ഷംസീർ അല്ല, സുകുമാരൻ നായരാണ്​ മാപ്പ്​ പറയേണ്ടത്​

‘ബി.ജെ. പിക്കാരെ പോലെ ഷംസീര്‍ എന്ന മുസ്​ലിമിന്​ ഗണപതിയെ കുറിച്ച്​ പറയാമോയെന്ന വര്‍ഗീയ യുക്തിയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാരും സംസാരിച്ചുകൊണ്ടിരിക്കുന്നത്.’- കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

സ്പീക്കര്‍ എ.എൻ. ഷംസീര്‍ വിശ്വാസികളെ വേദനിപ്പിച്ചു, ഹൈന്ദവരുടെ ദൈവമായ ഗണപതിയെ അപമാനിച്ചുവെന്നെല്ലാം പ്രചരിപ്പിച്ച്​ ഭൂരിപക്ഷ മതധ്രുവീകരണമുണ്ടാക്കാനുള്ള ആർ.എസ്​.എസ് അജണ്ടയില്‍ കളിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കുളം കലക്കി മീന്‍ പിടിക്കാനുള്ള മോഹത്തിലാണെന്നാണ് മനസ്സിലാക്കേണ്ടത്.

ദേശീയതലത്തില്‍ ആർ.എസ്​.എസിന്റെ ഹിന്ദു രാഷ്ട്ര നീക്കത്തിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തി കൊണ്ടിരിക്കുമ്പോഴാണ് കേരളത്തിലെ കോണ്‍ഗ്രസ് എന്‍.എസ്.എസുമായി ചേര്‍ന്ന് ആർ.എസ്​.എസ്​ അജണ്ടക്ക് ആളെ കൂട്ടികൊടുക്കുന്നതും ഷംസീറെന്ന മുസ്​ലിം നാമധാരി ഹിന്ദുക്കളുടെ വിശ്വാസത്തെ ഹനിച്ചുവെന്ന് സംഘ്​പരിവാറിനോടുചേര്‍ന്ന് നുണപ്രചാരണം നടത്തുന്നതും.

വിഡി സതീശന്‍
വിഡി സതീശന്‍

നെഹ്റു​വിനെ നിഷ്‌ക്കരുണം തള്ളി, ഹിന്ദുമഹാസഭക്കാരനായ കോണ്‍ഗ്രസ് നേതാവ് മദന്‍ മോഹന്‍മാളവ്യയുടെ അനുയായികളായി സതീശനും സുധാകരനും ആർ.എസ്​.എസ് അജണ്ടയുടെ കര്‍സേവകരായി ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിക്കുന്നതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. തരംതാണ രാഷട്രീയ മുതലെടുപ്പിനുവേണ്ടിയുള്ള കളി മാത്രമായി ആരുമിതിനെ ചുരുക്കി കാണേണ്ട. ഹിന്ദുത്വ അജണ്ടയില്‍ കളിച്ച് തങ്ങള്‍ക്ക് നേട്ടമുണ്ടാക്കണമെന്നാലോചിക്കുന്നവരുടെ ഉള്ളില്‍ കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമല്ല, മുസ്​ലിം വിരുദ്ധതയും തിളക്കുന്നുണ്ടെന്നറിയണം. ബി.ജെ. പിക്കാരെ പോലെ ഷംസീര്‍ എന്ന മുസ്​ലിമിന്​ ഗണപതിയെ കുറിച്ച്​ പറയാമോയെന്ന വര്‍ഗീയ യുക്തിയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസുകാരും സംസാരിച്ചുകൊണ്ടിരിക്കുന്നത്.

ഷംസീര്‍ നടത്തിയ, വിദ്യാഭ്യാദ്യാസരംഗത്തെ കാവി വല്‍ക്കരണത്തിനെതിരായ വിമര്‍ശനത്തിന്റെ രാഷ്ട്രീയപശ്ചാത്തലം മനസിലാക്കിക്കൊണ്ടേ തെറ്റിധാരണ പരത്തി വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന നീക്കങ്ങളെ മതനിരപേക്ഷ ജനാധിപത്യവാദികള്‍ക്ക് പ്രതിരോധിക്കാനാവൂ.

മദൻ മോഹൻ മാളവ്യ
മദൻ മോഹൻ മാളവ്യ

ആര്‍.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്കാവശ്യമായ പ്രത്യയശാസ്ത്ര പ്രബോധനത്തിനുള്ള ഉപാധിയാക്കി വിദ്യാഭ്യാസത്തെ പരിവര്‍ത്തനപ്പെടുത്താനുള നീക്കങ്ങളാണ് 2014- ല്‍ തങ്ങള്‍ക്ക് ലഭിച്ച കേന്ദ്രാധികാരത്തിന്റെ സാധ്യതകളുപയോഗിച്ച് അവര്‍ നടത്തുന്നത്. വിദ്യാഭാരതി, സരസ്വതി മന്ദിര്‍ സ്‌കൂളുകളിലെ പാഠപുസ്തകങ്ങള്‍ എസ്.സി.ഇ. ആര്‍.ടി, എന്‍.സി.ഇ.ആര്‍.ടി സിലബസുകളിലേക്ക് കടത്തികൊണ്ടുവരികയാണവര്‍.

മിത്തും ഇതിഹാസ കഥകളുമെല്ലാം ചരിത്രമായി പഠിപ്പിക്കാനും ചരിത്രപാഠങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുമാണ് പാഠ്യപദ്ധതികളിലൂടെ സംഘപരിവാര്‍ സര്‍ക്കാറുകള്‍ ശ്രമിക്കുന്നത്. ആ ദിശയില്‍ കോവിഡ് സാഹചര്യത്തെ മുന്‍നിര്‍ത്തി കുട്ടികളുടെ ഭാരം കുറക്കാനെന്ന വ്യാജേന ചരിത്ര ശാസ്ത്ര പാഠഭാഗങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി പാഠ്യപദ്ധതിയില്‍ നിന്ന് വെട്ടിമാറ്റുന്നു. ഭരണഘടനയും ജനാധിപത്യവും പഠിപ്പിക്കുന്ന പാഠഭാഗങ്ങള്‍ വെട്ടിമാറ്റുന്നു. ആറാം ക്ലാസിലെ ചരിത്രം, സോഷ്യല്‍ ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്പുസ്തകത്തില്‍ നിന്നും ജനാധിപത്യത്തെ കുറിച്ചുള്ള പാഠഭാഗങ്ങള്‍ നീക്കി. ഏഴാം ക്ലാസിലെ പാഠഭാഗങ്ങളില്‍ നിന്ന്​ മുഗള്‍ ഭരണകൂടം, സമത്വത്തിനുവേണ്ടിയുള്ള സമരങ്ങള്‍, ഇന്ത്യന്‍ ഭരണഘടന, സ്വാതന്ത്ര്യാനന്തര ഇന്ത്യ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി. പത്താം ക്ലാസിലെ ഡമോക്രാറ്റിക് പൊളിറ്റിക്‌സിസ് ഭാഗം രണ്ടിലെ പ്രധാന ജനകീയ സമരങ്ങള്‍, നേപ്പാളിലെയും ബൊളിവിയയിലെയും സമരങ്ങളും ചിത്രങ്ങളും നീക്കം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍ എന്ന അധ്യായം തന്നെ ഒഴിവാക്കി.

പതിനൊന്നാം ക്ലാസിലെ ഇക്കോണമിക്​സില്‍ നിന്ന്​ ദാരിദ്ര്യം, ചരിത്രത്തില്‍ നിന്ന്​ ഇസ്​ലാമിക്​ ഹിസ്റ്ററി, പൊളിറ്റിക്‌സ് തിയറിയില്‍ നിന്ന്​ പീസ് എന്നീ ഭാഗങ്ങള്‍ ഒഴിവാക്കി.

ദീനനാഥ് ബത്ര
ദീനനാഥ് ബത്ര

തങ്ങളുടെ പ്രത്യയശാസ്ത്ര അജണ്ടക്കാവശ്യമായ രീതിയില്‍, നോളജ് ട്രഡീഷന്‍സ് ആന്‍ഡ് പ്രാക്ടീസസ് ഓഫ് ഇന്ത്യ, ആന്‍ ഇന്‍ട്രൊ ഡെക് ഷന്‍ ടു ഇന്ത്യന്‍ ആര്‍ട്ട് എന്ന പുസ്തകമുള്‍പ്പെടുത്തുകയും അതില്‍ വേദങ്ങളും ഉപനിഷത്തുകളും വഴി മിത്തുകളെയും ഐത്യ ഹ്യകഥകളെയും പാഠഭാഗമാക്കുകയും ചെയ്തു. ആര്യശ്രേഷ്ഠതയിലൂന്നുന്ന വംശീയബോധവും ഭൂതകാലത്തെ കുറിച്ചുള്ള മിഥ്യാഭിമാനവും വളര്‍ത്തുന്ന രീതിയില്‍ പാഠപുസ്തകങ്ങള്‍ അടിച്ചേല്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ദീനനാഥ് ബത്രയെ പോലുള്ള ഹിന്ദുത്വ ബുദ്ധിജീവികളാണ് ഈ വര്‍ഗീയവല്‍ക്കരണ അജണ്ടക്ക് നേതൃത്വം കൊടുക്കുന്നത്. 2001- ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതോടെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ ഗുജറാത്ത് സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡ് ഏല്പിച്ചത് ഈ ബത്രയെയാണ്. കുട്ടികളില്‍ ഹൈന്ദവാഭിമുഖ്യവും സങ്കുചിതത്വവും അപര മത വിരോധത്തിലധിഷ്ഠിതവുമായ ദേശീയബോധവും വളര്‍ത്തുന്നതിനാവശ്യമായ പാഠ്യപദ്ധതി പരിഷ്‌ക്കരണമാണ് മോദി ദീനനാഥ് ബത്രയെ കൊണ്ട് തയ്യാറാക്കിച്ചത്.

'തേജോമയ് ഭാരത്' എന്ന് പേരിട്ട, പന്ത്രണ്ടാം ക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പാഠപുസ്തകങ്ങളിലാണ് ബത്ര, പ്ലാസ്റ്റിക് സര്‍ജറി പൗരാണിക ഇന്ത്യയിലുണ്ടായിരുന്നുവെന്നും അതിനുദാഹരണമായി ഗണപതിയെ അവതരിപ്പിച്ചതുമൊക്കെ. പാശ്ചാത്യരെക്കാള്‍ മുമ്പ് ഭാരതത്തില്‍ വിമാനം കണ്ടു പിടിച്ചിരുന്നു എന്നതിന്​ ഉദാഹരണമായി രാമായണത്തിലെ പുഷ്പകവിമാനത്തെ അവതരിപ്പിച്ചതും. മഹാഭാരതത്തിലെ കര്‍ണന്റെ ജനനത്തെയും കൗരവരുടെ ജനനത്തെയും ഉദാഹരിച്ച് ജനിതകശാസ്ത്രം പണ്ടേ ഭാരതത്തിലുണ്ടായിരുന്നുവെന്നല്ലാം പാഠഭാഗങ്ങളില്‍എഴുതി വെച്ചു.

'തേജോമയ് ഭാരത്'
'തേജോമയ് ഭാരത്'

വര്‍ത്തമാന ജീവിതത്തില്‍ നാമനുഭവിക്കുന്ന ദുരിതങ്ങളെയും അതിനു കാരണമായ കോര്‍പ്പറേറ്റു ചൂഷണത്തെയും സംബന്ധിച്ച് പുതുതലമുറയില്‍ അജ്ഞത സൃഷ്ടിച്ച് അവരെ ഭൂതകാല ആരാധനയിലും മിഥ്യാഭിമാനങ്ങളിലും തളച്ചിടാനുള്ള ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര പദ്ധതിയാണിത്​. ഷംസീറിന്റെ വിമര്‍ശനം, പാഠപുസ്തകങ്ങളില്‍ മിത്തിനെയും ഇതിഹാസങ്ങളെയും ശാസ്ത്രവും ചരിത്രവുമായി പഠിപ്പിക്കുന്നതിനെതിരായിട്ടാണ്. ഹൈന്ദവ വിശ്വാസങ്ങളെയൊന്നും ഒരളവിലും ഹനിക്കുന്ന ഒരു വാക്കും അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെവിടെയുമില്ല. അതുകൊണ്ടുതന്നെ മാപ്പ് പറയേണ്ട ആവശ്യവുമില്ല. ഇല്ലാത്ത ഇഷ്യു ഉണ്ടെന്നുവരുത്തുന്ന പഴങ്കഥയിലെ മാംസഭോജികളെ പോലെ രംഗത്തിറങ്ങിരിയിരിക്കുന്നവര്‍ ആട്ടിനെ പട്ടിയാക്കി, പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാമെന്ന് കരുതേണ്ട. ഇത്തരം വര്‍ഗീയ നുണപ്രചാരണങ്ങളെയും വിഭജന നീക്കങ്ങളെയും ശക്തമായി കേരളം പ്രതിരോധിക്കും. യഥാര്‍ത്ഥത്തല്‍ മാപ്പ്​ പറയേണ്ടത് ഭരണഘടനക്കും ജനാധിപത്യ ആശയങ്ങള്‍ക്കുമെതിരെ ജനങ്ങളെ തിരിച്ചുവിടാനായി തെറ്റിധാരണ പരത്തുന്നവരാണ്. ആര്‍ എസ് എസും അവരോടൊപ്പം സമുദായ ധ്രുവീകരണമുണ്ടാക്കാന്‍ നോക്കിയ സുകുമാരന്‍നായരുമാണ് മാപ്പ് പറയേണ്ടത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, വിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതോടൊപ്പം ആര്‍ട്ടിക്കിള്‍26, സമൂഹത്തിന്റെ ആരോഗ്യത്തിന് ഹാനികരമാവുന്ന വിശ്വാസ പ്രചാരണങ്ങളൊന്നും പാടില്ലെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. ശാസ്ത്രാവബോധം പ്രചരിപ്പിക്കാനുള്ള പൗരരുടെ ഭരണഘടനാ ഉത്തരവാദിത്വമാണ് ഷംസീര്‍ തന്റെ പ്രസംഗത്തിലൂടെ നിര്‍വഹിച്ചത്. ഭരണഘടന അനുശാസിക്കുന്നതിന് വിരുദ്ധമായി, ശാസ്ത്രാവബോധത്തിന് ഭീഷണിയാവുന്ന തരത്തില്‍മിത്തുകളെയും ഇതിഹാസങ്ങളെയും ശാസ്ത്രവും ചരിത്രവുമാക്കുന്നതാണ്​ വിമര്‍ശന വിധേയമായത്. പാഠപുസ്തകങ്ങളില്‍ വരുന്ന മാറ്റത്തെ കുറിച്ചാണ് ഷംസീര്‍ സംസാരിച്ചത്. അതിനെ ദൈവനിന്ദയും ഹൈന്ദവ വിരുദ്ധതയുമാക്കി പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ നോക്കിയവര്‍ സമുദായമൈത്രിക്കെതിരെ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുകയാണ് ചെയ്തത്.
ഗുരുതരമായ അപരാധമാണിത്.

Comments