അഞ്ചു വയസ്സായൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊന്നത് ആലുവയിലാണ്. കേരളത്തിലാണ്. എന്നിട്ടും അതിൽ വൈകാരികമായ ഉള്ളുലച്ചിൽ എന്നൊക്കെയാണ് മന്ത്രിയുടെയൊക്കെ fb പേജിലടക്കം കാണുന്നത്. കുട്ടികളുടെ സുരക്ഷയെക്കുറിച്ച്, നാട്ടിലെ പൊതുവിടങ്ങളിലെ സുരക്ഷയെക്കുറിച്ചൊക്കെ വലിയ ചോദ്യങ്ങളാണുയരേണ്ടത്. തട്ടിക്കൊണ്ടുപോയ കുട്ടിയെ ആലുവയിലെ ചന്തയിൽ ഒരു മൂലയിലേക്ക് കൊണ്ടുപോകുന്നത് കാണുന്ന ചുമട്ടു തൊഴിലാളി, ആ വിവരം ചോദിക്കുമ്പോൾ കുറ്റവാളി നൽകിയ മറുപടി മദ്യപിക്കാനാണ് പോകുന്നത് എന്നാണ്. അതോടെ അവിടെ ആളുകൾ പതിവായി മദ്യപിക്കാൻ പോകുന്ന സ്ഥലമായതുകൊണ്ട് കൂടുതലൊന്നും ചോദിക്കാതെ ആ ചുമട്ടു തൊഴിലാളി പിന്മാറുന്നു. അദ്ദേഹത്തെ കുറ്റപ്പെടുത്താനൊന്നും ഞാനില്ല. അങ്ങനെ ആളുകൾക്ക് പരസ്യമായി മദ്യപിക്കാവുന്ന ഇരുണ്ട പൊതുമൂലകൾ ധാരാളമുള്ളൊരു സ്ഥലമാണ് കേരളം. പുത്തൻ വർഗത്തിൽപ്പെട്ട കുറച്ചു വെണ്ണപ്പാളി മനുഷ്യരെ മാറ്റിനിർത്തിയാൽ ബാക്കിയുള്ളവരുടെ ജീവിത സൗകര്യങ്ങളോ അവർക്കുള്ള പൊതുസ്ഥലങ്ങളോ ഒന്നും നമ്മുടെ പരിഗണനയിൽ വരുന്നില്ല.
തദ്ദേശ സ്ഥാപനങ്ങളും പൊലീസും ആത്യന്തികമായി സർക്കാരുമാണ് ഇത്തരം മദ്യപാന മൂലകളും മാലിന്യക്കൂമ്പാരങ്ങളുമുള്ള കുറ്റകൃത്യങ്ങൾക്ക് പാകമായ സ്ഥലങ്ങളുണ്ടാക്കി വെച്ചുകൊടുക്കുന്നത്. പൊതുസ്ഥലങ്ങൾ സ്ത്രീകൾക്ക്, കുട്ടികൾക്ക്, പ്രായമാവർക്ക് ഒക്കെ സുരക്ഷിതമായ ഇടങ്ങളാക്കി മാറ്റാനുള്ള ഒരു ശ്രമവും ഭരണകൂടം നടത്തുന്നില്ല. ഡൽഹിയിൽ നിർഭയ ബലാത്‌സംഗ-കൊലപാതക സംഭവത്തിൽ വലിയ പ്രതിഷേധം ഇരമ്പി. അതിനു പല സാമൂഹ്യകാരണങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടാണ് ദളിതരും പാർശ്വവത്കൃതരുമായ മനുഷ്യർ ലൈംഗികപീഡനങ്ങൾക്കും ജാതിപീഡനങ്ങൾക്കും ഇരകളാകുമ്പോൾ അത്തരം പ്രതിഷേധങ്ങൾ ആവർത്തിക്കാഞ്ഞതും ഉണ്ടാകാത്തതും. അത് വേറൊരു വിഷയം. സർക്കാർ നേരിട്ട് നടത്തിയ കുറ്റകൃത്യമായിരുന്നില്ല അത്. എന്നാൽ സുരക്ഷിതമായൊരു പൊതുവിടം പൗരർക്ക് ഒരുക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതുകൊണ്ടാണ് കടുത്ത പ്രതിഷേധമുയർന്നത്.
ഇന്നിപ്പോൾ കേരളത്തിൽ നടന്ന ഈ കുറ്റകൃത്യം അത്തരത്തിലുള്ള ഒരു സാമൂഹ്യ സുരക്ഷയുടെ ഭരണകൂട ഉത്തരവാദിത്തത്തെക്കൂടി ചർച്ചയിലേക്ക് കൊണ്ടുവരണം. വൃത്തിയും സുരക്ഷയുമുള്ള പൊതുസ്ഥലങ്ങൾ പൗരരുടെ അവകാശമാണ്. ആളുകൾക്ക് മദ്യപിക്കാനുള്ള മൂലകളുള്ള അങ്ങാടികളാണ് ജീവിതനിലവാരത്തിൽ "യൂറോപ്പിനോട് കിടപിടിക്കുന്ന" കേരളത്തിലുള്ളത് എന്നതൊരു പ്രശ്നമാണ്. അഞ്ചു വയസ്സായൊരു കുട്ടിയേയും കൊണ്ട് ഒരു ചന്തയുടെ ഇരുണ്ട മൂലയിലേക്ക് ഒരാൾ മദ്യപിക്കാനാണ് എന്നുപറഞ്ഞു പോകുമ്പോൾ നമുക്കൊന്നും ചെയ്യാനില്ലാത്തവണ്ണം സ്വാഭാവികമാണ് കേരളത്തിലെ പൊതുസമൂഹത്തിന് അത്തരമൊരു പ്രവർത്തിയോടുള്ള സമീപനമെന്നത് നമ്മുടെ സാമൂഹ്യാരോഗ്യത്തിന്റെ പുഴുത്ത അവസ്ഥയാണ്.
അതിഥി തൊഴിലാളി എന്ന പേരൊക്കെ വെറും തട്ടിപ്പാണ്. വാസ്തവത്തിൽ അതൊന്നും വിളിക്കുന്നതിലൂടെ ഒന്നും സംഭവിക്കുന്നില്ല. എന്നാൽ കേരളത്തിലെ തൊഴിൽ മേഖലയിൽ പണിയെടുക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്താനുള്ള ചുമതല സർക്കാരിനുണ്ട്. വെണ്ണപ്പാളികളായ ഒരു പുത്തൻവർഗത്തിനപ്പുറം കേരളത്തിലെ വലിയൊരു വിഭാഗം മനുഷ്യർ അനുഭവിക്കുന്ന എങ്ങനെയെങ്കിലുമൊക്കെ ഉണ്ടുറങ്ങിപ്പോവുക എന്ന അവസ്ഥയുടെ, സാമൂഹ്യമായ അവകാശങ്ങളൊക്കെ ആഢംബരമായി മാറുന്ന അവസ്ഥയുടെ ഏറ്റവും പരിതാപകരമായ അവസ്ഥ നേരിടുന്നവരാണ് ഇതര സംസ്ഥാന തൊഴിലാളികൾ.
എന്തുകൊണ്ടാണ് നമ്മുടെ പൊതുവിടങ്ങൾ സുരക്ഷിതമാകാത്തത്? എന്തുകൊണ്ടാണ് ഏറ്റവും ഉയർന്ന തോതിൽ ശമ്പളമായും മറ്റ് ആനുകൂല്യങ്ങളായും കൈപ്പറ്റുന്ന വലിയൊരു ഉദ്യോഗസ്ഥവൃന്ദം ഈ നാട്ടിലുണ്ടായിട്ടും നമ്മുടെ പൊതുവിടങ്ങൾ ഇപ്പോഴും വൃത്തിഹീനമായ ഇരുണ്ട മൂലകളിൽ കുട്ടികളെ ചാക്കിൽക്കെട്ടി കൊന്നുതള്ളാനുള്ള പാതാളങ്ങൾ കാത്തുസൂക്ഷിക്കുന്നത്?
ഒരു കുറ്റകൃത്യം നമ്മെ ഉണർത്തേണ്ടത് ഒരു സമൂഹം എന്ന നിലയിലുള്ള ജാഗ്രതകളിലേക്കാണ്. സാധാരണക്കാരായ മനുഷ്യർക്ക് എന്തെങ്കിലും തരത്തിലുള്ള പൗരാവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കഴിയാത്ത വിധത്തിൽ വെണ്ണപ്പാളി പുത്തൻ വർഗം അതിവേഗം പിടിമുറുക്കുന്ന നാടാവുകയാണ് കേരളം. വ്യക്തികൾ ഒറ്റയ്‌ക്കൊറ്റയ്ക്ക് നടത്തുന്ന കുറ്റകൃത്യങ്ങൾ എങ്ങനെയാണ് ഒരു സമൂഹത്തിന്റെ പൊതുസ്ഥിതിയെ പ്രകടമാക്കുന്നതെന്നത് കുറ്റകൃത്യങ്ങളുടെ സാമൂഹ്യചരിത്രവും ഘടനയും പഠിക്കുമ്പോഴുള്ള പ്രാഥമികമായ തിരിച്ചറിവാണ്.
ഒരു സമൂഹമെന്ന നിലയിൽ കേരളത്തിന്റെ പൊതുവിടങ്ങൾ പലതായി വേർതിരിക്കപ്പെട്ടിരിക്കുന്നു. അതിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിക്ക് പോകേണ്ടിവന്ന ആ ചന്തയുടെ ഇരുണ്ട മൂലകളിലേക്ക് കേരളത്തിലെ വെണ്ണപ്പാളി പുത്തൻ വർഗത്തിന് ഒരിക്കലും പോകേണ്ടിവരുന്നില്ല. അങ്ങനെ അഭിജാതരും ആഢ്യരും ഉന്നതന്മാരും ഒരിക്കലും പോകാത്ത, പരിഗണിക്കാത്ത മറ്റൊരു കേരളത്തിലാണ് അഞ്ചുവയസുകാരിയായ, ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ ഒരു പെൺകുട്ടി കൊല്ലപ്പെട്ടത്.
പല കേരളങ്ങളുണ്ട്, അവ തമ്മിലുള്ള അന്തരം അതിവേഗം വർദ്ധിക്കുകയാണ്. അതിൽ പാതാളങ്ങളിലേക്ക് താഴ്ന്നുപോകുന്ന മനുഷ്യരേയും പറ്റിക്കുന്നത് ഇത് നിങ്ങളുടെ കേരളമാണ് എന്ന് പറഞ്ഞാണ്. ഇത് നമ്മുടെ കേരളമല്ലാതാവുകയാണ് എന്ന് പൂർണ്ണമായി തിരിച്ചറിയുമ്പോഴേക്കും ബാക്കിയൊന്നുമില്ലാത്തവിധം വെണ്ണപ്പാളി പുത്തൻവർഗം പങ്കുവെച്ചുകഴിഞ്ഞിരിക്കും ഈ നാടും സമ്പത്തും എന്നതിന് കേരളം തന്നെയാണ് ജീവിക്കുന്ന സാക്ഷ്യം.