പുതുമുഖ സ്ത്രീ പരീക്ഷണത്തിന്റെ ആലുവ

എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലമായ ആലുവയിലെ മത്സരത്തിന് ഒരു പുതിയ ഊർജം പകരാൻ എൽ.ഡി.എഫിന്റെ ഷെൽന നിഷാദിന്റെ സ്​ഥാനാർഥിത്വത്തിനുകഴിഞ്ഞിട്ടുണ്ട്​

Election Desk

യു.ഡി.എഫിന്റെ സിറ്റിങ് എം.എൽ.എ സ്ഥാനാർഥി അൻവർ സാദത്തും എൽ.ഡി.എഫിന്റെ ഷെൽന നിഷാദും പ്രചാരണച്ചൂടിലാണ്. കഴിഞ്ഞ രണ്ടുതവണ തുടർച്ചയായി ജയിച്ച് ഹാട്രിക്ക് വിജയത്തിന് ശ്രമിക്കുന്ന അൻവർ സാദത്തിനെതിരെ ഒരു പുതുമുഖ വനിതയെയാണ് സി.പി.എം അവതരിപ്പിക്കുന്നത്. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽനിന്ന് ആർക്കിടെക്റ്റിൽ ബിരുദമെടുത്തശേഷം ആലുവയിൽ ഒരു ആർക്കിടെക്റ്റ് സ്ഥാപനം നടത്തുന്ന ഷെൽന രാഷ്ട്രീയത്തിൽ പുതുമുഖമാണെങ്കിലും ഇടതുപക്ഷത്തോടും എൽ.ഡി.എഫ് സർക്കാറിനോടുമുള്ള തന്റെ രാഷ്ട്രീയപക്ഷം തുറന്നു പറഞ്ഞുതന്നെയാണ് മത്സരത്തിനിറങ്ങിയത്.

എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലമായ ആലുവയിലെ മത്സരത്തിന് ഒരു പുതിയ ഊർജം പകരാൻ ഷെൽനയുടെ സാന്നിധ്യത്തിനായിട്ടുണ്ട്. പതിവു സമവാക്യങ്ങളെടുത്താൽ ഇത്തവണയും അൻവർ സാദത്തിന് വെല്ലുവിളികളില്ല. അതുകൊണ്ടുതന്നെയാണ് മത്സരം കാര്യമായെടുത്ത് സി.പി.എം 34 കാരിയായ സ്ഥാനാർഥിയെ പരീക്ഷിക്കുന്നത്. മുന്നണിക്കുപുറത്തുള്ള, പ്രത്യേകിച്ച് യുവതലമുറയുടെ, വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞാൽ, ആലുവയിൽ ഒരു അട്ടിമറി സാധ്യത കൂടി എൽ.ഡി.എഫ് കാണുന്നു.

ഷെൽനയുടെ സ്ഥാനാർഥിത്വം മാധ്യമശ്രദ്ധ നേടിയത്, അവർ ആലുവയിലെ ഏറ്റവും പ്രമുഖനായ ഒരു കോൺഗ്രസ് നേതാവിന്റെ കുടുംബത്തിലെ വ്യക്തിയെന്ന നിലയ്ക്കാണ്. 1980 മുതൽ 2001 വരെ 26 വർഷം ആലുവയെ നിയമസഭയിൽ പ്രതിനിധീകരിച്ച കെ. മുഹമ്മദലിയുടെ മകന്റെ ഭാര്യയാണ് ഷെൽന. മുഹമ്മദലിയുടെ ആശീർവാദത്തോടെയാണ് മത്സരത്തിനിറങ്ങിയതെന്നാണ് ഷെൽന പറയുന്നത്. 1980ൽ മുഹമ്മദലി ആലുവയിൽ ആദ്യമായി സ്ഥാനാർഥിയായി ജയിച്ചതും ഇടതുപക്ഷ പിന്തുണയോടെയാണ്. അന്ന്, എൽ.ഡി.എഫിലായിരുന്ന കോൺഗ്രസ്- യു സ്ഥാനാർഥിയായിരുന്നു അദ്ദേഹം.

പുതുമുഖ പരീക്ഷണത്തിൽ സി.പി.എമ്മിൽ മുറുമുറുപ്പുണ്ടായിരുന്നു. മണ്ഡലത്തിലെ പ്രവർത്തകരെ അവഗണിച്ചുവെന്ന് ഏരിയ കമ്മിറ്റിയിൽ പ്രതിഷേധമുണ്ടായി. അതെല്ലാം ഇപ്പോൾ കെട്ടടങ്ങി, ഷെൽനക്ക് ഇതിനകം തന്നെ മണ്ഡലത്തിലുടനീളം സാന്നിധ്യമറിയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പാർട്ടി ചൂണ്ടിക്കാട്ടുന്നത്.

2016ൽ അൻവർ സാദത്ത് എൽ.ഡി.എഫിന്റെ വി. സലീമിനെ 18,835 വോട്ടിനാണ് തോൽപ്പിച്ചത്. 2011ലാകട്ടെ, സി.പി.എമ്മിലെ എ.എം. യൂസഫിനെ 13,214 വോട്ടിനും. 1957 മുതൽ ഒരു തെരഞ്ഞെടുപ്പിലൊഴികെ കോൺഗ്രസ് ജയിച്ചുകയറുന്ന മണ്ഡലമാണ് ആലുവ. പരമ്പരാഗത വോട്ടിങ് പാറ്റേൺ ഇത്തവണയും വിജയം സമ്മാനിക്കുമെന്ന കണക്കുകൂട്ടലിലാണ് അൻവർ സാദത്തും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ വൻ ഭൂരിപക്ഷമാണ് ബെന്നി ബഹനാന് മികച്ച വിജയം സമ്മാനിച്ചത്. 32,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷം ആലുവയിൽ മാത്രമുണ്ടായിരുന്നു.

ആലുവ നഗരസഭയും ചെങ്ങമനാട്, ചൂർണിക്കര, എടത്തല, കാഞ്ഞൂർ, കീഴ്മാട്, നെടുമ്പാശേരി, ശ്രീ മൂലനഗരം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലം. 1977 മുതൽ 2016 വരെയുള്ള പത്ത് തെരഞ്ഞെടുപ്പുകളിൽ ഒമ്പതു തവണയും കോൺഗ്രസിനായിരുന്നു ജയം. ഒരു തവണ സി.പി.എമ്മിനും. ആറുതവണയും എം.എൽ.എയായത് കെ. മുഹമ്മദലി. 2006ലാണ് മുഹമ്മദലിയെ സി.പി.എമ്മിലെ എ.എം. യൂസഫ് അട്ടിമറിച്ചത്. 1980ൽ യു.ഡി.എഫിന്റെ സിറ്റിങ് എം.എൽ.എ ടി.എച്ച്. മുസ്തഫയെ അട്ടിമറിച്ചാണ് മുഹമ്മദലിയുടെ വിജയകാലഘട്ടത്തിന് തുടക്കമായത്. 2006ൽ, ഏഴാമങ്കത്തിൽ അടിപതറി
1957ൽ ടി.ഒ. ബാവയിലൂടെയാണ് കോൺഗ്രസ് മണ്ഡലം സ്വന്തമാക്കിയത്. പിന്നീട് 1970ൽ എ.എ. കൊച്ചുണ്ണി, 1977ൽ ടി.എച്ച്. മുസ്തഫ എന്നിവർ ജയിച്ചു.


Summary: എറണാകുളം ജില്ലയിലെ കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലമായ ആലുവയിലെ മത്സരത്തിന് ഒരു പുതിയ ഊർജം പകരാൻ എൽ.ഡി.എഫിന്റെ ഷെൽന നിഷാദിന്റെ സ്​ഥാനാർഥിത്വത്തിനുകഴിഞ്ഞിട്ടുണ്ട്​


Comments