അമല്‍ജ്യോതികളുടെ രക്ഷിതാക്കള്‍

കാഞ്ഞിരപ്പള്ളി രൂപത നടത്തുന്ന അമല്‍ജ്യോതി കോളേജില്‍ ശ്രദ്ധ സതീഷ് എന്ന വിദ്യാര്‍ഥിനിയെ മരണത്തിലേക്ക് തള്ളിവിട്ട സാഹചര്യങ്ങളും അതില്‍ പ്രതികളായ ഹോസ്റ്റല്‍ വാര്‍ഡനും വകുപ്പു മേധാവിയുമെല്ലാം പൊതുസമൂഹത്തിനുമുന്നിലുണ്ട്. പരീക്ഷയില്‍ തോറ്റ മനോവിഷമത്തിലാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്ന് സ്ഥാപിക്കാനാണ് കോളേജ് അധികൃതര്‍ ശ്രമിക്കുന്നത്. എസ്.എഫ്.ഐയും കെ.എസ്.യുവും അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടു. സ്വാശ്രയ സ്ഥാപനങ്ങളില്‍ അടക്കം എല്ലാ കോളേജുകളിലും ഒരു മാസത്തിനകം വിദ്യാര്‍ഥി പരിഹാരസെല്‍ രൂപീകരിക്കാനും വിദ്യാര്‍ഥികളുടെ അവകാശരേഖ സര്‍വകലാശാലാ നിയമത്തിന്റെ ഭാഗമാക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനങ്ങളിലേക്ക് ശ്രദ്ധയുടെ മരണം കാരണമായി.

എന്നാല്‍, അമല്‍ജ്യോതി കോളേജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍, കാമ്പസുകളിലെ മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും സര്‍ഗാത്മകമായി ജീവിക്കേണ്ട ഒരു കാലം എങ്ങനെയാണ് ഈ വിദ്യാര്‍ഥികള്‍ തടവറകളിലേതിനുതുല്യമായ കാമ്പസ് സെല്ലുകളില്‍ കഴിച്ചുകൂട്ടുന്നത് എന്നത് കേരളീയ സമൂഹത്തെ കാര്യമായി ആശങ്കപ്പെടുത്തുന്നതായി തോന്നുന്നില്ല. അമല്‍ജ്യോതി കോളേജിലെ വിദ്യാര്‍ഥികള്‍ കൂട്ടമായി മാധ്യമങ്ങള്‍ക്കുമുന്നില്‍ വന്ന് അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നുപറഞ്ഞിട്ടും രക്ഷിതാക്കള്‍ ഇന്നുവരെ അവ ഷെയര്‍ ചെയ്യാന്‍ പോലും തയാറായിട്ടില്ല. ഇത്തരം സദാചാരക്കോട്ടകളിലിട്ട് പൊരിക്കാന്‍ മക്കളെ വിട്ടുകൊടുക്കുന്ന രക്ഷിതാക്കളാണ് അമല്‍ജ്യോതി പോലുള്ള മാനേജുമെന്റുകളുടെ ധൈര്യം. ആ ധൈര്യത്തിലാണ്, മാധ്യമങ്ങള്‍ക്കുമുന്നില്‍വന്ന് അവിടുത്തെ അധ്യാപകര്‍, പരാതിക്കാരായ പെണ്‍കുട്ടികളുടെ തട്ടം തപ്പി നോക്കുന്നത്. വിദ്യാര്‍ഥികളുടെ ആരോപണങ്ങള്‍ക്കൊന്നും മറുപടി പറയാതെ, ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കുനേരെയുള്ള ആക്രമണമാണിതെന്ന് വര്‍ഗീയ കാര്‍ഡിറക്കുന്നത്. പരാതിക്കാരായ വിദ്യാര്‍ഥികളെ 'ജിഹാദി ഭീകരരാ'ക്കി റാലി നടത്തുന്നത്. ആ വിദ്യാര്‍ഥികളുടെ പടം വച്ച് 'വാണ്ടഡ്' കാര്‍ഡിറക്കുന്നത്.

എന്നാല്‍, ആറു വര്‍ഷം മുമ്പ് പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ മരിച്ചപ്പോഴും ഒരു മാസം മുമ്പ് ബാലരാമപുരത്തെ മതപഠനശാലയില്‍ അസ്മിയ എന്ന വിദ്യാര്‍ഥി മരിച്ചപ്പോഴുമുണ്ടായ പ്രതിഷേധങ്ങളെയും ഇടപെടലുകളെയും റദ്ദാക്കുന്ന ഒരു കാമ്പയിനാണ്, ക്രിസ്ത്യന്‍ സഭ കൗശലത്തോടെ ഏറ്റെടുത്തിരിക്കുന്നത്. ആ കൗശലം മുഖ്യധാരാ മാധ്യമങ്ങളും സ്വന്തമാക്കിയതോടെ, സഭയുടെ ഈ വര്‍ഗീയ കാമ്പയിന്‍ ഒരു പൊതുസമ്മതിയായി മാറുന്നുമുണ്ട്.

ശ്രദ്ധയുടെ മരണം 'കാമ്പസ് കൊലപാതക'മാണ് എന്ന കൃത്യമായ നറേറ്റീവിലേക്ക് വിപുലപ്പെടുന്നതിനെ തടഞ്ഞത് മാധ്യമങ്ങളാണ്. ഒരു കസ്റ്റഡി മരണം സംഭവിച്ചാല്‍, ഇടതുഭരണത്തിലാണെങ്കില്‍ പ്രതേ്യകിച്ചും, ഒരാഴ്ച നീളുന്ന പരമ്പര ചെയ്യാന്‍ ശ്രദ്ധ കാണിക്കുന്ന മനോരമ, കസ്റ്റഡി മരണത്തോളം ഗുരുതരമായ ഒരു കുറ്റകൃത്യത്തെ അകംപേജിലെ രണ്ടു കോളത്തിലേക്ക് ഒതുക്കി. കൃത്യമായ ടൈമിങ്ങോടെ, രണ്ടു വാര്‍ത്തകളുപയോഗിച്ചാണ് ഈ തമസ്‌കരണം സാധിച്ചെടുത്തത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ, എഴുതാത്ത പരീക്ഷ ജയിച്ചുവെന്ന വാര്‍ത്തയായിരുന്നു അതിലൊന്ന്. എസ്.എഫ്.ഐ നേതാവ് കെ. വിദ്യ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് മഹാരാജാസ് കോളേജിന്റെ പേരില്‍ ചമച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതാണ് മറ്റൊരു വാര്‍ത്ത. രജിസ്റ്റര്‍ പോലും ചെയ്യാത്ത ഒരു പരീക്ഷ, മാര്‍ക്കിന്റെ സ്ഥാനത്ത് പൂജ്യം എന്ന് രേഖപ്പെടുത്തിയ ഒരു ഓണലൈന്‍ പരീക്ഷാഫലം, അതില്‍ 'പാസ്ഡ്' എന്ന് രേഖപ്പെടുത്തിയതുമാത്രം ഉയര്‍ത്തിപ്പിടിച്ചുള്ള വാര്‍ത്ത, ഒരു നിര്‍മിത വിവാദം തന്നെയായിരുന്നു. എന്നാല്‍, കെ. വിദ്യയുടെ വ്യാജരേഖാനിര്‍മാണം, ശിക്ഷിക്കപ്പെടേണ്ട ക്രിമിനല്‍ കുറ്റകൃത്യം തന്നെയാണ്. രണ്ടു സംഭവങ്ങളും ഒരേതരം കുറ്റകൃത്യമാണ് എന്ന വാര്‍ത്താബാനര്‍, സമര്‍ഥമായൊരു മാധ്യമ കൗശലമായിരുന്നു.

ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രതിഷേധം ഒരു സമരമാക്കി വികസിപ്പിക്കാന്‍ നേതൃത്വം കൊടുക്കുന്ന എസ്.എഫ്.ഐക്ക് എതിരായ നീക്കമായി ഇതിനെ സി.പി.എം വ്യാഖ്യാനിക്കുന്നുണ്ട്. എന്നാല്‍, എസ്.എഫ്.ഐ മറുപടി പറയേണ്ട ചില കാര്യങ്ങളുമുണ്ട്.

സംഘടനയുടെ പ്രവര്‍ത്തകരില്‍ ഒരാള്‍ ചെയ്ത കുറ്റകൃത്യം എന്ന നിലയ്ക്ക്, കെ. വിദ്യയെ തള്ളിപ്പറഞ്ഞുകൊണ്ടുമാത്രം എസ്.എഫ്.ഐക്ക് ഇതില്‍നിന്ന് തലയൂരാനാകില്ല. സംഘടനയുടെ പ്രാതിനിധ്യവും അതിന്റെ വേദികളും ബന്ധങ്ങളുമൊക്കെ ഉപയോഗപ്പെടുത്തിയുണ്ടാക്കിയ പ്രിവിലേജ് ഈ കുറ്റകൃത്യത്തിന് വിദ്യയെ സഹായകമായിട്ടുണ്ടാകാം. വ്യാജരേഖ ചമയ്ക്കുക മാത്രമല്ല, സംവരണം അട്ടിമറിച്ച് പിഎച്ച്.ഡി പ്രവേശനം നേടാനും ഇതിന് വി.സിയുടെ ഓഫീസിന്റെ ഒത്താശ സംഘടിപ്പിക്കാനും വിദ്യക്ക് കഴിഞ്ഞത് സംഘടനാ രാഷ്ട്രീയത്തിന്റെ പ്രിവിലേജില്‍ തന്നെയാണ്. അതുകൊണ്ടുതന്നെ, എസ്.എഫ്.ഐ ഏറ്റെടുക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം ഇതിലുണ്ട്.

സ്വാശ്രയ കോളേജുകളിലടക്കമുള്ള കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്കുനേരെയുള്ള മനുഷ്യാവകാശലംഘനം ഗുരുതര പ്രശ്‌നമായി ഉയര്‍ന്നുവരുന്ന സമയമാണിത്. അമല്‍ജ്യോതി കോളേജിലെ വിഷയം വിദ്യാര്‍ഥി സംഘടനകള്‍ ഏറ്റെടുത്തതിനെതുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്. എന്നാല്‍, കേരളത്തിലുടനീളമുണ്ട്, അമല്‍ജ്യോതികള്‍. അവ ഒരു പൊതുവിഷയമായി ഏറ്റെടുക്കേണ്ട വിദ്യാര്‍ഥി സംഘടനാ രാഷ്ട്രീയം ഇപ്പോള്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?

നെഹ്‌റു കോളേജില്‍ ജിഷ്ണു പ്രണോയിയുടെ മരണം കഴിഞ്ഞ് ആറു വര്‍ഷം കാത്തിരിക്കേണ്ടിവന്നു, ഒരു സ്വാശ്രയ കോളേജില്‍, വിദ്യാര്‍ഥി സംഘടനകളുടെ മുദ്രാവാക്യം വിളി കേള്‍ക്കാന്‍. സ്വാശ്രയ കോളേജുകളില്‍ മാത്രമല്ല, സദാചാര സെല്ലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്്റ്റലില്‍നിന്നും കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയില്‍നിന്നുമെല്ലാം ഇത്തരം സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടെയൊന്നും എസ്.എഫ്.ഐയെയോ കെ.എസ്.യുവിനെയോ കാണാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അതാതു കാമ്പസുകളിലെ വിദ്യാര്‍ഥി പ്രശ്‌നങ്ങളായി അവ ഒതുങ്ങിപ്പോയി. എസ്.എഫ്.ഐയുടെ 'ജാഗ്രതക്കുറവി'നെക്കുറിച്ച് ഇന്നലെയാണ് സി.പി.എമ്മിന് ബോധ്യം വന്നത്. ആ ജാഗ്രതക്കുറവ്, തങ്ങളുടെ സംഘടനാ രാഷ്ട്രീയത്തിലുടനീളം സംഭവിക്കുന്നുണ്ടെന്ന് വിദ്യാര്‍ഥി സംഘടനകള്‍ തിരിച്ചറിയേണ്ടതുണ്ട്.

മതബോധവും മധ്യവര്‍ഗ സദാചാരവും കരിയറിസവും തടവിലാക്കിയ കാമ്പസുകളും വിദ്യാര്‍ഥികളും അടിയന്തര ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. അതിന്, മറ്റൊരു ശ്രദ്ധയുടെ മരണം വരെ കാത്തിരിക്കേണ്ടിവരരുത്.

Comments