ഈ ഗണപതി ഹോമം കൊണ്ട്​ മാറുമോ,
സുകുമാരൻ നായരുടെ വിഘ്​നം ?

ഷംസീറിന്റെ പ്രസംഗത്തിനെതിരെ നടത്തുന്ന ഗണപതിഹോമവും നാമജപവും പാർലമെന്റ് തെരഞ്ഞെടുപ്പിൽ ‘യു ഡി എഫിന് എന്റെ വക ഒരു കൈ സഹായം’ എന്ന മട്ടിലും യു ഡി എഫ് ജയിച്ചാൽ ‘എന്റെ അക്കൗണ്ടിലെ ജയം’ എന്നമട്ടിലും എണ്ണാം എന്നതാവും സുകുമാരൻ നായരുടെ ചിന്ത. എന്നാൽ തീക്കൊള്ളികൊണ്ടുള്ള തല ചൊറിയലാണ് സുകുമാരൻനായർ നടത്തുന്നത്. മണിപ്പുരും ഹരിയാനയും കൺമുന്നിൽ കത്തുന്ന കാലത്ത്, ഒരു വർഗീയ മുദ്രാവാക്യവുമായി ഇറങ്ങുന്നത് വലിയ അപകടം ചെയ്യും.

മൂന്നു കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയാനുള്ളത്.

ഒന്ന്: എൻ എസ്​ എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രഖ്യാപിച്ചിരിക്കുന്ന ശബരിമല മോഡൽ വിശ്വാസ സംരക്ഷണ രാഷ്ട്രീയനാടകം.

രണ്ട്: സുകുമാരൻ നായർ സുവർണാവസരമായി കണക്കിലെടുത്തിരിക്കുന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ പ്രസംഗം.

മൂന്ന്: പാഠപുസ്തകങ്ങളിലും പൊതുബോധനിർമ്മിതിയിലും അന്ധവിശ്വാസ പ്രചാരണം രാഷ്ട്രീയപദ്ധതിയായി നടപ്പാക്കുന്ന സംഘപരിവാറിന്റെ ശാസ്ത്രവിരുദ്ധത.

ഏതാണ്ട് മൂന്നുവർഷം മുമ്പ് നടന്ന ഒരു സംഭവം ഓർമപ്പെടുത്തിക്കൊണ്ട് വിഷയത്തിലേക്കുവരാം. ഛത്തീസ്ഗഢിലെ റായ്പൂരിനടുത്ത് ബാഗ്ബഹാർ എന്ന കൊച്ച് കർഷക ഗ്രാമത്തിൽ പാടത്ത് പണിയെടുത്തുകൊണ്ടിരുന്ന മൂന്നുപേർക്ക് ശക്തമായ മിന്നലേറ്റു. മൂവരേയും എത്രയും പെട്ടന്ന് ആശുപത്രിയിലെത്തിക്കാനല്ല നാട്ടുകാരും വീട്ടുകാരും ശ്രമിച്ചത്. ശരീരമാസകലം പൊള്ളിയടർന്നവരെ കഴുത്തൊപ്പം ചാണകത്തിൽ കുഴിച്ചിട്ടു. നമുക്കത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല, പക്ഷേ ചാണകത്തിന്റെ അമൂല്യമായ ഔഷധസിദ്ധിയെക്കുറിച്ചുള്ള കപടശാസ്ത്ര പ്രചാരണങ്ങളിൽ വിശ്വാസമർപ്പിച്ച് ഗ്രാമീണർ പൊള്ളലേറ്റ തങ്ങളുടെ പ്രിയപ്പെട്ടവർ സുഖപ്പെടുമെന്നുതന്നെ കരുതിയാണ് ചാണകത്തിൽ കുഴിച്ചിട്ടത്. പിന്നീട് പോലീസെത്തി മൂവരേയും ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും രണ്ടുപേർ- ചമ്പാ റാവത്ത് എന്ന ഇരുപതുകാരിയും സുനിൽ സായി എന്ന ഇരുപത്തിരണ്ടുകാരനും- ചാണക ചികിത്സയുടെ രക്തസാക്ഷികളായി ജീവൻ വെടിഞ്ഞു. ഗുരുതരാവസ്ഥയിലായിരുന്ന മറ്റൊരാൾ കഷ്ടിച്ച് രക്ഷപ്പെട്ടു.

ഈ ദുരന്തം സംഭവിച്ചതിന് രണ്ടുവർഷം മുമ്പ് സംഭവിച്ച മറ്റൊരു ദുരന്തം കൂടി വിശദീകരിച്ചാൽ ഈ കപടശാസ്ത്രത്തെ മതവിശ്വാസത്തിന്റെ ഭാഗമാണെന്ന് പ്രചരിപ്പിച്ച് പൗരരുടെ ശാസ്ത്രബോധത്തെ നൂറ്റാണ്ടുകൾ പിന്നിലേയ്ക്ക് കൊണ്ടുപോയവർ ആരെന്ന് പിടികിട്ടും.

2017-ൽ നരേന്ദ്രമോദി സർക്കാർ ഒരു തീരുമാനമെടുത്തു. പശുവിന്റെ ചാണകത്തിനും മൂത്രത്തിനും ഉള്ള ഔഷധഗുണങ്ങളെക്കുറിച്ച് പഠിക്കാൻ കോടികളുടെ ധനസഹായപദ്ധതി പ്രഖ്യാപിച്ചു. പശുവിന്റെ വിസർജ്യത്തിന് കാൻസറടക്കമുള്ള രോഗങ്ങളെ ചെറുക്കാനുള്ള കഴിവുണ്ടെന്ന കപടശാസ്ത്രവാദികളുടെ പ്രചാരണത്തിന് ആധികാരികത കൊടുക്കാൻ ബോധപൂർവ്വം നടത്തിയ ഇടപെടലായിരുന്നു അത്. Scientific utilisation through research augmentation- prime products from indigenes cows അഥവാ sutra-pic എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്.

‘ഔദ്യോഗിക
കപടശാസ്​ത്രം’

2014-ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതുമുതൽ ഹിന്ദുത്വ ദേശീയതയെ അടിസ്ഥാനമാക്കിയുള്ള കപടശാസ്ത്ര പ്രചാരണങ്ങൾക്ക് ആധികാരികത നൽകാനുള്ള ഔദ്യോഗിക ഇടപെടൽ ശക്തമായിരുന്നു. 2017-നുശേഷമാണ് ഇന്ത്യയിലെമ്പാടും ഔഷധമെന്ന പേരിൽ ഇത്ര വ്യാപകമായി പശു വിസർജ്യം കുപ്പിയിലും പാത്രത്തിലുമായി മാളുകളിലും സൂപ്പർമാർക്കറ്റിലും മരുന്നുകടകളിൽത്തന്നെയും എത്തിത്തുടങ്ങിയത്.

ഗുരുതരമായ രോഗാവസ്ഥയിൽ ചികിത്സ തേടാതെ ചാണകവും മൂത്രവും സേവിച്ച് മരിച്ചൊടുങ്ങിയവരുടെ കണക്കെടുക്കാനാണ് ഇനി ഒരു പഠനം വേണ്ടത്.

കോവിഡ്​ കാലത്തെ ശാസ്ത്ര വിരുദ്ധ പ്രചാരണത്തിന്റെ ഭീകരത കൂടി പറഞ്ഞ് നമുക്ക് സുകുമാരൻ നായരിലേയ്ക്ക് വരാം. കോവിഡ് കാലത്ത് പാത്രം കൊട്ടാനും വിളക്ക് തെളിക്കാനുമൊക്കെ പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തെ വീട്ടിലടച്ചിരുന്ന ദുരന്തകാലത്ത് പ്രത്യാശ കൈവിടാതിരിക്കാനുള്ള പൊടിക്കൈകളായി വ്യാഖ്യാനിക്കുന്നവരുണ്ട്, പക്ഷേ അതൊക്കെ ആൾക്കൂട്ട ആഘോഷമാക്കി മാറ്റിയത് കപടശാസ്ത്രപ്രചാരണത്തിന് അടിമകളായ സംഘപരിവാർ നേതാക്കളും അണികളുമാണ്. പാത്രം കൊട്ടി കൊറോണ വൈറസിന്റെ ചെവി തകർക്കാൻ സ്യൂഡോ സയൻസ് അടിമകൾ കൂട്ടത്തോടെ ഇറങ്ങി ‘ഗോ കൊറോണാ ഗോ’ എന്ന് മുദ്രാവാക്യം വിളിച്ചു.

‘ഗോ കൊറോണാ ഗോ’ മുദ്രാവാക്യം വിളിക്കുന്ന കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല
‘ഗോ കൊറോണാ ഗോ’ മുദ്രാവാക്യം വിളിക്കുന്ന കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല

അമിത് മാളവ്യയുടെ നേതൃത്വത്തിലുള്ള ബി ജെ പി ഐ.ടി സെൽ കൊറോണക്കാലത്ത് ഓവർടൈം പണിയെടുത്തത് ഗോമൂത്ര മാർക്കറ്റിങ്ങിനാണ്. ആൺമക്കളുടെ എണ്ണത്തിനൊപ്പം ദീപം തെളിച്ചാൽ കോവിഡ് ഒഴിഞ്ഞുപോകുമെന്ന് വാട്​സ്​ആപ്​ യൂണിവേഴ്‌സിറ്റി കേശവൻമാമൻമാരെ ഉദ്‌ബോധിപ്പിച്ചു. ബാബാ രാംദേവ് കിറ്റൊന്നുക്ക് 600 രൂപ വിലയ്ക്ക് കൊറോനിൽ എന്ന ഉഡായ്പ് മരുന്നിറക്കി കാശ് വാരി. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും ഹർഷ് വർദ്ധനും ബാബാരാംദേവിന്റെ ഇടം വലം നിന്ന് കയ്യടിച്ചു. ലോകാരോഗ്യസംഘടന വരെ കൊറോനിലിന്റെ തട്ടിപ്പ് വിളിച്ചുപറഞ്ഞെങ്കിലും പല സംസ്ഥാന സർക്കാരുകളും കിട്ടിയ പിടിവള്ളി എന്ന മട്ടിൽ ഒരു ഹിന്ദുത്വ ഔഷധമായിത്തന്നെ ബാബാരാംദേവിന്റെ കൊറോനിൽ വിതരണം ചെയ്തു. രാം ദേവിനെ അറസ്റ്റ് ചെയ്യണമെന്ന് മുൻ ഐ.എം.എ മേധാവി വിനയ് അഗർവാൾ ആവശ്യപ്പെട്ടു, എന്നിട്ടും കേന്ദ്രസർക്കാർ രാംദേവിനെ പിന്തുണച്ചു.

നമ്മൾ കണ്ടുതീർത്ത ചെയ്തുതീർത്ത അനുഭവിച്ചുതീർത്ത ചില മണ്ടത്തരങ്ങളേക്കുറിച്ച് ഇങ്ങനെ ഇടയ്ക്കിടെ ഒന്ന് തിരിഞ്ഞുനോക്കി പോകുന്നത് നല്ലതാണ്, ഓർമ്മശക്തി കൂടിക്കോളും. അന്ന് കേന്ദ്ര സഹമന്ത്രിയായിരുന്ന അർജുൻ രാം മേഘ്വാൾ വളരെ നൂതനവും വ്യത്യസ്തവുമായ ഒരു മരുന്ന് അവതരിപ്പിച്ചിരുന്നു, ഭാഭി ജി പാപ്പട്. ആ പപ്പടം കഴിച്ചാൽ കോവിഡ് പമ്പകടക്കുമത്രേ. അതേതായാലും അധികകാലം നീണ്ടുനിന്നില്ല ഒന്നുരണ്ടാഴ്ചയ്ക്കകം കോവിഡ് പിടിച്ച് അവശനായതിനെ തുടർന്ന് അർജുൻ രാം മേഘ്വാൾ പപ്പടമാർക്കറ്റിംഗ് അവസാനിപ്പിച്ചു. ഗോമൂത്രം കുടിച്ച് പണ്ടേ കാൻസർ മാറിയെന്ന് അവകാശപ്പെടുന്ന ബി ജെ പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂർ കോവിഡ് മാറ്റാൻ നാട്ടുകാർക്ക് പ്രിസ്‌ക്രൈബ് ചെയ്തത് പശുവിന്റെ മൂത്രം തന്നെയാണ്. ഒടുവിൽ പലയിടത്തും ചാണക പാർട്ടികൾ, അതായത് ചാണകം പുരട്ടി മൂത്രം കുടിച്ച് തൈരിൽ കുളിച്ച് നടത്തിയ ആൾക്കൂട്ടപാർട്ടികളേക്കുറിച്ചുള്ള വാർത്തകൾ ആരും മറന്നിട്ടുണ്ടാവില്ല. ശംഖ് ഊതി കോവിഡിനെ ഓടിച്ച ബി ജെ പി എം.പി ഉഷാ ഠാക്കൂറും മൂക്കിൽ നാരങ്ങാ പിഴിഞ്ഞൊഴിച്ച കർണാടകയിലെ നേതാവ് വിജയ് സംഗേശ്വറുമടക്കം മിക്കവാറും എല്ലാ ബി ജെ പി നേതാക്കളും കോവിഡ് കാലത്ത് അന്ധവിശ്വാസ പ്രചാരണത്തിൽ ആറാടി. എല്ലാത്തിനും കൃത്യമായി ഹിന്ദുത്വയുടെ അലുക്കും തൊങ്ങലും ചാർത്തി. ഐ.എം.എ അടക്കം ആരോഗ്യമേഖലയിലെ പല സംഘടനകളും പറഞ്ഞുമടുത്ത് പിൻവാങ്ങി.

ബ്ലാക് ഫംഗസിന്റെ വ്യാപനത്തിന് കാരണമാകും എന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് വന്നതിനുശേഷമാണ് ചാണകക്കുളി പൊടിക്ക് അടങ്ങിയത്. കോവിഡ് ബാധിച്ച എത്രപേർ ഈ സംഘപരിവാർ നേതാക്കളുടെ ഉപദേശം വിശ്വസിച്ച് ചാണക ചികിത്സയുമായിക്കിടന്ന് മരിച്ചിട്ടുണ്ടാകും എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ, അതിനൊക്കെ ആരെങ്കിലും കണക്കെടുത്തിട്ടുണ്ടാകുമോ?

ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂർ
ബി.ജെ.പി എം.പി പ്രഗ്യാ സിംഗ് ഠാക്കൂർ

അന്നത്തെ അസംബന്ധനാടകങ്ങൾക്കെല്ലാം ഒടുവിൽ ഈ വർഷം ഇന്ത്യൻ വെറ്റിനറി സയൻസ് ഇൻസ്റ്റിറ്റ്യൂട്ട്​ ഒരു പഠനറിപ്പോർട്ട് പുറത്തുവിട്ടു. പശു വിസർജ്യത്തിന് ഔഷധമുണ്ടെന്ന ഹിന്ദുത്വലോബിയുടെ അവകാശവാദങ്ങളെ ആധികാരികമായി തള്ളിക്കളയുന്നതായിരുന്നു ആ റിപ്പോർട്ട്​, മാത്രമല്ല പശുവിസർജ്യം ഔഷധമാണെന്നമട്ടിൽ മനുഷ്യർ ഉപയോഗിച്ചാൽ ഗുരുതരമായ രോഗബാധയുണ്ടെന്നും കണ്ടെത്തി. പക്ഷേ എന്ത് ഫലം, ശാസ്ത്രീയ ചിന്തയിലും യുക്തിബോധത്തിലും പതിറ്റാണ്ടുകൾകൊണ്ട് ആർജ്ജിച്ച വളർച്ചയെ നൂറ്റാണ്ടുകൾ പിന്നോട്ടടിക്കാൻ കഴിഞ്ഞ പത്തുവർഷത്തെ ചാണകരാഷ്ട്രീയ്ത്തിന് കഴിഞ്ഞിട്ടുണ്ട്.

എല്ലാ ചാണകഔഷധങ്ങളും മാർക്കറ്റിൽ കോടികൾ വാരുകയാണ്, ഇനിയെത്ര വാരാനിരിക്കുന്നു, അതിലൂടെ എത്ര തലമുറ അശാസ്ത്രീയതയുടെ ദുരന്തകാലത്തിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. അശാസ്ത്രീയതയുടെ പ്രചാരണം ഒരു സമൂഹത്തിനുമേൽ എങ്ങനെ ദുരന്തമായി പതിക്കുന്നു എന്നത് ഉദാഹരിക്കാൻ കോവിഡ് കാലംതന്നെ മതി.

ഷംസീർ പറഞ്ഞതും
സുകുമാരൻ നായർ കേട്ടതും

ഇപ്പോൾ ശാസ്ത്രത്തിനുമേൽ മിത്തിനെ സ്ഥാപിക്കാനിറങ്ങിയിരിക്കുന്ന ജി. സുകുമാരൻനായരും വി. മുരളീധരനുമടക്കമുള്ളവർ എന്തായാലും കോവിഡ് ബാധിച്ചാൽ ചാണക ചികിത്സ നടത്തും എന്ന് കരുതാനാവില്ല. പകരം ചാണകത്തിന്റെ രാഷ്ട്രീയസാധ്യത അവർ തേടും. ഇന്ത്യയിലെ വിദ്യാഭ്യാസമേഖലയേക്കുറിച്ച്, അതിന്റെ പുതിയകാല രീതികളേക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞ കാര്യങ്ങളിൽ വിയോജിച്ചവരെ ചില കാര്യങ്ങൾകൂടി ഓർമ്മിപ്പിക്കാനുണ്ട്, എൻ എസ്​ എസ് ജനറൽ സെക്രട്ടറി സുകുമാരൻനായർക്കും കൈവെട്ട് ഭീഷണി മുഴക്കിയ യുവമോർച്ചയ്ക്കും മാത്രമല്ല ഷംസീർ പറഞ്ഞതിനോട് യോജിപ്പുള്ളവർക്കും കേൾക്കാവുന്നതാണ്.

എ.എന്‍. ഷംസീര്‍
എ.എന്‍. ഷംസീര്‍

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51 A ഇന്ത്യൻ പൗരരുടെ കടമകളെ നിർവ്വചിച്ചിട്ടുണ്ട്. അതിൽ എട്ടാമതായി പറയുന്ന കാര്യങ്ങൾ കേരളത്തിലും പൊതുവിൽ ഇന്ത്യൻ സാഹചര്യത്തിൽ പ്രത്യേകിച്ചും ഏറെ പ്രസക്തമാണ്. ശാസ്ത്രീയ ചിന്തയും മാനവികതയും അന്വേഷണത്തിനും പരിഷ്‌കാരത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തവുമാണ് ഇന്ത്യയിലെ പൗരരുടെ കടമകളിൽ എട്ടാമത്തേതായി ഭരണഘടന ഉറപ്പിക്കുന്നത്.
അതുമാത്രമാണ് സ്പീക്കർ എ.എൻ. ഷംസീർ നിർവ്വഹിച്ചിട്ടുള്ളതും.

2014-ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം രാജ്യത്തെ ശാസ്ത്രസ്ഥാപനങ്ങളിൽ ഹിന്ദുത്വ മത-പുരാണ സംസ്‌കാരം ആക്രമണാത്മകമായി പ്രചരിപ്പിക്കപ്പെടുകയാണ്. ഭരണഘടനാവിരുദ്ധമാണത്. ആർ എസ്​ എസിന്റെ ശാസ്ത്രവിഭാഗമായ വിജ്ഞാനഭാരതി അഥവാ വിഭ, ശാസ്ത്രസാങ്കേതിക വിദ്യയിലൂടെ ഇന്ത്യയുടെ വികസനം ലക്ഷ്യമിടുന്ന സംഘടനയാണെന്നാണ് സങ്കൽപം. പക്ഷേ സ്വദേശി ശാസ്ത്രം എന്ന മട്ടിൽ പരമ്പരാഗത വിശ്വാസങ്ങളേയും ഹിന്ദു ആത്മീയതയേയും ശാസ്ത്രീയം എന്ന മട്ടിൽ അവതരിപ്പിക്കാനാണ് ഇപ്പോൾ അവരുടെ ശ്രമം.

ആർ എസ്​ എസിൽ തന്നെ കപടശാസ്ത്രത്തെ എതിർക്കുന്നവരുമുണ്ട്. ഷംസീറിന്റെ പ്രസംഗം വിവാദമായതിനുശേഷം ആർ എസ്​ എസ് സൈദ്ധാന്തികനായ ആർ. ഹരി എന്ന രങ്കഹരിയുടെ ഒരു പ്രസംഗം പ്രചരിച്ചുകണ്ടു. ലോകത്തെ ആദ്യത്തെ വിമാനമാണ് പുഷ്പകവിമാനം എന്ന മട്ടിലുള്ള സംഘപരിവാർ പ്രചാരണത്തെ 'സ്യൂഡോ സയൻസ്' എന്ന് പരിഹസിക്കുകയാണ് അദ്ദേഹം. പക്ഷേ എന്ത് കാര്യം, അമിത് മാളവ്യയുടെ കേശവൻമാമൻമാർ ആർ. ഹരിയുടെ വിമർശനം ഒരു ചെവിയിലൂടെ എടുത്ത് മറുചെവിയിലൂടെ കളയും, എന്നിട്ട് പശൂമ്പയുടെ കൊമ്പിൽ റേഡിയോ ആക്ടീവ് തരംഗങ്ങളുണ്ടെന്ന ഗോപാലകൃഷ്ണന്റെ പ്രസംഗവും ചന്ദ്രഗ്രഹണദിവസം ഭക്ഷണം വിഷമാകുമെന്ന ആൾ ദൈവം ജഗ്ഗി വാസുദേവിന്റെ മണ്ടത്തരവുമൊക്കെ പത്ത് പേർക്ക്കൂടി ഷെയർ ചെയ്യും. ആർ. ഹരി പറഞ്ഞതുതന്നെയാണ് എ.എൻ. ഷംസീറും പറഞ്ഞത്. പക്ഷേ ആർ. ഹരി പറഞ്ഞതെന്താണെന്ന് വി. മുരളീധരനും ജി. സുകുമാരൻ നായർക്കും അറിയില്ല, എന്നാൽ എ. എൻ. ഷംസീർ എന്ന പേര് ഏത് മതക്കാരന്റേതാണെന്ന് നന്നായറിയാം.

ജഗ്ഗി വാസുദേവ്
ജഗ്ഗി വാസുദേവ്

2014-ൽ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി മുബൈയിൽ ഡോക്ടർമാരെ മുന്നിലിരുത്തി പ്രസംഗിച്ചത്, ഗണപതിയുടെ തല മാറ്റിവച്ച കഥ പ്രാചീന ഭാരതത്തിലെ പ്ലാസ്റ്റിക് സർജ്ജറിക്ക് തെളിവാണ് എന്നാണ്. ഹിന്ദുത്വ പാരമ്പര്യത്തിൽ അഭിമാനം കൊള്ളാനുള്ള ആശാന്റെ ആഹ്വാനം ആവേശത്തോടെ കേട്ട ശിഷ്യൻമാരെപ്പോലെയായി മറ്റ് മന്ത്രിമാരും ബി ജെ പി നേതാക്കളും ഹിന്ദുത്വവാദികളായ ശാസ്ത്രജ്ഞർ തന്നേയും. പിന്നീട് ശാസ്​ത്ര കോൺഗ്രസിൽ നടന്ന ചർച്ചകളൊക്കെ വിദേശമാധ്യമങ്ങളിൽ തമാശക്കഥകളായി. 7000 വർഷം മുമ്പ് അന്യഗ്രഹങ്ങളിലേയ്ക്ക് യാത്രചെയ്യാൻ പറ്റുന്ന 40 എഞ്ചിനുള്ള വിമാനം കണ്ടുപിടിച്ചെന്നൊക്ക ശാസ്ത്ര കോൺഗ്രസ് ചർച്ച ചെയ്തു. ആ ആർഷ ഭാരതീയ പോരിശയുടെ തമാശ ഇപ്പോഴും വാഷിംഗ്ടൺ പോസ്റ്റിൽ വാർത്തയായി കിടപ്പുണ്ട്.

പൈതഗോറസ് സിദ്ധാന്തം കണ്ടുപിടിച്ചത് ഇന്ത്യയാണെന്നും അതിന്റെ ക്രെഡിറ്റ് ഗ്രീക്കുകാർ അടിച്ചുമാറ്റിയെന്നും ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രിയായിരുന്ന ഹർഷവർദ്ധൻ തന്നെയാണ് പറഞ്ഞത്.
വിശാഖപട്ടണത്തെ ആന്ധ്ര സർവ്വകലാശാലയുടെ വൈസ് ചാൻസലർ ജി. നാഗേശ്വരറാവു വാചാലനായത് പ്രാചീനഭാരതത്തിൽ ഉണ്ടായിരുന്ന സ്റ്റെം സെൽ ഗവേഷണത്തേക്കുറിച്ചാണ്. മഹാഭാരതകഥയിലെ ഗാന്ധാരിക്ക് നൂറുമക്കളുണ്ടായത് അങ്ങനെയാണെന്ന് അദ്ദേഹത്തിന് സമർത്ഥിക്കാനുള്ള ധൈര്യം പ്രധാനമന്ത്രിയിൽ നിന്നുതന്നെ കിട്ടിയതാവണം. മനുഷ്യന്റെ ഭാവിജീവിതത്തെ നിർണയിക്കുന്ന തരത്തിൽ രത്‌നക്കല്ലുകൾ ധരിക്കുന്നതിനെക്കുറിച്ച് പഠിക്കണമെന്ന് വാദിച്ചത് ജവഹർലാൽ നെഹ്​റു സർവ്വകലാശാല ചാൻസലറും തിരുവനന്തപുരത്തെ ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ പ്രസിഡന്റുമായ വിജയ്കുമാർ സാരസ്വത് ആണത്രേ. അദ്ദേഹം മുമ്പ് പറഞ്ഞ ആർ എസ്​ എസ് സംഘടനയായ ‘വിഭ’യുടെ ഉപദേശകസമിതി അംഗം കൂടിയാണ്, പോരാത്തതിന് പ്രതിരോധമന്ത്രിയുടെ മുൻ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവുമായിരുന്നു.

ഹർഷവർദ്ധൻ
ഹർഷവർദ്ധൻ

ഇങ്ങനെ ഇന്ത്യയിൽ ആധികാരികമായി മണ്ടത്തരങ്ങൾ പറയുന്നത് മഹത്തരവും ഭരണഘടനാനുസൃതമായി ശാസ്ത്രീയ ചിന്ത പ്രചരിപ്പിക്കുന്നത് പാതകവുമാകുന്ന കാലത്താണ് ലോകം ആർട്ടിഫിഷ്യൽ ഇൻലിജൻസിലേയ്ക്ക് കടക്കുന്നത്. അപ്പോൾ ഈ ഹിന്ദുത്വവാദികൾ എന്ത് പറയും എന്ന ചോദ്യത്തിന്, ‘എല്ലാം മായ’ എന്ന് അവർ ഉത്തരം തരും, നമ്മൾ അന്തംവിടും.

എൻ.സി.ഇ.ആർ.ടിയുടെ
മിത്തുവിദ്യ

വിശ്വാസത്തിന്റെ വാൾത്തലപ്പിൽ എ.എൻ. ഷംസീറിനെ വെട്ടാനിറങ്ങിയിരിക്കുന്ന സുകുമാരൻനായരുടെ നായർ പട സ്വന്തം മക്കളുടെ പാഠപുസ്തകങ്ങൾ വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കണം. സ്വാതന്ത്ര്യം മുതൽ സോഷ്യലിസം വരെ, മൗലാനാ അബ്ദുൾകലാം ആസാദ് മുതൽ അഷ്ഫാഖുള്ളാ ഖാൻ വരെ, മുഗൾ ഭരണം മുതൽ ടിപ്പു സുൽത്താൻ വരെ, വെട്ടിനിരത്തപ്പെട്ട പുസ്തകമാണ് ഇപ്പോൾ മക്കളുടെ കയ്യിലുള്ളത്. ജനാധിപത്യം, നാനാത്വം, പ്രക്ഷോഭങ്ങൾ തുടങ്ങി ആർ എസ് എസിനും സംഘപരിവാറിനും അവകാശപ്പെടാൻ ഒന്നുമില്ലാത്ത കാര്യങ്ങളെല്ലാം എൻ.സി.ഇ.ആർ.ടി സിലബസിൽനിന്ന് ചിതറി. സംഘപരിവാർ ഇലക്ടറൽ ഓട്ടോക്രസിയിലേയ്ക്ക് നയിക്കുന്ന ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെ എന്ന് കുട്ടികൾ പഠിക്കേണ്ടതില്ല എന്ന വ്യക്തമായ ധാരണയും കേന്ദ്രസർക്കാരിനുണ്ട്. ഇതൊക്കെ വെട്ടിനിരത്തപ്പെട്ടപ്പോൾ ചരിത്രത്തെ പാഠപുസ്തകങ്ങളിൽ പിച്ചിച്ചീന്തിയപ്പോൾ ഈ സുകുമാരൻനായർ എവിടെയായിരുന്നു?. സർക്കാർ ശമ്പളത്തിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് സ്‌കൂളുകളും കോളേജുകളും കൈവശം ഉണ്ടായിരുന്നിട്ടും ജി. സുകുമാരൻ നായരെ ഈ കടുംവെട്ട് ആരും അറിയിച്ചില്ലേ?.

മഹാത്മാഗാന്ധിക്കൊപ്പം, ജവഹർലാൽനെഹൃവിനൊപ്പം തോളോട്തോൾ പ്രവർത്തിച്ച ചരിത്രം കേരളത്തിലെ നായർ സമൂഹത്തിനുണ്ട്. അത് ജി. സുകുമാരൻനായർ മറന്നോ? വിശ്വാസ സംരക്ഷണത്തോളം വേണ്ട അതിന്റെ പകുതിയെങ്കിലും ചരിത്രസംരക്ഷണത്തിനായി വിയർക്കണ്ടേ?

പക്ഷപാതപരവും കാലഹരണപ്പെട്ടതുമായ ചരിത്രപഠനരീതിയാണ് ഇപ്പോൾ എൻ.സി.ഇ.ആർ.ടിയുടേത്. മന്ത്രിമാരും നേതാക്കൻമാരും പലതും പറയും, പക്ഷേ അതൊന്നും പാഠപുസ്തകത്തിലില്ലല്ലോ എന്നാണ് സംഘപരിവാറിന്റെ ടി.വി. മുഖങ്ങൾ വാദിക്കുന്നത്. അതാണോ സത്യം?

ചരിത്രവും കെട്ടുകഥകളും തമ്മിലുള്ള വ്യത്യാസമില്ലാതെയാണ് എൻ.സി.ഇ.ആർ.ടി പുതിയ പാഠപുസ്തകങ്ങൾ അവതരിപ്പിക്കുന്നത്. ആറാം ക്ലാസിലെ ചരിത്രപാഠപുസ്തകത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം രാമായണകാലം മുതൽക്കുള്ളതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചരിത്രവും മിത്തും തമ്മിലുള്ള അതിർവരമ്പ് അവിടെ മായ്ക്കപ്പെട്ടു എന്നതാണ് സത്യം. ശാസ്ത്രീയമായി തെളിവുകളുള്ള കാലങ്ങൾക്കിടയിൽ ഒരു രാമായണകാലം. കൈലാസവും വൈകുണ്ഠവും വിശുദ്ധപർവ്വതങ്ങളും ഗംഗയും സരസ്വതിയും കാവേരിയും വിശുദ്ധനദികളായും ഇനി കുട്ടികൾ പഠിക്കണം. ഇന്ത്യനതിർത്തിയിലല്ലെങ്കിലും കൈലാസം നമുക്കുമുന്നിൽ ഉള്ള ഒരു പർവ്വതവും വൈകുണ്ഠം ഉണ്ട് എന്ന് ഹിന്ദുമതവിശ്വാസികൾ കരുതുന്ന ഒരു സാങ്കൽപിക പർവ്വതവുമാണ്. രണ്ടും ചരിത്രഅടയാളങ്ങളായി പുതിയ പാഠപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.ഇല്ലാത്ത സരസ്വതീനദിയെ കുട്ടികൾ സങ്കൽപ്പത്തിൽ കാണണം.

എല്ലാ കണ്ടെത്തലുകളുടേയും കാലം വേദകാലമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് എൻ.സി.ഇ.ആർ.ടി പുതിയ പാഠപുസ്തകങ്ങളിലൂടെ ശ്രമിക്കുന്നത്. അതാണ് സംഘപരിവാറിന്റെ രാഷ്ട്രീയത്തിന് വേണ്ടതും. പ്രാചീന ഇന്ത്യയെക്കുറിച്ചുള്ള പതിനൊന്നാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ പശുവിനെ കൊല്ലരുതെന്നും കൊല്ലുന്നവർക്ക് വധശിക്ഷയായിരുന്നു കൊടുത്തിരുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ വിശേഷാവസരത്തിൽ പശുവിനെ കൊന്നിരുന്നതിനേക്കുറിച്ചോ മാസം വിളമ്പിയിരുന്നതിനേക്കുറിച്ചോ പാഠപുസ്തകത്തിൽ ഒന്നും പറയാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. പശുവിനെ കൊന്നവർക്കുള്ള ശിക്ഷ ഇത്തരത്തിൽ വേദങ്ങളിലല്ല പിന്നീട് ഏറെ കാലം കഴിഞ്ഞ് എഴുതപ്പെട്ട സ്മൃതികളിലാണ് ഉള്ളത് എന്ന കാര്യവും പുതിയ ചരിത്ര പാഠപുസ്തകങ്ങളിൽ മറച്ചുവച്ചു.

തൊട്ടുകൂടായ്മയ്ക്ക് കാരണം ബ്രാഹ്‌മണ്യം അല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും എൻ.സി.ഇ.ആർ.ടിയുടെ പുതിയ പാഠപുസ്തകങ്ങളിലുണ്ട്. വേദകാലത്ത് നാണയവിനിമയം ഉണ്ടായിരുന്നു എന്ന തെളിവില്ലാത്ത വാദവും വൈദികമതത്തിന്റെ ഔദ്ധത്യം ഉറപ്പിക്കാൻ എൻ.സി.ഇ.ആർ.ടി ഉൾപ്പെടുത്തിയിട്ടുണ്ട്. സൂര്യകേന്ദ്രീകൃതമായ ജ്യോതിശാസ്ത്രം മുതൽ പൂജ്യവും ദശാംശവുമൊക്കെ കണ്ടെത്തിയത് വേദകാലത്താണെന്ന പരിഹാസ്യമായ വാദവും പാഠഭാഗങ്ങളിലുണ്ട്. അതായത് എഴുത്ത് വശമില്ലായിരുന്ന കാലത്ത് പൂജ്യവും ദശാംശവും ഒക്കെ കണ്ടെത്തിയെന്ന്.വേദകാലം കഴിഞ്ഞ് എത്രയോ ദശാംദങ്ങൾക്കിപ്പുറമാണ് ആര്യഭട്ടന്റെ പിറവി. AD ആറാം നൂറ്റാണ്ട് വരെ പൂജ്യം ഇല്ലായിരുന്നു എന്നത് തെളിവുള്ള സംഗതിയായിരിക്കെ ലോകത്തിനുമുന്നിൽ നമ്മുടെ കുട്ടികളെ നാണം കെടുത്താനാണ് വേദകാലത്തിന്റെ ഡംഭ് പറയാൻ ചരിത്ര വിരുദ്ധത പഠിപ്പിക്കുന്നത്.

സുകുമാരൻ നായരുടെ
ലക്ഷ്യങ്ങൾ

ഇതൊന്നും ജി. സുകുമാരൻ നായർ അറിയാഞ്ഞിട്ടല്ല. പക്ഷേ ഈ ചരിത്രം തിരുത്തിയതും മിത്തുകളിൽ ഇനിയൊരു തലമുറയുടെ വിദ്യാഭ്യാസത്തെ തളച്ചതും സുകുമാരൻ നായർക്ക് രാഷ്ട്രീയം കളിക്കാനുള്ള വിഷയങ്ങളല്ലല്ലോ.

ഒരൊറ്റ ലക്ഷ്യമേ തൽക്കാലം ജി സുകുമാരൻ നായർക്കുള്ളൂ , അത് അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പാണ്.ഏഴുവർഷത്തിനിടെ രണ്ട് തവണയാണ് സുകുമാരൻനായർക്ക് കേരളരാഷ്ട്രീയത്തിൽ ചീട്ടിറക്കാൻ അവസരം കിട്ടിയത്.ശബരിമല യുവതീ പ്രവേശനവിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ 'വിശ്വാസസംരക്ഷണ സമരവുമായി' ഇറങ്ങിയപ്പോഴും ,കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും. കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങളും ഇടത് ഇതര സംഘപരിവാർ വിരുദ്ധരും ഒറ്റക്കെട്ടായി നിന്ന് യുഡിഎഫിനെ വിജയിപ്പിച്ച പാർലമെന്റ് തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വത്തിന്റെ ആവേശവും യുഡിഎഫിന്റെ പെട്ടിയിലെ വോട്ടായിമാറിയ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ പരാജയം പക്ഷേ എണ്ണപ്പെട്ടത് മറ്റൊരു തരത്തിലാണ്.

ജി. സുകുമാരന്‍ നായര്‍
ജി. സുകുമാരന്‍ നായര്‍

സുപ്രീംകോടതിയുടെ ശബരിമലവിധിക്കെതിരെ സുകുമാരൻനായരുടെ നേതൃത്വത്തിൽ നടന്ന സമരമാണ് ഇടതുമുന്നണിയുടെ പരാജയകാരണമെന്ന് യുഡിഎഫിലെ സുകുമാരൻ നായർ ഭക്തർ സാക്ഷ്യം പറഞ്ഞു.ഇടതുമുന്നണിയിലും അത് വിശ്വസിക്കുന്നവർ ഇപ്പോഴുമുണ്ട് എന്നതാണ് വേറൊരു തമാശ.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ജി സുകുമാരൻ നായർ കോൺഗ്രസിന് പിന്തുണ കൊടുത്തെങ്കിലും പണി പാളി.

അല്ലെങ്കിൽത്തന്നെ ജനസംഖ്യയുടെ പന്ത്രണ്ട് ശതമാനത്തിനുമേൽ വരുന്ന നായർ സമുദായത്തിലെ പകുതിയുടെ പകുതി പോലും സുകുമാരൻ നായർ പറയുന്നിടത്ത് വോട്ട് കുത്തുന്നവരല്ല. രാഷ്ട്രീയ നിലപാടുള്ളവരാണ് ഭൂരിഭാഗവും. ആകെ വോട്ടിന്റെ 12 ശതമാനം കിട്ടുന്ന ബിജെപിയുടെ വോട്ട് ബാങ്ക് അഥവാ സിംഹഭാഗം നായർ സമുദായമാണ് എന്നതോർക്കണം. ബാക്കിയുള്ള നായർ സമുദായാംഗങ്ങൾ കോൺഗ്രസിലാണ്.

നായൻമാരിലെ ന്യൂനപക്ഷമാണ് ഇടതുപക്ഷത്തുള്ളത്. അവർ അവിടെ ഉറച്ചുനിൽക്കുന്നവരാണ്. നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ ജയപരാജയങ്ങൾ നിർണയിക്കപ്പെടുന്ന അപൂർവ്വം ചില മണ്ഡലങ്ങളിൽ സുകുമാരൻ നായരുടെ തന്ത്രങ്ങൾ ഏൽക്കുമെന്ന് തർക്കത്തിന് അംഗീകരിച്ചാൽത്തന്നെ കേരള രാഷ്ട്രീയത്തിൽ സുകുമാരൻ നായർക്കുള്ള സ്വാധീനശേഷി പരിമിതമാണ്. പക്ഷേ അതേക്കുറിച്ച് പഠിച്ച് സത്യം പറയാൻ ആരും തയ്യാറായിട്ടില്ല.അതിന്റെ ആനുകൂല്യത്തിൽ സുകുമാരൻ കരുത്തനായി തുടരുന്നു. കേരള രാഷ്ട്രീയത്തിൽ കരുത്തനാണെന്ന് കരുതാനാണ് സുകുമാരൻ നായർക്ക് ഇഷ്ടം. സുകുമാരൻ നായരുടെ ഇഷ്ടമാണ് പെരുന്നയിൽ ക്യൂ നിൽക്കുന്ന സകല നേതാക്കൻമാരുടേയും ഇഷ്ടം.

പതിനെട്ട് വർഷം ആർഎസ്എസ് ശാഖയിൽ ദണ്ഡ ചുഴറ്റിയ പഴങ്കഥയൊക്കെ പറയുമെങ്കിലും, എൻഎസ്എസ്സാണ് പിന്നീട് എന്റെ അഭിമാനമെന്ന് അവകാശപ്പെടുമെങ്കിലും അടിസ്ഥാനപരമായി ജി സുകുമാരൻ നായർ ഒരു കോൺഗ്രസുകാരനാണെന്ന് ആർഎസ്എസ്സിനുമറിയാം എൻഎസ് എസ്സിനുമറിയാം.അതുകൊണ്ടാണ് ആർഎസ്എസ്സുകാരായ നായർ സമുദായാംഗങ്ങൾ പ്രഖ്യാപിത സുകുമാരൻനായർ വിരുദ്ധരായി തുടരുന്നത്, ഒഴിവു സമയങ്ങളിൽ ജനറൽ സെകട്ടറിയുടെ ഫോണിലേയ്ക്ക് ഡയൽ ചെയ്യുന്നത്.

എൻഎസ്എസ്സിന്റെ എക്കാലത്തേയും വലിയ ആവശ്യമായിരുന്ന മുന്നോക്ക സംവരണം ഒരു പൂ പറിക്കുന്ന ലാഘവത്തോടെ നടപ്പാക്കിക്കൊടുത്ത പിണറായി സർക്കാരിനെ എന്നിട്ടും എതിർക്കാൻ തീരുമാനിച്ചത് സുകുമാരൻ നായരിലെ അടിയുറച്ച കോൺഗ്രസ് പക്ഷപാതിയാണ്.

പിണറായി സർക്കാരിന്റെ ഏറ്റവും വിമർശനാർഹമായ നടപടി മുന്നോക്ക സംവരണമായിരുന്നു. ഇപ്പോൾ എ എൻ ഷംസീറിന്റെ പ്രസംഗത്തിനെതിരെ നടത്തുന്ന നാമജപ യാത്ര പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് എന്റെ വക ഒരു കൈ സഹായം എന്ന മട്ടിലും യുഡിഎഫ് ജയിച്ചാൽ എന്റെ അക്കൗണ്ടിലെ ജയം എന്നമട്ടിലും എണ്ണാം എന്നതാണ് സുകുമാരൻ നായരുടെ ചിന്ത.എന്നാൽ തീക്കൊള്ളികൊണ്ടുള്ള തല ചൊറിയലാണ് സുകുമാരൻനായർ ഇപ്പോൾ നടത്തുന്നത്.മണിപ്പൂരും ഹരിയാനയും കൺമുന്നിൽ കത്തുന്ന കാലത്ത് ഒരു വർഗ്ഗീയ മുദ്രാവാക്യവുമായി ഇറങ്ങുന്നത് വലിയ അപകടം ചെയ്യും.വിശ്വാസ സംരക്ഷണമാണ് ലക്ഷ്യമെങ്കിൽ ജി സുകുമാരൻ നായർ ഷംസീറിനെതിരെ മുഴക്കുന്ന മുദ്രാവാക്യം ആർഎസ്എസ് നേതാവ് ആർ ഹരിക്കെതിരേയും കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരേയും ഉയർത്തണം.

അതല്ലെങ്കിൽ മുസ്​ലിം നാമധാരിയായ ഒരു കമ്യൂണിസ്റ്റുകാരനെ ഉന്നമിടുന്ന വർഗ്ഗീയവാദിമാത്രമായി ജി സുകുമാരൻ നായർ എണ്ണപ്പെടും.

എന്താണ് സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞത് എന്നതിന്റെ സംക്ഷിപ്തരൂപം ഒന്നുകൂടി പറഞ്ഞവസാനിപ്പിക്കാം.

‘‘ഞാൻ പഠിച്ച കാലത്ത് വിമാനം കണ്ടുപിടിച്ചതാരെന്ന ചോദ്യത്തിന് റൈറ്റ്​ സഹോദരൻമാരെന്നായിരുന്നു ഉത്തരമെങ്കിൽ ഇന്ന് ഹിന്ദു മിത്തോളജിയിലെ വിമാനമാണ് ഉത്തരമായി പഠിക്കേണ്ടിവരുന്നത്. ആധുനിക ചികിത്സാ രീതിയായ പ്ലാസ്റ്റിക് സർജ്ജറി ഏതാണെന്നതിന് ഗണപതിയുടെ തല വച്ചുപിടിപ്പിച്ചതാണെന്നത് ഉത്തരം പറയേണ്ടിവരുന്നു. ഇത്തരം മിത്തുകൾക്ക് പകരം ശാസ്ത്രമാണ് പഠിക്കേണ്ടത്.’’

ഇത് പറഞ്ഞത് വിശ്വാസികളെ വേദനിപ്പിച്ചെന്നാണ് ജി. സുകുമാരൻനായരുടെ വാദം.

ശാസ്ത്രം ഗണപതിയുടെ മേൽ മാത്രം അടിച്ചേൽപ്പിക്കുന്ന രീതിക്കെതിരെയാണ് സുകുമാരൻ നായരുടെ പ്രതിഷേധമത്രേ. ശാസ്ത്രമല്ല, വിശ്വാസമാണ് വലുതെന്നും മറ്റ് മതങ്ങളുടെ വിശ്വാസത്തെ എന്തുകൊണ്ട് വിമർശിക്കുന്നില്ലെന്നുമാണ് സുകുമാരൻനായർ ചോദിക്കുന്നത്.

ശാസ്ത്രവിരുദ്ധമായി കേന്ദ്ര സർക്കാർ ഹിന്ദു വിശ്വാസങ്ങളും മിത്തുകളുമാണ് ഹിന്ദുത്വപദ്ധതിയായി പാഠപുസ്തകങ്ങളിൽ തിരുകിക്കയറ്റുന്നത്, അതിനെയാണ് സ്പീക്കർ എ. എൻ. ഷംസീർ വിമർശിച്ചത്.

സുകുമാരൻ നായരുടെ നിലപാട് ജവഹർലാൽ നെഹ്​റുവിന്റെ കോൺഗ്രസ് ഏറ്റുപിടിക്കില്ല എന്ന് പ്രത്യാശിക്കാം. ‘മതമാണ് മതമാണ് മതമാണ് പ്രശ്‌നം’ എന്നു പ്രഖ്യാപിച്ച് മുസ്​ലിം ലീഗ് നാരങ്ങാ വെള്ളം കലക്കാൻ ഇറങ്ങില്ലെന്നും കരുതാം. ശബരിമലയിൽ ആൾക്കൂട്ടത്തെ കണ്ട് നിലപാട് മാറ്റിയ കോൺഗ്രസിനെ നമ്മൾ കണ്ടതാണ്. എങ്കിലും ശാസ്ത്രവും മിത്തും എങ്ങനെയാണ് കുട്ടികൾ തരംതിരിച്ച് പഠിക്കേണ്ടതെന്ന്​ ബോധ്യമുള്ള കോൺഗ്രസുകാരാണ് കേരളത്തിലുള്ളതെന്ന് വിശ്വസിക്കുന്നതാണ് ആശ്വാസം.

Comments