ചോദിക്കുന്നൊരു നാട്ടിൽ വിപ്ലവത്തിന്റെ മൊത്തക്കച്ചവടക്കാർ ഉന്നം തെറ്റാത്ത വേട്ടയിൽ നിർവാണശബ്ദങ്ങൾ മുഴക്കി. ജനാധിപത്യവിരുദ്ധ നിയമം യു.എ.പി.എ ഉപയോഗിച്ച് രണ്ടു പൗരരെ തടവിലാക്കിയപ്പോൾ അവർ ആട്ടിൻകുട്ടികളല്ലെന്ന മുഖ്യമന്ത്രി വിജയന്റെ ചിറികോട്ടി പരിഹാസത്തിൽ നിങ്ങൾ പുളകം കൊണ്ടു.

ഒരു പൊലീസ് സ്റ്റേറ്റ് ഉണ്ടാക്കിക്കൊണ്ടുവരുമ്പോൾ അതിൽ സവിശേഷ പരിഗണന കിട്ടുന്നവരാകാനാണ് നിങ്ങൾ ശ്രമിച്ചത്. പൊലീസ് സേനയെ ജനാധിപത്യവത്ക്കരിക്കുക എന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ നിങ്ങൾ ആക്രമിച്ചുകൊണ്ടിരുന്നു. ഭരണകൂടത്തിനെയും അതിന്റെ മർദ്ദനോപകരണങ്ങളെയും കുറിച്ചുള്ള എല്ലാ ചർച്ചകളേയും നിങ്ങൾ ആക്രോശങ്ങളോടെ നിശ്ശബ്ദമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. വിമർശനങ്ങളും പ്രതിഷേധങ്ങളും കേരളത്തിൽ സാധ്യമാകുന്നത് "ഞങ്ങളുടെ" ഔദാര്യം കൊണ്ടാണെന്ന് നിങ്ങളുടെ തീപ്പൊരി നേതാക്കൾ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. പൗരാവകാശലംഘകരായ, നിയമവാഴ്ചയുടെ എതിർവശത്തുനിൽക്കുന്ന ഒരു rogue police force- നെ തന്റെ ഭരണമുദ്രയായി വളരെ ബോധപൂർവം മുഖ്യമന്ത്രി വിജയന്റെ നേതൃത്വത്തിൽ നിലനിർത്തുകയും വളർത്തുകയും ചെയ്തപ്പോൾ പൊലീസ് സ്റ്റേഷനുകളിൽ നിന്നും ലജ്ജാകരമായൊരു ഗതികേടിന്റെ അകലം പാലിച്ചുകൊണ്ട് നിങ്ങളുടെ തീപ്പൊരി നേതാക്കളടക്കമുള്ളവർ ഒഴിഞ്ഞുമാറിനടന്നു. സംഘപരിവാറിന്റെ സൂക്ഷ്മഘടകങ്ങൾ കേരള പൊലീസിൽ പ്രവർത്തിക്കുന്നത് ഏതാണ്ട് പരസ്യമായപ്പോഴും സാംസ്കാരിക സന്ധ്യകളിലെ പ്രഭാഷണങ്ങളിൽ ചരിത്രകഥകളിൽ നിങ്ങൾ ഒളിച്ചിരുന്നു. കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്നും മുഷ്ടി ചുരുട്ടിയ മനുഷ്യർ മുദ്രാവാക്യം മുഴക്കി പുറത്തിറക്കിയ ഇടിവീരന്മാരായ ഹേഡ് കുട്ടൻപിള്ളമാർ വിജയഭരണത്തിൽ മീശ പിരിച്ചപ്പോൾ നിങ്ങൾ അടിവസ്ത്രം നനച്ചുകൊണ്ട് അഭിവാദ്യമർപ്പിച്ചു.

കേരളത്തിലെ തെരുവുകളിലും സർക്കാർ കാര്യാലയങ്ങളിലും പൊലീസ് സ്റേഷനുകളിലുമെല്ലാം "പൗരൻ" ഇഴഞ്ഞും കുനിഞ്ഞും അപമാനിതനായും ആത്മനിന്ദയുടെ കാവടിയാടിയും കഴിഞ്ഞുപോരുന്ന നാളുകളിൽ നിങ്ങൾ, ജനാധിപത്യം അധികാരമല്ല, പൗരാവകാശം അവകാശമല്ല നാടുവാഴുന്നോരുടെ ഔദാര്യമാണ് എന്ന് പഠിപ്പിക്കുകയായിരുന്നു. ചോദ്യങ്ങളുയർത്തുന്നവരേയും സന്ദേഹങ്ങളുടെയും സംശയങ്ങളുടെയും പ്രതിഷേധങ്ങളുടെയും നീതിബോധത്തിന്റെ ക്ഷോഭങ്ങളുടെയും ശബ്ദങ്ങളെയും അസൂയാലുക്കളായ ശത്രുക്കളായി വരച്ചിടുന്ന അധികാരസൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികളുടെ കൂവിവിളിയെ നിങ്ങൾ "ഇടതുപക്ഷ രാഷ്ട്രീയം" എന്ന ചരിത്രത്തിന്റെ മേലങ്കിയിട്ട് പുതപ്പിക്കുകയായിരുന്നു. ആത്മാഭിമാനവും രാഷ്ട്രീയബോധവും ചോർത്തിക്കളഞ്ഞ, ഔദാര്യത്തിന്റെ അടിമകളാക്കാൻ ശീലിപ്പിക്കുന്ന മനുഷ്യർ ഇടയ്ക്ക് തിരിഞ്ഞുനിന്ന്, ശബ്ദമുയർത്തി, കണ്ണിൽ നോക്കി, പതറാതെ ‘ഞാൻ പൗരനാണ്’ എന്ന് പറയുമ്പോൾ അത് നിങ്ങളോടു കൂടിയാണ്.

പൗരാവകാശലംഘനങ്ങളുടെയും ഭരണഘടനാ സ്വാതന്ത്ര്യങ്ങളെ ഫാഷിസ്റ്റുകളുടെ കൈപ്പുസ്തകം പകർത്തി അടിച്ചമർത്തുന്നതിന്റെയും തിരക്കിനിടയിൽ, നിങ്ങൾ നടുകുനിച്ചുനിർത്തിയ മനുഷ്യരിൽ നിന്ന്, നിങ്ങൾ ജനങ്ങൾക്കുമേൽ അഴിച്ചുവിട്ട വേട്ടപ്പൊലീസിനെതിരെ, നിങ്ങളുടെ അവസരവാദ വിധേയദാസ്യത്തിന്റെ തലയിൽക്കയറാത്ത ആത്മാഭിമാനത്തോടെ ഞാനൊരു പൗരനാണ് എന്നൊരാൾ പറയുമ്പോൾ ഈ നിങ്ങൾ അയാൾക്കൊപ്പമാണെന്ന്...
നീട്ടിയൊരാട്ട് അതുവരെയെത്തട്ടെ.

Comments