അങ്കമാലി: റോജി- തെറ്റയിൽ; ഒരു പ്രതിച്ഛായാ യുദ്ധം

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലാണ്​ കേരളം. ​കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

2016ൽ അട്ടിമറി ജയമായിരുന്നു, അങ്കമാലിയിൽ യു.ഡി.എഫിന്​. പുതുമുഖമായിരുന്ന കോൺഗ്രസിലെ യുവനേതാവ് റോജി എം. ജോൺ, ജെ.ഡി- എസ് രണ്ടുതവണ തുടർച്ചയായി ജയിച്ചുവന്ന സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. ബെന്നി മൂഞ്ഞേലിക്കെതിരെ 9186 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. കോൺഗ്രസിന് ജയിക്കാനുള്ള അനുകൂല സാഹചര്യമൊന്നുമില്ലാതിരുന്നിട്ടും അട്ടിമറിക്ക്, ജെ.ഡി-എസിലെ വിഭാഗീയതയും ഒരു കാരണമായി.

2006, 2011 വർഷങ്ങളിൽ ജോസ് തെറ്റയിലാണ് ജയിച്ചത്. 2011ൽ കേരള കോൺഗ്രസ്- ജേക്കബ് വിഭാഗത്തിലെ ജോണി നെല്ലൂരിനെ തോൽപ്പിച്ചാണ് സിറ്റിങ് എം.എൽ.എയായിരുന്ന തെറ്റയിൽ ജയം ആവർത്തിച്ചത്; 7170 വോട്ടിന്റെ ഭൂരിപക്ഷത്തിന്.

2009ൽ അച്യുതാനന്ദൻ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്ന തെറ്റയിലിനെതിരെ 2013ൽ ലൈംഗിക പീഡന കേസുണ്ടായി. ഇതേതുടർന്ന് 2016ൽ അദ്ദേഹത്തിന് പാർട്ടി സീറ്റ് നിഷേധിച്ച് ബെന്നിയെ സ്ഥാനാർഥിയാക്കുകയായിരുന്നു. താൻ സ്വതന്ത്ര സ്ഥാനാർഥിയായി നിൽക്കുമെന്ന് തെറ്റയിൽ ഭീഷണി മുഴക്കിയെങ്കിലും സി.പി.എം ഇടപെട്ടാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. ബെന്നി തോറ്റതിനെതുടർന്ന്, തെറ്റയിൽ വിഭാഗീയ പ്രവർത്തനം നടത്തി പാർട്ടിയെ തോൽപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ജനതാദൾ പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു.

എന്നാൽ, തെറ്റയിലിനെതിരായത് വ്യാജ ആരോപണമാണെന്ന് കണ്ടെത്തി സുപ്രീംകോടതി എഫ്.ഐ.ആർ റദ്ദാക്കി. ഇതേതുടർന്നാണ് അങ്കമാലിയിൽ വീണ്ടും മത്സരിക്കാൻ നറുക്കുവീണത്. സ്ഥാനാർഥിത്വം ഉറപ്പാക്കാൻ, എൽ.ഡി.എഫിലെ സീറ്റുവിഭജനചർച്ചകൾക്കുമുമ്പേ തെറ്റയിൽ, അപവാദ പ്രചാരണം ജനം തള്ളുമെന്ന് പ്രഖ്യാപിച്ച് സ്ഥാനാർഥിയായി സ്വയം രംഗത്തിറങ്ങിയിരുന്നു.

കേരള കോൺഗ്രസ് എമ്മും എൽ.ജെ.ഡിയും ഇടതുമുന്നണിയിലെത്തിയത് ജെ.ഡി-എസിന് പ്രതീക്ഷ നൽകുന്നുണ്ട്. എന്നാൽ, മണ്ഡലം സി.പി.എം തിരിച്ചെടുക്കണമെന്നും പാർട്ടി സ്ഥാനാർഥിയെ നിർത്തണമെന്നും പ്രാദേശിക ഘടകങ്ങളിൽനിന്ന് ആവശ്യമുയർന്നിരുന്നു.

സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് ഉറപ്പായതിനെതുടർന്ന് റോജി നേരത്തെ മണ്ഡലത്തിൽ സജീവമായിരുന്നു. റോജിയുടെ പ്രതിച്ഛായയിൽ വിശ്വാസമർപ്പിച്ചാണ് യു.ഡി.എഫ് പ്രചാരണം. മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ ഒമ്പതിൽ ഏഴ് പഞ്ചായത്തിലും അങ്കമാല നഗരസഭയിലും ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിനായിരുന്നു ജയം. ഇത് കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. അതേസമയം, കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ വോട്ട് എൽ.ഡി.എഫിലേക്ക് പോകുന്നത് യു.ഡി.എഫിന്റെ സാധ്യതകളെ ബാധിക്കും.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിച്ച ബെന്നി ബഹനാന് അങ്കമാലി മണ്ഡലത്തിൽനിന്ന് 27,800 വോട്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു.
അഡ്വ. കെ.വി. സാബുവാണ് ബി.ജെ.പി സ്ഥാനാർഥി.
1967 മുതൽ തുടർച്ചയായി നാലുതവണ, 1980 വരെ സി.പി.എമ്മിന്റെ എ.പി. കുര്യനാണ് ജയിച്ചത്. 1982, 87 വർഷങ്ങളിൽ കേരള കോൺഗ്രസിലെ എം.വി. മാണി. 1991 മുതൽ 2001 വരെ മൂന്നുതവണ കോൺഗ്രസിലെ പി.ജെ. ജോയി എം.എൽ.എമായി.

ആലുവ താലൂക്കിൽ ഉൾപ്പെടുന്ന അങ്കമാലി നഗരസഭയും അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ പഞ്ചായത്തുകളും അടങ്ങുന്നതാണ് മണ്ഡലം.


Comments