രാത്രി അനന്തുവിൻ്റെ മരണമൊഴി കണ്ടു. യൂട്യൂബിൽ അത് റീപോസ്റ്റ് ചെയ്തയാൾ അനന്തുവിൻ്റെ മുഖം, അവൻ സംസാരിക്കാൻ തുടങ്ങുമ്പോൾ മറച്ചിരുന്നു. താഴെ "അന്ത്യാഞ്ജലികൾ" എന്നെഴുതി. എങ്കിലും അവൻ്റെ ശബ്ദത്തിൻ്റെ ഇടർച്ചകൾ, നിശ്ചലതകൾ, അവൻ തെരഞ്ഞെടുത്ത വാക്കുകൾ, അവ ഉയർന്നുവന്ന അവൻ്റെ അന്തർലോകം, അവൻ പെറുക്കി കാട്ടിത്തന്ന ഗുളികകൾ എല്ലാം നിസ്സഹായതയുടെ നിലവിളിയായി മുഴങ്ങി.
കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊല്ലുമ്പോൾ പുറത്തു വന്ന മരണമൊഴിയാണ് അനന്തുവിൻ്റേത്. സ്വയം ഇല്ലാതാകുന്നതിനു മുമ്പ് തൻ്റെ മരണത്തെ ഒരു രാഷ്ട്രീയ കർമ്മമായി പരിവർത്തിപ്പിക്കുകയായിരുന്നോ ഈ ചെറുപ്പക്കാരൻ. ഇതായിരുന്നു ഉറങ്ങാൻ പോകുമ്പോൾ മനസ്സിൽ.
എങ്കിലും പെട്ടെന്നു തന്നെ ഉറങ്ങാൻ പറ്റി. എന്നാൽ എപ്പോഴോ ഉണരേണ്ടിവന്നു; അപമാനകരവും ഭീതിദവുമായ ഒരു സ്വപ്നം കാരണം. വൃദ്ധയായ മാതാവിനെ സിനിമയിലെ വില്ലനെന്ന വിധം ഒരാൾ ചിരിച്ചുകൊണ്ട് ആക്രമിക്കാൻ വരുന്നു. ഭീരുവെങ്കിലും ഞാൻ അയാളെ നേരിടുന്നു. മുറിവേറ്റെങ്കിലും ആക്രമണത്തിൽ നിന്നും അയാൾ രക്ഷപ്പെട്ടെന്നു തോന്നുന്നു. അയാളുടെ കിങ്കരസംഘം എന്നെത്തേടി വരുന്നു. ഒടുവിൽ എനിക്ക് ഞെട്ടി എഴുന്നേൽക്കാതെ മറ്റു വഴിയില്ലെന്നായി. പിന്നെ ഉറങ്ങാനായില്ല. അനന്തുവിൻ്റെ മരണമൊഴി ഉറക്കിയില്ല.
ആർ.എസ്.എസിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഇപ്പോൾ തന്നെ അനന്തുവിൻ്റെ മരണമൊഴി ഒരു ചരിത്രരേഖയായി ലോകം കാണുകയാണ്.
നാലു വയസ്സു മുതൽ താൻ അനുഭവിച്ച ലൈംഗികാതിക്രമങ്ങളുടെ മരവിപ്പിക്കുന്ന കാഴ്ച തന്നിരിക്കുന്നു അനന്തു അജി. കുരുന്നു പ്രായത്തിൽ തുടങ്ങിയ ഈ കൈയേറ്റം അവനിൽ വരുത്തിയ മാനസികവ്യാധി (Mental Disorder) വളർന്നുവളർന്ന് ഒടുവിൽ അവൻ്റെ രാപ്പകലുകളെ മുഴുവനായി രക്ഷപ്പെടാനുള്ള ഓട്ടമാക്കി മാറ്റി. തൻ്റെ മാനസിക വ്യാധികൾക്കു കാരണമായത് താൻ നേരിട്ട ലൈംഗികപീഡനങ്ങളാണെന്നു അവൻ തിരച്ചറിയുന്നതുതന്നെ ഒരു വർഷം മുമ്പാണ്. ഇത്രയും കാലം താൻ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുകയായിരുന്നു എന്നറിയുന്നതും കഴിഞ്ഞ വർഷമാണ്. 23-ാം വയസ്സിലെ ഈ തിരിച്ചറിവിൻ്റെ ഭാരവും കൂടി ചേർന്നപ്പോൾ അവൻ്റെ രക്ഷപ്പെടാനുള്ള ഓട്ടം അസാധ്യമായി കാണും. അനന്തുവിൻ്റെ മുന്നിൽ ഒരൊറ്റ വഴി മാത്രം കണ്ടു. എല്ലാം വിളിച്ചു പറഞ്ഞു, ഭാരമൊഴിവാക്കുക, മരണത്തിനു മുമ്പുള്ള ഏതാനും മാത്രകളെങ്കിലും.

ഒരു പക്ഷേ, ഈ മൊഴിക്കുശേഷം അനന്തുവിനു മരണമല്ലാതെ മറ്റു വഴിയൊന്നും ഉണ്ടാകില്ല. കാരണം മരിക്കുക എന്നതായിരുന്നില്ല അവൻ്റെ ലക്ഷ്യം, ലോകത്തിനു മുമ്പിൽ മൊഴി കൊടുക്കുക എന്നതായിരുന്നു. മൊഴി കൊടുത്തിട്ടു ജീവിക്കുന്ന അനന്തുവിൻ്റെ അവസ്ഥ അവൻ ജീവിച്ചതിനേക്കാൾ എത്രയോ മടങ്ങ് ഭീകരമായിരിക്കും. അതുകൊണ്ട് താൻ പറയുന്നത് സത്യമാണെന്നു ബോധ്യപ്പെടുത്താനുള്ള അനന്തുവിൻ്റെ ഏകവഴി മാത്രമായി ആത്മഹത്യ.
ലോകം മുഴുവൻ തൻ്റെ മരണകാരണം അറിയണം എന്നു അനന്തുവിനു നിർബ്ബന്ധമുണ്ട്. കാരണം ഇത് തൻ്റെ വ്യക്തിപരമായ ഒരു വിഷയമല്ല, ഏതാനും വ്യക്തികളുമായി ബന്ധപ്പെട്ട കാര്യം മാത്രവുമല്ല എന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു. 20 വർഷം താൻ ഭാഗമായ ഒരു സംഘടനയെ കൂടിയാണ് അവൻ തൻ്റെ മരണത്തിനു കുറ്റവാളിയായി ലോകം മുമ്പാകെ നിർത്തിയിരിക്കുന്നത്. അവൻ്റെ മൊഴിയിൽ രണ്ടേ രണ്ടു പേരുകളേയുള്ളൂ.
ഒന്ന്, നിതീഷ് മുരളീധരൻ എന്ന കണ്ണൻ ചേട്ടൻ.
രണ്ട്, അയാളും അനന്തുവും ഒക്കെ അംഗങ്ങളായ RSS.
മരണകാരണം അറിയിക്കുക മാത്രമല്ല, അതിനു കാരണക്കാരായവർ വിചാരണ ചെയ്യപ്പെടണം എന്ന ലക്ഷ്യത്തിലാണ് അനന്തുവിന്റെ മരണമൊഴി. അതുകൊണ്ടാണ് കുറ്റവാളികളുടെ പേര് സംശയത്തിനിടയില്ലാത്ത വിധം തുറന്നു പറഞ്ഞത്. നിതീഷ് മുരളീധരൻ എന്ന കണ്ണൻ ചേട്ടൻ വിചാരണ ചെയ്യപ്പെടുമോ ശിക്ഷിക്കപ്പെടുമോ അതൊക്കെ അന്വേഷണങ്ങളിലൂടെയും വ്യവഹാരങ്ങളിലൂടെയും സംഭവിക്കേണ്ടിയിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഒരു സംഘടനയ്ക്കെതിരെ അന്വേഷണവും കുറ്റപത്രവും ശിക്ഷയും സാധ്യമാവുക? അതുകൊണ്ട് അനന്തു അജി ഒരു മുന്നറിയിപ്പ് ഒന്നിൽ കൂടുതൽ തവണ തൻ്റെ മരണമൊഴിയിൽ തരുന്നുണ്ട്. "ആർ.എസ്.എസു മായി ആരും ഇടപഴകരുത്. അത് നമ്മളെ മാനസികമായും ശാരീരികമായും ലൈംഗികമായും ദുരുപയോഗം ചെയ്യും."
കല്ലും വടിയുമായി പിന്നിൽ കൂടിക്കൂടി വരുന്ന ആൾക്കൂട്ടത്തെപ്പോലെ മനോവ്യാധികൾ കൊല്ലാൻ ഓടിക്കുന്ന തൻ്റെ മരണയാത്ര മറ്റാർക്കും സംഭവിക്കാതിരിക്കാൻ, അതാണവൻ്റെ മുന്നറിയിപ്പ്.
ഒരുപക്ഷേ, കേരളത്തിൽ ആർ.എസ്.എസിനു മുമ്പെങ്ങുമില്ലാതിരുന്ന ജനപ്രിയമുഖം കിട്ടിയിട്ട് അനന്തു അജിയുടെ പ്രായമേ ആയിക്കാണൂ. ഈ ജനപ്രിയതയുടെ ലഹരിയിലായിരുന്നു അനന്തുവും കഴിഞ്ഞവർഷം വരെ. അച്ഛൻ വഴിയും അയൽപക്കത്തെ ചേട്ടന്മാർ വഴിയും അവനും ഓർമ്മ വെച്ചതു മുതൽ ആർ.എസ്.എസിനാൽ ലാളിതനായി. അച്ഛനിലും അയൽപക്കത്തെ ‘ധീരരി’ലുമുള്ള വിശ്വാസം അവൻ്റെ ആദർശങ്ങളെ നയിച്ചു. വിശ്വാസത്തിൻ്റെയും ആദർശധീരതയുടെയും സ്വയം സേവക സൈനിക ലഹരിയിൽ അവൻ്റെ ബാല്യകൗമാര യൗവ്വനങ്ങൾ. വ്യാജമായ രാഷ്ട്രീയ ആദർശധീരതയുടെ ലഹരിയിൽ ഇരുപതു വർഷത്തോളം ബോധരഹിതനായി അനന്തു ജീവിച്ചു. എന്നാൽ ലക്ഷക്കണക്കിനു പേർ വ്യാജ രാഷ്ട്രീയത്തിൻ്റെ അബോധാവസ്ഥയിൽ തന്നെ ജീവിച്ചു മരിക്കുന്നു.

രാഷ്ട്രീയമായ അബോധാവസ്ഥയിൽ മനുഷ്യരെ ആജീവനാന്തം തളച്ചിടുന്നതിനുള്ള മാർഗ്ഗം നമ്മുടെ മനസ്സിലേക്കും ശരീരത്തിലേക്കും ലൈംഗികതയിലേക്കും അതിക്രമിച്ചു കടന്നു കീഴ്പ്പെടുത്തുക എന്നതാണ്. ജനായത്ത വിരുദ്ധവും ഏകാധിപത്യപരവുമായ തീവ്രദേശീയവാദം രാഷ്ട്രീയമായ മാരക പ്രഹരങ്ങൾ മാത്രമല്ല സമൂഹത്തിനു നൽകുന്നത്. രാഷ്ട്രീയ ജാഗ്രതയ്ക്കായുള്ള നമ്മുടെ ബോധത്തെ തീവ്ര ദേശീയവാദം കീഴ്പ്പെടുത്തി, അതിനെ ആയുഷ്ക്കാലം മരവിപ്പിച്ചുനിർത്തി അടിമകളാക്കി മാറ്റുന്നത് വ്യക്തിയുടെ മനസ്സും ശരീരവും ലൈംഗികതയും അതിൻ്റെ സമഗ്രാധിപത്യത്തിനു കീഴ്പ്പെടുത്തി കൊണ്ടാണ്. അതിനാൽ രാഷ്ട്രീയത്തിൽ തെരുവിൽ പ്രത്യക്ഷപ്പെടുന്ന പ്രതീകാത്മകമായ സായുധ കീഴടക്കലിൻ്റെ അടിത്തട്ടിൽ വ്യക്തികളുടെ അടിമ ലൈംഗികതയുടെയും അതുമൂലം വന്നു ചേരുന്ന മനോവ്യാധികളുടെയും അധോലോകമുണ്ട്.
ഏകാധിപത്യ- തീവ്ര ദേശീയവാദത്തിൻ്റെ അധികാര സ്ഥാപനത്തിനായുള്ള ആദ്യ പരീക്ഷണ വസ്തുക്കൾ സമൂഹത്തിലെ ഏറ്റവും ദുർബ്ബലരായിരിക്കും; വിവേകമുദിക്കാത്തവരും ശബ്ദിക്കാൻ അറിയാത്തവരും പ്രാന്തങ്ങളിലുള്ളവരുമായിരിക്കും - കുട്ടികൾ, സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, ദരിദ്രർ എന്നിങ്ങനെ. ഫാഷിസം വളർന്നു തടിച്ചു ആത്മവിശ്വാസം കനക്കുന്നത് ദുർബ്ബലരെ ആഹരിച്ചു സ്വാംശീകരിച്ചു കൊണ്ടാണ്. അതുകൊണ്ട് അതിൻ്റെ ലൈംഗികാധിപത്യത്തിൻ്റെ ആദ്യ ഇര മിക്കാവാറും കൊച്ചുകുട്ടികളായി മാറുന്നു. തീവ്രദേശീയ വാദത്തിന് ലൈംഗികാധിപത്യവും രാഷ്ട്രീയാധിപത്യവും രണ്ടല്ല. അപരത്വത്തെ മാനിക്കാത്ത സ്വാർത്ഥമായ രാഷ്രഭോഗമാണ് തീവ്ര ദേശീയവാദം. അത് രാഷ്ട്രത്തെ മാത്രമല്ല അതിലെ എല്ലാ മനുഷ്യരെയും തങ്ങളുടെ സ്വാർത്ഥഭോഗവിഭവങ്ങളായി വസ്തുവൽക്കരിക്കുന്നു.
അനന്തു അജി ഒരു മുന്നറിയിപ്പ് ഒന്നിൽ കൂടുതൽ തവണ തൻ്റെ മരണമൊഴിയിൽ തരുന്നുണ്ട്. "ആർ.എസ്.എസു മായി ആരും ഇടപഴകരുത്. അത് നമ്മളെ മാനസികമായും ശാരീരികമായും ലൈംഗികമായും ദുരുപയോഗം ചെയ്യും."
ലൈംഗികത കുടുംബത്തിലും സമൂഹത്തിലും കപടസദാചാരത്താൽ അടിച്ചമർത്തപ്പെടുന്ന സമൂഹം ഫാസിസത്തിന് ആളിപ്പടരാനുള്ള ഉണങ്ങിയ കാടാണെന്നു എറിക് ഫ്രോം പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ കപടസദാചാരത്തിൻ്റെ കാട്ടുതീയാകാം ഇവിടുത്തെ തീവ്രദേശീയവാദം. അച്ചടക്കത്തിൻ്റെയും അധികാരത്തട്ടുകളുടെയും ചിട്ടയുടെയും ഭക്തിയുടെയും ഫാഷിസ്റ്റു ശിക്ഷണം പ്രത്യക്ഷത്തിൽ സമൂഹത്തിൽ നിന്നും ലൈംഗികതയെ സദാചാരപരമായി അടിച്ചമർത്തുന്നു. എന്നാൽ അതിലൂടെ ആഴത്തിൽ വളർന്നു പടരുകയും രഹസ്യമായി ദുർബ്ബല ശരീരങ്ങളെ ലൈംഗികാതിക്രമത്തിനു വിധേയമാക്കുകയും ചെയ്യുന്നു. അതിനാൽ ലൈംഗികമായ കപടമാന്യതയാണ് തീവ്രദേശീയ വാദത്തിൻ്റെ തിളക്കം.
സായുധമായും സൈനികമായും അപരരെ കീഴ്പ്പെടുത്താനായി വ്യക്തിത്വം തർജ്ജമ ചെയ്യപ്പെടുന്നയാളാണ് തീവ്ര ദേശീയവാദി. ക്യാമ്പിലും പരേഡിലും അയാൾ യൂണിഫോം, ആയുധം എന്നിവ അണിയുന്നുവെങ്കിലും അവ അഴിച്ചുവെച്ച് നമ്മോടൊപ്പം നിത്യജീവിതത്തിൽ ഇടപഴകുമ്പോഴും അയാൾ മനോലോകത്ത് സായുധ സൈനികനാണ്. സദാ സായുധ സൈനികനാണെന്നു കരുതുന്ന ഒരാളുടെ മനസ്സും ശരീരവും ആണത്തത്തിൻ്റെ ജിംനേഷ്യത്തിലാണ്. അത് മസിൽ പവർ വർദ്ധിപ്പിക്കുകയും അതിൽ ഊറ്റം കൊള്ളുകയും അതുവഴി അപരരിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. സിവിക് - സോൾജിയർ ( civic-soldier) എന്നതിൻ്റെ ഇന്ത്യൻ പരിഭാഷയാകാം ‘സ്വയം സേവക്’ എന്നത്. ഗ്രീക് - റോമൻ നഗരരാഷ്രങ്ങളിൽ പൗരരായ ആണുങ്ങൾ എല്ലാം സൈനികർ കൂടിയാണ്. അവിടെ അടിമകൾക്കും പെണ്ണുങ്ങൾക്കും കുട്ടികൾക്കും സിവിക് - സോൾജിയർ എന്ന പൗരത്വ പദവിയില്ല. അത് മസിൽ പവറിൻ്റെ ആണുങ്ങൾക്കു മാത്രം അവകാശപ്പെട്ട സ്ഥാനമാണ്.
സിവിക് സോൾജിയറായി പുല്ലിംഗത്തെ പരിവർത്തിപ്പിക്കുന്ന ആണത്തത്തിൻ്റെ നിരന്തര പരിശീലനക്കളരിയാണ് തീവ്രദേശീയവാദം. പൗരൻ എന്നാൽ സായുധനായി രാഷ്ട്രം സംരക്ഷിക്കുന്നവൻ എന്ന പ്രാചീന നഗരരാഷ്ട്രങ്ങളുടെ നിർവ്വചനത്തിൻ്റെ ആധുനിക രൂപമാണിത്. അതിനാൽ ഇവിടെ രാഷ്ട്രത്തിൻ്റെ സംരക്ഷണം നാം നികുതി കൊടുത്തു നിർത്തുന്ന നമ്മുടെ സൈന്യത്തിൻ്റെ ചുമതലയേക്കാൾ, സന്നദ്ധ ഭടന്മാരായി ആണത്തത്താൽ നിർമ്മിക്കപ്പെട്ട സ്വയം സേവകർ ഏറ്റെടുക്കുന്നു. അവർ റെയിൽവേ സ്റ്റേഷനിലും തെരുവിലും ഉൾഗ്രാമത്തിലും സന്നദ്ധഭടന്മാരായി ആണത്തം ആഘോഷിക്കും; അതിക്രമിച്ച് അധികാരം സ്ഥാപിക്കും.

എല്ലാ ദുർബ്ബല വിഭാഗങ്ങളും ആക്രമിക്കപ്പെട്ട് ഇരയാക്കപ്പെട്ട് അടിമത്തിൻ്റെ വിഹ്വലമായ മനോവ്യാധികളിൽ കുരുങ്ങുന്നതു തടയണമെങ്കിൽ ആദ്യം ചെയ്യേണ്ടത് രാജ്യത്തെ രക്ഷിക്കാൻ വേണ്ടി പൗരനെ സന്നദ്ധഭടനാക്കി മാറ്റുന്ന പരിശീലനക്കളരികൾ എത്രയും വേഗം അടച്ചുപൂട്ടി മുദ്രവെയ്ക്കുക എന്നതാണ്. നമുക്ക് നമ്മുടെ നികുതിപ്പണത്താൽ തീർത്ത സൈന്യവും പോലീസ് സേനയും ഉള്ളപ്പോൾ സിവിൽ സമൂഹത്തിൽ നിന്നും സായുധ പൗരസംഘങ്ങളെ ഒന്നടങ്കം നിരായുധരാക്കുകയാണ്, അത് ഏത് ആദർശത്തിൻ്റെയോ രാഷ്ട്രീയ നിറത്തിൻ്റെയോ ബാനറിൽ സംഘടപ്പിക്കപ്പെട്ടാലും, ആദ്യപടി. ആയുധം താഴെ വെയ്ക്കേണ്ടവർ മാവോയിസ്റ്റുകൾ മാത്രമല്ല. രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ട എല്ലാ ആയുധ പരിശീലനങ്ങളും യൂണിഫോമുകളും ക്യാമ്പുകളും നിരോധിക്കണം.
രണ്ടാമത്, തീവ്രദേശീയവാദത്തിൻ്റെ പ്രത്യയശാസ്ത്രങ്ങൾക്കു കീഴ്പ്പെടുന്നവരെ ലഹരി വിമോചനത്തിനെന്നതുപോലെ പൊളിറ്റിക്കൽ - എത്തിക്കൽ കൗൺസിലിങ്ങിനും പുരധിവാസത്തിനും വിധേയമാക്കണം. ഫാഷിസമെന്നത് മനസ്സിൽ പെരുകി പരക്കുന്ന അപരവിദ്വേഷത്തിൻ്റെ രാഷ്ട്രീയ രോഗാണുക്കളാണ്.
മൂന്നാമതായി, ആണത്തത്തിൻ്റെ പ്രത്യുല്പാദനകേന്ദ്രവും ലൈംഗിക അടിച്ചമർത്തലിൻ്റെ പരിശീലന കളരികളുമായ ഇന്ത്യൻ കുടുംബങ്ങളെ ദീർഘകാലാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കണം. യൂറോപ്പ് ഫാഷിസത്തെ നേരിട്ടത് ഇതിലൂടെയുമാണ്. (അനന്തു സ്നേഹത്തോടെ ഓർക്കുന്ന രണ്ടുപേർ അവൻ്റെ അമ്മയും സഹോദരിയും മാത്രമാണ്. എവിടെ അച്ഛൻ?)
തീവ്രദേശീയ വാദത്തെ സാംസ്കാരിക പ്രവർത്തനമായും ഉദാത്ത ഭക്തിമാർഗ്ഗമായും നിസ്വാർത്ഥ രാഷ്ട്രസേവനമായും മറ്റും ആദർശവൽക്കരിക്കുന്നതിൻ്റെ ശിക്ഷയാണ് വന്നു കൊണ്ടിരിക്കുന്നത്. അതും ആർ.എസ്.എസിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഇപ്പോൾ തന്നെ അനന്തുവിൻ്റെ മരണമൊഴി ഒരു ചരിത്രരേഖയായി ലോകം കാണുകയാണ്.
തീവ്രദേശീയവാദത്തിൻ്റെ വ്യാപനത്താൽ ഇന്ത്യൻ ജനായത്തം അസ്തമിക്കുമോ എന്ന രാഷ്ട്രീയ വെല്ലുവിളി നാം കേൾക്കാറുണ്ട്. എന്നാൽ അതിൻ്റെ ഗോപ്യമായ ഭീകരത വ്യക്തികളിൽ നിന്നും വ്യക്തികളിലേക്കു സംക്രമിക്കുന്ന സാമൂഹിക - മനോവ്യതിയാനമാണ്. അതിന് അടിപ്പെടുന്നവർ ഒരേ സമയം മനോഭ്രംശം വന്ന വേട്ടക്കാരനും ഇരയുമാണ് - രോഗം രണ്ടു വിധത്തിലാണെന്നു മാത്രം. രാഷ്ട്രീയവും സാമൂഹികവും വ്യക്തിപരവുമായ പ്രതിരോധവും ചികിത്സയും അടങ്ങുന്ന ഒരു സമഗ്ര പദ്ധതിയാണ് ആവശ്യം.
