എ.കെ.ജി സെന്റർ എന്ന സംവാദകേന്ദ്രം

അംബേദ്കറെ നമ്മൾ മുൻ നിയമമന്ത്രി എന്ന് പറയുന്നില്ലല്ലോ. അംബേദ്കർ എന്നു പറഞ്ഞാൽ മതി, നെഹ്‌റു എന്നു പറഞ്ഞാൽ മതി. കേരളത്തിൽ, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി എന്നൊക്കെ പറയാറുണ്ട്. എന്നാൽ ഈ വിശേഷണം ഇ.എം.എസിന് ആവശ്യമില്ല. ഭരണാധികാരികളെ സമൂഹം ഓർമിക്കില്ല. ദർശനമുള്ള, മുന്നോട്ടുള്ള കാഴ്ചപ്പാടുള്ള വ്യക്തികളാണ് ഓർമിക്കപ്പെടുന്നത്

കേരള യൂണിവേഴ്‌സിറ്റിയിൽ അധ്യാപകനായി തിരുവനന്തപുരത്ത് കഴിയുന്ന കാലം ഞാൻ ഓർക്കുകയാണ്. അക്കാലത്ത് ഞാൻ എ.കെ.ജി സെന്റർ എന്ന യൂണിവേഴ്‌സിറ്റിയിൽ പഠിക്കുകയും കേരള യൂണിവേഴ്‌സിറ്റിയിൽ പഠിപ്പിക്കുകയുമായിരുന്നുവെന്ന് മുമ്പ് എഴുതിയിട്ടുണ്ട്. അത് വളരെ ആത്മാർഥമായി പറഞ്ഞ കാര്യമാണ്.

അന്ന് എ.കെ.ജി സെന്റർ ഒരു പാർട്ടി ഓഫീസായല്ല പരിഗണിക്കപ്പെട്ടിരുന്നത്, അതൊരു റിസർച്ച് സെന്ററായിരുന്നു. അവിടെ പ്രഗൽഭരായ പണ്ഡിതന്മാരും ചിന്തകരും വരും. അത്തരം ചർച്ചയിൽ പങ്കെടുക്കുക എന്നത് എന്നെ സംബന്ധിച്ച് പഠിക്കാനുള്ള അവസരമായിരുന്നു. ഓരോ കാര്യങ്ങളെയും വിശകലനാത്മകമായും വിമർശനാത്മകമായും എങ്ങനെ സമീപിക്കണം? ഇത്തരത്തിലൊരു പഠനക്കളരിയായാണ് ഞാനതിനെ കണ്ടിരുന്നത്. അന്നത്തെ അക്കാദമിക ചർച്ചകളിൽ പാർട്ടി കാര്യങ്ങൾ പ്രതിഫലിച്ചിരുന്നില്ല. അസഹിഷ്ണുത ഉണ്ടായിരുന്നില്ല. ആശയത്തെ ആശയം കൊണ്ടുതന്നെ നേരിടണം എന്നൊരു സന്ദേശം എനിക്ക് അവിടെനിന്നാണ് കിട്ടിയത്. വളരെ ഉയർന്ന തലത്തിലുള്ള ഒരു സ്‌പെയ്‌സ് എനിക്ക് അവിടെ ലഭിച്ചിരുന്നു. വളരെ ഉയർന്ന തലത്തിൽ അഭിപ്രായങ്ങൾ പറയാൻ അവസരം കിട്ടി. സമൂഹത്തിൽ ഒരു പദവി കിട്ടുക എന്നത് വലിയ കാര്യമായി ഞാൻ കാണുന്നില്ല, പകരം പഠിക്കാനും ചിന്തിക്കാനും നമ്മളെയും സമൂഹത്തെയും മനസ്സിലാക്കാനും ഒരു അവസരം കിട്ടുന്നു എന്നതാണ് പ്രധാനം. സാമൂഹികശാസ്ത്രപരമായ സമീപനത്തിന്റെ അന്തഃസ്സത്ത അതാണ്. അതിനുള്ള സ്‌പെയ്‌സ് അവിടെയുണ്ടായിരുന്നു. കേരള സ്‌റ്റേറ്റ് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. പ്രഭാത് പട്‌നായിക് ചെയർമാനായി രൂപീകരിച്ച "കമീഷൻ ഫോർ റീ സ്ട്രക്ചറിങ് ഹയർ എഡ്യുക്കേഷൻ' എന്ന സമിതിയിൽ ഡോ. മൈക്കിൾ തരകനും ഞാനുമൊക്കെ അംഗങ്ങളായിരുന്ന കാര്യം ഇപ്പോൾ ഓർക്കുന്നു.

ഡോ. പ്രഭാത് പട്‌നായിക് /Photo: SFI JNU Unit, Fb page

ഇത്തരത്തിൽ അക്കാദമിക് കാര്യങ്ങളെ സമീപിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കേ കഴിയൂ. അത് അവർക്കുമാത്രം ഉണ്ടായിരുന്ന കഴിവാണ്. മറ്റു രാഷ്ട്രീയപാർട്ടികൾ വെറും രാഷ്ട്രീയമാണ് നോക്കുക. അന്നത്തെ നേതൃത്വവും ബുദ്ധിപരമായി വളരെ ഉയർന്ന തരത്തിലുള്ളതായിരുന്നു. ഇ.എം.എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ളവരോടൊക്കെ ആളുകൾക്ക് പ്രത്യേക രീതിയിൽ മതിപ്പുണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ ചിലരിൽ നിന്ന് പഠിച്ചിട്ടുണ്ട്. എന്നാൽ അവരെയൊന്നും ‘ദൈവിക'മായി കണ്ടിട്ടില്ല. കാരണം, മേലാളന്മാരെ വലിയ ആളുകളായി കാണുന്ന മനസ്ഥിതി എന്നെപ്പോലുള്ളവർക്ക് വലിയ അപകടം സൃഷ്ടിച്ചിട്ടുണ്ട്. ഇനിയും ആ അപകടം പാടില്ല എന്നത് എനിക്ക് നിർബന്ധമാണ്. നമ്മൾ അവരെ അംഗീകരിച്ചിരുന്നു എന്നു പറയുമ്പോൾ അവരെ ആരാധിച്ചിരുന്നു എന്നല്ല അർഥം. ഏതൊരു പ്രത്യയശാസ്ത്രവും വളരുന്നത് അതിന്റെ വിമർശകരിലൂടെയും തളരുന്നത് അതിന്റെ ആരാധകരിലൂടെയുമാണ്. ആരാധകർ ഒരു പ്രത്യയശാസ്ത്രത്തെ വളർത്താൻ സഹായിക്കുന്നില്ല. ചരിത്രത്തിൽ, സാമൂഹികശാസ്ത്രത്തിൽ ഏറ്റവും വിമർശിക്കപ്പെടുന്ന ചിന്തകൻ മാർക്‌സ് ആണ്. അതുതന്നെയാണ് അദ്ദേഹത്തിന്റെ പ്രാധാന്യവും. മാർക്‌സിന് ഭക്തരെയല്ല ആവശ്യം. ആരാധകരും ഭക്തരും വേണ്ടത് മതത്തിനും രാഷ്ട്രീയ പാർട്ടികൾക്കുമാണ്. ഒരു പ്രക്രിയയെ മുന്നോട്ടുനയിക്കുന്നത് വിമർശകരാണ്. മതത്തിൽ വിമർശനം പാടില്ല. ഒന്നുകിൽ വിശ്വാസി, അല്ലെങ്കിൽ വിശ്വാസയല്ലാതിരിക്കുക- ഇതിനിടയിൽ മതത്തിൽ ഒരു സ്‌പെയ്‌സ് ഇല്ല. പാർട്ടികളിലും വിയോജിക്കുന്നവർ പുറത്താണ്. ചിന്താപദ്ധതിയുടെ അഭാവത്തെയാണ് ഇത് കാണിക്കുന്നത്.

ഉയർന്ന നിലവാരത്തിലുള്ള ചർച്ചയുടെ അന്തരീക്ഷം പിന്നീട് മാറിപ്പോയതായി തോന്നിയിട്ടുണ്ട്. അത് പുനഃസൃഷ്ടിക്കാൻ എം.എ. ബേബി ശ്രമിച്ചിരുന്നു. ‘റീ സ്ട്രക്ചറിംഗ് സോഷ്യൽ സയൻസസ്' എന്നൊരു ഇനീഷിയേറ്റീവ് എടുത്തു. റൊമില ഥാപ്പറായിരുന്നു ആ ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ, ഞാൻ അംഗമായിരുന്നു. ഇപ്പോൾ അതിന് സ്‌പെയ്‌സുണ്ടോ എന്ന് സംശയമാണ്. കാരണം, ചിന്താപരമായോ ദാർശനികമായോ സൈദ്ധാന്തികമായോ ദൈനംദിന രാഷ്ട്രീയത്തിന് ഉയരാൻ കഴിയുന്നില്ല. ഉദാഹരണത്തിന് ന്യൂസ് കേൾക്കുമ്പോൾ ഇപ്പോൾ ഒരു മടുപ്പാണ് തോന്നുക. പരസ്പരം കുറ്റപ്പെടുത്തൽ, കുറ്റകൃത്യങ്ങളേറുന്നു, സമൂഹത്തിലെ ദുർബലരായ ആളുകൾക്കെതിരായ ശക്തിപ്രകടനം... സമരം ചെയ്യേണ്ടത് ശക്തരോടായിരിക്കണം. ശക്തി, ശക്തരോട് കാണിക്കേണ്ടതാണ്, അശക്തരോട് കാണിക്കേണ്ടതല്ല. ശക്തി അശക്തരോട് കാണിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. അത് എന്നെപ്പോലുള്ളവരെ സംബന്ധിച്ച് പ്രയാസം സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. ഞാനതിനെ വൈകാരികമായി കാണാൻ ഇഷ്ടപ്പെടുന്നില്ല, വൈരുധ്യാത്മകമായേ കാണുന്നുള്ളൂ. കാരണം, സമൂഹത്തിലെ പ്രോസസ് ആണത്. സാമൂഹികമാറ്റമുണ്ടാകുന്നത് വൈരുധ്യാത്മകമായ ശക്തികളുണ്ടാകുമ്പോഴാണ്. സഹകരണത്തിലൂടെയല്ല സാമൂഹിക മാറ്റമുണ്ടാകുന്നത്. വൈരുധ്യാത്മകമായി സാമൂഹികശക്തികൾ സംഘർഷത്തിലേർപ്പെടുമ്പോഴും വിയോജിക്കുമ്പോഴുമാണ്. അത് മൗലികമായ ഹെഗേലിയൻ, മാർക്‌സിയൻ തത്വചിന്തയാണ്.

റൊമില ഥാപ്പർ /Photo: Wikimedia Commons

എന്നാൽ, ഇന്ന് സമന്വയത്തെക്കുറിച്ചാണ് കൂടുതൽ കേൾക്കുന്നത്. സംഘർഷം എന്നത് ഒരു ചീത്ത വാക്കായി ഉച്ചരിക്കപ്പെടുന്നു. സമന്വയത്തിലൂടെ പുതിയൊരു പ്രക്രിയ ഉണ്ടാകില്ല. മേലാള വിഭാഗത്തിലുള്ള പലരും പുരോഗമന വാദികളും വിപ്ലവകാരികളുമാണ്. പക്ഷെ, ഈ പുരോഗനമന ചിന്താഗതിക്കാരും വിപ്ലവകാരികളും എന്നുണ്ടായി, എന്തിനുണ്ടായി - ഈ രണ്ടു ചോദ്യങ്ങൾ സാമൂഹികമായി ഉയർത്തപ്പെടേണ്ടതുണ്ട്. കാരണം, അവർ വ്യത്യസ്ത റോളുകളിൽ വരികയാണിപ്പോൾ. ഇപ്പോൾ ലക്ഷ്യം സമൂഹത്തിൽ സമൂലമായ മാറ്റം കൊണ്ടുവരലല്ല, അധികാരം പിടിച്ചെടുക്കലാണ്. അധികാരത്തിനുവേണ്ടി പ്രവർത്തിക്കുമ്പോഴാണ് ഇത്തരത്തിൽ സമന്വയത്തിന്റെ ആവശ്യം വരുന്നത്. ഒരു കമ്യൂണിസ്റ്റ് പാർട്ടി എല്ലാവരുടെയും പാർട്ടിയല്ല, അത് തൊഴിലാളി വർഗത്തിന്റെ പാർട്ടിയാണ്. അവർ എല്ലാവരുടെയും പാർട്ടിയായി മാറിയിട്ടുണ്ടെങ്കിൽ വർഗപരമായ അവരുടെ സ്വത്വം നഷ്ടപ്പെട്ടു എന്നാണർഥം. അത്തരമൊരു പാർട്ടിയെ ചൂഷണം ചെയ്യപ്പെടുന്ന വർഗത്തിന് വിശ്വസിക്കാനും കഴിയില്ല. അതാണ് ഇവിടെ സംഭവിക്കുന്നത്.

തെരഞ്ഞെടുപ്പുരാഷ്ട്രീയം സമൂല രാഷ്ട്രീയത്തിന്റെ മീതെ വരുമ്പോഴാണ് ഈ പ്രശ്‌നമുണ്ടാകുന്നത്. സമന്വയം ആവശ്യമായി വരുന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്ത്രങ്ങളുണ്ടാക്കേണ്ടിവരുമ്പോഴാണ്. അപ്പോഴാണ് ഒരു ക്ലാസ് പാർട്ടിക്ക് മാസ് പാർട്ടിയാകേണ്ടിവരുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം സൃഷ്ടിക്കുന്ന നിർബന്ധിത സാഹചര്യമാണിത്. വർഗരാഷ്ട്രീയത്തെ തെരഞ്ഞെടുപ്പിന്റെ പേരിൽ വിലയിരുത്താനാകില്ല. രാഷ്ട്രീയം സമൂലമാണ്, തെരഞ്ഞെടുപ്പുവിജയം ഒരു തന്ത്രത്തിന്റെ വിജയമാണ്. സമന്വയ രാഷ്ട്രീയം എന്നതുതന്നെ ഒരു രാഷ്ട്രീയമല്ല, അത് മേലേയുള്ള വ്യവസ്ഥിതിയെ നിലനിർത്താനും സ്ഥിരപ്പെടുത്താനും സ്വാംശീകരിക്കാനുമുള്ള ഒരു അടവാണ്. അവിടെയാണ് ഭരണത്തുടർച്ചയുണ്ടാകുന്നത്. അതുകൊണ്ട് ഭരണത്തുടർച്ച എന്നത് പുതിയ കാര്യമല്ല. മറ്റൊരു മുന്നണി വന്നാലും ഇതേ ഭരണം തന്നെയാണ് നടക്കുക. ഭരണത്തുടർച്ചയേ ഇന്ത്യയിലുണ്ടായിട്ടുള്ളൂ. വ്യത്യസ്ത രാഷ്ട്രീയമല്ല, നിലവിലെ വ്യവസ്ഥിതിയെ ശക്തിപ്പെടുത്തുന്ന ഒരു തുടർച്ചയാണ്, ഭരണവ്യവസ്ഥയാണ് ഇവിടെയുണ്ടാകുന്നത്. അവിടെയാണ് സമന്വയത്തിന്റെ ആവശ്യം വരുന്നത്.

ഇ.എം.എസ്.

ഭരിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിക്ക് വിപ്ലവപാർട്ടിയാകാൻ കഴിയില്ല, ഭരണത്തിലിരിക്കുന്ന ഒരു മുന്നണിക്ക് വിപ്ലവമുന്നണിയാകാൻ കഴിയില്ല. ഒരു ഭരണാധികാരിക്ക് ഒരു വിപ്ലവകാരിയാകാൻ കഴിയില്ല. വിപ്ലവകാരി എന്നാൽ, വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നവരും വേറൊരു വ്യവസ്ഥിതിയെ ദർശനം കാണുന്നവരുമാണ്. അവർ അധികാരം ഉപയോഗിക്കുന്നവരല്ല. നമ്മുടെ സമൂഹത്തിൽ, ധാരാളം ഭരണാധികാരികൾ സൃഷ്ടിക്കപ്പെട്ടു, എന്നാൽ എടുത്തുപറയാവുന്ന നേതാക്കളില്ല. അംബേദ്കറെ നമ്മൾ മുൻ നിയമമന്ത്രി എന്ന് പറയുന്നില്ലല്ലോ. അംബേദ്കർ എന്നു പറഞ്ഞാൽ മതി, നെഹ്‌റു എന്നു പറഞ്ഞാൽ മതി. കേരളത്തിൽ, മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ, മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി എന്നൊക്കെ പറയാറുണ്ട്. എന്നാൽ ഈ വിശേഷണം ഇ.എം.എസിന് ആവശ്യമില്ല. ഭരണാധികാരികളെ സമൂഹം ഓർമിക്കില്ല. ദർശനമുള്ള, മുന്നോട്ടുള്ള കാഴ്ചപ്പാടുള്ള വ്യക്തികളാണ് ഓർമിക്കപ്പെടുന്നത്.
അന്ന് എ.കെ. ജി സെന്റർ ഒരു പാർട്ടി ഓഫീസായിരുന്നില്ല - ട്രൂകോപ്പി വെബ്സീനിൽ എഴുതിയ ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം


എം. കുഞ്ഞാമൻ

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Comments