ഷക്കീല

രാഷ്ട്രീയത്തിൽ എനിക്ക് ചില പ്ലാനുകളുണ്ട്,
ഉടൻ വെളിപ്പെടുത്തും- ഷക്കീല

‘‘എന്റെ സിനിമകളിൽ ഞാൻ തന്നെയാണ് ഹീറോയിൻ. ഞാൻ തന്നെയാണ് ആ സിനിമയുടെ കഥ. ഞാൻ തന്നെയാണ് സിനിമയുടെ ബാനർ. എനിക്ക് ലാലേട്ടനും മമ്മൂക്കക്കും ഒപ്പം നിന്ന് സംസാരിക്കാനായി. ഇതൊക്കെ എനിക്കു കിട്ടി. എനിക്കതിൽ വളരെ സന്തോഷമുണ്ട്’’- നടി ഷക്കീല ട്രൂകോപ്പി തിങ്കിന്റെ ‘എഡിറ്റേഴ്സ് അസംബ്ലി’യിൽ സംസാരിക്കുന്നു.

Think

രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പുസമയത്ത്, തനിക്ക് ചില പ്ലാനുകളുണ്ടെന്നും അത് ഉടൻ വെളിപ്പെടുത്തുമെന്നും നടി ഷക്കീല. താൻ ഒരു പാർട്ടിക്കൊപ്പമുണ്ടാകുമെന്നും ട്രൂകോപ്പി തിങ്കിന്റെ 'എഡിറ്റേഴ്‌സ് അസംബ്ലി'യിൽ അവർ പറഞ്ഞു.
തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ മനുഷ്യാവകാശ വിഭാഗത്തിൽ പ്രവർത്തിക്കുകയാണ് അവരിപ്പോൾ.

താൻ എന്നും ഇങ്ങനെതന്നെയായിരുന്നു സംസാരിച്ചിരുന്നത് എന്ന്, പൊതുജീവിതത്തിലെ ഇടപെടലുകളുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. മുമ്പ് സോഷ്യൽ മീഡിയയൊക്കെ ഇത്ര സജീവമായിരുന്നില്ല, അതുകൊണ്ടാകാം ഇത്തരം കാര്യങ്ങൾക്ക് വൈകി അംഗീകാരം കിട്ടിയത്. സീരിയലുകളിലൊക്കെ അഭിനയിച്ചുതുടങ്ങിയതോടെ ചെറിയ കുട്ടികൾ വരെ എന്നെ തിരിച്ചറിയുന്നുണ്ട്. 'സു സു' സീരിയലിലെ ഊർമിള ആന്റിയല്ലേ എന്നൊക്കെ പറഞ്ഞ്, ചോറ്റാനിക്കര ക്ഷേത്രത്തിൽ പോകുമ്പോഴൊക്കെ അവർ അടുത്തുവരും. എനിക്ക് അങ്ങനെയൊരു ചാൻസ് കിട്ടിയിരുന്നില്ല, അതുകൊണ്ടുതന്നെ ഇതൊരു മനോഹരമായ അനുഭവമാണ്- അവർ പറഞ്ഞു.

'അഭിനയജീവിതത്തെച്ചൊല്ലി എനിക്ക് ഒരുതരത്തിലുമുളള regret- ഉം ഇല്ല. കാരണം, ബെഡ് റൂം സീനുകളും കുളിസീനുകളുമുള്ള കുറെ സിനിമകൾ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ട് 'കിന്നാരത്തുമ്പികൾ' എന്ന സിനിമയിൽ ഇതെല്ലാം ചെയ്യുമ്പോൾ അത് വലിയ തെറ്റായി തോന്നിയിട്ടില്ല. ആ സിനിമയിലാണ് ഞാൻ ആദ്യമായി കുളിസീനിൽ അഭിനയിച്ചത്. അതിനേക്കാൾ ഓവറായി ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. മറ്റു സിനിമകളിൽ ഉള്ളതേ ആ സിനിമയിലുമുള്ളൂ. കിന്നാരത്തുമ്പികൾ എന്ന സിനിമ കണ്ടപ്പോൾ എനിക്ക് ചിരി വന്നു. അതിന്റെ മ്യൂസിക്കിൽ മൈക്കിൾ ജാക്‌സൻ സോംഗിന്റെ തീമുണ്ട്. നിങ്ങൾക്ക് ഒരു മ്യൂസിക് ഡയറക്ടറില്ലേ എന്നു ഞാൻ ചോദിച്ചു. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിലാണ് മൈക്കിൾ ജാക്‌സന്റെ തീമൊക്കെയിട്ട് മ്യൂസിക്ക്.''

''1998-2000 കാലത്ത് എന്റെ ഒരു ദിവസം കിട്ടുക ബുദ്ധിമുട്ടായിരുന്നു. സിനിമക്കാർ വന്ന് സ്‌റ്റോറി പറയും. അഞ്ച് സീനുണ്ട്, തീർച്ചയായും അതിൽ ഒരു ബെഡ് റൂം സീനുണ്ടാകും. പിന്നെ ഒരു കുളി സീൻ. ബാക്കി മൂന്നു സീനിൽ സെന്റിമെന്റൽ സ്റ്റഫ് എന്നു വക്കുക. ബെഡ് റൂം സീനും കുളിസീനുമാണ് സിനിമയിലുണ്ടാകുക, ബാക്കി മൂന്ന് സീൻ മിസ്സിംഗ് ആയിരിക്കും. അത് അവരുടെ സൂത്രമാണ്. ഇതാണ് അക്കാലത്ത് എല്ലാ മലയാള സിനിമകളിലും ആവർത്തിച്ചുകൊണ്ടിരുന്നത്. ഷക്കീല ദിവസം നാലുനേരം കുളിക്കും എന്ന അക്കാലത്തെ കമന്റുകളെ ഞാൻ ഒരു കോംപ്ലിമെന്റായാണ് എടുത്തിരുന്നത്''.

''18 വയസ് കഴിഞ്ഞ ആർക്കും, സ്ത്രീകളടക്കം, എന്റെ സിനിമികൾ കാണാമായിരുന്നു. അല്ലാതെ എന്റെ സിനിമകൾക്ക ഒരു ഫോർമാറ്റുമുണ്ടായിരുന്നില്ല. ആണുങ്ങളാണ് എന്റെ സിനിമകൾ കാണാൻ വന്നത്, സ്ത്രീകൾ വരാത്തത് എന്റെ തെറ്റല്ല. ആണുങ്ങളില്ലാതെ ഈ ഷക്കീല ഇല്ല. ഇതാണ് സത്യം.''

'കിന്നാരത്തുമ്പികൾ' സിനിമയിൽ ഷക്കീല

''സ്ത്രീകൾ ഇത്തരം സിനിമകൾ കാണും എന്ന് എനിക്കറിയാം. എന്റെ കൂടെ പഠിച്ച ഒരു സ്ത്രീ, 15 വർഷത്തിനുശേഷം എന്റെ അഡ്രസ് സംഘടിപ്പിച്ച് എന്റെയടുത്ത് വന്നു. വിവാഹം കഴിഞ്ഞ് ഫസ്റ്റ് നൈറ്റിൽ പേടി തോന്നി, ഒന്നും നടന്നില്ല എന്ന് അവർപറഞ്ഞു. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസം അവർ ഊട്ടിയിൽ പോയി. സി.ഡി പ്ലെയറിൽ എന്റെ സിനിമ കണ്ടിട്ടാണ് അവർക്ക് ഫസ്റ്റ് നൈറ്റ് ഫീൽ ചെയ്തത് എന്നും പറഞ്ഞു. ഇതുകേട്ട് എനിക്ക് അഭിമാനമാണോ നാണക്കേടാണോ തോന്നേണ്ടത്? ഇത്തരം നിരവധി കേസുകളുണ്ട്. എനിക്കറിയാം, സ്ത്രീകൾ എന്റെ സിനിമകൾ കാണാറുണ്ട് എന്ന്. എന്റെ സിനിമകൾ കണ്ടതുകൊണ്ടാണ് അവർക്ക് മനസ്സിലായത്, എന്റെ സിനിമകളിൽ ഒന്നുമില്ല, ഷക്കീല ഒരു പാവമാണ് എന്ന്. അതുകൊണ്ട് സ്ത്രീകൾ എന്നെ ഇഷ്ടപ്പെടുന്നു.’’

സിനിമയിൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാൽ ആരും പരാതി കൊടുക്കില്ലെന്നും കാരണം അവർക്ക് അടുത്ത വർക്ക് കിട്ടില്ല എന്നും ഷക്കീല പറഞ്ഞു. മലയാളത്തിൽ പ്രതിഫലം കിട്ടാത്ത നിരവധി സംഭവങ്ങൾ തനിക്കുണ്ടായിട്ടുണ്ട്. പിന്നീട്, തനിക്ക് സിനിമയിൽ അധികാരസ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞതോടെയാണ്, പ്രതിഫലം ചോദിച്ചുവാങ്ങാൻ തുടങ്ങിയത്. എങ്കിലും, ഫിലിം ഇൻഡസ്ട്രി മോശം ഇൻഡസ്ട്രിയാണ് എന്ന് താൻ ഒരിക്കലും പറയില്ല; ‘‘സിനിമയിലൂടെ നിങ്ങൾക്ക് പണമുണ്ടാക്കാം, പ്രശസ്തിയുണ്ടാക്കാം. വലിയ റിസ്‌കുകളുണ്ടെങ്കിലും നിങ്ങൾക്ക് ശരിയായ പി.ആർ.ഒയും മാതാപിതാക്കളുടെ പിന്തുണയുമുണ്ടെങ്കിൽ ഇത് സുരക്ഷിതമായ ഇൻഡസ്ട്രിയാണ്. ഇതാണ് ഞാൻ ആളുകളോട് പറയാൻ ശ്രമിക്കുന്നത്.''

എക്കാലത്തും തന്റെ പാഷൻ സിനിമ ആയിരുന്നു. എന്നാൽ, അതിലേക്കുള്ള റൂട്ട് അറിയില്ലായിരുന്നു. സിനിമയിൽ വന്നശേഷം, ആദ്യ പ്രതിഫലം 20,000 രൂപയായിരുന്നു. അതിൽ 5000 രൂപ അഡ്വാൻസ് കിട്ടി. അത് അച്ഛന്റെ കൈയിൽ കൊടുത്തപ്പോൾ ഒരു സന്തോഷം കണ്ടു. അപ്പോൾ ഞാൻ സിനിമയിൽ തുടരാൻ തീരുമാനിച്ചു: ‘‘എനിക്കന്ന് 5000 രൂപയുടെ വില അറിയില്ലായിരുന്നു. എങ്കിലും ഞാൻ അധ്വാനിച്ച് നേടിയ പണമാണ്, എന്റെ പൈസയാണ്. അത് അച്ഛനെ സന്തോഷിപ്പിക്കുന്നു. എങ്കിൽ അച്ഛനും അമ്മക്കും നല്ല ജീവിതം കൊടുക്കണം എന്നുഞാൻ തീരുമാനിച്ചു.’’

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഷക്കീലയുടെ സെഷൻ/ photo: The News Minute

''മുമ്പത്തെ നായികമാർക്ക് കിട്ടിയത് ഒരു ഹീറോയിൻ സ്റ്റാറ്റസ് മാത്രമാണ്. എനിക്കു കിട്ടിയത് സ്റ്റാർഡം ആണ്. ഇതു രണ്ടും തമ്മിൽ വലിയ വ്യത്യാസമുണ്ട്''- ഷീലയെയും ജയഭാരതിയെയും പോലുള്ള നായികമാരുടെ അത്ര പ്രാധാന്യം ഷക്കീലക്ക് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. ''മുമ്പ് നായികമാർ കുറവായിരുന്ന സമയത്താണ് അവർ വരുന്നത്. അതുകൊണ്ട് അവർക്ക് നായികമാരായി തുടങ്ങാൻ കഴിഞ്ഞു. അവരുടെ ഓപ്പോസിറ്റായി എനിക്ക് ആരെങ്കിലും റോൾ തരുമോ?. അവർ ഡമ്മിയായിപ്പോകില്ലേ?''

''എനിക്ക്, ഒരു ബൂം പോലെ കുതിച്ചുയരാൻ കഴിഞ്ഞു. എന്റെ സിനിമകളിൽ ഞാൻ തന്നെയാണ് ഹീറോയിൻ. ഞാൻ തന്നെയാണ് ആ സിനിമയുടെ കഥ. ഞാൻ തന്നെയാണ് സിനിമയുടെ ബാനർ. എനിക്ക് ലാലേട്ടനും മമ്മൂക്കക്കും അഭിമുഖംനിന്ന്, തുല്യനിലയിൽ സംസാരിക്കാനായി. ഇതൊക്കെ എനിക്കു കിട്ടി. എനിക്കതിൽ വളരെ സന്തോഷമുണ്ട്.''

''സിനിമയുടെ ഓഡിയൻസിൽ തലമുറകൾ തമ്മിൽ വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല. ഇപ്പോഴത്തെ തലമുറയും ഷക്കീലയെ തിരിച്ചറിയുന്നുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം എന്റെ കുറെ ഇന്റർവ്യൂകൾ വന്നിട്ടുണ്ട്. ഒരു ചാനലിൽ ആങ്കർ ചെയ്യുന്നുണ്ട്. ഈ കുട്ടികൾ ഇതെല്ലാം കാണാറുണ്ട്. അവരുടെ മനസ്സിൽ, ‘ഇതല്ലേ ആ ഷക്കീല, കേരളത്തിലെ പോൺ ആർട്ടിസ്റ്റ്, ഇവൾ എന്താണ് ചെയ്യുന്നത് എന്ന് കാണണം' എന്നൊരു തോന്നലുണ്ടായിക്കാണണം. എന്നാൽ, കാണുമ്പോൾ അവർക്ക് ഒന്നും തോന്നില്ല. എന്തുമാത്രം തടിയാണ്, കളറുമില്ല, എന്നിട്ടും ഈ ആന്റിക്ക് എങ്ങനെയാണ് ഇത്ര പേര് കിട്ടിയത് എന്നവർ വിചാരിക്കും. ഇതുകൊണ്ടാണ് പുതിയ തലമുറ എന്നെ ഇഷ്ടപ്പെടുന്നത്.''

ഷക്കീലയും മകൾ തങ്കവും

ഒരു സ്ത്രീയെ നിലനിർത്തുന്നതിൽ പ്രണയത്തിന് ഒരു ശതമാനം പോലും സ്ഥാനമില്ല എന്നും അത് ബോറിംഗാണ് എന്നും ഷക്കീല പറഞ്ഞു. ഒരേയൊരു പ്രണയവുമായി ജീവിതം മുഴുവൻ കഴിച്ചുകൂട്ടുക പരമ ബോറാണ്. ഒരു മുഖം എത്ര ദിവസം കണ്ടുകൊണ്ടിരിക്കാൻ കഴിയും? ഇതുവച്ച് ഷക്കീല ഇങ്ങനെ പറഞ്ഞുവെന്നൊക്കെ പ്രതികരണങ്ങൾ വരും. താൻ തന്റെ കാര്യമാണ് പറഞ്ഞത്. തനിക്ക് ബോറാണ്. നാലോ അഞ്ചോ വർഷം പ്രേമിച്ചുനടന്നശേഷം ബോയ്ഫ്രണ്ടിന് വീട്ടുകാർ വിവാഹം ആലോചിക്കും. ഞാൻ അവിടെ പോയി 'സ്‌റ്റോപ്പ്' എന്നു പറയാറില്ല. കാരണം, എന്റെ ബോയ്ഫ്രണ്ടുമാർ എപ്പോഴും സന്തോഷമുള്ളവരായിരിക്കണം.

ട്രാൻസ് ജെന്റർ കമ്യൂണിറ്റിയുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ചും ഷക്കീല സംസാരിച്ചു. അവർ മകളെപ്പോലെ സ്‌നേഹിക്കുന്ന തങ്കവും അവർക്കൊപ്പമുണ്ടായിരുന്നു.

തുടക്കത്തിൽ ട്രാൻസ് വ്യക്തികളെക്കുറിച്ച് മറ്റുള്ളവരെപ്പോലെ തനിക്കും ഒരു ക്യൂരിയോസിറ്റിയാണുണ്ടായിരുന്നതെന്ന് ഷക്കീല പറഞ്ഞു. ആൺശരീരമുള്ളവർ സാരിയുടുക്കുന്നത് എന്തുകൊണ്ടാണ് എന്നൊക്കെ. പിന്നീട്, അവരോട് സംസാരിച്ച് പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ തുടങ്ങി. അങ്ങനെ താൻ അവർക്കൊപ്പം യാത്ര ചെയ്യാൻ തുടങ്ങി. അവർ തന്റെ കൂടെയും വരാൻ തുടങ്ങി. വീട്ടിൽ ആരുമില്ലാതായ സമയത്താണ് തനിക്ക് തങ്കത്തെ കിട്ടിയത്; ''അവളാണ് ഇപ്പോൾ എന്റെ ലോകം, എന്റെ എല്ലാം. അവൾക്ക് എന്നെക്കുറിച്ച് എല്ലാം അറിയാം. അവൾ എന്നെ മമ്മി എന്നു വിളിക്കാൻ തുടങ്ങി. എന്നെ ഈ കുട്ടികൾ കാണാൻവന്നുതുടങ്ങി. ഞാൻ അവരോട് പ്രശ്‌നങ്ങൾ ചോദിക്കാറില്ല. കാരണം, ഒരേതരം പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരാണ് അവർ. ഞാൻ അവരെ സ്‌നേഹിക്കുക മാത്രം ചെയ്തു, ഇരട്ടിയായി അത് അവർ തിരിച്ചുതരുന്നമുണ്ട്. എനിക്കിപ്പോൾ നിരവധി മക്കളുണ്ട്, പേരക്കുട്ടികളുണ്ട്. അവർ എന്റെ അടുത്തുതന്നെയുണ്ട്.''

കോൺഗ്രസിന്റെ മനുഷ്യാവകാശ വിംഗിലെത്തിയ അനുഭവവും ഷക്കീല പങ്കിട്ടു. ചെന്നെയിൽ പല സ്ത്രീകളും അവരുടെ പ്രശ്‌നങ്ങൾ തന്നോടു പറയാറുണ്ട്. തനിക്ക് ഫ്ലാറ്റുള്ള ഒരു ചിത്ര അപ്പാർട്ടുമെന്റുണ്ട്. അവിടെ അഞ്ച് വിദ്യാർഥിനികൾ വാടകക്ക് താമസിക്കുന്നിടത്ത് വാട്ടർ കണക്ഷൻ കട്ട് ചെയ്തു, മെയിന്റനൻസ് ചാർജ് അധികമായി കൊടുക്കണമെന്നു പറഞ്ഞ്. അത് കൊടുക്കാൻ അവർക്ക് കഴിവില്ലായിരുന്നു. അവർ പ്രശ്‌നം എന്നോടു പറഞ്ഞു. അതൊരു മനുഷ്യാവകാശലംഘനമാണ് എന്നെനിക്ക് മനസ്സിലായി. പൊലീസിൽ പരാതി നൽകി. അങ്ങനെയാണ് കോൺഗ്രസിന്റെ ഹ്യുമൻ റൈറ്റ്‌സ് വിംഗ് വിളിച്ചത്. അത് ഒരു അംഗീകാരമായി എനിക്കുതോന്നി. ഇത്തരം പ്രശ്‌നങ്ങളിൽ ഇടപെടാറുണ്ട്. ആളുകൾ എന്നെ എന്തെങ്കിലും സഹായം തേടി വിളിച്ചാൽ ഇല്ല എന്നു പറയാൻ കഴിയാറില്ല. മാത്രമല്ല, അത് ചെയ്തുകൊടുക്കുന്നതിൽ ആന്തരികമായ ഒരു സന്തോഷവും കിട്ടുന്നുണ്ട്. എന്റെ കൈയിലുള്ള ഭക്ഷണം ഒരാളുമായി പങ്കുവെക്കുമ്പോഴോ, അല്ലെങ്കിൽ മുന്നിലുള്ള രണ്ടുപേർക്ക് അത് മുഴുവനായി നൽകുമ്പോഴോ എന്റെ വയർ നിറയുന്നുണ്ട്.''

Comments