നടി രഞ്ജിനിയുടെ ഹർജി തള്ളി, ​ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടും

ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചക്ക് 2.30ന് സർക്കാർ പുറത്തുവിടും. 233 പേജുകളാണ് പുറത്തുവിടുന്നത്.

News Desk

  • നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളിയതിനെതുടർന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചക്ക് 2.30ന് സർക്കാർ പുറത്തുവിടും. 233 പേജുകളാണ് പുറത്തുവിടുന്നത്.

  • സ്വകാര്യതയെ ലംഘിക്കുന്ന പരാമര്‍ശങ്ങളും വ്യക്തിവിവരങ്ങളും ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിടുക.

  • രഞ്ജിനിയുടെ ഹർജി തള്ളിയ കോടതി, അവര്‍ക്ക് ഇന്നുതന്നെ സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്ന് വ്യക്തമാക്കി.

  • ഹർജി നൽകിയാൽ സിംഗിൾ ബെഞ്ച് ഇന്ന് മൂന്നുമണിക്ക് പരിഗണിക്കുമെന്നാണ് സൂചന.

  • റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ഒരു തടസവുമില്ലെന്നും, ഹൈകോടതി തീരുമാനം വന്നതിനാല്‍, വിവരാവകാശ കമീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് പ്രതീക്ഷയെന്നും സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍.

  • റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ ഒരു ഒളിച്ചുകളിയുമുണ്ടായിട്ടില്ലെന്ന് മന്ത്രി.

  • സിംഗിൾ ബഞ്ചിൽ താൻ നൽകുന്ന ഹർജിയിലുള്ള തീരുമാനം കൂടി പരിഗണിച്ചശേഷമേ റിപ്പോർട്ട് പുറത്തുവിടൂ എന്നാണ് പ്രതീക്ഷയെന്ന് രഞ്ജിനി.

  • രഞ്ജിനിയുടെ ഹർജിയിൽ കോടതിവിധി വന്നശേഷം റിപ്പോർട്ട് പുറത്തു വിടുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം.

  • റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുമുമ്പ് ഉള്ളടക്കം അറിയാന്‍ മൊഴി നല്‍കിയവര്‍ക്ക് അവകാശമുണ്ട്, പുറത്തുവിടുന്നതിനുമുമ്പ് തന്റെ മൊഴി എങ്ങനെയാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത് എന്ന് അറിയണം, ഇതിനാണ് താന്‍ കോടതിയെ സമീപിച്ചതെന്ന് രഞ്ജിനി പറഞ്ഞിരുന്നു.

  • റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

  • റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദിവസമാണ് രഞ്ജിനിയുടെ ഹര്‍ജി ഹൈകോടതിയിലെത്തിയത്. ഇതേതുടര്‍ന്ന്, ഈ ഹര്‍ജിയില്‍ കോടതി തീരുമാനം വന്നശേഷം റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ മതി എന്ന നിലപാടിലേക്ക് സര്‍ക്കാര്‍ പിന്‍വാങ്ങിയിരുന്നു.

  • റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ കോടതി സ്‌റ്റേ ഇല്ലാത്തതിനാല്‍, സര്‍ക്കാര്‍ പിന്മാറ്റം വിമര്‍ശനത്തിനിടയാക്കിയിരുന്നു.

  • രഞ്ജിനിയുടെ ഹര്‍ജിയിലുള്ള കോടതിവിധിക്ക് അനുസൃതമായിരിക്കും തുടര്‍ നടപടി എന്നാണ് സാംസ്‌കാരിക വകുപ്പിന്റെ സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരാവകാശ അപേക്ഷ നല്‍കിയവരെ അറിയിച്ചിരുന്നത്. നടിയുടെ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തടഞ്ഞ നടപടിക്കെതിരെ വിവരാവകാശ അപേക്ഷകര്‍ കമീഷന് പരാതി നല്‍കിയിരുന്നു.

  • 51 പേരാണ് ഹേമ കമ്മിറ്റിക്കുമുമ്പാകെ മൊഴി നല്‍കിയത്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ അടക്കമുള്ള ഭാഗങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.

  • വിമന്‍ ഇന്‍ സിനിമാ കലക്ടീവ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടാത്തതുകൊണ്ടാണ് താന്‍ കോടതിയെ സമീപിച്ചത് എന്ന് രഞ്ജിനി പറഞ്ഞിരുന്നു.

  • എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനുമുമ്പ് അതിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടിരുന്നുവെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. റിപ്പോര്‍ട്ട് പരിശോധിച്ചശേഷം തുടര്‍ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ടിരുന്നതായി കൂട്ടായ്മ.

  • സിനിമാ നിര്‍മാതാവായ സജിമോന്‍ പാറയില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇത് സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു.

  • റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വനിതാ കമീഷന്‍ ആവശ്യപ്പെട്ടിരുന്നു.

Comments