ദുരന്തമുഖത്ത് നിന്നും അജ്മൽ എം.കെ. മാണിക്കോത്ത് പകർത്തിയ ചിത്രം

മണ്ണിനടിയിൽ ലോഹ സാന്നിധ്യം; അർജുനെ തേടി ഏഴാം നാൾ, കൂടുതൽ ആഴത്തിൽ തിരച്ചിൽ

ഡീപ് സെർച്ച് ഡിറ്റക്ടർ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോഹസാന്നിധ്യമുണ്ടെന്ന് സൂചന. തിരച്ചിൽ ഊർജിതമാക്കാൻ കേന്ദ്ര സർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

News Desk

  • ഉത്തരകന്നഡയിലെ അങ്കോല ഷിരൂരിൽ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഏഴാംദിവസവും തുടരുന്നു.

  • കരയിലും ഗംഗാവാലി പുഴയിലുമായാണ് തിരച്ചിൽ നടക്കുന്നത്. സമീപത്തെ മൺകൂനകളിലും മണ്ണിടിച്ചിലിനെത്തുടർന്ന് പുഴയിൽ രൂപപ്പെട്ട മൺകൂനയിലുമാണ് പരിശോധന തുടരുന്നത്.

  • ഡീപ് സെർച്ച് ഡിറ്റക്ടർ പരിശോധനയിൽ രണ്ടിടത്തു നിന്ന് സിഗ്നൽ ലഭിച്ചു. എന്നാൽ സിഗ്നൽ ലോറിയുടേതാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ഇപ്പോഴും ലഭ്യമല്ല. സിഗ്നൽ ലഭിച്ചിടത്ത് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നു.

  • നേരത്തെ അർജുന്റെ മൊബൈൽസിഗ്‌നൽ ലഭിച്ച അതേഭാഗത്താണ് ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ലോഹസാന്നിധ്യം കണ്ടെത്തിയത്.

  • ശക്തമായ മഴ തിരച്ചിലിന് വെല്ലുവിളിയാകുന്നു.

  • അർജുന്റെ വാഹനം കരയിലുണ്ടാകാൻ 99 ശതമാനവും സാധ്യതയില്ലെന്നും വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്നും ജില്ലാകളക്ടർ ലക്ഷ്മിപ്രിയ

  • കര, നാവിക സേനകളും എൻ.ഡി.ആർ.എഫ്, അഗ്‌നിരക്ഷാസേന, പോലീസ് തുടങ്ങിയവരും സന്നദ്ധപ്രവർത്തകരുമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്

  • കേരളത്തിൽനിന്നുള്ള പോലീസ്, മോട്ടോർ വാഹനവകുപ്പ്, അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്.

  • കോഴിക്കോട്ടുനിന്നടക്കം ഒട്ടേറെ സന്നദ്ധപ്രവർത്തകരും തിരച്ചിലിൽ സജീവമാണ്.

  • അർജുനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

  • തിരച്ചിൽ ഊർജിതമാക്കാൻ കേന്ദ്ര സർക്കാരിനും കർണാടക സർക്കാരിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രനാണ് സുപ്രീം കോടതിയെ സമീപിച്ചത്

  • തിരച്ചിലിന് സഹായകമാകുന്ന ഐഎസ്ആർഒയുടെ ചിത്രങ്ങളും ഇന്ന് ലഭിക്കും. മണ്ണിടിച്ചിലിന് പത്ത് മിനിറ്റ് മുമ്പുള്ള കരയുടെ ദൃശ്യമാണ് ലഭിക്കുക. നദിക്കരയിൽ ഏതൊക്കെ വാഹനങ്ങൾ നിർത്തിയിട്ടുണ്ടായിരുന്നു എന്ന വിവരം ഇതിലൂടെ അറിയാൻ സാധിക്കും

  • പ്രദേശവാസികളായ രണ്ട് പേരുടെ തിരച്ചിലും പുരോഗമിക്കുന്നുണ്ട്.

  • പുഴയുടെ മറുകരയിൽ ഒരു ഗ്രാമം ഒന്നടങ്കം ഒലിച്ചു പോയി. പ്രദേശത്തെ വീടുകൾ പൂർണമായും നശിച്ചു. വീടിന്റെ പൊക്കത്തിൽ വെള്ളം ഇരച്ചുകയറിയതാണ് അപകടത്തിനിടയാക്കിയത്.

  • അർജുന് വേണ്ടി തിരച്ചിൽ നടത്തുന്ന പുഴയുടെ മറുകരയിൽ ഇപ്പോഴും ആശങ്ക ഒഴിഞ്ഞില്ലെന്ന് റിപ്പോർട്ട്.

Comments