എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സിക്ക് വിടണമെന്ന ആവശ്യം, 1957 മുതൽ കേരളത്തിന്റെ പൊതുമണ്ഡലത്തിലുണ്ട്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.കെ ബാലൻ ഏറ്റെടുത്തതോടെ ഇത്വീണ്ടും സജീവ ചർച്ചയായി മാറിയിരിക്കുകയാണ്. ഈ മേഖലയിൽ സാമൂഹിക നീതി ഉറപ്പാക്കാൻ എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം സർക്കാർ ഏറ്റെടുത്തേ മതിയാകൂവെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ലക്ഷങ്ങളും കോടികളും കോഴ നൽകാൻ കെൽപ്പുള്ളവർക്കുമാത്രമേ ഇത്തരം സ്ഥാപനങ്ങളിൽ നിയമനം ലഭിക്കുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കാലങ്ങളായി, ദലിത്- പിന്നാക്ക വിഭാഗങ്ങളും സംഘടനകളും ഉയർത്തിക്കൊണ്ടിരുന്ന ഒരു വിഷയം കൂടിയാണിത്. അത്, സി.പി.എമ്മിനെപ്പോലെ, ഭരണം കൈയാളുന്ന ഒരു മുഖ്യധാരാ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവിൽനിന്നുണ്ടാകുന്നു എന്നതാണ് ബാലന്റെ പ്രസ്താവനയുടെ പ്രാധാന്യം.
എ.കെ. ബാലൻ പറഞ്ഞത്
ബാലന്റെ പ്രസ്താവനയുടെ ഉള്ളടക്കം ഇതാണ്: കോഴയായി മാനേജ്മെന്റുകൾ വാങ്ങുന്ന കോടികൾ എങ്ങോട്ട് പോകുന്നു?. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിൽ പാവപ്പെട്ടവർക്ക് നിയമനമില്ല. പി. എസ്.സിക്കുവിട്ടാൽ അനാവശ്യ നിയമനം ഒഴിവാക്കാം, സാമ്പത്തികബാധ്യത കുറയ്ക്കാം.
രണ്ടാം പിണറായി സർക്കാർ ഈ നീക്കത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷയെന്നും രണ്ടാം വിമോചന സമരം ഇനി കേരളത്തിൽ സാധ്യമല്ലെന്നും ബാലൻ പറയുന്നു.
ഈ വിഷയത്തിൽ കൂടുതൽ ഫോളോഅപ്പ് നടത്തിയ ശേഷം മാത്രമേ ഇനി പ്രതികരിക്കാനുള്ളൂവെന്നാണ് എ.കെ ബാലന്റെ ഇപ്പോഴത്തെ നിലപാട്. വിഷയത്തിൽ പാർട്ടിക്കുള്ളിൽ രണ്ട് അഭിപ്രായം ഉയർന്നതിനാലാണ് അദ്ദേഹം ഇപ്പോൾ പരസ്യ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതെന്നാണ് കരുതുന്നത്.
എയ്ഡഡ് സ്‌കൂളുകളിലെയും കോളജുകളിലെയും നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യം എം.ഇ.എസ് ചെയർമാൻ ഫസൽ ഗഫൂറും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും നേരത്തെ ഉന്നയിച്ചിരുന്നു. മറ്റ് മാനേജ്‌മെന്റുകളും തയാറാണെങ്കിൽ എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സർക്കാരിനു വിട്ടുകൊടുക്കാമെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. പി.എസ്.സി വഴി നിയമനം നടത്തുമ്പോൾ ഈഴവ സമുദായം നേരിട്ട അനീതി സമൂഹത്തിന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബാലന് കോടിയേരിയുടെ തിരുത്ത്
അതേസമയം, എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന തീരുമാനം പാർട്ടിക്കോ സർക്കാരിനോ ഇല്ലെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും, ബാലന്റെ അഭിപ്രായത്തോട് പ്രതികരിച്ചത്. വിഷയത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കൂ എന്നും സി.പി.എമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നുമാണ് കോടിയേരി പറഞ്ഞത്. എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നത് ആലോചനയിലില്ലെന്ന് പറഞ്ഞ ശിവൻകുട്ടി, സ്‌കൂളുകളിൽ പി.ടി.എ നടത്തുന്ന താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യതയുള്ളവരെ എംപ്ലോയ്‌മെന്റുകൾ വഴി നിയമിക്കുമ്പോൾ പി.ടി.എ നിയമിച്ചവരെ ഒഴിവാക്കുമെന്നും വിശദീകരിച്ചു.
എയ്ഡഡ് സ്‌കൂൾ നിമയനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യത്തിനുപിന്നിൽ ഗൂഢോദ്ദേശ്യങ്ങളുണ്ടെന്നാണ് എൻ.എസ്.എസ് പ്രതികരിച്ചത്. എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടാൽ തങ്ങൾക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കുറ്റപ്പെടുത്തുന്നു.
1957ൽ വിദ്യാഭ്യാസ ബിൽ അവതരിപ്പിച്ചപ്പോൾ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരി മുന്നോട്ടുവച്ച ഏറ്റവും സുപ്രധാനമായ നിർദ്ദേശമായിരുന്നു ഇത്. പ്രൈവറ്റ് ഏജൻസികൾ നടത്തുന്ന സ്‌കൂളുകളിൽ അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള ലിസ്റ്റ് പബ്ലിക് സർവ്വീസ് കമീഷൻ തയ്യാറാക്കുമെന്ന്വ്യവസ്ഥ ചെയ്യത്തക്ക രീതിയിൽ കേരള വിദ്യാഭ്യാസ ബില്ലിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്തുമെന്ന് അന്ന് സർക്കാർ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് ആരെ വേണമെങ്കിലും തിരഞ്ഞെടുത്ത് നിയമിക്കുവാൻ മാനേജർമാർക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും സർക്കാരിന്റെ പ്രസ്താവനയിലുണ്ടായിരുന്നു. അപ്രകാരം നിയമനം ലഭിക്കാത്തവർക്ക് സർക്കാർ സ്‌കൂളുകളിൽ നിയമനം നൽകാനായിരുന്നു ലക്ഷ്യം.
എയ്ഡഡ് നിയമനങ്ങൾ പി.എസ്.സി വഴിയാക്കിയാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിമുടി ജനാധിപത്യവൽക്കരിക്കുന്ന പ്രക്രിയയ്ക്കാകും സാക്ഷിയാകാൻ പോകുന്നതെന്ന് സണ്ണി എം. കപിക്കാട്
അധ്യാപകർക്ക് ശമ്പളവും ബത്തയും ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്ന പെൻഷനും എല്ലാം പൂർണമായും സർക്കാരാണ് നൽകുന്നതെന്നും സ്‌കൂളുകളുടെ സംരക്ഷണച്ചെലവിനായി ഗ്രാൻറ് നൽകുന്നുണ്ടെന്നും അതിനാൽ അധ്യപകരെ ഓരോ കൊല്ലം കൂടുന്തോറും അധ്യാപകരായി നിയമിക്കപ്പെടാൻ തയ്യാറുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കാൻ പബ്ലിക് സർവ്വീസ് കമ്മിഷനോട് ആവശ്യപ്പെടുമെന്നും ഈ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർത്തിയ വിമോചനസമരത്തിനിടയാക്കിയ വിദ്യാഭ്യാസ ബില്ലിലെ ഈ സുപ്രധാന നിർദ്ദേശം നടപ്പാക്കാൻ പിന്നീടുവന്ന ഇടതുപക്ഷ സർക്കാരുകൾ പോലും തയ്യാറാക്കാത്ത സാഹചര്യത്തിലാണ് എ.കെ ബാലന്റെ പ്രസ്താവന ശ്രദ്ധേയമാകുന്നത്.
1957ൽ മുണ്ടശ്ശേരി പറഞ്ഞത്
ബിൽ അവതരിപ്പിച്ച് ജോസഫ് മുണ്ടശേരി നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ പ്രസക്തഭാഗങ്ങൾ: നമ്മുടെ സാമൂഹ്യജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഒരു നിയമം അല്ലെങ്കിൽ മറ്റൊരു നിയമം പ്രാബല്യം നൽകി അർഹിക്കുന്ന പരിരക്ഷ ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിക്ക് പ്രൈവറ്റ് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന അധ്യാപകന്മാരെപ്പോലുള്ളവർക്ക് നിയമവശാൽ ഒരു പരിരക്ഷ ലഭിക്കാതെ പോകുന്നത് ദയനീയമാണെന്ന് ഈ ഗവൺമെന്റിന് അഭിപ്രായമുണ്ട്. ഡിപ്പാർട്ടമെന്റിനുതന്നെയും ഇപ്രകാരം ഒരു നിയമം ഏർപ്പെടുത്തി ഡിപ്പാർട്ട്മെൻറ് നടപടികൾ നിയമവശാൽ സാധൂകരിക്കണമെന്ന അഭിപ്രായം കഴിഞ്ഞ പത്തിരുപതു സംവത്സരങ്ങളായി വന്നിട്ടുണ്ടെന്ന് എനിക്കും ഈ സഭയിലിരിക്കുന്ന ബഹുമാനപ്പെട്ട മെമ്പർമാർക്കും അറിയാവുന്നതാണ്.
ഗവൺമെൻറ് ഈ ബിൽ അവതരിപ്പിക്കുമ്പോൾ പ്രധാനമായി ഉദ്ദേശിച്ചിട്ടുള്ളത് ഡിപ്പാർട്ടമെന്റിൽനിന്ന് ഏർപ്പെടുത്തിയിട്ടുള്ള നടപടികളും, നിബന്ധനകളും പ്രൈവറ്റ് മേഖലയ്ക്കും, സർക്കാർ മേഖലയ്ക്കും നിയമപ്രാബല്യം നൽകണമെന്നതാണ്. നിയമ പ്രാബല്യം ഇല്ലാത്തതിനാൽ ഡിപ്പാർട്ട്മെന്റു നിബന്ധനകളെ കോടതി പോലും ചോദ്യചെയ്യുന്ന സ്ഥിതിവിശേഷമുണ്ടായിട്ടുണ്ട്. അതിൽനിന്ന് മോചനം ലഭിക്കുന്നതിനുള്ള നടപടികൾ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന അധ്യാപകന്മാർക്കും ഒരു അടിയന്തരാവശ്യമായി തീർന്നിരിക്കുന്നു എന്നതിനെ മുൻനിർത്തിയാണ് ഈ നിയമം സഭയിൽ അവതരിപ്പിക്കുന്നത്.
എല്ലാ മേഖലകളിലുമുള്ള അധ്യാപകന്മാർക്കും ഗവൺമെൻറ് മുഴുവൻ ശമ്പളം കൊടുക്കണമെന്നുള്ള ഉത്തരവാദിത്വം കഴിഞ്ഞ ഗവൺമെന്റിന്റെ നേതാവായിരുന്ന ശ്രീ. പി.എസ്. റാവു തന്നെ ഒരുത്തരവുമൂലം നടപ്പിലാക്കിയിട്ടുണ്ട്. അങ്ങനെ മുഴുവൻ ശമ്പളവും ഗവൺമെന്റിൽ നിന്ന് കൊടുക്കുന്ന ഏർപ്പാടുവന്നതിനുശേഷം ആ ശമ്പളം ഗവൺമെൻറ് നേരിട്ടുകൊടുക്കുന്നതാണ് ഉത്തമമെന്ന് എല്ലാ അധ്യാപകന്മാരും, അധ്യാപക സംഘടനകളും ഗവൺമെന്റിനെ ധരിപ്പിച്ചിട്ടുണ്ട്.
മലബാറിലെ പ്രൈവറ്റ് മേഖലയിലുള്ള അധ്യാപകന്മാർക്ക് മദ്രാസ് ഗവൺമെന്റിന്റെ നടപടിയെ അംഗീകരിച്ച് നേരിട്ട് ശമ്പളം കൊടുക്കുന്ന ഏർപ്പാടാണ് ഇന്നുള്ളത്. ആ ഏർപ്പാട് തിരുവിതാംകൂർകൊച്ചിയിലേക്കും വ്യാപിപ്പി ക്കാനാണ് ഗവൺമെൻറ് ഉദ്ദേശിക്കുന്നത്. ആ നടപടി ഇങ്ങോട്ട് വ്യാപിപ്പിക്കുന്നതിന് ഒരു ബില്ലിന്റെ ആവശ്യമില്ലെന്ന് ഗവൺമെന്റിനറിയാം. ഒരു എക്സിക്യൂട്ടീവ് ഉത്തരവുമൂലം നടപ്പാക്കാവുന്നതാണ്. ഗവൺമെന്റിൽനിന്ന് നേരിട്ട് ശമ്പളം കൊടുക്കുകയെന്ന സമ്പ്രദായം പരക്കെ അംഗീകരിക്കുന്നതോടുകൂടി അധ്യാപകന്മാരും, മാനേജരന്മാരും തമ്മിലുള്ള യജമാനഭൃത്യബന്ധത്തിന് ഒരു പരിവർത്തനം വരുത്തണമെന്നുള്ള സംഗതി ഈ സഭയുടെ മുൻപിൽ വയ്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്രയും കാലമായിട്ട് ഗവൺമെന്റിൽനിന്നു ഗ്രാന്റുവാങ്ങി അധ്യാപകർക്ക് ശമ്പളം കൊടുത്തുപോന്നിട്ടുള്ള മാനേജർന്മാർ, അധ്യാപകന്മാരെ അവരുടെ കീഴിൽ പ്രവർത്തിക്കുന്ന തൊഴിലാളികളായിട്ടാണ് പരിഗണിച്ചിരുന്നതെന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം. മേലിൽ ഗവൺമെൻറ് നേരിട്ട് ശമ്പളം കൊടുക്കുന്നു എന്ന സ്ഥിതിവന്നുപോയാൽ മാനേജർമാരും അധ്യാപകന്മാരും തമ്മിലുള്ള ബന്ധം പഴയപോലെ യജമാനഭൃത്യബന്ധം ആയിരിക്കരുതെന്ന് ഗവൺമെന്റിനഭിപ്രായമുണ്ട്. ആ ബന്ധം അവസാനിപ്പിച്ച് വിദ്യാഭ്യാസ മേഖലയിൽ തുല്യസേവനപ്രവണതയോടുകൂടി ഡിപ്പാർട്ടുമെന്റും മാനേജരന്മാരും അധ്യാപകന്മാരും ഏകോപിച്ചും സഹകരിച്ചും ഒരു പ്രവത്തനം ഭാവിയിൽ ഈ രാജ്യത്തുണ്ടാകണമെന്ന പ്രത്യാശയോടുകൂടിയാണ് ഞാൻ ഈ ബിൽ അവതരിപ്പിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങൾ മാത്രമല്ല, പൊതുമേഖലയിലെയും സഹകരണ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് എൺപതുകൾ മുതൽ സമരം ചെയ്യുന്നത്. അതെല്ലാം അവഗണിക്കപ്പെട്ടിട്ടുണ്ട്.
അധ്യാപകന്മാരുടെ നില ഉയർത്തുന്നതോടുകൂടി സ്‌കൂൾ മാനേജർന്മാരെ സംബന്ധിച്ചും ചില വ്യവസ്ഥകൾ ചെയ്യാൻ ആലോചിക്കുന്നുണ്ട്. ഈ കാലംവരെ മാനേജർന്മാർ ആവശ്യപ്പെട്ടാൽ ഗ്രാന്റുകൊടുക്കും എന്നേയുള്ളൂ. സാമൂഹ്യബോധത്തോടുകൂടി വിദ്യാഭ്യാസമേഖലയിൽ സേവനമനുഷ്ഠിക്കാൻ മുന്നോട്ടുവന്നിട്ടുള്ള മാനേജിംഗ് ഏജൻസികൾക്ക് സ്‌കൂൾസജ്ജീകരണങ്ങൾക്കും സ്‌കൂൾ നടത്തിപ്പിനും മറ്റുമായി വളരെ ഉദാരമായ ഗ്രാൻറ് കൊടുക്കാനാണ് ഗവൺമെൻറ് ഈ ബില്ലുകൊണ്ടുദ്ദേശിക്കുന്നത്. ഗ്രാന്റു ലഭിക്കാതെ അവർക്കു സ്‌കൂൾ നടത്താൻ സാധിക്കില്ലെന്ന് ഗവൺമെന്റിനു ബോധ്യമായിട്ടുണ്ട്. പൊതുജനങ്ങളിൽനിന്ന് സംഭാവന പിരിച്ചാണ് മിക്ക നല്ല മാനേജ്മെന്റുകളും സ്‌കൂൾകെട്ടിടങ്ങൾ ഉണ്ടാക്കുന്നത് എന്നതിനാൽ, അവർക്ക് വലിയ ഒരു സംഖ്യ സംഭാവനചെയ്തേ മതിയാവൂ എന്നു ഗവൺമെന്റിനറിയാം. അപ്രകാരമുള്ള സജ്ജീകരണങ്ങൾക്കും സ്‌കൂൾ നടത്തിപ്പിനും ഗ്രാന്റ് കൊടുക്കാൻ ഈ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അങ്ങനെ മാനേജരന്മാർക്ക് അവരുടെ വീതവും അധ്യാപകർക്ക് അവരുടെ വീതവും നൽകി ഇരുഭാഗക്കാരെയും യോജിപ്പിക്കണമെന്നാണ് ഗവൺമെന്റുദ്ദേശിക്കുന്നത്.
വിമോചന സമരത്തിന് കാരണമായ ബില്ലുകളിൽ ഒന്നായ വിദ്യാഭ്യാസ ബില്ലിനെതിരെ അന്ന് ഏറ്റവും എതിർപ്പുണ്ടായത് അധ്യാപക നിയമന പ്രശ്നത്തെ സംബന്ധിച്ചായിരുന്നു. ക്രിസ്ത്യൻ മാനേജ്മെന്റുകൾ, പ്രത്യേകിച്ച് കത്തോലിക്ക മാനേജ്മെന്റുകളാണ് ശക്തമായി രംഗത്തെത്തിയത്. തങ്ങളുടെ സ്‌കൂളുകളിൽ അധ്യാപകരെ തെരഞ്ഞെടുത്ത് നിയമിക്കുന്നതിൽ തങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു അവരുടെ വാദം.
എവിടെയാണ് സംവരണം?
എയ്ഡഡ് നിയമനങ്ങൾ പി.എസ്.സി വഴിയാക്കിയാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിമുടി ജനാധിപത്യവൽക്കരിക്കുന്ന പ്രക്രിയയ്ക്കാകും സാക്ഷിയാകാൻ പോകുന്നതെന്ന് സാമൂഹിക പ്രവർത്തകനും ചിന്തകനുമായ സണ്ണി എം. കപിക്കാട് ട്രൂ കോപ്പി വെബ്സീനിനോട് പറഞ്ഞു. അമ്പത് വർഷമായി, അതായത് 1972ലെ ഡയറക്ട് പേയ്മെൻറ് സിസ്റ്റം എന്ന കരാർ രൂപപ്പെട്ടശേഷം സർക്കാർ ശമ്പളം കൊടുക്കുകയും എന്നാൽ നിയമനാധികാരം പൂർണമായും മാനേജ്മെന്റുകൾക്കായിരിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. പ്രൈവറ്റ് അധ്യാപകരുടെ സമരത്തെ തുടർന്നാണ് ഈ വ്യവസ്ഥ രൂപീകരിച്ചത്. ഇപ്പോൾ ഇതിനെ എതിർക്കുന്ന എൻ.എസ്.എസ് പറയുന്നത് ഇതിനുന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നാണ്. എന്നാൽ എൻ.എസ്.എസിന്റെയായാലും മറ്റ് സമുദായ മാനേജ്മെന്റുകളുടെയാണെങ്കിലും സ്ഥാപനങ്ങളിൽ നാല് ശതമാനം മാത്രമാണ് സംവരണമുള്ളത്. എം.ഇ.എസിന്റെ കോളേജുകളിൽ മാത്രമാണ് 17 ശതമാനം സംവരണമുള്ളത്. പി.എസ്.സി വഴിയാക്കുമ്പോൾ അർഹതപ്പെട്ട യോഗ്യതയുള്ളവർക്ക് ജോലി ലഭിക്കുമെന്നതാണ് ഗുണം. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമല്ല ഇതുകൊണ്ട് ഗുണം ചെയ്യുന്നത്. നിയമമനുസരിച്ച് 50 ശതമാനം മാത്രമേ കമ്മ്യൂണിറ്റിക്ക് അവകാശപ്പെട്ടതായുള്ളൂ. ബാക്കി അമ്പത് ശതമാനം ഉദ്യോഗാർത്ഥികളെ ഓപ്പൺ മെറിറ്റിൽ കോൾ ഫോർ ചെയ്ത് നിയമിക്കണമെന്നാണ് ചട്ടം. എന്നാൽ നൂറ് ശതമാനവും പണം നൽകുന്നവർക്ക് മാത്രം നൽകുന്നതാണ് ഇപ്പോൾ നടക്കുന്നത്. അതിനൊരു മാറ്റം വരാനും മനേജ്മെന്റുകളുടെ ഈ അഴിമതി ഇല്ലാതാകാനും നിയമനങ്ങൾ ശമ്പളം നൽകുന്ന സർക്കാർ തന്നെയാണ് നടത്തേണ്ടത്.- അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇത് സി.പി.എം നയം തന്നെയാണ്’
ഇത് സി.പി.എമ്മിന്റെ നയം തന്നെയാണെന്ന് ദലിത് ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ. കെ കൊച്ച് ഓർമിപ്പിച്ചു. പിന്നാക്കക്കാരും പട്ടികജാതിക്കാരും എന്തുവന്നാലും വോട്ട് ചെയ്യുമെന്ന ധൈര്യമാണ് അവർക്ക്. നായർ, ക്രിസ്ത്യൻ സമുദായങ്ങളെല്ലാം എന്തുവന്നാലും അവരുടെ അവകാശങ്ങൾ നേടിയെടുക്കും. ഇത്തരമൊരു നിലവാരത്തിലേക്ക് ഇടതു-ദലിത് സംഘടനകളൊന്നും പോയിട്ടില്ല. അതുകൊണ്ട് അവർക്ക് സംവരണത്തെ അവഗണിക്കാം. വാസ്തവത്തിൽ ഈ സംഭവം 1957 മുതലുള്ളതാണ്. 57ൽ മുണ്ടശേരി അവതരിപ്പിച്ച റിപ്പോർട്ടിലുള്ളതാണ്. വളരെ വർഷക്കാലം ആരുമിത് പറയാതിരുന്നു. എൺപതുകളിൽ ദലിത് പ്രസ്ഥാനങ്ങളുണ്ടായപ്പോഴാണ് ഈ പ്രശ്നം മുന്നോട്ട് വച്ചത്. ഇതിനുവേണ്ടി നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിലെ നിയമനങ്ങൾ മാത്രമല്ല, പൊതുമേഖലയിലെയും സഹകരണ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് എൺപതുകൾ മുതൽ സമരം ചെയ്യുന്നത്. അതെല്ലാം അവഗണിക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ സമ്മർദ്ദം ചെലുത്താൻ ദലിത് സംഘടനകൾക്ക് ശക്തിയില്ലാത്തതിനാലാണ് അവർക്ക് അവഗണിക്കാൻ കഴിയുന്നത്. പക്ഷേ ഈ സമ്മർദ്ദം ബാലന് കാണാതിരിക്കാനാകില്ല. അതുകൊണ്ടാണ് ബാലൻ ഇത് പറഞ്ഞത്. രാധാകൃഷ്ണനും നിയമസഭയിൽ ഇത് പറഞ്ഞു.
ദലിത് വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ ഒരു കേസ് കൊടുത്തിരുന്നു. യു.ജി.സി ഗ്രാൻറ് കിട്ടുന്ന സ്ഥാപനങ്ങളിലെല്ലാം സംവരണം നടപ്പിലാക്കണമെന്നായിരുന്നു കേസിലെ ആവശ്യം. യു.ജി.സി ഗ്രാൻറ് ഇവിടുത്തെ സ്വകാര്യ സ്ഥാപനങ്ങൾക്കും കിട്ടുന്നുണ്ട്. കാളീശ്വരം രാജ് വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായി. ജസ്റ്റിസ് ശങ്കരൻ വിധി പ്രഖ്യാപിച്ച കേസ്, വിദ്യാർത്ഥികൾക്ക് അനുകൂലമായിരുന്നു. ഈ സമയത്ത് എൻ.എസ്.എസിന്റെ ഓഫീസ് സെക്രട്ടറി സുപ്രീംകോടതിയിൽ അപ്പീൽ പോയി. ആ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അപ്പോൾ പിന്നെ നിയമനങ്ങൾ പി.എസ്.സി വഴിയാക്കുന്നതിനെയും എൻ.എസ്.എസ് എതിർക്കുകയല്ലേയുള്ളൂ.
ഏറ്റവും കൂടുതൽ സ്‌കൂളുകളും കോളേജുകളുമുള്ളത് ക്രിസ്ത്യൻ സംഘടനകൾക്കും എൻ.എസ്.എസിനുമാണ്. അതുകൊണ്ടാണ് അവർ എതിർക്കുന്നത്. ആ സ്ഥാപനങ്ങളിൽ വലിയ തട്ടിപ്പുമാണ് നടക്കുന്നത്. നിയമനം പി.എസ്.സിക്ക് വിടുന്നതിലൂടെ മുഴുവൻ ജനങ്ങൾക്കും ഗുണമുണ്ടാകും. ക്രിസ്ത്യൻ സംഘടനകളുടെ സ്ഥാപനങ്ങൾ നോക്കിയാൽ ക്രിസ്ത്യാനികളെ മാത്രമാണ് നിയമിക്കുകയെന്ന് കാണാം. നായന്മാരുടെ സ്ഥാപനങ്ങളിൽ നായന്മാരെയും. എന്തിനേറെ ഹിന്ദുക്കളുടേത് എന്ന് പറയുന്ന ദേവസ്വം ബോർഡിന് 128 സ്ഥാപനങ്ങളുണ്ട്. അതിൽ 117 ഉം നായർ സ്ഥാപനങ്ങളായാണ് പ്രവർത്തിക്കുന്നത്. നിയമനം പി.എസ്.സിക്ക് വിട്ടാൽ മത്സരാധിഷ്ഠിതമായി അധ്യാപകർ വരും. അതിൽ ദലിതരും മുസ്ലിങ്ങളും ഈഴവരും ക്രിസ്ത്യാനികളും നായന്മാരും എല്ലാമുണ്ടാകും. ദലിതർക്കിടയിലും മെറിറ്റിൽ നിയമനങ്ങൾ നടക്കുന്നുണ്ട്.- കൊച്ച് ചൂണ്ടിക്കാട്ടി.
എസ്.എൻ.ഡി.പിയുടെയും എസ്.എൻ ട്രസ്റ്റിന്റെയും കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പി.എസ്.സി വഴിയാക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നാണ് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത്. അതേസമയം, എല്ലാ സ്ഥാപനങ്ങളും ഇതിന് തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠിച്ചശേഷം പ്രതികരണമെന്ന് ബാലൻ
ഈ വിഷയത്തിൽ കൂടുതൽ ഫോളോഅപ്പ് നടത്തിയ ശേഷം മാത്രമേ ഇനി പ്രതികരിക്കാനുള്ളൂവെന്നാണ് എ.കെ ബാലന്റെ ഇപ്പോഴത്തെ നിലപാട്. വിഷയത്തിൽ പാർട്ടിക്കുള്ളിൽ രണ്ട് അഭിപ്രായം ഉയർന്നതിനാലാണ് അദ്ദേഹം ഇപ്പോൾ പരസ്യ പ്രതികരണത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതെന്നാണ് കരുതുന്നത്. അതേസമയം, വിശദമായി പഠിച്ച ശേഷം ഇതിനെക്കുറിച്ച് തന്റെ ഭാഗത്തുനിന്നും തീർച്ചയായും പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിൽ എയ്ഡഡ് നിയമനങ്ങൾ പി.എസ്.സി വഴിയാകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.