ലീഗിൽനിന്ന്​ വിട്ടുപോന്ന ഞങ്ങളുടെ നിലപാട്​ ശരിയാണെന്ന്​ തെളിഞ്ഞു- അഹമ്മദ്​ ദേവർകോവിൽ

മുസ്​ലിം ലീഗ് അതിന്റെ രാഷ്ട്രീയ നിലപാടിൽ നിന്ന്​ പുറകോട്ടുപോയി എന്ന് ബോധ്യം വന്നപ്പോൾ ഇനി അവർക്കൊപ്പം നിൽക്കുന്നത് ശരിയല്ല എന്ന് മനസിലാക്കുകയും പിന്നീട് പുതിയ പാർട്ടിയുണ്ടാക്കുകയുമാണ്​ ഞങ്ങൾ ചെയ്തത്. അന്നത്തെ നിലപാട്​ ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഐ.എൻ.എല്ലിന്​ കിട്ടിയ വോട്ടും വിജയവും- നിയുക്​ത മന്ത്രി അഹമ്മദ്​ ദേവർകോവിൽ സംസാരിക്കുന്നു

അലി ഹൈദർ:നീണ്ട കാത്തിരിപ്പിനൊടുവിൽ ഐ.എൻ.എൽ ഇടതുപക്ഷ മുന്നണിയിൽ ഘടകകക്ഷിയാകുകയും അതിനുശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിച്ച് ജയിച്ചൊരാൾക്ക് മന്ത്രി സ്ഥാനവും ലഭിക്കുന്നു. ഇതിനെ എങ്ങനെ കാണുന്നു?

അഹമ്മദ്​ ദേവർകോവിൽ: സന്തോഷകരമായ അനുഭവമാണ്. നീണ്ട 27 വർഷമായി ഞങ്ങൾ ഇടതുപക്ഷത്തോട് സഹകരിച്ച് പ്രവർത്തിക്കുകയാണ്. എന്തെങ്കിലും പ്രത്യേകമായ ലക്ഷ്യത്തിന്റെ പേരിലായിരുന്നില്ല, രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ഞങ്ങൾ ഇടതുപക്ഷത്തോടൊപ്പം നിന്നത്. പൊതുവെ, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മുന്നണി എന്ന നിലക്ക്​​ ഇടതുപക്ഷം നിലനിൽക്കണം എന്ന ബോധ്യമുള്ളതുകൊണ്ടാണ്​ ഞങ്ങൾ എൽ.ഡി.എഫിനൊപ്പം നിന്നത്. മുന്നണി പ്രവേശനത്തിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിച്ച മൂന്ന് സീറ്റിൽ ഒരിടത്താണ്​ ഞങ്ങൾ ജയിച്ചതെങ്കിലും മൂന്നിടത്തും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അതുകൊണ്ട് ഒരു ഘടകക്ഷി എന്ന രീതിയിൽ കൃത്യമായൊരു അംഗീകരമായിട്ടാണ് ഈ മന്ത്രിസ്ഥാനം കാണുന്നത്.

ഈ തെരഞ്ഞെടുപ്പിൽ ഐ.എൽ.എല്ലിനുണ്ടായ വിജയത്തെ എങ്ങനെയാണ്​ കാണുന്നത്​?

മുമ്പ്​ നമ്മളൊക്കെ മുസ്‌ലിം ലീഗിന്റെ ആളുകളായിരുന്നല്ലോ. അന്ന് 19 എം.എൽ.എമാരും അഞ്ച് മന്ത്രിമാരും ഉണ്ടായിരുന്ന ലീഗിൽ നിന്ന് അധികാരം ഉപേക്ഷിച്ച് പുറത്തുവന്നവരാണ് ഞങ്ങൾ. ലീഗ് അതിന്റെ രാഷ്ട്രീയ നിലപാടിൽ നിന്ന്​ പുറകോട്ടുപോയി എന്ന് ബോധ്യം വന്നപ്പോൾ ഇനി അവർക്കൊപ്പം നിൽക്കുന്നത് ശരിയല്ല എന്ന് മനസിലാക്കുകയും പിന്നീട് പുതിയ പാർട്ടിയുണ്ടാക്കുകയുമാണ്​ ചെയ്തത്. അന്നത്തെ ഞങ്ങളുടെ നിലപാട്​ ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഈ തെരഞ്ഞെടപ്പിൽ പാർട്ടിക്ക്​കിട്ടിയ വോട്ടും വിജയവും, അൽപ്പം വൈകിയാണെങ്കിലും ജനം ആ രൂപത്തിൽ ചിന്തിക്കാൻ തുടങ്ങിയിട്ടുണ്ട്.

ന്യൂനപക്ഷ രാഷ്​ട്രീയം ഏതു തെരഞ്ഞെടുപ്പിലെയും പ്രധാന വിഷയാണ്​. ഇത്തവണ കേരളത്തിൽ എങ്ങനെയാണ്​ അത്​ പ്രവർത്തിച്ചത്​?

എല്ലാ നിലപാടും വിഷയാധിഷ്ഠിതമാണല്ലോ. സമീപകാലത്ത് രാജ്യത്തുണ്ടായ നിരവധി വിഷയങ്ങളിൽ മറ്റ് രാഷ്ട്രീയ പാർട്ടികളെടുത്ത നിലപാടുകളും ഐ.എൻ.എല്ലും ഇടതുപക്ഷവും എടുത്ത നിലപാടുകളും തമ്മിൽ വളരെ വൈരുധ്യമുണ്ട്. സാമ്രാജത്വ വിരുദ്ധ സമീപനം ഏറ്റവും ശക്തമായി സ്വീകരിക്കുന്നത് ഇടതപക്ഷമാണ്. ഐ.എൻ.എൽ നിലപാട് അതാണ്. എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികളൊക്കെ, അത് മുസ്​ലിം ലീഗായാലും കോൺഗ്രസ് ആയാലും എക്കാലത്തും നിലകൊണ്ടിട്ടുള്ളത് മുതലാളിത്ത താൽപര്യങ്ങൾ സംരക്ഷിക്കാനായിരുന്നു. ലീഗ്​ വിദ്യാഭ്യാസ വകുപ്പ്​ കൈകാര്യം ചെയ്​തപ്പോൾ, സ്വകാര്യ മേഖലക്കായിരുന്നു ആധിപത്യം. സമ്പന്നരുടെ മക്കൾക്ക് ഉയർന്ന ഫീസ് കൊടുത്ത് പഠിക്കാനുള്ള സൗകര്യമാണ്​ അവരുണ്ടാക്കിയത്​. എന്നാൽ, സ്വകാര്യമേഖലക്കുപകരം പൊതുമേഖലയെ പ്രോത്സാഹിപ്പിക്കുകയാണ്​ ഇടതുപക്ഷ സർക്കാർ ചെയ്യുന്നത്​. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യാപകമായി ആരംഭിക്കുകയും അവിടെ നല്ല അക്കാദമിക്ക്- ഭൗതിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയും​ ചെയ്​തു. അവയെ ഹൈടെക് വിദ്യാലയങ്ങളാക്കി മാറ്റി. പാവപ്പെട്ടവന്റെ കുട്ടികൾക്ക് സമ്പന്നന്റെ കുട്ടികളെ പോലത്തന്നെ വിദ്യാഭ്യാസം നേടാൻ അവകാശം ഉണ്ടാക്കി.

ആരോഗ്യമേഖലയിലും ഇതുതന്നെയാണ് ഇടതുപക്ഷ സർക്കാർ ചെയ്തത്. പഴയകാലത്തെ പഞ്ചനക്ഷത്ര ആശുപത്രികൾക്ക് സ്‌പെഷ്യൽ പെർമിറ്റ് കൊടുക്കുന്ന രീതിയായിരുന്നു യു.ഡി.എഫ് സർക്കാർ ചെയ്​തിരുന്നത്​. എന്നാൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ ഇവിടത്തെ ആശുപത്രികൾ- ജനറൽ ആശുപത്രിയായാലും താലൂക്ക് ആശുപത്രിയായാലും പ്രൈമറി ഹെൽത്ത് സെന്ററായാലും മെഡിക്കൽ കൊളേജുകളായാലും- മരുന്നും നല്ല ചികിത്സയും ലഭ്യമാകുന്ന, ഡോക്ടർമാരുള്ള ആശുപത്രികളാക്കാൻ സാധിച്ചു. പാവപ്പെട്ടവരോടൊപ്പം നിൽക്കുന്ന സർക്കാറും മുതലാളിത്ത താൽപര്യത്തോടൊപ്പം നിൽക്കുന്ന സർക്കാറും തമ്മിലുള്ള വൈരുദ്ധമാണ് നമുക്ക് ഇവിടെ കാണാൻ കഴിയുന്നത്. ഐ.എൻ.എൽ നിലപാടും ഇടതുപക്ഷ നിലപാടും ഒന്നായതുകൊണ്ടാണ് നമുക്ക് ഒന്നിച്ചു പോകാനാകുന്നത്.

വകുപ്പിന്റെ കാര്യത്തിൽ എന്തെങ്കിലും സൂചന ലഭിച്ചിട്ടുണ്ടോ?

വകുപ്പ്​ മുഖ്യമന്ത്രിയാണ് തീരുമാനിക്കുക. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. ഒരു ടീമിന്റെ ക്യാപ്റ്റൻ എന്ന് പറയുന്നത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി തീരുമാനിക്കുന്നതിനനുസരിച്ച് പറ്റാവുന്ന ആളുകളെ പറ്റാവുന്ന വകുപ്പകൾ ഏൽപ്പിക്കും. ഏത് വകുപ്പായാലും ഏറ്റെടുത്ത് ഭംഗിയായി ചെയ്യാനുള്ള ശുഭാപ്തി വിശ്വാസമുണ്ട്​.
ഇടതുപക്ഷ മുന്നണിക്ക് ഏതെങ്കിലും സമുദായത്തോടോ സംഘടനയോടോ പ്രത്യേക മമതയോ വിരോധമോ ഇല്ല. എല്ലാ മതവിഭാഗങ്ങളെയും ഒരുപോലെ കണ്ടാണ് മുന്നണി മുന്നോട്ട് പോയിട്ടുള്ളത്​. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളുടെയും താൽപര്യത്തിനനുസരിച്ച നിലപാടായിരിക്കും ഈ സർക്കാർ സ്വീകരിക്കുക.

Comments