നിതിൻ രാജും
സാമൂഹിക നീതിയെക്കുറിച്ചുള്ള ആശങ്കകളും

വിദ്യാഭ്യാസത്തിൽ സാമൂഹിക നീതി, സമത്വം, ഗുണമേന്മ, വിദ്യാർത്ഥികളുടെ അവകാശങ്ങൾ എന്നിവയെ കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളാണ് നിതിൻ രാജിന്റെ മരണവും അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളേജും ഉയർത്തുന്നത്- മനോജ് വി.​ കൊടുങ്ങല്ലൂർ എഴുതുന്നു.

ണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹമരണം പൊതുചർച്ചയാകുന്ന സാഹചര്യത്തിൽ, ഈ സ്ഥാപനത്തിന്റെ ചരിത്രവും മാനേജ്മെൻ്റിൻ്റെ പ്രവർത്തന പശ്ചാത്തലവും ഇത്തരം വിദ്യാഭ്യാസ സംവിധാനങ്ങളുടെ ചരിത്രവും പരിശോധിക്കുകയെന്നത് സാമൂഹ്യ ഉത്തരവാദിത്വം കൂടിയാണ്. ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുവന്ന വിദ്യാഭ്യാസചരിത്രവും മാനേജ്മെന്റുമാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിനുള്ളത്.

വ്യവസായിയായ അബ്ദുൽ ജബ്ബാർ ചെയർമാനായ പ്രസ്റ്റീജ് എഡ്യുക്കേഷനൽ ട്രസ്റ്റിന്റെ കീഴിലാണ് ഈ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഉത്തര കേരളത്തിൽ മെഡിക്കൽ, ഡെന്റൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വ്യാപിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഇവർ കണ്ണൂർ അഞ്ചരക്കണ്ടിയിൽ അവരുടെ ക്യാമ്പസ് വികസിപ്പിച്ചെടുത്തത്. എന്നാൽ, ഈ സംരംഭത്തിന്റെ ചരിത്രം സുതാര്യമായ വളർച്ചയുടേതായിരുന്നില്ല; മറിച്ച്, കേരളത്തിലെ സ്വാശ്രയ- ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളുടെ ഒരു ചുരുക്കരൂപമായിരുന്നു.

മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് 2009–2010 കാലഘട്ടത്തിൽ നിരവധി വിവാദങ്ങളുണ്ടായി. ആവശ്യമായ അംഗീകാരമില്ലാതെ എം ബി ബി എസ് കോഴ്സിലേക്ക് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതിനെതിരെ Medical Council of India (MCI) എതിർപ്പ് രേഖപ്പെടുത്തുകയും പ്രവേശനനടപടി റദ്ദാക്കുകയും ചെയ്തു. സുപ്രീംകോടതിയും ഇത് ശരിവെച്ചു. ഇതോടെ പഠനം തുടങ്ങിയ 100 വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലായി.

ഈ ഘട്ടത്തിലാണ്, രാഷ്ട്രീയ മുന്നണികൾ ഒരേ മനസ്സോടെ 'വിദ്യാർത്ഥികളെ ശിക്ഷിക്കരുത്, അവരുടെ വിദ്യാഭ്യാസാവകാശം സംരക്ഷിക്കണം' എന്ന പൊതുവായ നിലപാട് സ്വീകരിച്ചത്. സർക്കാർ ഇടപെട്ട് 100 വിദ്യാർത്ഥികൾക്ക് മറ്റ് അംഗീകൃത മെഡിക്കൽ കോളേജുകളിൽ പഠനം തുടരാൻ അവസരമൊരുക്കി.

ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുവന്ന വിദ്യാഭ്യാസചരിത്രവും മാനേജ്മെന്റുമാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിനുള്ളത്. വ്യവസായിയായ അബ്ദുൽ ജബ്ബാർ ചെയർമാനായ പ്രസ്റ്റീജ് എഡ്യുക്കേഷനൽ ട്രസ്റ്റിന്റെ കീഴിലാണ് ഈ സ്ഥാപനങ്ങൾ ആരംഭിച്ചത്.
ഒട്ടേറെ വിവാദങ്ങളിലൂടെ കടന്നുവന്ന വിദ്യാഭ്യാസചരിത്രവും മാനേജ്മെന്റുമാണ് അഞ്ചരക്കണ്ടി ഡെന്റൽ കോളേജിനുള്ളത്. വ്യവസായിയായ അബ്ദുൽ ജബ്ബാർ ചെയർമാനായ പ്രസ്റ്റീജ് എഡ്യുക്കേഷനൽ ട്രസ്റ്റിന്റെ കീഴിലാണ് ഈ സ്ഥാപനങ്ങൾ ആരംഭിച്ചത്.

ഓരോ വിദ്യാർത്ഥിയിൽനിന്നും ഒരു ​കോടി മുതൽ 1.5 കോടി രൂപ വരെ പിരിച്ചെടുത്താണ് അഡ്മിഷൻ നൽകിയെന്ന് ആരോപണമുണ്ടായിരുന്നു. ഏതാണ്ട് 100-125 കോടി രൂപയുടെ അഴിമതി നടന്നിരുന്നുവെന്നായിരുന്നു ആരോപണം. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ മാനേജ്മെൻ്റിനെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുപകരം, സർക്കാർ കൊണ്ടുവന്ന നിയമസംരക്ഷണം സ്വകാര്യ മാനേജ്മെന്റുകളുടെ നിരുത്തരവാദിത്വത്തെ പരോക്ഷമായി സംരക്ഷിക്കുന്ന ഒന്നായി മാറി. സ്വകാര്യ സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകൾക്ക് സർക്കാറിനെയടക്കം വരുതിയിലാക്കാനാകുമെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു.

ഈ സംഭവം കേരളത്തിലെ സ്വകാര്യ മെഡിക്കൽ വിദ്യാഭ്യാസ​ മേഖലയിലെ നിയന്ത്രണങ്ങളുടെയും രാഷ്ട്രീയ ഇടപെടലുകളുടെയും പരിധികളെക്കുറിച്ച് ദീർഘകാല ചർച്ചയ്ക്ക് വഴിയൊരുക്കി.

സ്വകാര്യ - സ്വാശ്രയ മെഡിക്കൽ, എൻജിനീയറിംഗ്, ഡെന്റൽ കോളേജുകൾ വ്യാപകമായി ആരംഭിച്ചപ്പോൾ, അവയുടെ ഗുണമേന്മയും നിയന്ത്രണ സംവിധാനങ്ങളും സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നു. അവയെല്ലാം ഇന്ന് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.

സ്വാശ്രയ മേഖലയും നിലവാരവും

2000-കളിൽ സ്വകാര്യ - സ്വാശ്രയ സംരംഭകർ വിദ്യാഭ്യാസരംഗത്ത് ശക്തമായി കടന്നുവന്ന് മെഡിക്കൽ, എൻജിനീയറിംഗ്, ഡെന്റൽ കോളേജുകൾ വ്യാപകമായി ആരംഭിച്ചപ്പോൾ, അവയുടെ ഗുണമേന്മയും നിയന്ത്രണ സംവിധാനങ്ങളും സംബന്ധിച്ച് നിരവധി ചോദ്യങ്ങൾ ഉയർന്നു. അവയെല്ലാം ഇന്ന് പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. സ്വകാര്യ മാനേജ്മെന്റുകളുടെ ഉത്തരവാദിത്വം എത്രത്തോളം ഉറപ്പാക്കപ്പെട്ടു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. നിതിൻ രാജിന്റെ ദുരൂഹ മരണത്തോടൊപ്പം, മാനേജുമെന്റുകളുടെ പ്രവർത്തന സുതാര്യത, വിദ്യാർത്ഥി ക്ഷേമം, അവരുടെ മാനസികാരോഗ്യ പിന്തുണ തുടങ്ങിയ വിഷയങ്ങളും സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.

1990-കളിൽ ഇന്ത്യയിൽ നടപ്പിലാക്കിയ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ഭാഗമായാണ് ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിൽ പൊതുമേഖലയുടെ പങ്ക് കുറയുകയും വിപണി ശക്തികൾ പിടിമുറുക്കുകയും ചെയ്തത്. അതുവരെ വിദ്യാഭ്യാസം സാമൂഹിക അവകാശമായി കണ്ടിരുന്ന സമീപനം അട്ടിമറിക്കപ്പെട്ടു. വിദ്യാഭ്യാസം 'വിപണി ചരക്കായി' പരിഗണിക്കപ്പെടുന്ന പ്രവണത ശക്തിപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ ഉപഭോക്താക്കളായി കാണാൻ തുടങ്ങി. ഫീസ് വർധനയും മാനേജ്മെന്റ് ക്വാട്ടകളും പോലുള്ള സംവിധാനങ്ങൾ സാധാരണമായി.

ഇതോടെ വിദ്യാഭ്യാസം സമത്വപരമായ അവകാശമല്ല, സാമ്പത്തിക ശേഷിയുള്ളവർക്ക് എളുപ്പം ലഭ്യമാകുന്ന സേവനമായി മാറി. 1990-കളുടെ അവസാനം മുതൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ച അതിവേഗത്തിലായി. സ്വകാര്യ എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകൾ വ്യാപകമായി ആരംഭിച്ചു. മൂലധന നിക്ഷേപ സാധ്യതയായി വിദ്യാഭ്യാസ മേഖലയെ കാണുന്ന സമീപനം ശക്തമായി. ഇതിന്റെ ഭാഗമായാണ് കേരളത്തിലടക്കം അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് പോലുള്ള സ്ഥാപനങ്ങൾ തുടങ്ങിയത്.

 വിദ്യാഭ്യാസ വായ്പ വ്യാപകമായി ലഭ്യമായതോടെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവസരം ലഭിച്ചെങ്കിലും അത് വലിയ സാമ്പത്തിക കുരുക്കിലേക്കാണ് അവരെ എത്തിച്ചത്.
വിദ്യാഭ്യാസ വായ്പ വ്യാപകമായി ലഭ്യമായതോടെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവസരം ലഭിച്ചെങ്കിലും അത് വലിയ സാമ്പത്തിക കുരുക്കിലേക്കാണ് അവരെ എത്തിച്ചത്.

2000-കളിൽ വിദ്യാഭ്യാസം സേവന വ്യവസായമായി മാറിയപ്പോൾ സ്വകാര്യ സർവകലാശാലകൾ, ഡീംഡ് യൂണിവേഴ്സിറ്റികൾ, സ്വയംഭരണ കോളേജുകൾ എന്നിവയുടെ എണ്ണം വർധിച്ചു. വിദ്യാഭ്യാസ വായ്പ വ്യാപകമായി ലഭ്യമായതോടെ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അവസരം ലഭിച്ചെങ്കിലും അത് വലിയ സാമ്പത്തിക കുരുക്കിലേക്കാണ് അവരെ എത്തിച്ചത്.

സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി കൂടിയാണ്, പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിന് ബഡ്ജറ്റ് വിഹിതത്തിന്റെ വലിയൊരു ഭാഗം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പമ്പ് ചെയ്യാൻ തുടങ്ങിയത്. ബാങ്കുകളിൽ നിന്ന് വായ്പ്പെടുത്തവരുടെ പലിശ അടച്ചു തീർക്കുന്നതിനുള്ള പണം ബജറ്റ് വിഹിതത്തിൽ നിന്ന് നൽകുന്ന നടപടി, ഒറ്റ തീർപ്പാക്കൽ പരിപാടികൾ തുടങ്ങിയ പരിപാടികളുമായി കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും മുന്നോട്ടു വന്നു.

നിതിൻ രാജിന്റെ ദുരൂഹ മരണത്തോടൊപ്പം, മാനേജുമെന്റുകളുടെ പ്രവർത്തന സുതാര്യത, വിദ്യാർത്ഥി ക്ഷേമം, അവരുടെ മാനസികാരോഗ്യ പിന്തുണ തുടങ്ങിയ വിഷയങ്ങളും സമൂഹം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്.

എന്നാൽ, എൻജിനീയറിങ്- മെഡിക്കൽ- പാരാമെഡിക്കൽ സ്ഥാപനങ്ങളിൽ മലയാളി ചെലവഴിക്കുന്ന തുകയുടെ അളവ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പഠനത്തിനിടയിൽ പലവിധ കാരണങ്ങളാൽ കൊഴിഞ്ഞുപോകുന്ന കുട്ടികളുടെ അവസ്ഥ, പഠനം പൂർത്തിയാക്കിയിട്ടും തൊഴിൽ ലഭിക്കാത്തവരുടെ എണ്ണം എന്നിവ സംബന്ധിച്ച യാതൊരു കണക്കുകളും കേരളത്തിൽ ലഭ്യമല്ല. പഠനം പൂർത്തിയാക്കി തൊഴിൽ ലഭിക്കാത്ത സാഹചര്യത്തിൽ, വിദ്യാർത്ഥികളുടെ മേലുള്ള കടബാധ്യത ഗുരുതരമായ സാമ്പത്തിക- സാമൂഹിക പ്രശ്നമായി മാറിയിട്ടുണ്ട്.

2020-ലെ ദേശീയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ രംഗത്തെ നവലിബറൽ സമീപനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന മറ്റൊരു ഘട്ടമാണ്. ഈ നയം വിദേശ സർവ്വകലാശാലകൾക്കും കോർപ്പറേറ്റ് ഗ്രൂപ്പുകൾക്കും വിദ്യാഭ്യാസ മേഖലയിൽ പിടിമുറുക്കാൻ അവസരം നൽകുന്നു. അക്കാദമിക് സ്വയംഭരണം, ക്രെഡിറ്റ് ബാങ്ക് പോലുള്ള ആശയങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ടെങ്കിലും, വിദ്യാഭ്യാസത്തിന്റെ വിപണിവത്കരണം വർധിക്കുമെന്ന ആശങ്കകളും വ്യാപകമാണ്.

സാമ്പത്തിക അസമത്വം വർധിച്ചതോടെ മികച്ച വിദ്യാഭ്യാസം സമ്പന്നർക്കു മാത്രമായി ചുരുങ്ങി. വിദ്യാഭ്യാസ വായ്പകളിലൂടെ പഠനം തുടരുന്ന വിദ്യാർത്ഥികൾ കടബാധ്യതയുടെ ചുമടുമായി ജീവിതം തുടരേണ്ട അവസ്ഥയിലാണിന്ന്. പന്ത്രണ്ടാം ക്ലാസിനുശേഷമുള്ള ഉപരിപഠനത്തിന് പ്രവേശന പരീക്ഷ നിർബന്ധമാണിന്ന്. പ്രവേശന പരീക്ഷാ പരിശീലനം ഉറപ്പാക്കുന്ന സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിലുള്ളവർ സർക്കാർ കോളേജുകളിലും മികച്ച സ്വകാര്യ- സ്വാശ്രയ കോളേജുകളിലും അഡ്മിഷൻ നേടുമ്പോൾ, മധ്യവർഗ്ഗത്തിൽപ്പെട്ടവരും സംവരണാനുകൂല്യത്തിലൂടെയും മറ്റും കടന്നുവരുന്ന പാർശ്വവൽക്കരിക്കപ്പെട്ടവരും ഗുണനിലവാരം കുറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേക്കേറേണ്ട സ്ഥിതിയാണ്. ഇവരിൽ പലർക്കും ഇടയ്ക്കുവെച്ച് പഠനം അവസാനിപ്പിക്കേണ്ടിയും വരുന്നു. ഒപ്പം, പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കാൻ ആവശ്യത്തിന് വിദ്യാർത്ഥികളില്ലാത്തതിനാൽ പൂട്ടൽ ഭീഷണിയിലുമാണ് എന്ന വൈരുദ്ധ്യവുമുണ്ട്.

വിദ്യാഭ്യാസം സാമൂഹിക അവകാശമെന്നതിലുപരി സാമ്പത്തിക പ്രവർത്തനമായി മാറുന്ന സാഹചര്യത്തിൽ, കാമ്പസുകളിൽ വിമർശനാത്മക ചിന്തയും ജനാധിപത്യ ഇടപെടലും കുറയാനുള്ള ഭീഷണിയാണ് നിലവിലുള്ളത്.

അരാഷ്ട്രീയ കാമ്പസ്

1990-കളുടെ അവസാനത്തോടെ രാജ്യത്തെ കാമ്പസുകളിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്നത്, ഇത്തരം പ്രവണതകളുടെ തുടർച്ചയായി കാണാം. ‘Discipline and Order’ എന്ന പേരിൽ നടപ്പിലാക്കിയ ഇത്തരം നടപടികൾ, വിപണി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള ശ്രമങ്ങൾ തന്നെയായിരുന്നു. ഇതിലൂടെ വിദ്യാർത്ഥികളുടെ ജനാധിപത്യാവകാശങ്ങളും രാഷ്ട്രീയ പങ്കാളിത്തവും വലിയ തോതിൽ നിയന്ത്രിക്കപ്പെട്ടു.

വിദ്യാഭ്യാസം സാമൂഹിക ബോധവും ജനാധിപത്യ മൂല്യങ്ങളും വളർത്തുന്ന വേദിയാണ്. അതുകൊണ്ടുതന്നെ വിദ്യാർത്ഥി സംഘടനകളുടെ സാന്നിധ്യം കാമ്പസുകളുടെ സജീവതയെയും ചിന്താശേഷിയെയും നിർണ്ണയിക്കുന്ന ഘടകമായിരുന്നു. ദേശീയ പ്രസ്ഥാനത്തിൽ വിദ്യാർത്ഥികളും സംഘടനകളും നിർണായക പങ്കുവഹിച്ചത് ചരിത്രം. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നിരവധി യുവാക്കളും വിദ്യാർത്ഥികളും ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന സമരങ്ങളിൽ മുൻനിരയിൽ നിന്നിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയ ബോധവൽക്കരണത്തിന്റെയും സാമൂഹിക ഇടപെടലിന്റെയും കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നുവെന്നതും സത്യമാണ്.

വിദ്യാഭ്യാസത്തിൽ സാമൂഹിക നീതി, സമത്വം, ഗുണമേന്മ, വിദ്യാർത്ഥികളുടെ അവകാശങ്ങൾ എന്നിവയെ കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളാണ് നിതിൻ രാജിന്റെ മരണവും അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളേജും ഉയർത്തുന്നത്.
വിദ്യാഭ്യാസത്തിൽ സാമൂഹിക നീതി, സമത്വം, ഗുണമേന്മ, വിദ്യാർത്ഥികളുടെ അവകാശങ്ങൾ എന്നിവയെ കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളാണ് നിതിൻ രാജിന്റെ മരണവും അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളേജും ഉയർത്തുന്നത്.

പുതിയ നവലിബറൽ സമീപനം വിദ്യാഭ്യാസത്തെ പൊതുസേവനത്തിൽനിന്ന് വിപണി ചരക്കായി മാറ്റുന്നതിന് വഴിയൊരുക്കി. ഇതിന്റെ ഫലമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലാഭകേന്ദ്രങ്ങളായി മാറി. സർവ്വകലാശാലകളുടെ നിയന്ത്രണത്തിലായിരുന്ന പല അഫിലിയേറ്റഡ് കോളേജുകളും സ്വയം ഭരണാധികാരമുള്ളവയായി (Autonomous) മാറിയത് ഈ നയങ്ങളുടെ ഭാഗമായാണ്. അക്കാദമിക മുന്നേറ്റത്തിന് സ്വയംഭരണം സഹായിക്കുമെങ്കിലും, മാനേജ്‌മെൻ്റുകൾക്ക് തങ്ങളുടെ കാമ്പസിൽ എന്ത് കോഴ്സും എത്ര ഫീസും വാങ്ങി നടത്താനുള്ള അവകാശം ലഭിച്ചു എന്നതാണ് ഈ നയംമാറ്റത്തിലൂടെ സംഭവിച്ചത്.

വിദ്യാഭ്യാസം സാമൂഹിക അവകാശമെന്നതിലുപരി സാമ്പത്തിക പ്രവർത്തനമായി മാറുന്ന സാഹചര്യത്തിൽ, കാമ്പസുകളിൽ വിമർശനാത്മക ചിന്തയും ജനാധിപത്യ ഇടപെടലും കുറയാനുള്ള ഭീഷണിയാണ് നിലവിലുള്ളത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പഠനകേന്ദ്രങ്ങളായി മാത്രമല്ല, സാമൂഹിക ബോധവും ജനാധിപത്യ മൂല്യങ്ങളും വളർത്തുന്ന വേദികളായും നിലനിൽക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. വിദ്യാഭ്യാസത്തിൽ സാമൂഹിക നീതി, സമത്വം, ഗുണമേന്മ, വിദ്യാർത്ഥികളുടെ അവകാശങ്ങൾ എന്നിവയെ കുറിച്ചുള്ള അടിസ്ഥാന ചോദ്യങ്ങളാണ് നിതിൻ രാജിന്റെ മരണവും അഞ്ചരക്കണ്ടിയിലെ മെഡിക്കൽ കോളേജും ഉയർത്തുന്നത്. വിദ്യാഭ്യാസം സാമൂഹികനീതിയിലധിഷ്ഠിതമായ പൊതുനന്മയായിരിക്കണമോ അല്ലെങ്കിൽ വിപണിയ്ക്കുവേണ്ട ചരക്കായിരിക്കണമോ എന്ന ചർച്ചയുടെ ഉത്തരം, ഭാവിയിലെ വിദ്യാഭ്യാസ നയങ്ങളുടെ ദിശ നിർണ്ണയിക്കും.

Comments