കുടുംബശ്രീ പ്രവർത്തകർ / Photo: thekudumbashreestory.info

പുതിയ സാമൂഹിക സംഘർഷങ്ങളെ
സർക്കാർ എങ്ങനെ അഭിമുഖീകരിക്കും?

ജാതിയും മുതലാളിത്ത വ്യവസ്ഥകളും തമ്മിലുള്ള എല്ലാത്തരം ഇടപെടലുകളെയും പഠിക്കേണ്ടത് ഇന്നത്തെ സാമ്പത്തിക​ - സാമൂഹിക - രാഷ്ട്രീയ സാഹചര്യത്തിൽ മുതലാളിത്തത്തിന്റെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വളർച്ച തടയാൻ അത്യന്താപേക്ഷിതമാണ്

കേരളത്തിലെ ജാതി- ലിംഗാധികാര ഘടനകൾ ഏതൊക്കെ രീതിയിലാണ് മുതലാളിത്തത്തിന് ശക്തമായ പിന്തുണ നൽകുന്നത് എന്നും, ഇത് എങ്ങനെയാണ് സാമൂഹിക തലത്തിൽ പുതിയ സംഘർഷം സൃഷ്ടിക്കുന്നത് എന്നതിനെയും പറ്റി ചില പ്രാഥമിക സൂചനകൾ നൽകാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിന്​ നേരിടേണ്ടിവന്ന അടിയന്തര ഘട്ടങ്ങളിലൊക്കെയും ഇടതുപക്ഷ സർക്കാരിന് ഫലപ്രദമായി ദുരിതാശ്വാസ പ്രവർത്തനം നടത്താനും എല്ലാ ജനങ്ങൾക്കും സേവനവും അടിസ്ഥാന സൗകര്യവും ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട്​, അടിസ്ഥാനവർഗ തൊഴിലാളികളുടെ പിന്തുണ ഇടതുപക്ഷത്തിന് നേടാനായി. മറുവശത്ത്​, കേരളത്തിലെ 40 ശതമാനത്തോളം മധ്യവർഗ കുടുംബങ്ങളുടെ ആവശ്യങ്ങളും പ്രതീക്ഷകളും മുന്നിൽക്കണ്ട് അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും ശ്രമിച്ചു. കേരളത്തെ കുറഞ്ഞ ഉത്പാദനക്ഷമതയുള്ള വ്യവസ്ഥയിൽനിന്ന് ഉയർന്ന ഉൽപാദനക്ഷമതയുള്ള സമ്പദ്​വ്യവസ്​ഥയിലേക്ക് മാറ്റുക എന്നതാണ്​ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. ഈ പരിവർത്തനത്തിലൂടെ അടിസ്ഥാനവർഗ തൊഴിലാളി കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും മധ്യവർഗ കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും സാധിക്കുമെന്ന പ്രതീക്ഷ സർക്കാറിനുണ്ടായിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളുടെയും മധ്യ- വർഗ കുടുംബങ്ങളുടെയും പിന്തുണ നേടാൻ സാധിച്ചതാണ് കേരളത്തിൽ ഇടതുപക്ഷത്തിന്റെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിന് കാരണമെന്ന് വിലയിരുത്താം. പല വ്യത്യാസങ്ങളുള്ള ഈ രണ്ടു വർഗ വിഭാഗങ്ങളുടെ പിന്തുണ നേടാൻ ഇടതുപക്ഷ സർക്കാർ ബോധപൂർവം നടപ്പിലാക്കിയ ദ്വിമുഖ തന്ത്രമാണ്, അവരെ സഹായിച്ചത്.

1990 കൾക്കുശേഷം കേരളത്തിലുണ്ടായ സാമ്പത്തിക വളർച്ചയും മൂലധന ഒഴുക്കും സമൂഹത്തിൽ എന്തൊക്കെ മാറ്റം കൊണ്ടുവന്നിട്ടുണ്ട് എന്നും, ഏതൊക്കെ രീതികളിലാണ് സാമൂഹിക ഘടനകൾ മുതലാളിത്ത വളർച്ചയെ താങ്ങുന്നത് എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സമഗ്രമായ വിശകലനങ്ങൾ നടന്നിട്ടില്ല എന്നത് ഗുരുതര പ്രശ്‌നമാണ്

എന്നാൽ, ഈ വിശകലനം 1990കൾക്കുശേഷം കേരളത്തിൽ സംഭവിച്ച വലിയ രണ്ടു മാറ്റങ്ങളോട് അന്ധത പുലർത്തുന്നു. ഒന്നാമതായി, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി കേരളത്തിൽ മൂലധനത്തിന്റെ ശക്തമായ തള്ളിക്കയറ്റമുണ്ടായിട്ടുണ്ട്. നവ ലിബറൽ വ്യവസ്ഥ ശക്തിപ്പെടുന്നതോടെ കേരളത്തിൽ മുതലാളിത്തം പുതിയ രൂപത്തിലും ഭാവത്തിലും വേരുപിടിച്ചിട്ടുണ്ട്. സമൂഹത്തിൽ മൂലധനത്തിന്റെ വൻതോതിലുള്ള വളർച്ചയോടൊപ്പം, പുതിയ അസമത്വങ്ങളും വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും വളർന്നുവന്നു. ഇവ ഏറ്റവും പ്രകടം, കേരളത്തിലെ മാറിവരുന്ന സ്ത്രീ- പുരുഷ ബന്ധങ്ങളിലും കുടുംബ ഘടനയിലും സമുദായങ്ങൾ തമ്മിലുള്ള ഇടപെടലുകളിലുമാണ്. ഇത്തരം സാഹചര്യത്തിൽ, ഉയർന്ന ഉൽപാദനക്ഷമതയുള്ള സമ്പദ്‌വ്യവസ്ഥയിലേക്കുള്ള സംസ്ഥാനത്തിന്റെ പരിവർത്തനം ഇനിയും മൂലധനത്തിന്റെ വൻതോതിലുള്ള പ്രവേശന സാധ്യതക്കിടയാക്കും. സ്വാഭാവികമായും ഇത്​ സാമൂഹിക വൈരുദ്ധ്യങ്ങളും സംഘർഷങ്ങളും മൂർച്ഛിപ്പിക്കും.

ആഗോളവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന് ആവശ്യമുള്ള തൊഴിലാളി സേനയുടെ പ്രത്യുത്പാദനം, അവരെ അതിനുവേണ്ട രീതിയിൽ സാമൂഹ്യവത്കരിക്കുക എന്നീ ചുമതലകളൊക്കെ ഇന്നും നിർവഹിക്കുന്നത് സ്ത്രീകളാണ് / Photo: Muhammed Fasil
ആഗോളവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന് ആവശ്യമുള്ള തൊഴിലാളി സേനയുടെ പ്രത്യുത്പാദനം, അവരെ അതിനുവേണ്ട രീതിയിൽ സാമൂഹ്യവത്കരിക്കുക എന്നീ ചുമതലകളൊക്കെ ഇന്നും നിർവഹിക്കുന്നത് സ്ത്രീകളാണ് / Photo: Muhammed Fasil

രണ്ടാമതായി, കേരളത്തിൽ 1990കൾക്കുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പടെ പൊതുജന പങ്കാളിത്തം ഉറപ്പാക്കിയിരുന്ന പല ജനാധിപത്യ ഇടങ്ങളും ഇന്ന് നാമമാത്രമായി ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, ഗ്രാമസഭകൾ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ഇടങ്ങൾ മാത്രമാണ്​. കൂടാതെ, ഈ സ്ഥാപനങ്ങൾ തദ്ദേശതലത്തിൽ മുതലാളിത്ത വളർച്ചക്ക് കൂട്ടുനിൽക്കുകയും ചെയ്യുന്നു എന്ന കാര്യവും തെളിഞ്ഞുവരുന്നുണ്ട്​. അതിനാൽ, മൂലധനത്തിന്റെ പ്രവേശനത്താലോ മുതലാളിത്തത്തിന്റെ വളർച്ചയിലൂടെയോ സമൂഹത്തിൽ ഉയർന്നുവരാവുന്ന സംഘർഷങ്ങളെ ജനാധിപത്യ രീതികളിൽ പരിഹരിക്കാൻ ഈ സ്ഥാപനങ്ങൾക്ക്​ കഴിയില്ല.

1990 കൾക്കുശേഷം കേരളത്തിലുണ്ടായ സാമ്പത്തിക വളർച്ചയും മൂലധന ഒഴുക്കും സമൂഹത്തിൽ എന്തൊക്കെ മാറ്റം കൊണ്ടുവന്നിട്ടുണ്ട് എന്നും, ഏതൊക്കെ രീതികളിലാണ് സാമൂഹിക ഘടനകൾ മുതലാളിത്ത വളർച്ചയെ താങ്ങുന്നത് എന്നുമുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സമഗ്രമായ വിശകലനങ്ങൾ നടന്നിട്ടില്ല എന്നത് ഗുരുതര പ്രശ്‌നമായി മാറിയിട്ടുണ്ട്​. ഈ ചോദ്യങ്ങളെ പറ്റി ആഴത്തിൽ വിശകലനങ്ങളും ചർച്ചകളും അനിവാര്യമായ സാഹചര്യം കൂടിയാണിത്​.

കുടുംബം തൊഴിലാളികളെ ഉൽപാദിപ്പിക്കുന്ന ഫാക്ടറി

1970 കൾ മുതൽ കേരളത്തിലെ യുവാക്കൾ ആഗോള തലത്തിൽ തൊഴിലാളികളായി വൻതോതിൽ കുടിയേറിത്തുടങ്ങി. ആ കാലഘട്ടത്തിലെ ആഗോള സമ്പദ്‌ വ്യവസ്ഥയിൽ കൂടുതലും പുരുഷന്മാർക്കായിരുന്നു തൊഴിലവസരം. സ്ത്രീകൾ ഗാർഹികവത്കരിക്കപ്പെടുകയും ഗൾഫ് തൊഴിലാളികൾ പിന്നിൽ വിട്ടുപോയ കുടുംബങ്ങളുടെ പ്രത്യുത്പാദന- പരിചരണ ചുമതലകൾ നടത്തുകയും ചെയ്​തുപോന്നു. എന്നാൽ, ഗാർഹികവത്കരിക്കപ്പെട്ട ഈ സ്ത്രീകളിൽ മിക്കവരും വിദ്യാഭ്യാസമുളളവരായിരുന്നു. ഇതിനു കാരണം, വിദ്യാഭ്യാസം നേടിയ സ്ത്രീകൾക്കുമാത്രമേ നല്ല രീതിയിൽ കുടുംബങ്ങളെ പരിചരിക്കാനും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ നേട്ടം ഉറപ്പാക്കുവാനും സാധിക്കൂ എന്ന യാഥാസ്ഥിക ലിംഗഭേദ പ്രത്യയശാസ്ത്രം ആയിരുന്നു; അല്ലാതെ അവരെ തൊഴിലവസരങ്ങൾ നേടാൻ പ്രാപ്തരാക്കുക എന്നതായിരുന്നില്ല ഉദ്ദേശ്യം. ഇതുകൊണ്ടാണ്, കേരളത്തിൽ എക്കാലത്തും വിദ്യാസമ്പന്നരായ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് കുറവായിത്തന്നെ ഇരിക്കുന്നത്.

സേവന മേഖലയുടെ വിപുലീകരണത്തിലൂടെ സ്ത്രീസഹജം എന്ന് സമൂഹം കരുതുന്ന മേഖലകൾ വർധിച്ചതോടെ, സ്ത്രീകൾക്ക് ആഗോളതൊഴിൽ വിപണിയിൽ പ്രവേശിക്കാൻ പുതിയ സാധ്യതകളുണ്ടായി.

1990കൾക്കുശേഷം സാമ്പത്തിക ഉദാരവൽക്കരണം പ്രാബല്യത്തിൽ വന്നതോടെ ആഗോളതലത്തിൽ തൊഴിൽ വിപണിയിൽ വലിയ മാറ്റമുണ്ടായി. ഘടനാപരമായി, കാർഷിക- വ്യവസായ- ഉൽപ്പാദന മേഖലകളെ പിന്തള്ളി സേവനമേഖല വളരുകയും പുതിയ തരം തൊഴിലാളികളെ ആവശ്യമായി വരികയും ചെയ്​തു. ഈ അവസരം മുതലെടുക്കുന്നതിന് കേരളത്തിൽനിന്ന് അഭ്യസ്തവിദ്യരായ പുതുതലമുറയിലെ പുരുഷന്മാരും സ്ത്രീകളും സ്‌കിൽഡ് ജോലികൾക്ക്​വൻതോതിൽ കുടിയേറ്റം നടത്തി. കുടിയേറ്റത്തിലേർപ്പെട്ട കുടുംബങ്ങളുടെ ഉയർന്ന ജീവിത നിലവാരം കണ്ട് കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കുടിയേറ്റം ഒരു ഉപജീവന തന്ത്രമായി മാറി. അങ്ങനെ ആഗോളവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുതലാളിത്തത്തിന് ആവശ്യമുള്ള തൊഴിലാളികളുടെ വൻതോതിലുള്ള ഉത്പാദനത്തിലും കയറ്റുമതിയിലും ഏർപ്പെടുന്ന ഒരു സ്ഥലമായി കേരളം ഇന്ന് മാറിക്കഴിഞ്ഞു. ഈ തൊഴിലാളി സേനയെ പ്രത്യുത്പാദനം ചെയ്യുക, അവരെ അതിനുവേണ്ട രീതിയിൽ സാമൂഹ്യവത്കരിക്കുക എന്നീ ചുമതലകളൊക്കെ ഇന്നും നിർവഹിക്കുന്നത് സ്ത്രീകളാണ്. പലതരം വൈദഗ്ധ്യങ്ങൾ ആവശ്യപ്പെടുന്ന സേവന സാമ്പത്തികമേഖലയിലേക്ക് പ്രവേശിക്കുന്ന തൊഴിലാളികളെ നിർമിക്കുവാനുള്ള ചെറിയ ഫാക്ടറികളായി തന്നെ ഇന്നത്തെ കുടുംബങ്ങൾ മാറിക്കൊണ്ടിരിക്കുന്നു എന്നും ആഗോള തൊഴിലാളി വർഗത്തെ നിർമിക്കുന്നതിന് കുടുംബങ്ങൾക്കുള്ളിൽ സ്ത്രീകൾ നടത്തുന്ന പലതരം അധ്വാനങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ് എന്നും ഓർക്കണം.

മാർക്സിന്റെ ലേബർ-പവർ എന്ന ആശയം, സ്ത്രീസഹജ മേഖലകളുണ്ടാവുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ സഹായകരമാണ് / Photo: Wikimedia Commons
മാർക്സിന്റെ ലേബർ-പവർ എന്ന ആശയം, സ്ത്രീസഹജ മേഖലകളുണ്ടാവുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ സഹായകരമാണ് / Photo: Wikimedia Commons

വർഗവും ജാതിവ്യവസ്ഥയും കുടുംബങ്ങൾ തമ്മിൽ വലിയ അസമത്വം സൃഷ്ടിക്കുന്നു, അത് അവരുടെ നിയന്ത്രണത്തിലുള്ള വിഭവങ്ങളിലും വലിയ വ്യത്യാസങ്ങളും അസമത്വങ്ങളും ഉണ്ടാക്കുന്നു എന്നീ യാഥാർഥ്യങ്ങൾ ഒരു കാര്യം ഓർമിപ്പിക്കുന്നു; മേൽപ്പറഞ്ഞ മാറ്റങ്ങളെ വൈരുധ്യങ്ങൾ നിറഞ്ഞ പ്രക്രിയകളെന്ന നിലയ്ക്കുതന്നെ കാണേണ്ടതുണ്ട്. അതിനാൽ, എങ്ങനെയുള്ള കുടുംബങ്ങൾക്കാണ് ആഗോള സ്‌കിൽഡ് തൊഴിൽസേനയെ നിർമിക്കാൻ സാധിക്കുന്നത് എന്നതും, ഏതു കുടുംബങ്ങൾക്കാണ് തങ്ങളുടെ പുതുതലമുറയിലെ അംഗങ്ങളെ ഈ തരത്തിൽ തയ്യാറാക്കാനാകുന്നത് എന്നതും ജാതി- വർഗ വ്യവസ്ഥകൾ കുടുംബങ്ങൾക്കുമേൽ ചെലുത്തുന്ന നിയന്ത്രങ്ങളാണ് നിർണയിക്കുന്നത്. അതിനാൽ, ഈ കുടുംബങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ഏറെ പ്രസക്തമാണ്. അതുകൊണ്ടുതന്നെ, സ്ത്രീകളുടെ ഗാർഹിക അധ്വാനത്തിന്റെ സ്വഭാവവും മുതലാളിത്തത്തെ താങ്ങിനിർത്തുവാൻ ഉപയോഗിക്കുന്ന ഗാർഹിക അധ്വാനരീതികളും അതിന്റെ മൂല്യം നിർണയിക്കുമ്പോൾ നേരിടാവുന്ന വെല്ലുവിളികളുമൊന്നും ശരിക്കും മനസ്സിലാക്കാതെയാണ് വീട്ടമ്മമാർക്ക് പെൻഷൻ കൊടുക്കാനുള്ള പദ്ധതി രൂപീകരണം നടക്കുന്നതെന്ന്​ ഓർക്കണം.

മുതലാളിത്തത്തിന്റെ പ്രധാന വിഭവം- സ്ത്രീകളുടെ അധ്വാനം

സാമ്പത്തിക ഉദാരവൽക്കരണം പ്രാബല്യത്തിൽ വന്നതോടെ ആഗോളതലത്തിൽ തന്നെ ചില പ്രത്യേക സാമ്പത്തിക മേഖലകളുടെ സ്ത്രീവൽക്കരണം നടന്നു. ഈ മേഖലകളിൽ സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ അധികമാണ് എന്നുമാത്രമല്ല, ഈ മേഖലകളിൽ സ്ത്രീ അധ്വാനം മുതലാളിത്ത വളർച്ചക്ക് വേണ്ട അവശ്യവിഭവമായി മാറുകയും ചെയ്യുന്നു. അതായത്, സേവന മേഖലയുടെ വിപുലീകരണത്തിലൂടെ സ്ത്രീസഹജം എന്ന് സമൂഹം കരുതുന്ന മേഖലകൾ വർധിച്ചതോടെ, സ്ത്രീകൾക്ക് ആഗോളതൊഴിൽ വിപണിയിൽ പ്രവേശിക്കാൻ പുതിയ സാധ്യതകളുണ്ടായി.

കേരളത്തിൽ നിന്ന് ഏതു സമുദായത്തിലെ സ്ത്രീകളാണ് ഇന്ന് ജോലിക്ക് കുടിയേറുന്നത്, അവർ ഏതു തൊഴിലിൽ ഏർപ്പെടുന്നു എന്നതൊക്കെ ലിംഗപദവിയോടൊപ്പം ഒരേ സമയം പ്രവർത്തിക്കുന്ന ജാതി- വർഗ പദവികൾ കൂടിയാണ്.

എങ്ങനെയാണ് സ്ത്രീസഹജ മേഖലകളുണ്ടാവുന്നത് എന്ന് മനസ്സിലാക്കാൻ, ലേബർ-പവർ എന്ന ആശയം വിശദീകരിക്കുമ്പോൾ മാർക്‌സ് നടത്തുന്ന ചില പരാമർശങ്ങൾ സഹായകരമാകുന്നു. അദ്ദേഹം പറയുന്നത് ഇതാണ്: ഒരു മനുഷ്യനായി ജനിക്കുന്നതുകൊണ്ടുതന്നെ ഒരു വ്യക്തിക്ക് ശാരീരികമായും മാനസികമായും പലശേഷികൾ ഉണ്ടാവും. ഇത് പിന്നീട് ആ വ്യക്തിയിൽ ഏതെങ്കിലും തരത്തിലുള്ള ഉപയോഗ മൂല്യം സൃഷ്ടിക്കുന്നു. ഇങ്ങനെയുള്ള ശേഷികൾ ആ വ്യക്തിയുടെ ലേബർ പവറായി നിലകൊള്ളുന്നു. ഒരു വ്യക്തി തന്റെ ലേബർ പവർ വിപണിയിൽ വിൽക്കുമ്പോൾ മാത്രമാണ് ലേബർ പവർ ഒരു ചരക്കായി മാറുക. ഇങ്ങനെ സ്വന്തം അധ്വാനത്തെ തൊഴിൽ വിപണിയിൽ ഒരു ചരക്കായി വിൽക്കണം എന്നുണ്ടെങ്കിൽ ആ വ്യക്തിക്ക് സ്വന്തം ശരീരത്തിന്റെയും അധ്വാനത്തിന്റെയും മേൽ പൂർണ നിയന്ത്രണം ഉണ്ടാവണം. ഇങ്ങനെ, സ്വന്തം ശരീരത്തിലും അധ്വാനത്തിലും പൂർണനിയന്ത്രണമുള്ള വ്യക്തി, മൂലധനം കൈവശമുള്ള മുതലാളിയെ വിപണിയിൽ കണ്ടുമുട്ടുമ്പോൾ മാത്രമാണ് ഒരു തൊഴിലാളിയായി മാറുന്നത്.

മാർക്‌സിന്റെ ഈ ആശയത്തിലൂടെ വ്യക്തമാകുന്നത് ഇതാണ്: ഇന്നത്തെ മുതലാളിത്ത ഘടനയിൽ ആവശ്യമുള്ള ലേബർ പവർ സൃഷ്ടിക്കാൻ ലിംഗാധികാര വ്യവസ്ഥയ്ക്കും പ്രത്യയശാസ്ത്രങ്ങൾക്കും വലിയ പങ്കുണ്ട്. ലിംഗാധികാര വ്യസ്ഥകളിലൂടെ ഒരു വ്യക്തി സമൂഹത്തിൽ നിന്ന് ചില പ്രത്യേക ലിംഗപദവി അധിഷ്ഠിത സ്വഭാവങ്ങൾ പഠിക്കുന്നു. ഈ സ്വഭാവങ്ങളൊക്കെയും ഇന്ന് ചില മേഖലകളിൽ തൊഴിലാളികൾക്ക് ആവശ്യമുള്ള ‘യോഗ്യതകളും’ ‘ക്ഷമതകളും’ ആയി മാറുന്നു എന്നതാണ് ഈ കാലഘട്ടത്തിലെ മുതലാളിത്ത വ്യവസ്ഥകളുടെ പ്രത്യേകത.

മുതലാളിത്ത വ്യവസ്ഥയിൽ സ്ത്രീകൾക്ക് പ്രവേശനം കൊടുക്കുന്നത് അവർ പുരുഷന്മാരെ അപേക്ഷിച്ച് കുറവ് കൂലിക്ക് ജോലി ചെയ്യുന്നതിനാലാണ് / Photo: UN Women, Twitter
മുതലാളിത്ത വ്യവസ്ഥയിൽ സ്ത്രീകൾക്ക് പ്രവേശനം കൊടുക്കുന്നത് അവർ പുരുഷന്മാരെ അപേക്ഷിച്ച് കുറവ് കൂലിക്ക് ജോലി ചെയ്യുന്നതിനാലാണ് / Photo: UN Women, Twitter

ഇത് പറയുമ്പോൾ തന്നെ ലിംഗാധികാര വ്യവസ്ഥകൾ യഥാർഥത്തിൽ സ്വതന്ത്രമായി നിലകൊള്ളുന്ന ഒരു അധികാര വ്യവസ്ഥയല്ല എന്ന്​ ഓർക്കണം. ജാതി, വർഗം, വംശം എന്നൊക്കെയുള്ള മറ്റു അധികാര വ്യവസ്ഥകളിൽ കവിഞ്ഞുകിടക്കുന്ന ഒരു അധികാര വ്യവസ്ഥയാണ് ലിംഗഭേദ വ്യവസ്ഥ. അതിനാൽ, സ്ത്രീകൾ എന്നത് ഒരു വിഭാഗമല്ല. സ്ത്രീ എന്നുപറയുമ്പോൾ തന്നെ അവരുടെ ജീവിതാനുഭവങ്ങളും അവരുടെ കൈവശമുള്ള വിഭവങ്ങളുമൊക്കെ അവരുടെ ജാതി- വർഗ പദവിയിൽ നിന്നു കൂടിയാണ് എന്നത് പ്രധാന വിഷയമാണ്. അതുകൊണ്ടു തന്നെ കേരളത്തിൽ നിന്ന് ഏതു സമുദായത്തിലെ സ്ത്രീകളാണ് ഇന്ന് ജോലിക്ക് കുടിയേറുന്നത്, അവർ ഏതു തൊഴിലിൽ ഏർപ്പെടുന്നു എന്നതൊക്കെ ലിംഗപദവിയോടൊപ്പം ഒരേ സമയം പ്രവർത്തിക്കുന്ന ജാതി- വർഗ പദവികൾ കൂടിയാണ്.

മേൽപ്പറഞ്ഞ വൈവിധ്യങ്ങൾ സ്ത്രീകൾക്കിടയിലുണ്ടെങ്കിൽ പോലും, മുതലാളിത്ത വ്യവസ്ഥയിൽ സ്ത്രീകൾക്ക് പ്രവേശനം കൊടുക്കുന്നത് അവർ പുരുഷന്മാരെ അപേക്ഷിച്ച് കുറവ് കൂലിക്ക് ജോലി ചെയ്യുന്നു എന്നതുകൊണ്ടാണ് എന്നത് പൊതുവായ യാഥാർഥ്യമാണ്. ഇതിനുകാരണം പല സ്ത്രീകളും തൊഴിൽ രംഗത്ത് പ്രവേശിക്കുന്നത് അവരുടെ കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതുകൊണ്ടാണ്. അതിനാൽ, അവർ തുച്ഛമായ കൂലിക്ക് പോലും ജോലി ചെയ്യാൻ നിർബന്ധിതരാകും. അവരുടെ ഈ ദയനീയതയെ ചൂഷണം ചെയ്യുന്നതിലൂടെയാണ് മുതലാളിമാർ ലാഭം ഉണ്ടാക്കുന്നത്.

ജാതിയും സമുദായ മുതലാളിത്തവും

ഇരുപതാം നൂറ്റാണ്ടിലെ ആദ്യ പകുതിയിൽ സംഭവിച്ച സാമുദായിക ആധുനികവത്കരണവും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തിപ്പെടലും കാരണങ്ങളായി ചൂണ്ടിക്കാണിച്ച്, പല മാർക്‌സിസ്റ്റ് ഗവേഷകരും ജാതിവ്യവസ്ഥക്ക് കേരളത്തിലെ പൊതുമണ്ഡലത്തിൽ രാഷ്ട്രീയ- സാമ്പത്തിക ശക്തിശ്രേണികൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വാദിക്കാറുണ്ട്. ഇവർ കേരളത്തിലെ ആദ്യഘട്ട കമ്യൂണിസ്റ്റ് സർക്കാരുകൾ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമം ഉൾപ്പടെയുള്ള പല നയങ്ങളെയും പ്രശംസിക്കുന്നത്, ഇടതുപക്ഷ ഇടപെടലിലൂടെ പഴയകാല ജാതിവ്യവസ്ഥക്ക് പൊതുജീവിതത്തിലുള്ള പ്രഭാവം കുറക്കുവാൻ സാധിച്ചു എന്നുപറഞ്ഞാണ്. എന്നാൽ, 1990കൾ മുതൽ ഉയർന്നുവന്ന ഫെമിനിസ്റ്റ്- ദളിത് -ആദിവാസി രാഷ്ട്രീയ പ്രക്ഷോഭങ്ങളിലൂടെ കേരളത്തിലെ ജാതിവ്യവസ്ഥ എങ്ങനെയൊക്കെ പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ തൊഴിൽ, രാഷ്ട്രീയ, സാമൂഹിക ജീവിതങ്ങളെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്നത് വ്യക്തമായി കാണിച്ചുതരുകയുണ്ടായി. ഇടതുപക്ഷ ഇടപെടലുകളിലൂടെയും സാമുദായിക പ്രസ്ഥാനങ്ങളിലൂടെയും ജാതി ഇല്ലാതാവുകയല്ല ചെയ്തത്, മറിച്ച്​ ജാതി വ്യവസ്ഥകൾ പുതിയ രൂപത്തിലും ഭാവത്തിലുമൊക്കെയായി സമൂഹത്തിൽ അസമത്വങ്ങൾ സൃഷ്ടിക്കുന്നു എന്നതാണ് യാഥാർഥ്യം.

പെരുന്നയിലെ എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ / Photo : nss.org
പെരുന്നയിലെ എൻ.എസ്.എസ്. മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ / Photo : nss.org

കേരളത്തിൽ ഇന്ന് കാണുന്ന സാമ്പത്തിക പ്രക്രിയകൾക്കും ഇവിടെ ഉത്ഭവിച്ച മുതലാളിത്ത വ്യവസ്ഥയ്ക്കും ഏറെ പ്രത്യേതകളുണ്ട് . 1990കൾ മുതൽ കേരളത്തിൽനിന്ന്​ ഗൾഫിലേക്ക് പോയ പ്രവാസി തൊഴിലാളികൾ പണം കുടുംബങ്ങളിലേക്ക്​ അയക്കാൻ തുടങ്ങിയതോടെ, സമ്പദ്​വ്യവസ്​ഥയിൽ തന്നെ വലിയ മാറ്റമുണ്ടായി. പ്രവാസികളുടെ കുടുംബങ്ങളുടെ സമ്പദ്​വിഭവം വിപുലീകരിക്കപ്പെട്ടതിലൂടെ, പ്രത്യേക പ്രദേശങ്ങളും അതോടൊപ്പം കേരളവും വൻതോതിൽ സാമ്പത്തിക വളർച്ച നേടി. ഇതേസമയമാണ്, ഇന്ത്യയിലുടനീളം സാമ്പത്തിക ഉദാരവത്കരണ നയം പ്രാബല്യത്തിൽ വരുന്നത്. ഇതിലൂടെ പല മേഖലകളും സ്വകാര്യവത്കരിക്കപ്പെട്ടു. കേരളത്തിൽ പ്രത്യേകമായും സാമൂഹ്യക്ഷേമ മേഖലകളിൽ നിന്ന്​ സർക്കാർ പിന്മാറി. ഈ മേഖലകളിൽ സ്വകാര്യസ്ഥാപനങ്ങൾ പ്രവേശിക്കുകയും വിപണി മത്സരം ശക്തമാകുകയും ചെയ്​തു.

1990കളിൽ ഉദാരവത്കരണ നയം പ്രാബല്യത്തിൽ വന്നതോടെ ആരോഗ്യ- വിദ്യാഭ്യാസ മേഖലകൾക്കുമേൽ ജാതി- മത സമുദായങ്ങൾക്ക് നിയന്ത്രണം നേടാനായി. മറ്റു സംസ്ഥാനങ്ങളിൽ വ്യക്തികളും കുടുംബങ്ങളും വലിയ മുതലാളികളായി മാറുമ്പോൾ, കേരളത്തിൽ സേവനമേഖലയിൽ മുതലാളിമാരായത് ജാതി- മത സമുദായങ്ങളാണ്

കേരളത്തിലെ ഉത്പാദന മേഖലകൾ- കൃഷി, വ്യവസായ നിർമാണ മേഖലകൾ-ദുർബലമായതിനാൽ, മൂലധനത്തിന്റെ സാമീപ്യം ജനങ്ങളുടെ മാറുന്ന ഉപഭോഗ രീതികളിലും സേവന മേഖലയുടെ വളർച്ചയിലുമാണ് പ്രതിഫലിച്ചത് . കേരളത്തിലെ സേവന മേഖലയിലെ വലിയ രണ്ടു വിഭാഗങ്ങളാണ് വിദ്യാഭ്യാസ- ആരോഗ്യ മേഖലകൾ. എന്നാൽ മറ്റു സംസ്ഥാനങ്ങളിൽനിന്ന്​ വ്യത്യസ്തമായി, ഈ മേഖലകളിൽ ഏറ്റവും വലിയ സ്വകാര്യ പങ്കാളിത്തം ജാതി- മത സമുദായങ്ങൾക്കാണെന്നതും ഒരു പ്രത്യേകതയാണ്. കൊളോണിയൽ കാലഘട്ടത്തിൽത്തന്നെ, മാറുന്ന കാർഷിക ബന്ധങ്ങളും ആധുനിക വിദ്യാഭ്യാസത്തിന്റെ വരവും പിന്നെ ആധുനിക മൂല്യങ്ങളിൽ ഊന്നൽ നൽകി നടത്തിയ സാമുദായിക പരിഷ്​കരണങ്ങളും ജാതി വ്യവസ്ഥയെ വൻതോതിൽ ആധുനികവത്കരിച്ചു.

ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ചേർത്തല / Photo: snmmhospital.org
ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ചേർത്തല / Photo: snmmhospital.org

ക്രൈസ്തവ പള്ളികൾ, എൻ.എസ്​.എസ്​, എസ്​.എൻ.ഡി.പി പോലുള്ള ആധുനിക സമുദായ സ്ഥാപനങ്ങൾ തുടങ്ങിയവ വിഭവങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിക്കാൻ തമ്മിൽ മത്സരിക്കുകയും ഭരണകൂടത്തോട് വിലപേശുകയുമൊക്കെ ചെയ്തുതുടങ്ങിയിരുന്നു. കൊളോണിയൽ കാലഘട്ടത്തിൽ തന്നെ വിദ്യാഭ്യാസ- ആരോഗ്യ സേവന മേഖലയിൽ ജാതി- മത സമുദായങ്ങൾ പ്രധാനപ്പെട്ട സ്വകാര്യ കളിക്കാരായിരുന്നു. 1990കളിൽ ഉദാരവത്കരണ നയം പ്രാബല്യത്തിൽ വന്നതോടെ ഈ മേഖലകൾക്കുമേൽ ജാതി- മത സമുദായങ്ങൾക്ക് നിയന്ത്രണം നേടാനായി. മറ്റു സംസ്ഥാനങ്ങളിൽ വ്യക്തികളും കുടുംബങ്ങളും വലിയ മുതലാളികളായി മാറുമ്പോൾ, കേരളത്തിൽ സേവനമേഖലയിൽ മുതലാളിമാരായത് ജാതി- മത സമുദായങ്ങളാണ്.

ഇന്ന് കേരളത്തിൽ നിലകൊള്ളുന്ന സമ്പദ്​വ്യവസ്​ഥകളെയും പ്രക്രിയകളെയും ആഴത്തിൽ മാർക്‌സിസ്റ്റ് വിശകലനത്തിന്​ വിധേയമാക്കിയാൽ, ഈ ജാതി- മത സമുദായങ്ങളെ സമുദായ മുതലാളിമാരായിത്തന്നെ കാണേണ്ടി വരും. കമ്യൂണിറ്റി ക്യാപിറ്റലിസം അഥവാ സമുദായ മുതലാളിത്തം എന്ന ആശയം ചൈനീസ് ഗവേഷക സിയാവോഷു ഹു ‘Community Capitalism in China: The State, the Market and Collectivism' (Xiaoshuo Hou) എന്ന പുസ്തകത്തിലാണ്​ വിശദീകരിക്കുന്നത്. ചൈനയിലെ ഗ്രാമങ്ങളിൽ ജനങ്ങളുടെ കൂട്ടായ്മകളായ ‘വില്ലേജ്​ കമ്യൂണു’കൾ മുതലാളിമാരായി മാറുന്നത്​ എങ്ങനെയാണ്​ എന്ന പ്രതിഭാസം വിശദീകരിക്കാൻ ഉപയോഗിക്കുന്ന പദമാണ് community capitalists അഥവാ സമുദായ മുതലാളിമാർ. സമുദായ മുതലാളിത്തം, പൂർണമായും വിപണിയുടെ കീഴിലകപ്പെട്ട സമ്പദ്​വ്യവസ്ഥകളുടെയും പൂർണമായി സർക്കാർ നിയന്ത്രണത്തിലുള്ള സമ്പദ്​വ്യവസ്ഥകളുടെയും ഇടയിൽ നിൽക്കുന്ന ഒരു വ്യവസ്ഥയാണ് എന്ന് സിയാവോഷു ഹു സൂചിപ്പിക്കുന്നു.

ചെെനീസ് ഗവേഷക സിയാവോഷു ഹു. കമ്യൂണിറ്റി ക്യാപിറ്റലിസം അഥവാ സമുദായ മുതലാളിത്തം എന്ന ആശയം ചൈനീസ്​ ഗ്രാമങ്ങളെ മുൻനിർത്തി Community Capitalism in China: The State, the Market and Collectivism എന്ന പുസ്തകതകത്തിൽ വിശദീകരിക്കുന്നുണ്ട്​
ചെെനീസ് ഗവേഷക സിയാവോഷു ഹു. കമ്യൂണിറ്റി ക്യാപിറ്റലിസം അഥവാ സമുദായ മുതലാളിത്തം എന്ന ആശയം ചൈനീസ്​ ഗ്രാമങ്ങളെ മുൻനിർത്തി Community Capitalism in China: The State, the Market and Collectivism എന്ന പുസ്തകതകത്തിൽ വിശദീകരിക്കുന്നുണ്ട്​

സമുദായ മുതലാളികൾ സ്വന്തം സമുദായത്തിലെ അംഗങ്ങൾക്കു വേണ്ടി ചരക്കുകളും സേവനങ്ങളും ഉൽപ്പാദിപ്പിച്ച്​ വിതരണം ചെയ്യുന്നതിനോടൊപ്പം വിപണി മത്സരങ്ങളിലും പ്രക്രിയകളിലും മറ്റു മുതലാളികളെ പോലെ തന്നെ സജീവമായി പങ്കെടുക്കുകയും ചെയ്യും. ഉദാഹരണത്തിന്​, കേരളത്തിലെ ജാതി -മത സ്ഥാപനങ്ങൾ നടത്തുന്ന കോളേജുകളിൽ ഉയർന്ന കാപിറ്റേഷൻ ഫീ വാങ്ങുന്നു. മറുവശത്ത്​, അവർ നടത്തുന്ന ആശുപത്രികളിൽ വേതനവർധനക്ക്​ നഴ്സുമാർ സമരം ചെയ്​താൽ അതിനെ അടിച്ചമർത്തുന്നു- ഈ രണ്ടു കാര്യങ്ങൾ, ഇത്തരം സ്ഥാപനങ്ങളുടെ മുതലാളിത്ത സ്വഭാവം വ്യക്തമായി കാണിച്ചുതരുന്നു. ജാതിയും മതവും കുടുംബങ്ങളെ പോലെ മുതലാളിത്ത പൂർവ വ്യവസ്ഥകളാണെന്ന ക്ലാസിക്കൽ മാർക്‌സിസ്റ്റ് വിശകലനം ആശ്രയിച്ചാൽ, ഇന്ന് കേരളത്തിൽ നടക്കുന്ന സാമ്പത്തിക നവലിബറൽ മുതലാളിത്ത പ്രക്രിയകളിൽ ജാതി വ്യവസ്ഥ വഹിക്കുന്ന പങ്ക്​ കാണാനാകില്ല.

സർക്കാർ വിതരണം ചെയ്യുന്ന ക്ഷേമ വിഭവങ്ങളൊക്കെയും സ്ത്രീകളിലൂടെയാണ് സർക്കാർ കുടുംബങ്ങളിലേക്ക് എത്തിക്കുന്നത്. പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിന്റെയും സാമൂഹിക- സാമ്പത്തിക ഉയർച്ച നേടുന്നതിന്റെയും ഉത്തരവാദിത്തങ്ങളും ഭാരങ്ങളും സ്ത്രീകളുടെമേൽ വർധിച്ചുവരികയാണ്.

ചില സാമൂഹിക സംഘർഷങ്ങൾ

കുറഞ്ഞ വരുമാനമുള്ള സർക്കാർ- നിയന്ത്രിത സമ്പദ്​വ്യവസ്​ഥയിൽ നിന്ന് ഉയർന്ന- ഉപഭോക്തൃ സമൂഹത്തിലേക്കുള്ള മാറ്റം സമകാലിക കേരളത്തിൽ പുതിയ പ്രതിസന്ധികളും അസമത്വങ്ങളും അവസരങ്ങളും അഭിലാഷങ്ങളും സൃഷ്ടിച്ചു. പ്രത്യേകിച്ച്, 1990കൾക്കുശേഷം കേരളത്തിൽ നടന്നിട്ടുള്ള സാമ്പത്തിക- സാമൂഹിക മാറ്റങ്ങൾ സ്ത്രീ- പുരുഷ ബന്ധങ്ങളെയും കുടുംബ ബന്ധങ്ങളെയും വലിയ തോതിൽ ബാധിച്ചു. ആഗോളതലത്തിൽ തന്നെ തൊഴിൽ വിപണിയിലുണ്ടായ മാറ്റങ്ങൾ കൊണ്ടുതന്നെ, മുമ്പത്തേക്കാൾ കൂടുതൽ ഇന്ന് സ്ത്രീകൾ തൊഴിൽ രംഗത്ത് പ്രവേശിക്കുകയും സ്വന്തമായി വരുമാനമുണ്ടാക്കുകയും ചെയ്യുന്നുണ്ട്​. തൊഴിലാളികളായി കുടിയേറുന്ന സ്ത്രീകളുടെ എണ്ണവും വളരെയധികം വർധിച്ചിട്ടുണ്ട്. ഇതുകൂടാതെ, സർക്കാർ നടത്തുന്ന കുടുംബശ്രീ ഉൾപ്പടെയുള്ള എല്ലാ സാമൂഹിക ക്ഷേമ പരിപാടികളുടെയും ഏജന്റുമാരായി തെരഞ്ഞെടുക്കുന്നതും സ്ത്രീകളെ തന്നെയാണ്. അതിനാൽ, പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാർ വിതരണം ചെയ്യുന്ന ക്ഷേമ വിഭവങ്ങളൊക്കെയും സ്ത്രീകളിലൂടെയാണ് സർക്കാർ കുടുംബങ്ങളിലേക്ക് എത്തിക്കുന്നത്. ഇങ്ങനെ ഏറെ മാറ്റം സംഭവിക്കുന്ന സാമ്പത്തിക സാഹചര്യത്തിൽ, പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിന്റെയും സാമൂഹിക- സാമ്പത്തിക ഉയർച്ച നേടുന്നതിന്റെയും ഉത്തരവാദിത്തങ്ങളും ഭാരങ്ങളും സ്ത്രീകളുടെമേൽ വർധിച്ചുവരികയാണ്. കൂടാതെ, പൊതുരംഗത്ത്​ സ്ത്രീകൾക്ക് തങ്ങളുടെ സാന്നിധ്യം വൻതോതിൽ അറിയിക്കാനും കഴിഞ്ഞിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ കുടുംബശ്രീ സ്ത്രീകൾ സജീവ പങ്ക് വഹിക്കുന്നു. കുടുംബശ്രീയിലൂടെ നേടിയ അനുഭവം കൊണ്ട് ഇന്ന് പല സ്ത്രീകളും പഞ്ചായത്തുകളിലും നഗരസഭകളിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായും പ്രവർത്തിക്കുന്നു.

നിർമ്മാണമേഖലയിലെ കുടുംബശ്രീ പ്രവർത്തകർ / Photo: kudumbashree.org
നിർമ്മാണമേഖലയിലെ കുടുംബശ്രീ പ്രവർത്തകർ / Photo: kudumbashree.org

സ്ത്രീകളുടെ ഈ മുന്നേറ്റം പുരുഷന്മാർക്കിടയിൽ വലിയ അരക്ഷിതാവസ്ഥയാണ് ഉണ്ടാക്കുന്നത്. കുടുംബത്തിന്റെ ദാതാക്കളാകാനുള്ള പുരുഷന്മാരുടെ കഴിവ് ദുർബലപ്പെടുന്നത്​ ഗാർഹിക സ്ത്രീ- പുരുഷ ബന്ധങ്ങളിൽ പുതിയ സംഘർഷം സൃഷ്ടിക്കുന്നു. പുരുഷന്മാർക്ക്​ കുടുംബത്തിൽ സംഭവിച്ച ഈ പദവി നഷ്ടം നികത്താൻ അവർ പലപ്പോഴും സ്ത്രീകളെ ഗാർഹിക പീഡനത്തിനിരയാക്കുന്നു, അവരിൽ ഭീതി സൃഷ്ടിക്കാൻ ശ്രമിക്കുന്നു. പൊതുരംഗത്തെ സ്ത്രീമുന്നേറ്റം തടുക്കാൻ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് അതേ പണി ചെയ്യുന്ന പുരുഷന്മാരേക്കാൾ കുറവ് വേതനം നൽകുകയും, ജോലിക്കയറ്റം നിഷേധിക്കുകയും ചെയ്യുന്നു. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ തോതും ഇപ്പോൾ കേരളത്തിൽ വർധിച്ചിട്ടുണ്ട്.

കേരളത്തിൽ നടന്ന സ്വകാര്യവത്കരണത്തിൽനിന്ന്​ ഏറെ ലാഭം ഉണ്ടാക്കിയ രണ്ടു മേഖലകളാണ് വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും. ഈ മേഖലകളിൽ കൊളോണിയൽ കാലഘട്ടം മുതൽ തന്നെ സമുദായ സ്ഥാപനങ്ങൾക്ക് വലിയ സാമീപ്യം ഉണ്ടായിരുന്നു.

മുതലാളിത്ത മുന്നേറ്റം, കുടുംബ ബന്ധങ്ങളിൽ മാത്രമല്ല, സമുദായങ്ങൾ തമ്മിലുള്ള ഇടപെടലുകളിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. സമുദായ സ്ഥാപനങ്ങൾക്ക് എക്കാലത്തും കേരളത്തിലെ രാഷ്ട്രീയ- സാമൂഹിക- സാമ്പത്തിക മണ്ഡലങ്ങളിൽ വലിയ സ്വാധീനം ഉണ്ടായിട്ടുണ്ട്. കേരളത്തിൽ നടന്ന സ്വകാര്യവത്കരണത്തിൽനിന്ന്​ ഏറെ ലാഭം ഉണ്ടാക്കിയ രണ്ടു മേഖലകളാണ് വിദ്യാഭ്യാസവും ആരോഗ്യസേവനങ്ങളും. ഈ മേഖലകളിൽ കൊളോണിയൽ കാലഘട്ടം മുതൽ തന്നെ സമുദായ സ്ഥാപനങ്ങൾക്ക് വലിയ സാമീപ്യം ഉണ്ടായിരുന്നു. അതിനാൽ, സ്വകാര്യവത്കരണത്തിലൂടെ അവർ ഈ മേഖലയിൽ കൂടുതൽ ശക്തരായി. ഈ സമുദായ സ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിലും കോളേജുകളിലും ആശുപത്രികളിലും സ്വന്തം സമുദായക്കാർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട്. അതിനാൽ, സമുദായങ്ങൾക്കിടയിൽ ജാതി- മതബോധം ആഴത്തിൽ വേരുപടർത്തിയിരിക്കുന്നു. അതുകൊണ്ട് ഈ സ്ഥാപനങ്ങൾ തന്നെയാണ് പലപ്പോഴും വർഗീയമായും ജാതിവിവേചനപരവുമായ രാഷ്ട്രീയ നിലപാടുകൾ എടുക്കാറ്​. എന്നാൽ, മറുവശത്ത്​ ദളിത്- ആദിവാസി സമുദായങ്ങൾക്കോ അവരുടെ സ്ഥാപനങ്ങൾക്കോ ഇതുപോലുള്ള മുന്നേറ്റങ്ങൾ നേടാനായിട്ടില്ല എന്നത്​ കേരളത്തിലെ ജാതിയുടെ ശക്തി സൂചിപ്പിക്കുന്നു. ഈ കാരണങ്ങൾ കൊണ്ടുതന്നെ ജാതിയും മുതലാളിത്ത വ്യവസ്ഥകളും തമ്മിലുള്ള എല്ലാത്തരം ഇടപെടലുകളെയും പഠിക്കേണ്ടത് ഇന്നത്തെ സാമ്പത്തിക​ - സാമൂഹിക - രാഷ്ട്രീയ സാഹചര്യത്തിൽ മുതലാളിത്തത്തിന്റെയും വലതുപക്ഷ രാഷ്ട്രീയത്തിന്റെയും വളർച്ച തടയാൻ അത്യന്താപേക്ഷിതമാണ്. ▮


അനാമിക അജയ്

തിരുവനന്തപുരം സെൻറർ ഫോർ ഡവലപ്​മെൻറ്​ സ്​റ്റഡീസിൽ ഗവേഷക.

Comments