കേരളത്തിൽ ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവർണരുടെ സമരത്തിന് കുറഞ്ഞത് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. ഈയൊരാവശ്യം ഇന്നും പൂർണമായും ലക്ഷ്യം നേടിയിട്ടില്ലെന്ന് ശബരിമല മേൽശാന്തി നിയമനവുമായി ബന്ധപ്പെട്ട വാർത്തകളിൽ നിന്ന് വ്യക്തമാകുന്നു- ട്രൂ കോപ്പി വെബ്‌സീനിൽ ഡോ. അമൽ സി. രാജൻ എഴുതുന്നു.
അതിവേഗം ഹിന്ദുത്വവൽക്കരിക്കപ്പെടുന്ന സമകാല ഇന്ത്യൻ സമൂഹജീവിതത്തിൽനിന്നുയരുന്ന ബ്രാഹ്‌മണിക് വാദങ്ങൾ യഥാർത്ഥത്തിൽ നവോത്ഥാന പൂർവ സമൂഹത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ സൂചനയാണ് എന്ന് തെളിയിക്കുന്ന രേഖകൾ നമ്മുടെ മുന്നിലുണ്ട്.
അവർണരുടെ ക്ഷേത്ര പ്രവേശനത്തെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് നൽകാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ മുൻപിൽ ക്ഷേത്രപ്രവേശനവാദത്തെ പാരമ്പര്യവാദികൾ ശക്തമായി എതിർത്തു. അവർണർക്കിടയിൽ മതംമാറ്റം ശക്തമായാൽ ഹിന്ദുമതം തിരുവിതാംകൂറിലെ ന്യൂനപക്ഷ മതമാകുമെന്ന് ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചിരുന്ന പുരോഗമനപക്ഷം യാഥാസ്ഥിതികരെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. അവർണർ ഹിന്ദു മതത്തിന്റെ ഭാഗമല്ലെന്ന വാദം സവർണ യാഥാസ്ഥിതികർ ഉയർത്തി. ഇതിലൂടെ ക്ഷേത്രപ്രവേശന വാദത്തിന്റെ മുനയൊടിക്കാനാകുമെന്ന് അവർ കരുതി. അവർണർ മതം മാറുകയാണെങ്കിൽ അതിനർത്ഥം ഇന്നോളം വൈദിക മാർഗങ്ങളൊന്നും അവലംബിക്കാത്തവർ ഏതെങ്കിലുമൊരു വൈദികമാർഗത്തെ സ്വീകരിക്കുന്നു എന്നു മാത്രമാണെന്നും, അത് സന്തോഷകരമാണെന്നും അവർ പരിഹസിച്ചു.
അപരവൽക്കരണവും അശുദ്ധിവാദവും മാത്രം കൈമുതലായുള്ള ബ്രാഹ്‌മണിസത്തിന്റെ അമാനവികമായ മുഖം അനാവരണം ചെയ്യുന്നവയാണ് ക്ഷേത്ര പ്രവേശനത്തെ എതിർത്ത് സമർപ്പിക്കപ്പെട്ട നിവേദനങ്ങൾ.
അവർണർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ചൈതന്യം നശിക്കുമെന്നും, അങ്ങനെ സംഭവിക്കുന്നതോടെ ക്ഷേത്രപ്രവേശനം കൊണ്ട് അവർണർക്കും പ്രയോജനമില്ലാതായിത്തീരുമെന്നുമായിരുന്നു സവർണഹിന്ദുക്കളുടെ വിചിത്രമായ മറ്റൊരു വാദം. അവർണരെ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനിക്കുന്ന പക്ഷം സവർണഹിന്ദുക്കൾ ക്ഷേത്രങ്ങൾ ബഹിഷ്‌ക്കരിക്കുകയും ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ ബ്രാഹ്‌മണവീടുകളിലേക്ക് മാറ്റുകയും ചെയ്യും തുടങ്ങിയ താക്കീതുകളെ മറികടന്നാണ് 1936 നവംബർ 12ന് തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിക്കപ്പെടുന്നത്. അതോടെ സവർണപക്ഷ ഭീഷണികളും അവസാനിച്ചെന്നു മാത്രമല്ല, അവർണർ ധാരാളമായി വരുന്ന ക്ഷേത്രങ്ങളിലെ ശാന്തി, തന്ത്രി സ്ഥാനങ്ങൾ തങ്ങൾക്കു മാത്രമായി സംവരണം ചെയ്യണമെന്ന പുതിയ നിബന്ധനയുമായി ബ്രാഹ്‌മണർ പിന്നീട് രംഗത്തെത്തുകയും ചെയ്തു.
സവർണ സ്ത്രീകളും ക്ഷേത്രപ്രവേശനത്തിനെതിരെ തിരുവിതാംകൂർ ഗവൺമെന്റിന് പ്രത്യേകം നിവേദനം നൽകിയിരുന്നു. ‘സവർണ സ്ത്രീകളുടെ സങ്കടം' എന്ന തലക്കെട്ടിൽ തയ്യാറാക്കിയ അച്ചടിച്ച നിവേദനത്തിൽ കോട്ടയം നിവാസികളായ പാർവ്വതി അന്തർജ്ജനം, ശ്രീദേവി അന്തർജ്ജനം തുടങ്ങിയവർ പേരെഴുതി ഒപ്പിട്ടിട്ടുണ്ട്. ‘തീണ്ടൽജാതിക്കാർ കയറിയാൽ ക്ഷേത്രങ്ങൾ അശുദ്ധങ്ങളാകും. അപ്പോൾ ഞങ്ങൾക്ക് അവയിൽ പോയി ദേവദർശനാദി കർമങ്ങൾ ചെയ്യുവാൻ നിവൃത്തിയില്ല. അതോടുകൂടി ഞങ്ങൾക്കും കുടുംബങ്ങൾക്കും ഐഹികങ്ങളും പാരത്രികങ്ങളും ആയ ശ്രേയകൾ എല്ലാം ലഭിക്കുന്നതിനുള്ള ഒരു വിശിഷ്ടമായ മാർഗം അടഞ്ഞു നഷ്ടപ്പെടുവാൻ ഇടയാകുന്നു. ഈ സംഗതി ഞങ്ങൾക്കു കഠിനമായ സങ്കടത്തിനു കാരണമായി ഭവിച്ചിരിക്കുന്നു.' എന്നാണ് സവർണ സ്ത്രീകൾ പറഞ്ഞത്.
ക്ഷേത്രപ്രവേശനത്തിനായി വാദിച്ചവരും എതിർത്തവരും അതിനെ ഒരു ആദ്ധ്യാത്മിക വിഷയം മാത്രമായിട്ടല്ല സമീപിച്ചത് എന്നതാണ് വസ്തുത. ക്ഷേത്രപ്രവേശനത്തിനായി ശബ്ദമുയർത്തിയവരെ സംബന്ധിച്ച് അവർക്കത് മനുഷ്യാന്തസ്സിന്റെയും ആത്മാഭിമാനത്തിന്റേയും വിഷയവും സമത്വത്തിനായുള്ള പോരാട്ടവുമായിരുന്നു. അവിടെ മനുഷ്യനായിരുന്നു പ്രധാനം. ദൈവമവിടെ രണ്ടാം സ്ഥാനത്തായിരുന്നു. ക്ഷേത്രപ്രവേശനത്തെ എതിർത്ത സവർണ യാഥാസ്തിതികർക്കും ദൈവം രണ്ടാം സ്ഥാനത്തായിരുന്നു. അവർക്ക് ജാതിയായിരുന്നു പ്രഥമവും പരമപ്രധാനവും.
ശബരിമലയിലെ അവർണ മേൽശാന്തി:
സവർണത ഇടപെടുന്ന വിധം
ഡോ. അമൽ സി. രാജൻ
ട്രൂ കോപ്പി വെബ്‌സീൻ
പാക്കറ്റ് 36ൽ വായിക്കാം, കേൾക്കാം