നിതിൻ രാജിന്റെ
മരണവും
നിശ്ശബ്ദകേരളവും

നിതിൻരാജിന്റെ മരണത്തിൽ നിശ്ശബ്ദരായിരിക്കുന്നവർ അടിച്ചമർത്തുന്നവരുടെ പക്ഷത്താണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്രമാത്രം ജാതിവാദപരമാണെന്ന കഠിനയാഥാർഥ്യത്തെ നമ്മൾ അഭിമുഖീകരിച്ചേ മതിയാകൂ- ഹൃദ്യ ദിവാകരൻ എഴുതുന്നു.

ണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണം കേവലം വ്യക്തിപരമല്ല; അത് ഇന്ത്യൻ സമൂഹത്തെ, പ്രത്യേകിച്ച് പ്രബുദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തെ, കഠിനമായ യാഥാർത്ഥ്യത്തിലേക്ക് വീണ്ടും കണ്ണ് തുറപ്പിക്കാൻ നിർബന്ധിതരാക്കുന്നു. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ഹ്യൂമൻ ഇൻഡക്സും (HDI) ഉയർന്ന സാക്ഷരതയും കൈമുതലായുള്ള കേരളം പോലെ ഒരു സമൂഹത്തിലും ജാതി എന്ന വിവേചനം അതിന്റെ വേരുകളാഴ്ത്തിയിരിക്കുന്നു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. പുറമെയുള്ള പുരോഗതിയുടെ തിളക്കത്തിനിടയിലും, സാമൂഹികാഴങ്ങളിൽ ജാതി ഇപ്പോഴും അധികാരത്തിന്റെയും അസമത്വത്തിന്റെയും നിർണ്ണായക ഘടകമായി പ്രവർത്തിക്കുന്നു.

കേരളം: വികസന വിരോധാഭാസവും
ജാതിയുടെ അദൃശ്യതയും

കേരളം കൈവരിച്ച വികസന മാതൃക (Kerala Model of Development) വിദ്യാഭ്യാസവും ആരോഗ്യവും എല്ലാവരിലും എത്തിച്ചുവെന്നത് ശരിയാണ്. എന്നാൽ, ഈ ഭൗതിക വികസനം ജാതി എന്ന ചിന്താഗതിയെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടു. പുറമേക്ക് പുരോഗമനവാദിയായി അഭിനയിക്കുമ്പോഴും മലയാളിയുടെ സ്വകാര്യ ഇടങ്ങളിലും വിവാഹക്കമ്പോളങ്ങളിലും തൊഴിൽ തിരഞ്ഞെടുപ്പുകളിലും ജാതി നിർണ്ണായക ഘടകമായി തുടരുന്നു.

നിതിൻ രാജ് നേരിട്ടത് സഹസ്രാബ്ദങ്ങളായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന ജാതി എന്ന അദൃശ്യവും എന്നാൽ അതിശക്തവുമായ അധികാരവ്യവസ്ഥയെ തന്നെയാണ്. ഭരണഘടനാപരമായ സംവരണം പലപ്പോഴും ‘യോഗ്യത’യുടെ (Merit) പേരിൽ ചോദ്യം ചെയ്യപ്പെടുന്നു. എന്നാൽ, യോഗ്യത എന്നത് കേവലം മാർക്കല്ല, മറിച്ച് ഒരാൾക്ക് ലഭിക്കുന്ന സാമൂഹിക മൂലധനമാണെന്നാണ് നിതിൻ രാജിന്റെ മരണം സൂചിപ്പിക്കുന്നത്. ഉയർന്ന ജാതിയിൽ ജനിച്ച ഒരാൾക്ക് ലഭിക്കുന്ന നെറ്റ്‌വർക്കിംഗ്, ഭാഷാപരമായ മേൽക്കോയ്മ, കുടുംബം നൽകുന്ന ആത്മവിശ്വാസം എന്നിവയൊന്നും ഒരു ദലിത് വിദ്യാർത്ഥിക്ക് പലപ്പോഴും ലഭിക്കാറില്ല. ഈ അസമത്വത്തെയാണ് ‘മെറിറ്റ്’ എന്ന പേരിൽ വെള്ളപൂശുന്നത്.

ഭരണഘടനാപരമായ സംവരണം പലപ്പോഴും ‘യോഗ്യത’യുടെ (Merit) പേരിൽ ചോദ്യം ചെയ്യപ്പെടുന്നു. എന്നാൽ, യോഗ്യത എന്നത് കേവലം മാർക്കല്ല, മറിച്ച് ഒരാൾക്ക് ലഭിക്കുന്ന സാമൂഹിക മൂലധനമാണെന്നാണ് നിതിൻ രാജിന്റെ മരണം സൂചിപ്പിക്കുന്നത്.
ഭരണഘടനാപരമായ സംവരണം പലപ്പോഴും ‘യോഗ്യത’യുടെ (Merit) പേരിൽ ചോദ്യം ചെയ്യപ്പെടുന്നു. എന്നാൽ, യോഗ്യത എന്നത് കേവലം മാർക്കല്ല, മറിച്ച് ഒരാൾക്ക് ലഭിക്കുന്ന സാമൂഹിക മൂലധനമാണെന്നാണ് നിതിൻ രാജിന്റെ മരണം സൂചിപ്പിക്കുന്നത്.

രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും നവോത്ഥാനത്തിന്റെയും പരിമിതികൾ

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിൽ ഹിന്ദു മതത്തിനുള്ളിൽ അന്തർലീനമായി കിടക്കുന്ന ജാതിവ്യവസ്ഥയെ അതിന്റെ അടിത്തറയിൽ നിന്ന് ചോദ്യം ചെയ്യുന്നതിൽ പലപ്പോഴും പരിമിതികളുണ്ടായിരുന്നു. ശ്രീനാരായണഗുരു വിഭാവനം ചെയ്ത "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന മഹത്തായ ആശയം, പിൽക്കാലത്ത് ഓരോ സമുദായവും തങ്ങളുടെ ജാതിയായി മാത്രം വ്യാഖ്യാനിക്കുന്നതിലെത്തി.

ഇടതുപക്ഷ പ്രസ്ഥാനങ്ങൾ കേരളത്തിൽ സാമൂഹികവും രാഷ്ട്രീയവുമായി വലിയ മാറ്റം കൊണ്ടുവന്നുവെന്നത് വസ്തുതയാണ്. നിലവിലുള്ള സാമ്പത്തികക്രമങ്ങളെ ചോദ്യം ചെയ്യാൻ അവർക്ക് സാധിച്ചുവെങ്കിലും, ജാതി എന്ന സങ്കീർണ്ണ യാഥാർത്ഥ്യത്തെ സമഗ്രമായി അഭിമുഖീകരിക്കാൻ അവർക്കായില്ല. ലെനിന്റെ "നിഷ്കർഷമായ സാഹചര്യങ്ങളുടെ നിഷ്കർഷമായ വിശകലനം" എന്ന തത്വം പ്രായോഗികമാക്കുന്നതിൽ ഇവിടെ വീഴ്ചയുണ്ടായി. ജന്മി–കുടിയാൻ പ്രശ്നത്തെ കേവലം വർഗ്ഗസമരമായി (Class Struggle) കാണുകയും, അതിൽ ആഴ്ന്നുകിടന്നിരുന്ന ജാതിബന്ധങ്ങളെ വിസ്മരിക്കുകയും ചെയ്തത് വലിയൊരു പരിമിതിയായിരുന്നു. യൂറോപ്പിലെ തൊഴിലാളി-മുതലാളി വർഗ്ഗസമരത്തിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ തൊഴിലാളി ആരാകണം, മുതലാളി ആരാകണം എന്ന് തീരുമാനിക്കുന്നത് ജാതിയാണ്. ഇവിടെ ജാതിയാണ് വർഗ്ഗത്തെ നിർണ്ണയിക്കുന്നത്. നേതൃത്വത്തിലെ ഉന്നത സമിതികളിൽ ഇന്നും തുടരുന്ന സവർണ്ണ ആധിപത്യം ഈ ബൗദ്ധിക പരിമിതിയുടെ തെളിവാണ്.

ജാതി: വ്യക്തിയല്ല, അധികാരഘടനയാണ്

പതിറ്റാണ്ടുകൾക്കുമുമ്പ് അംബേദ്കർ ചൂണ്ടിക്കാട്ടിയ അനീതി ഇന്നും ആവർത്തിക്കപ്പെടുമ്പോൾ, ജാതിവിരുദ്ധ പോരാട്ടങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് വേണം. "ആന്റി- ബ്രാഹ്മണിക്കൽ" എന്ന നിലപാട് ഒരു വ്യക്തിയെയോ ഒരു പ്രത്യേക ജനവിഭാഗത്തെയോ ലക്ഷ്യം വെക്കുന്ന വിദ്വേഷ രാഷ്ട്രീയമല്ല. മറിച്ച്, അസമത്വത്തെ സ്വാഭാവികമാക്കുന്ന അധികാരഘടനയെയും (Power Structure) ചിന്താഗതിയെയും ചോദ്യം ചെയ്യുന്നതാണത്.

ഇവിടെ അടിച്ചമർത്തുന്നവർ (Oppressor) എന്നത് സ്ഥിരമായ ഐഡന്റിറ്റിയല്ല, അതൊരു സാമൂഹിക സ്ഥാനമാണ് (Position). വിവേചനം നടപ്പിലാക്കുന്നവരും അത് കണ്ടിട്ടും മൗനം പാലിക്കുന്നവരും ഒരേപോലെ ഈ ഘടനയുടെ ഭാഗമാണ്. ബ്രാഹ്മണിസം എന്നത് ഒരു ജീവിതരീതിയും ചിന്താഗതിയുമാണ്; അത് ശ്രേണീബദ്ധമായ അസമത്വത്തിൽ (Graded Inequality) വിശ്വസിക്കുന്നു. ഒരു വ്യക്തി മുകളിലുള്ളവരെ ബഹുമാനിക്കുകയും താഴെയുള്ളവരെ വെറുക്കുകയും ചെയ്യുന്ന ഈ വ്യവസ്ഥിതിയാണ് ജാതിയുടെ ജീവൻ. വ്യക്തികളെ ദുഷ്ടവൽക്കരിക്കുന്നതിനുപകരം, പേരിനുപിന്നിലെ ജാതി വാലുകൾ നൽകുന്ന പ്രിവിലേജുകളെയും അത് സൃഷ്ടിക്കുന്ന അസമത്വങ്ങളെയും ചോദ്യം ചെയ്യുന്ന ബൗദ്ധിക പ്രസ്ഥാനങ്ങളാണ് ഉയർന്നു വരേണ്ടത്.

പതിറ്റാണ്ടുകൾക്കുമുമ്പ് അംബേദ്കർ ചൂണ്ടിക്കാട്ടിയ അനീതി ഇന്നും ആവർത്തിക്കപ്പെടുമ്പോൾ, ജാതിവിരുദ്ധ പോരാട്ടങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് വേണം.
പതിറ്റാണ്ടുകൾക്കുമുമ്പ് അംബേദ്കർ ചൂണ്ടിക്കാട്ടിയ അനീതി ഇന്നും ആവർത്തിക്കപ്പെടുമ്പോൾ, ജാതിവിരുദ്ധ പോരാട്ടങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് വേണം.

ഫെഡറേറ്റഡ് നെറ്റ്‌വർക്ക്:
പുതിയ കാലത്തെ പോരാട്ടവീഥി

ജ്യോതിറാവു ഫൂലെയുടെ സത്യശോധക് സമാജ് മുതൽ പെരിയാറിന്റെ സ്വാഭിമാന പ്രസ്ഥാനവും അംബേദ്കറുടെ ദലിത് രാഷ്ട്രീയ ചിന്തകളും വരെ നീളുന്ന വലിയൊരു പാരമ്പര്യം നമുക്കുണ്ട്. എന്നാൽ ഇവയൊന്നും ദേശീയതലത്തിലുള്ള ഏകീകൃത പ്രസ്ഥാനമായി മാറാഞ്ഞത് ഇന്ത്യയിലെ ജാതിയുടെ പ്രാദേശികമായ വൈവിധ്യങ്ങൾ കൊണ്ടാണ്. തെക്കേ ഇന്ത്യയിൽ ദ്രാവിഡസ്വത്വവും ഭാഷയും പ്രധാന ഘടകങ്ങളാകുമ്പോൾ ഉത്തരേന്ത്യയിൽ അത് വർണ്ണവ്യവസ്ഥയുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു.

പരിഹാരം ‘ഒറ്റ വലിയ കേന്ദ്രീകൃത പ്രസ്ഥാനം’ എന്നതിലുപരി, വിവിധ സംസ്ഥാനങ്ങളിലെ പ്രസ്ഥാനങ്ങളെ ഒരു ഫെഡറേറ്റഡ് നെറ്റ്‌വർക്ക് ആയി ബന്ധിപ്പിക്കുകയാണ്. ഇതിനു വേണ്ടത്:

  • Common Ideological Frame: അംബേദ്കറുടെ ഭരണഘടനാപരമായ സമത്വ ആശയം.

  • Ideological Sharing: വിവിധ സംഘടനകൾ തമ്മിലുള്ള ആശയങ്ങളുടെ കൈമാറ്റം.

  • Political Federated Identity: പ്രാദേശിക പാർട്ടികൾ ഒരേ പൊതുലക്ഷ്യത്തിനായി ദേശീയതലത്തിൽ ഒരുമിച്ച് നിൽക്കുക.

പ്രായോഗിക ഇടപെടലുകൾ:
വായനശാലകൾ മുതൽ കല വരെ

സമൂഹത്തിന്റെ പൊതുബോധത്തിൽ മാറ്റം വരുത്താൻ താഴെത്തട്ടിലുള്ള പ്രായോഗിക ഇടപെടലുകൾ അനിവാര്യമാണ്:

  • ബോധവൽക്കരണം:
    വായനശാലകൾ, ചർച്ചാകൂട്ടങ്ങൾ എന്നിവയിലൂടെ അംബേദ്കറുടെയും പെരിയാറിന്റെയും ആശയങ്ങൾ ജനങ്ങളിലെത്തിക്കണം. ജാതി ഇന്നും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും സജീവമാണെന്ന യാഥാർത്ഥ്യം സുതാര്യമായി ചർച്ച ചെയ്യപ്പെടണം.

  • സ്ഥാപനവൽക്കരണം
    (Institutional Responsibility):
    വിവേചനങ്ങൾ നടക്കുമ്പോൾ അത് ചോദ്യം ചെയ്യപ്പെടുകയും പരാതികൾ ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്യുന്ന സംവിധാനങ്ങൾ ഹോസ്റ്റലുകളിലും ഓഫീസുകളിലും ഉറപ്പാക്കണം. ഹോസ്റ്റലുകളിലും യൂണിവേഴ്സിറ്റികളിലും "കാസ്റ്റ് സെൻസിറ്റൈസേഷൻ" സെല്ലുകൾ നിർബന്ധമാക്കണം.

  • സാംസ്കാരിക പ്രതിരോധം:
    സിനിമ, സാഹിത്യം, സോഷ്യൽ മീഡിയ എന്നിവയിലൂടെ ജാതിവിമർശനം ശക്തമാക്കണം. കീഴാള സ്വത്വങ്ങളെ ഇരകളായല്ല, മറിച്ച് പോരാളികളായി അടയാളപ്പെടുത്തുന്ന കലകൾ ആവശ്യമാണ്.

  • വിവാഹരീതികളിലെ മാറ്റം:
    ജാതിയെ സംരക്ഷിക്കുന്നത് എൻഡോഗമി (Endogamy) അഥവാ ജാതിക്കുള്ളിലെ വിവാഹമാണ്. മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ജാതിയുടെ അടിത്തറ ഇളക്കാനും സമ്പത്തും അധികാരവും ചില ഗ്രൂപ്പുകളിൽ മാത്രം കേന്ദ്രീകരിക്കുന്നത് ഇല്ലാതാക്കാനും സഹായിക്കും.


നിതിൻരാജ് എന്ന സൂചകം

നിതിൻ രാജ് ഒരു വ്യക്തിയല്ല, ഒരു അടയാളമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം എത്രമാത്രം ജാതിവാദപരമാണെന്നതിന്റെ അടയാളം. അഞ്ചരക്കണ്ടി കോളേജിലെ ആ വിദ്യാർത്ഥി നേരിട്ടത് കേവലം അക്കാദമിക് പരാജയമോ വ്യക്തിപരമായ മനോവിഷമമോ അല്ല, മറിച്ച് "ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ" ആണ്. ഒറ്റപ്പെട്ട പ്രതികരണങ്ങൾ എളുപ്പം അടിച്ചമർത്തപ്പെടും. വിദ്യാർത്ഥികളും തൊഴിലാളികളും ബുദ്ധിജീവികളും കൈകോർക്കുന്ന സംഘടിതമായ പ്രസ്ഥാനങ്ങൾക്ക് മാത്രമേ സ്ഥിരമായ മാറ്റം കൊണ്ടുവരാൻ കഴിയൂ.

 അഞ്ചരക്കണ്ടി കോളേജിലെ ആ വിദ്യാർത്ഥി നേരിട്ടത് കേവലം അക്കാദമിക് പരാജയമോ വ്യക്തിപരമായ മനോവിഷമമോ അല്ല, മറിച്ച് "ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ" ആണ്.
അഞ്ചരക്കണ്ടി കോളേജിലെ ആ വിദ്യാർത്ഥി നേരിട്ടത് കേവലം അക്കാദമിക് പരാജയമോ വ്യക്തിപരമായ മനോവിഷമമോ അല്ല, മറിച്ച് "ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ" ആണ്.

ജാതിവിരുദ്ധ നിലപാട് എന്നത് വിദ്വേഷമല്ല, മറിച്ച് സമത്വത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഓരോ പ്രവൃത്തിയിലും ജാതിയെ തിരിച്ചറിയുകയും അതിനെ പുറന്തള്ളുകയും ചെയ്യുക എന്നതാണ് പ്രധാന ദൗത്യം. നിശ്ശബ്ദത പാലിക്കുന്നവർ അടിച്ചമർത്തുന്നവരുടെ പക്ഷത്താണെന്ന സത്യം വിസ്മരിക്കരുത്. സമത്വത്തിലേക്കുള്ള വഴി ദീർഘമാണ്, എന്നാൽ അത് ആരംഭിക്കേണ്ടത് ഇത്തരം കഠിനമായ തിരിച്ചറിവുകളിൽ നിന്നാണ്. ചരിത്രത്തിലെ എല്ലാ വലിയ വിപ്ലവങ്ങളും ചെറിയ ശബ്ദങ്ങളിൽ നിന്നാണ് തുടങ്ങിയതെന്ന സത്യം നമുക്ക് കരുത്താവട്ടെ.

Comments