ആൻറിബയോട്ടിക്കുകളെ മറ്റ് മരുന്നുകളിൽ നിന്ന് വേർതിരിച്ചറിയാനും അമിതവും അശാസ്ത്രീയവുമായ ഉപയോഗം തടയാനും ഇനി മുതൽ നീലനിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ മന്ത്രാലയം. റേജ് ഓൺ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (ROAR) പ്രോഗ്രാമിന്റെ കീഴിലാണ് ഈ വ്യവസ്ഥ നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് 50000 നീലക്കവർ തയ്യാറാക്കി സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്ക് നൽകും. പൊതുമേഖലാ ഫാർമസികൾക്കും സമാനമായ നീല കവറുകൾ വിതരണം ചെയ്യും. ഇനി മുതൽ ആൻറിബയോട്ടിക്കുകൾ വിൽക്കാൻ മെഡിക്കൽ സ്റ്റോറുകൾ നീലക്കവറുകളും വാങ്ങേണ്ടിവരും. മരുന്നിൻ്റെ വിശദാംശങ്ങൾ കൂടാതെ, ബോധവൽക്കരണ സന്ദേശങ്ങളും കവറുകളിൽ ഉൾപ്പെടുത്തിട്ടുണ്ട്. ഘട്ടംഘട്ടമായി സംസ്ഥാനത്തുടനീളം പദ്ധതി നടപ്പാക്കും. ‘റോറി’ൻ്റെ ലോഗോയും പോസ്റ്ററും ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പ്രകാശനം ചെയ്തു.
ആൻറിബയോട്ടിക്കുകളും ഷെഡ്യൂൾ എച്ച്, എച്ച്1 മരുന്നുകളും ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വിൽക്കുന്നത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ശിക്ഷാർഹമാണെന്ന നിയമപരമായ മുന്നറിയിപ്പും നീലക്കവറിലുണ്ടാകും. ഡോക്ടറുടെ കുറിപ്പടി ഉപയോഗിച്ച് മാത്രം വാങ്ങേണ്ട നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ബോധവൽക്കരണ സന്ദേശങ്ങളും ഉണ്ടായിരിക്കും.
രോഗിക്ക് ഡോക്ടർ നൽകുന്ന ആൻറിബയോട്ടിക്കുകളുടെ കുറിപ്പടി സമാനമായ അസുഖത്തിന് മറ്റൊരു വ്യക്തി കഴിക്കരുത്. കാലഹരണപ്പെട്ടതോ ഉപയോഗിക്കാത്തതോ ആയ ആൻ്റിബയോട്ടിക്കുകൾ പരിസരങ്ങളിലോ, ജലാശയങ്ങളിൽ തള്ളുകയോ ചെയ്യരുത് എന്നീ നിർദ്ദേശങ്ങളും ഉൾപ്പെടുത്തും.
ആൻ്റി മൈക്രോബിയൽ ബോധവത്കരണത്തിൻ്റെ പോസ്റ്ററുകൾ മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ പ്രദർശിപ്പിക്കും. ആൻ്റിമൈക്രോബിയൽ റെസിസ്റ്റൻസ് (Antimicrobial resistance-AMR) ആരോഗ്യത്തിന് അപകടമാണെന്നും അത് ചികിത്സാ ചെലവുകൾ വർദ്ധിക്കുന്നതിലേക്കും മരണം അടക്കമുള്ള ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പുമുണ്ടാകും.