രണ്ട് അശ്ലീലക്കാഴ്ചകളാണ് തിരുവനന്തപുരത്ത് നടന്ന അൻപത്തിമൂന്നാമത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ വേദിയിൽ ഉണ്ടായത്.
ഒന്ന്, അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ അലൻസിയർ എന്ന നടൻ വേദിയിൽ നടത്തിയ സ്ത്രീവിരുദ്ധത പ്രസംഗം. രണ്ട്, ഭീമൻ രഘു എന്ന നടൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റു നിന്ന നിൽപ്പ്. ആണത്തത്തിന്റേയും അതിനൊപ്പം നിൽക്കുന്ന സ്ത്രീവിരുദ്ധതയുടേയും, അധികാരത്തിന്റെയും അതിനൊപ്പം നിൽക്കുന്ന വിധേയത്വത്തിന്റേയും വ്യത്യസ്ത തരം പ്രകടന നാടകങ്ങൾ.
അലൻസിയറുടേത് രോഗാതുരവും വികലവുമായ ലൈംഗിക വിചാരധാരയുടെ സ്റ്റേജ് പെർഫോമൻസാണ്. ഒപ്പം അയാൾ ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം വേണം എന്ന സംഭാഷണ ശകലത്തിലൂടെ പൗരുഷത്തിന്, അധികാരത്തിന് സ്തുതിയും പുഷ്പാർച്ചനയും നടത്തി.
അലൻസിയർ പ്രസംഗത്തിൽ നിർത്തിയിട്ടില്ല. ടെലിവിഷൻ ചാനലുകൾക്കു നൽകിയ പ്രതികരണങ്ങളിലൂടെ കൂടുതൽ വഷളനായി കൂടുതൽ അശ്ലീലനായി കൂടുതൽ രോഗാതുരനായി അയാൾ ആത്മപ്രകാശനം നടത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യമായല്ല അയാൾ ഈ തരം പ്രകാശനങ്ങൾ നടത്തുന്നത്. ഒരു ശരാശരി മലയാളി പുരുഷന്റെ സകല ലൈംഗിക വൈകൃത ചിന്തകളേയും ആ ദേഹവും ദേഹിയും പ്രതിനിധീകരിക്കുന്നുണ്ട്. ഒരു പുരോഗമന പരിഷ്കൃത സമൂഹത്തിൽ, കലയ്ക്ക് പൊതുജനം നൽകുന്ന സ്നേഹത്തിന്റേയും സൗജന്യങ്ങളുടെയും തണലിൽ അവസരവും അരങ്ങും കിട്ടുമ്പോഴൊക്കെ അയാളാ അശ്ലീല പൗരുഷ പ്രതിനിധാന നാടകത്തിന് വേഷമിടുന്നുണ്ട്. പുരസ്കാര പ്രതിമയുടെ ലിംഗത്തിനോടയാൾക്ക് പ്രലോഭനമാണ്. ലിംഗവൈവിധ്യത്തിന്റെ ഒരു ചുക്കും ചുണ്ണാമ്പും അയാൾ മനസ്സിലാക്കിയിട്ടില്ല. പുരുഷാധികാരത്തിന്റെ പുച്ഛമാണയാളുടെ ഓരോ വാക്കിലുമുള്ളത്. സ്ത്രീ വിരുദ്ധത അയാളുടെ സ്വാഭാവികതയാണ്. അധികാര ഭാഷയും തമാശയെന്നു കരുതിപ്പറയുന്ന ക്രൂരതകളും അയാളുടെ സ്വാഭാവികതയാണ്. അയാൾ സ്റ്റേജിൽ പറഞ്ഞ വാക്കുകൾക്ക് സദസ്സിൽ നിന്നുയർന്ന കയ്യടികൾ ശ്രദ്ധിച്ചാൽ കേൾക്കാൻ കഴിയും. സമാന മനസ്കരുടെ സ്വാഭാവിക കയ്യടികളാണ്. ആ കയ്യടികൾ നിശാഗസി ഓഡിറ്റോറിയത്തിൽ മാത്രല്ല കേൾക്കുക. ചെവിയോർത്താൽ എല്ലായിടത്തും കേൾക്കാം.
അതേ പുരസ്കാര വേദിയിൽ ഭീമൻ രഘുവെന്ന അഭിനവ ഇടതുപക്ഷക്കാരൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ മുഴുവൻ സമയവും - 15 മിനുട്ട് എഴുന്നേറ്റ് നിന്ന് തന്റെ വിധേയത്വം ആർഭാടമായി പ്രകാശിപ്പിച്ചു. സി.പി.എമ്മിനൊപ്പമെന്ന് പ്രഖ്യാപിച്ച് ചുവന്ന ഷർട്ടിട്ട്, ചുവന്ന ഷാളിട്ട് എ.കെ.ജി. സെന്ററിനു മുന്നിൽ നിന്ന് ഭീമൻ രഘു സഖാക്കളേ മുന്നോട്ട് എന്ന പാട്ട് പാടിയത് ഓർക്കുന്നില്ലേ, അതേ ആവേശം, അതേ ഊർജ്ജം. അത് തമാശ നിറഞ്ഞ ഒരു പ്രവർത്തിയായി ട്രോളിയും ചിരിച്ചും നിസ്സാരവത്കരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. പക്ഷേ ഇതിൽ തമാശയില്ല. വിധേയത്വത്തിന്റെ ശരീര ഭാഷയിലേക്ക്, വിധേയത്വത്തിന്റെ സ്തുതി ഭാഷയിലേക്ക്, തമാശയെ ചേർത്ത് വെയ്ക്കരുത്. അധികാരമെറിഞ്ഞ് കൊടുക്കുന്ന സൗകര്യങ്ങൾക്കു വേണ്ടി സ്തുതിപാഠകർ നിൽക്കുന്ന നിൽപ്പാണത്. പട്ടേലർക്കു മുന്നിലെ തൊമ്മിയുടെ നിൽപ്പാണത്. ബി.ജെ.പി.യിൽ നിന്ന് ഒട്ടും രാഷ്ട്രീയ ആയാസങ്ങളില്ലാതെയാണയാൾ എ.കെ.ജി സെന്ററിലെത്തിയത് എന്നോർക്കണം. നിശാഗന്ധി ഓഡിറ്റോറിയത്തിൽ അയാൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നതും ആയാസപ്പെട്ടല്ല. അതിലാർക്കും പരാതികളില്ല. നാണവുമില്ല. വേദിയിലിരിക്കുന്നവർക്കും സദസ്സിലിരിക്കുന്നവർക്കും ചിലപ്പോൾ തമാശ തോന്നിയിരിക്കാം. പക്ഷേ അപ്പോഴും ആ വിധേയനോടൊന്നിരിക്കാൻ പറയാൻ ആർക്കും തോന്നുന്നില്ല. അധികാരിയ്ക്കു മുന്നിൽ വിധേയരുടെ ജാഥ നയിക്കുന്ന മുന്നണി പോരാളിയായാണ് അപ്പോഴയാൾ നിൽക്കുന്നത്.
സി.പി. എമ്മിനുള്ളിൽ വിധേയരുടെ പല പല ജാഥകൾ, ഘോഷയാത്രകൾ രൂപപ്പെടുന്നത് നാം കാണുന്നുണ്ട്. വിധേയരുടെ കൂട്ടം വിധേയരല്ലാത്തവരെ മുഴുവൻ അണി ചേരാൻ ക്ഷണിക്കുകയാണ്. അവരവിടെ ഭീമൻ രഘുമാർ പാടുന്ന വിപ്ലവ ഗാനങ്ങൾ ഉറക്കെ വെച്ചിട്ടുണ്ട്. അണിചേരാത്തവർ മുഴുവൻ അവർക്ക് ശത്രുക്കളുമാണ്.
വർത്തമാന കേരളത്തിലെ നടപ്പ് രാഷ്ട്രീയത്തിൽ അവഗണിക്കരുതാത്ത, മുന്നറിയിപ്പിന്റെ സ്വഭാവമുള്ള രണ്ട് പ്രതിനിധാനങ്ങളാണ് അലൻസിയറും ഭീമൻ രഘുവും. അവർ സാംസ്കാരികവും രാഷ്ട്രീയവുമായ രണ്ട് അശ്ലീല കട്ടൗട്ടുകളാണ്. അവർ രണ്ട് പേരും ഒരു സാംസ്കാരിക രാഷ്ട്രീയ വേദിയിൽ ഒറ്റ ഫ്രെയിമിൽ വന്നത് ആ അശ്ലീലത്തിന്റെ മാറ്റ് കൂട്ടുക മാത്രമല്ല മുന്നറിയിപ്പിന്റെ ഒച്ചയും കൂട്ടുന്നുണ്ട്.