കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ആത്മഹത്യ എന്ന നിലയിൽ ഒതുക്കാനാകില്ല. ഇത് ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം മാത്രമല്ല. അത് ഒരു വിദ്യാഭ്യാസ സംവിധാനത്തിന്റെ, ഒരു സമൂഹത്തിന്റെ, ഒരു സംസ്ഥാനത്തിന്റെ രാഷ്ട്രീയ നൈതിക പരാജയത്തിന്റെ തുറന്ന തെളിവാണ്. ഒരു വിദ്യാർത്ഥി തന്റെ പഠനസ്ഥാപനത്തിനുള്ളിൽ തന്നെ മനുഷ്യാവകാശ ലംഘനങ്ങൾ അനുഭവിച്ച് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് തള്ളപ്പെടുമ്പോൾ അത് വ്യക്തിയുടെ ദൗർബല്യമല്ല, സംവിധാനത്തിന്റെ ക്രൂരതയാണ്. അതുകൊണ്ടുതന്നെ ഈ മരണത്തെ “suicide” ആയി ചുരുക്കുന്നത് യാഥാർത്ഥ്യത്തെ വളച്ചൊടിക്കുന്ന അരാഷ്ട്രീയതയാണ്.
സത്യത്തെ മറയ്ക്കുന്ന
നറേറ്റീവുകൾ
നിതിൻ രാജിന്റെ മരണത്തെ ആത്മഹത്യയാക്കാൻ തുടക്കം മുതൽ ആശങ്കാജനകമായ നറേറ്റീവ് നിർമാണം നടക്കുന്നുണ്ട്. അന്വേഷണ സംവിധാനത്തിന്റെ ഒത്താശയിലാണ്, കേസിന്റെ ദിശയെ തന്നെ മാറ്റാൻ ശ്രമിക്കുന്ന കഥകൾ സൃഷ്ടിച്ചുവിടുന്നത്. അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ ലോൺ ആപ്പുകളും സാമ്പത്തിക ബാധ്യതകളും ചർച്ചയിലേക്ക് കൊണ്ടുവന്നത് യാദൃച്ഛികമല്ല. ജാതിവിവേചനാരോപണങ്ങൾ ശക്തമായി ഉയരുന്ന സമയത്തുതന്നെ മറ്റൊരു “സാധ്യത” പൊതുജനങ്ങളുടെ മുന്നിൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത് സത്യം കണ്ടെത്താനുള്ള ശ്രമമല്ല. മറിച്ച് സത്യം മറയ്ക്കാനുള്ള നീക്കമാണ്.
ഒരു ആരോപണം ഉയരുമ്പോൾ അതിന് പകരം മറ്റൊരു വിശദീകരണം മുന്നോട്ടു വെക്കപ്പെടുന്നു. ആ വിശദീകരണം പിന്നീട് പ്രധാന ചർച്ചയായി മാറുന്നു. ഒടുവിൽ ജാതിവിവേചനം എന്ന സത്യം പിന്നിലേക്ക് നീങ്ങുന്നു.
ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ അതിനെ മുൻനിർത്തി ഒരു മരണത്തെ വിശദീകരിക്കാൻ ശ്രമിക്കുന്നതിലൂടെ, ജാതിപീഡനത്തിന്റെ ഗുരുതരത്വം ചുരുക്കപ്പെടുന്നു. ഇത് സമൂഹത്തിൽ ഒരു വ്യക്തി നേരിട്ട മനുഷ്യവിരുദ്ധതയെ മറച്ചുപിടിക്കാനുള്ള ശ്രമമാണ്. ഇത്തരത്തിലുള്ള നറേറ്റീവുകൾ അതിസൂക്ഷ്മമായാണ് പ്രവർത്തിക്കുക. അവ നേരിട്ട് സത്യം നിഷേധിക്കുന്നില്ല. പകരം അതിന്റെ പ്രാധാന്യം കുറയ്ക്കുകയും പൊതുജനങ്ങളുടെ ശ്രദ്ധയെ മാറ്റുകയുമാണ് ചെയ്യുന്നത്. ഒടുവിൽ യഥാർത്ഥ പ്രശ്നം അപ്രധാനമാകുന്നു.
ജാതിയെ ചുറ്റിപ്പറ്റിയുള്ള പല കേസുകളിലും ഇതേ രീതിയിലുള്ള നറേറ്റീവ് മാറ്റങ്ങൾ കണ്ടിട്ടുണ്ട്. ഒരു ആരോപണം ഉയരുമ്പോൾ അതിന് പകരം മറ്റൊരു വിശദീകരണം മുന്നോട്ടു വെക്കപ്പെടുന്നു. ആ വിശദീകരണം പിന്നീട് പ്രധാന ചർച്ചയായി മാറുന്നു. ഒടുവിൽ ജാതിവിവേചനം എന്ന സത്യം പിന്നിലേക്ക് നീങ്ങുന്നു. നിതിൻ രാജിന്റെ കേസിലും അതേ പ്രക്രിയ ആവർത്തിക്കപ്പെടുന്നു. ഇത് political framing of truth കൂടിയാണ്.

ജാതിപീഡനം:
നിശ്ശബ്ദ കൊലപാതക
രാഷ്ട്രീയം
ഈ കേസിനാധാരം ജാതിവിവേചനമാണ്. ഒരു വിദ്യാർത്ഥിയെ ജാതി, നിറം, സാമൂഹിക പശ്ചാത്തലം എന്നിവയുടെ അടിസ്ഥാനത്തിൽ നിരന്തരം ആക്രമിച്ച്, വ്യക്തിത്വത്തെ തന്നെ തകർത്തുകളഞ്ഞ പീഡനമാണ് നടന്നത്.
ക്ലാസിൽ അധ്യാപകർ നടത്തുന്ന പരിഹാസം, ആക്ഷേപങ്ങൾ, അധ്യാപകരുടെ അധികാരത്തിന്റെ ദുരുപയോഗം ഇവയെല്ലാം ചേർന്നാണ് നിതിൻ രാജിനെപ്പോലുള്ള വിദ്യാർത്ഥികളെ ഒറ്റപ്പെടുത്തുന്നത്. ഇതോടെ വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകളെ സംശയിക്കാൻ തുടങ്ങുകയും സ്വന്തം നിലനിൽപ്പുതന്നെ അവർക്കുമുന്നിൽ ചോദ്യചിഹ്നമായി മാറുകയും ചെയ്യും. ഈ അവസ്ഥ ഒരു ദിവസം കൊണ്ട് സൃഷ്ടിക്കപ്പെടുന്നതല്ല. അതുകൊണ്ടുതന്നെ ഇത് തുറന്ന അക്രമത്തേക്കാൾ കൂടുതൽ അപകടകരമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജാതി ഒരു നിയന്ത്രണശക്തിയായി പ്രവർത്തിക്കുമ്പോൾ അത് ഓരോ വിദ്യാർത്ഥിയുടെ അനുഭവങ്ങളെ കീഴ്മേൽ മറിക്കും.
മാധ്യമ നിശ്ശബ്ദതയും
മാനേജ്മെന്റിന്റെ അധികാരവും
നിതിൻ രാജിന്റെ കേസിൽ മാധ്യമങ്ങളുടെ പ്രതികരണം പ്രത്യേക ശ്രദ്ധ ആവശ്യപ്പെടുന്നു. ഈ ദുരൂഹ മരണത്തിന് കാരണമായ ഗുരുതരമായ ജാതിവിവേചനം എന്ന ആരോപണത്തെ മുഖ്യധാരാ മാധ്യമങ്ങൾ പൂർണ്ണതയിൽ അവതരിപ്പിക്കാൻ മടിക്കുന്നതായി കാണാം. പകരം മറ്റ് കാരണങ്ങൾ മുന്നോട്ടുവെച്ച് സംഭവത്തെ ലഘൂകരിക്കാൻ ശ്രമിക്കുന്നു.
മുഖ്യധാരാ മാധ്യമങ്ങൾ ചോദ്യം ചെയ്യേണ്ടവരെ സംരക്ഷിക്കുകയും ചോദ്യം ചെയ്യപ്പെടേണ്ട സത്യങ്ങളെ മറയ്ക്കുകയും ചെയ്യുന്നിടത്ത് അവർ അനീതിയുടെ ഭാഗമാകുന്നു.
ഇത്തരം ഇടപെടലുകൾക്കു പുറകിൽ അധികാരബന്ധങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റുകൾക്കുള്ള സാമ്പത്തിക- രാഷ്ട്രീയ സ്വാധീനശേഷി പൊതുചർച്ചയെ തന്നെ നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിലാണ്. ഇത്തരം സ്ഥാപനങ്ങളെ നേരിട്ട് ചോദ്യം ചെയ്യുന്നതും പ്രതിക്കൂട്ടിലാക്കുന്നതും പലപ്പോഴും മാധ്യമങ്ങൾ ഒഴിവാക്കുന്നു. അതിന്റെ ഫലമായി സത്യം ഭാഗികമായി മാത്രം പുറത്തുവരുന്നു.
മുഖ്യധാരാ മാധ്യമങ്ങൾ ചോദ്യം ചെയ്യേണ്ടവരെ സംരക്ഷിക്കുകയും ചോദ്യം ചെയ്യപ്പെടേണ്ട സത്യങ്ങളെ മറയ്ക്കുകയും ചെയ്യുന്നിടത്ത് അവർ അനീതിയുടെ ഭാഗമാകുന്നു. ഈ നിശ്ശബ്ദത തന്നെയാണ് മാനേജ്മെന്റിന് സംരക്ഷണ കവചമാകുന്നത്. നിതിൻ രാജിന്റെ മരണത്തിന്റെ കാരണങ്ങൾ ദുരൂഹമാക്കാൻ തുടക്കം മുതൽ പൊലീസ് അടക്കമുള്ള സംവിധാനങ്ങൾ നടത്തുന്ന ശ്രമങ്ങളെ മാധ്യമങ്ങൾ ഒരു സന്ദേഹവുമില്ലാതെ ഏറ്റെടുത്തതിലൂടെ, അത് യഥാർഥ കുറ്റകൃത്യത്തിൽനിന്ന് മാനേജുമെന്റിലുള്ള സുരക്ഷാകവചമാണ് തീർക്കുന്നത്.

പ്രതികരിക്കാത്ത രക്ഷിതാക്കൾ,
ഭയത്തിലായ വിദ്യാർത്ഥികൾ,
കൂട്ടായ ട്രോമ
നിതിൻ രാജിന്റെ മരണശേഷം ഉയർന്ന ഏറ്റവും വേദനാജനകമായ ചോദ്യങ്ങളിൽ ഒന്നാണ്, ഈ കോളേജിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ എന്തുകൊണ്ടാണ് ശക്തമായി പ്രതികരിക്കാത്തത് എന്നത്. അവരുടെ മക്കളും നിതിൻ രാജ് കടന്നുപോയ അതേ സംവിധാനത്തിനുള്ളിലാണ്. എന്നാൽ അവരുടെ ശബ്ദം കേൾക്കപ്പെടുന്നില്ല. ഇതിനുപിന്നിലുള്ളത് ഭയമാണ്. ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ പഠിക്കുക എന്നത് ഒരു കുടുംബത്തിന്റെ വലിയ സാമ്പത്തിക നിക്ഷേപവും, ഭാവിയോടുള്ള പ്രതീക്ഷയും കൂടിയാണ്. ഈ സാഹചര്യത്തിൽ സ്ഥാപനത്തെ ചോദ്യം ചെയ്യുന്നത് മക്കളുടെ അക്കാദമിക് ജീവിതത്തെ തന്നെ അപകടത്തിലാക്കുമെന്ന് അവർ കരുതുന്നു. അതുകൊണ്ടാണ് അവർ മിണ്ടാതിരിക്കുന്നത്.
ഇതേ ഭയം വിദ്യാർത്ഥികളെയും പിടികൂടിയിട്ടുണ്ടെന്ന് അവരുടെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. അവർ സമാനമായ അനീതികളിലൂടെ കടന്നുപോകുന്നവരായിട്ടും പ്രതികരിക്കാൻ ഭയം അവരെ അനുവദിക്കുന്നില്ല. കാരണം അവരുടെ ഭാവി ഇതേ സംവിധാനത്തിന്റെ കൈകളിലാണ്. ഈ മൗനം വ്യക്തിപരമായ തിരഞ്ഞെടുപ്പല്ല. മറിച്ച് നിർബന്ധിതാവസ്ഥയാണ്.
പല സ്വകാര്യ മെഡിക്കൽ കോളേജുകളിലും- കേരളത്തിൽ പോലും- വിദ്യാർത്ഥി സംഘടനകളെ നിയന്ത്രിക്കുന്നതോ പൂർണ്ണമായും നിരോധിക്കുന്നതോ ഒരു സാധാരണ പ്രവണതയായി മാറിയിരിക്കുന്നു.
ഈ സാഹചര്യത്തിൽ നിതിൻ രാജിന്റെ മരണം മറ്റു വിദ്യാർത്ഥികൾക്ക് ഉണ്ടാക്കുന്ന മാനസിക ആഘാതം വളരെ ആഴത്തിലാണ്. അവർ ഇപ്പോൾ പഠിക്കുന്ന ഇടം സുരക്ഷിതമാണോ എന്ന സംശയം അവരെ വേട്ടയാടുന്നു. ഓരോ ക്ലാസ്സും ഓരോ അധ്യാപകനുമായുള്ള ഇടപെടലും, ഓരോ വിലയിരുത്തലും അവർ ഭയത്തോടെയാണ് സമീപിക്കുന്നത്. ഇത് ഒരു സാധാരണ പ്രശ്നമല്ല. Collective trauma ആണ്.
ഈ ട്രോമ കൈകാര്യം ചെയ്യാൻ ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്തിടത്ത് അത് കൂടുതൽ വലുതാകുന്നു. വിദ്യാർത്ഥികളുടെ മാനസികാരോഗ്യം തകരുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ പലപ്പോഴും ഔദ്യോഗിക ചർച്ചകളിൽ പോലും ഇടംപിടിക്കുന്നില്ല. ജാതി ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒരു നിശ്ശബ്ദ അധികാരമാണ്. അത് തുറന്നുപറയപ്പെടുന്നില്ലെങ്കിലും പ്രവർത്തിക്കുന്നുണ്ട് . അത് ജീവിതങ്ങളെ സ്വാധീനിക്കുന്നു. ചിലപ്പോൾ, അത് അവയെ അവസാനിപ്പിക്കുകയും ചെയ്യുന്നു.

വിദ്യാർത്ഥി സംഘടനകളുടെ അഭാവം.
നിതിൻ രാജിന്റെ മരണത്തിനാധാരമായ കാരണങ്ങൾ മനസ്സിലാക്കാൻ ഏറ്റവും നിർണായകമായ ഘടകങ്ങളിൽ ഒന്നാണ് വിദ്യാർത്ഥി സംഘടനകളുടെ അഭാവം. പല സ്വകാര്യ മെഡിക്കൽ കോളേജുകളിലും- കേരളത്തിൽ പോലും- വിദ്യാർത്ഥി സംഘടനകളെ നിയന്ത്രിക്കുന്നതോ പൂർണ്ണമായും നിരോധിക്കുന്നതോ ഒരു സാധാരണ പ്രവണതയായി മാറിയിരിക്കുന്നു. ഇത് ഒരു “ക്രമശാസ്ത്ര” പ്രശ്നമായി അവതരിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, യഥാർത്ഥ്യത്തിൽ ഇതൊരു രാഷ്ട്രീയ നിയന്ത്രണ സംവിധാനമാണ്.
വിദ്യാർത്ഥി സംഘടനകൾ ഇല്ലാത്തിടത്ത് ഒരു വിദ്യാർത്ഥിക്ക് തന്റെ പ്രശ്നം പങ്കുവയ്ക്കാനും അതിനെ പൊതുവായ ചർച്ചയാക്കാനും കൂട്ടായ പ്രതികരണം സൃഷ്ടിക്കാനുമുള്ള ഇടമാണ് ഇല്ലാതാകുന്നത്. ഓരോ പ്രശ്നവും വ്യക്തിപരമായ അനുഭവമായി ഒതുങ്ങിപ്പോകുന്നു. ഒരു വിദ്യാർത്ഥി പീഡനം നേരിടുമ്പോൾ അത് അവരുടെ മാത്രം പ്രശ്നമായി മാറുന്നു, ഒരു സംവിധാനത്തിന്റെ പ്രശ്നമായി മാറുന്നില്ല. ഈ അഭാവം നിശ്ശബ്ദതയെ സ്വാഭാവികമാക്കുന്നു. അനീതികൾ ചോദ്യം ചെയ്യപ്പെടാതെ തുടരുന്നു. കൂട്ടായ ശബ്ദമില്ലാത്തിടത്ത് അധികാരത്തിനെതിരു നിൽക്കാൻ ആരുമില്ലാത്ത ഭീകരവസ്ഥ സൃഷ്ടിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ സംസാരിക്കാൻ ഭയമുള്ളവരാവുകയും ഒറ്റപ്പെട്ടവരായി മാറുകയും ചെയ്യുന്നു.
നിതിൻ രാജിന്റെ കേസിൽ സഹപാഠികളുടെ പ്രതികരണം വൈകിയാണ് പുറത്തുവന്നത് എന്നത് ഈ ഘടകവുമായി നേരിട്ട് ബന്ധപ്പെട്ടു കിടക്കുന്നു. ശക്തമായ വിദ്യാർത്ഥി സംഘടന ഉണ്ടായിരുന്നുവെങ്കിൽ, ഈ പ്രശ്നങ്ങൾ നേരത്തെ പൊതു ചർച്ചയായി മാറിയേനേ. ഒരാൾക്ക് സംഭവിച്ച അനീതി എല്ലാവരുടേയും പ്രശ്നമായി ഉയർന്നേനേ. എന്നാൽ ആ കൂട്ടായ്മ ഇല്ലാത്തിടത്ത് ഓരോ വിദ്യാർത്ഥിയും തന്റെ ഭയത്തിനുള്ളിൽ ഒതുങ്ങിപ്പോകുന്നു. ഇത് സംഘടനകളുടെ അഭാവം മാത്രമല്ല, democratic vacuum ആണ്. ആ ശൂന്യതയിലാണ് അനീതികൾ വളരുന്നത്. ആ ശൂന്യതയിലാണ് ഒരു വിദ്യാർത്ഥി നിശ്ശബ്ദമായി ഇല്ലാതാക്കപ്പെടുന്നത്.
നിതിൻ രാജിന്റെ മരണം നീതിയിലേക്കുള്ള ഒരു പോരാട്ടമായി മാറേണ്ടതുണ്ട്. കുറ്റക്കാരായ അധ്യാപകർ ശിക്ഷിക്കപ്പെടണം എന്നത് ഒരു ആവശ്യം മാത്രമല്ല, അതൊരു രാഷ്ട്രീയ നിർബന്ധമാണ്.
ജാതിവെറിയുടെ തീരാത്ത ക്രൂരത
രോഹിത് വെമുലയുടെ മരണം സംഭവിച്ച് 10 വർഷം പിന്നിട്ടിട്ടും ഉന്നത വിദ്യാഭ്യാസമേഖലയിലെ ജാതിവിവേചനത്തെ നേരിടാൻ ശക്തമായ നിയമനിർമ്മാണം ഉണ്ടായിട്ടില്ല എന്നത് സാഹചര്യങ്ങളെ കൂടുതൽ ഭീതിപ്പെടുത്തുണ്ട്. രോഹിതിന്റെ മരണത്തോടെ ലോകം ഇന്ത്യയിലെ അക്കാദമിക് ജാതിവ്യവസ്ഥയെ നേരിട്ടു കണ്ടു. എന്നാൽ അതിനുശേഷം സംഭവിച്ച മാറ്റം എന്താണ്? പ്രതികൾ ശിക്ഷിക്കപ്പെട്ടോ? സംവിധാനങ്ങൾ മാറിയോ? അതോ കൂടുതൽ ന്യായീകരണങ്ങൾ ചേർത്ത് അതേ അനീതിയെ കൂടുതൽ സൂക്ഷ്‌മമായി തുടരാനുള്ള വഴികളാണോ കണ്ടെത്തിയത്? ഇന്ന് നിതിൻ രാജിന്റെ മരണവും അതേ ചരിത്രത്തിന്റെ തുടർച്ചയാണ്. ഈ മരണത്തെ ആത്മഹത്യയായി മാത്രം കാണാൻ കഴിയില്ല. ഇതൊരു Systematic elimination ആണ്. ഒരു ദലിത് വിദ്യാർത്ഥിയെ വിദ്യാഭ്യാസ സംവിധാനത്തിന്റെ അകത്തുതന്നെ നിശ്ശബ്‌ദമായി ഇല്ലാതാക്കുന്ന പ്രക്രിയ. ഈ മരണത്തിൽ വ്യക്തികൾക്ക് മാത്രമല്ല സംവിധാനത്തിനും ഉത്തരവാദിത്വമുണ്ട്.

നിതിൻ രാജിന്റെ മരണം നീതിയിലേക്കുള്ള ഒരു പോരാട്ടമായി മാറേണ്ടതുണ്ട്. കുറ്റക്കാരായ അധ്യാപകർ ശിക്ഷിക്കപ്പെടണം എന്നത് ഒരു ആവശ്യം മാത്രമല്ല, അതൊരു രാഷ്ട്രീയ നിർബന്ധമാണ്. ആരൊക്കെ അവർക്കുവേണ്ടി വാദിച്ചാലും നമ്മളടങ്ങുന്ന സമൂഹം ഈ കൊലപാതകങ്ങളെ മറന്ന് മുന്നോട്ട് പോകരുത്. കാരണം നിതിൻ രാജിന്റെ മരണം മറക്കപ്പെടുന്ന ഓരോ നിമിഷവും അടുത്തൊരു വിദ്യാർത്ഥിയുടെ ജീവൻ അപകടത്തിലാക്കുന്ന ഒരു നിശ്ശബ്ദ സമ്മതമായത് തുടരും.
