നീറുന്ന പ്രശ്‌നങ്ങളുണ്ട് ആലത്തൂരിന്,
മത്സരമിവിടെ വൈകാരികമല്ല

വൈകാരികതകൾക്കപ്പുറം ജനങ്ങളെ നേരിട്ടുബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുള്ള മണ്ഡലമാണ് ആലത്തൂർ. നെല്ല് സംഭരണത്തിലെ പ്രതിസന്ധി കാർഷികമേഖലക്കുണ്ടാക്കിയ പ്രശ്‌നങ്ങൾ പ്രധാനമാണ്. കാർഷിക തൊഴിലാളികളും ദലിത് വിഭാഗങ്ങളും നേരിടുന്ന നിത്യജീവിതപ്രതിസന്ധികൾ വേറെ. ഇവയെല്ലാം, കാമ്പയിൻ വിഷയമാണ് ഇത്തവണ.

Election Desk

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിനുപകരം നിലവിൽവന്ന ആലത്തൂരിന് മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രമേയുള്ളൂ. 2009, 2014 വർഷങ്ങളിൽ സി.പി.എമ്മിന്റെ പി.കെ. ബിജുവാണ് ജയിച്ചത്, കഴിഞ്ഞതവണ കോൺഗ്രസിലെ രമ്യ ഹരിദാസ് 1,58,969 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജുവിന്റെ ഹാട്രിക് പ്രതീക്ഷ തകർത്തുവിട്ടത്. സംവരണ മണ്ഡലമായ ആലത്തൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിൽ പോലും ബിജുവിന് മുന്നിലെത്താനായില്ല, ഏഴിടത്തും രമ്യക്ക് ഏതാണ്ട് 20,000- 25,000 വോട്ടിന്റെ ഭൂരിപക്ഷമാണുണ്ടായിരുന്നത്. ബി.ഡി.ജെ.സിന്റെ ടി.വി. ബാബുവിന് 89,837 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ,

എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയിലെ ഡോ. ടി.എൻ. സരസുവാണ്. പാലക്കാട് വിക്‌ടോറിയ കോളേജിലെ മുൻ പ്രിൻസിപ്പൽ കൂടിയാണ് സരസു. റിട്ടയർമെന്റ് ദിവസം എസ്.എഫ്.ഐ പ്രവർത്തകർ സരസുവിന് കുഴിമാടമൊരുക്കി യാത്രയയപ്പ് നൽകിയത് വിവാദമായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമ്യ ഹരിദാസും ഹൈബി ഈഡനും
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രമ്യ ഹരിദാസും ഹൈബി ഈഡനും

ഇപ്പോൾ, ഏഴ് നിയമസഭാ മണ്ഡലങ്ങളിലും എൽ.ഡി.എഫാണ്. കർഷക- തൊഴിലാളി മേഖലയായതിനാൽ പൊതുവെ ആലത്തൂരിനുള്ള ഇടതുപക്ഷ ചായ്‌വ് വിജയമാക്കി മാറ്റാനുള്ള നിശ്ചയദാർഢ്യത്തിലാണ് സി.പി.എം. അതിനാണ് മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. രാധാകൃഷ്ണനെ തന്നെ സ്ഥാനാർഥിയാക്കിയത്. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ പെടുന്ന ചേലക്കരയിൽ തുടർച്ചയായി ജയിക്കുന്ന രാധാകൃഷ്ണന്റെ പ്രതിച്ഛായ വിജയം എളുപ്പമാക്കുമെന്നാണ് സി.പി.എം കണക്കുകൂട്ടൽ.

തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, കുഴൽമന്ദം, ചേലക്കര, വടക്കാഞ്ചേരി, കുന്നംകുളം നിയമസഭാ മണ്ഡലങ്ങൾ ചേർന്ന ഒറ്റപ്പാലം ലോക്‌സഭാ മണ്ഡലമാണ് ആലത്തൂരായി മാറിയത്. ഒറ്റപ്പാലമായിരുന്നപ്പോൾ കോൺഗ്രസിന്റെ കുത്തകയായിരുന്നു ഇവിടം. 1977-ൽ കോൺഗ്രസിന്റെ കെ. കുഞ്ഞമ്പുവിന്റെ ജയത്തിനുശേഷം 1980-ൽ സി.പി.എമ്മിലെ എ.കെ. ബാലൻ ഒറ്റപ്പാലം തിരിച്ചുപിടിച്ചു. 1984 മുതൽ 1992 വരെ കെ.ആർ. നാരായണൻ കോൺഗ്രസിനുവേണ്ടി ഒറ്റപ്പാലത്തെ പ്രതിനിധീകരിച്ചു. കെ.ആർ. നാരായണൻ ഉപരാഷ്ട്രപതിയായപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എസ്. ശിവരാമൻ കോൺഗ്രസ് നേതാവ് കെ.കെ. ബാലകൃഷ്ണനെ അട്ടിമറിച്ചു, 1.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന്. പിന്നീടും ആലത്തൂർ മണ്ഡലം രൂപീകരിച്ച് രണ്ടു തവണയും എൽ.ഡി.എഫ് കോട്ടയായി തുടർന്നു.

കഴിഞ്ഞ തവണത്തെ രമ്യ ഹരിദാസിന്റെ ജയം, ഒരു ആകസ്മികതയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇത്തവണ സി.പി.എം.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി കെ. രാധാകൃഷ്ണൻ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്ത്രി കെ. രാധാകൃഷ്ണൻ

എന്നാൽ, രമ്യ ഹരിദാസിന്റെ മണ്ഡലത്തിലുള്ള ജനപ്രിയത തന്നെ ഇത്തവണയും വോട്ടായി മാറുമെന്ന ഉറപ്പിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ കാമ്പയിനിലെ അത്യന്തം വൈകാരികമായ ചില വിശേഷണങ്ങളും രമ്യയുടെ തന്നെ പ്രത്യേകമായ ചില ശൈലികളുമൊക്കെയാണ് ഒരു അട്ടിമറിക്ക് ആലത്തൂരിനെ നയിച്ചത്. എന്നാൽ, ശക്തമായ ട്രേഡ് യൂണിയൻ സംഘടനാ സംവിധാനവും ചിട്ടയായി പ്രവർത്തനവും വഴി ആലത്തൂർ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസം ഇത്തവണ സി.പി.എമ്മിനുണ്ട്.

വൈകാരികതകൾക്കപ്പുറം ജനങ്ങളെ നേരിട്ടുബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളുള്ള മണ്ഡലമാണ് ആലത്തൂർ. നെല്ല് സംഭരണത്തിലെ പ്രതിസന്ധി കാർഷികമേഖലക്കുണ്ടാക്കിയ പ്രശ്‌നങ്ങൾ പ്രധാനമാണ്. കാർഷിക തൊഴിലാളികളും ദലിത് വിഭാഗങ്ങളും നേരിടുന്ന നിത്യജീവിതപ്രതിസന്ധികൾ വേറെ. ഇവയെല്ലാം, കാമ്പയിൻ വിഷയമാണ് ഇത്തവണ. ആദിവാസി മേഖലയായ മുതലമട, തോട്ടം മേഖലയായ നെല്ലിയാമ്പതി തുടങ്ങിയ മേഖലകളും പ്രശ്‌നസങ്കീർമാണ്.

അതുകൊണ്ടുതന്നെ എം.പിയെന്ന നിലയ്ക്കുള്ള രമ്യ ഹരിദാസിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രകടനമാണ് എൽ.ഡി.എഫ് കാമ്പയിനിലെ പ്രധാന വിഷയമാക്കുന്നത്. കഴിഞ്ഞ തവണ രമ്യക്ക് ലഭിച്ച പുതുമുഖം എന്ന മൈലേജും ചില കാമ്പയിൻ തന്ത്രങ്ങളുമാണ് അവർക്ക് നേട്ടമായത് എന്ന വിലയിരുത്തലിൽ മത്സരത്തെ വിഷയാധിഷ്ഠിതമാക്കുകയാണ് രാധാകൃഷ്ണനിലൂടെ സി.പി.എം. ആലത്തൂരിനുവേണ്ടി രമ്യ എന്തു ചെയ്തു എന്ന ചോദ്യത്തെ രമ്യയും നേരിടുന്നുണ്ട്. അഞ്ചു വർഷം കൊണ്ട് 1734 കോടി രൂപ ചെലവഴിച്ചുവെന്നും പാർലമെന്റിൽ 50-ലധികം തവണ സംസാരിച്ചുവെന്നും മണ്ഡലവും സംസ്ഥാനവും ആയി ബന്ധപ്പെട്ട് 300 ചോദ്യങ്ങൾ ചോദിച്ചുവെന്നും അവർ മറുപടി പറയുന്നു. തുടക്കക്കാരിയായതിന്റെ പരിചയക്കുറവുകൾ സ്വഭാവികമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ട പാളിച്ചകൾ തിരുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അവർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

ബി.ജെ.പി സ്ഥാനാർഥി ടി.എൻ. സരസു പ്രചാരണത്തിനിടയിൽ
ബി.ജെ.പി സ്ഥാനാർഥി ടി.എൻ. സരസു പ്രചാരണത്തിനിടയിൽ

എന്നാൽ, എം.പിമാർക്ക് പ്രാദേശിക വികസനത്തിനുപയോഗിക്കാവുന്ന ഫണ്ട് അഞ്ചു വർഷത്തിനിടെ 25 കോടി മാത്രമാണെന്നിരിക്കേ, ഇത്രയും തുകയുടെ വികസനം എങ്ങനെ നടത്തിയെന്നാണ് ഇടതുപക്ഷം സോഷ്യൽ മീഡിയയിലൂടെ തന്നെ മറുപടി നൽകിയത്.

Comments