തോമസ് ​ഐസക്കിന് തോൽവി, പത്തനംതിട്ടയിൽനിന്ന് നാലാമതും ആന്റോ ആന്റണി

തോമസ് ഐസക്കിന്റെ ജനകീയതയും നിയമസഭാ മണ്ഡലങ്ങളിലെ ഇടത് സ്വാധീനവും വിഷയാധിഷ്ഠിതമായ കാമ്പയിനുമെല്ലാം വോട്ടാകുമെന്ന് പ്രതീക്ഷിച്ച എൽ.ഡി.എഫ് ക്യാമ്പിന്റെ കണക്കുകൂട്ടലുകൾ അപ്പാടെ പിഴച്ചുവെങ്കിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കുറയ്ക്കാനായി എന്നത് നേരിയ ആശ്വാസം.

Election Desk

എൽ.ഡി.എഫും യു.ഡി.എഫും ശക്തമായ പോരാട്ടം നടത്തിയ പത്തനംതിട്ടയിൽ തുടർച്ചയായ നാലാം വട്ടവും വിജയമുറപ്പിച്ച് കോൺഗ്രസിലെ ആന്റോ ആന്റണി. ഡോ. ടി.എം. തോമസ് ഐസക്കിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്ന ​പ്രതീക്ഷയുണ്ടായിരുന്നു എൽ.ഡി.എഫിന് മണ്ഡലത്തില്‍ വലിയ തിരിച്ചടി.

തോമസ് ഐസക്കിന്റെ ജനകീയതയും നിയമസഭാ മണ്ഡലങ്ങളിലെ ഇടത് സ്വാധീനവും വിഷയാധിഷ്ഠിതമായ കാമ്പയിനുമെല്ലാം വോട്ടാകുമെന്ന് പ്രതീക്ഷിച്ച എൽ.ഡി.എഫ് ക്യാമ്പിന്റെ കണക്കുകൂട്ടലുകൾ അപ്പാടെ പിഴച്ചുവെങ്കിലും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കുറയ്ക്കാനായി എന്നത് നേരിയ ആശ്വാസം.

ചിട്ടയായ പ്രവർത്തനമായിരുന്നു എൽ.ഡി.എഫിന്റേത്. മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നിരവധി പരിപാടികൾ തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. പ്രവാസികൾക്കുവേണ്ടി നടത്തിയ മൈഗ്രേഷൻ കോൺക്ലേവ് എന്ന ആഗോള മലയാളി സംഗമം ഒരു ഉദാഹരണമായിരുന്നു. 53,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം തനിക്ക് ലഭിക്കുമെന്നായിരുന്നു തോമസ് ഐസക്കിന്റെ ആത്മവിശ്വാസം. അനിൽ ആന്‍റണിയ്ക്ക് രണ്ട് ലക്ഷത്തിന് മുകളിൽ വോട്ട് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ആന്റോ ആന്റണി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ ആന്റോ ആന്റണി

സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ മണ്ഡലം കൂടിയാണ് പത്തനംതിട്ട. 63.35 ശതമാനമായിരുന്നു പോളിങ്. 2019-ൽ 74.30 ശതമാനമായിരുന്നു പോളിങ്.

കാഞ്ഞിരപ്പള്ളി (കോട്ടയം), പൂഞ്ഞാർ (കോട്ടയം), തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ട ലോക്സഭ മണ്ഡലം 2008-ൽ രൂപീകൃതമായത് മുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനൊപ്പമായിരുന്നു. മണ്ഡലം രൂപീകരിച്ചതുമുതൽ ആന്റോ ആന്റണിയാണ് എംപി. 2019-ൽ അടൂർ ഒഴികെയുള്ള എല്ലാ നിമസഭാ മണ്ഡലങ്ങലിലും അദ്ദേഹം ആധിപത്യം ഉറപ്പിച്ചിരുന്നു.

2019-ലും കേരളം ഉറ്റുനോക്കിയിരുന്ന മണ്ഡലമായിരുന്നു പത്തനംതിട്ട. അന്ന് യു ഡി എഫ് സ്ഥാനാർഥിയായ വീണ ജോർജിനെ 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആന്റോ ആന്റണി പരാജയപ്പെടുത്തിയത്. ത്രികോണ മത്സരപ്രതീതി സൃഷ്ടിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് 2,97,396 വോട്ടുകൾ നേടാൻ കഴിഞ്ഞുള്ളൂ.

ശബരിമല സ്ത്രീപ്രവേശന വിധിയെ തുടർന്നുള്ള തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വലിയ തിരിച്ചടി നേരിട്ട മണ്ഡലമായിരുന്നു പത്തനംതിട്ട. അന്ന് ഇടത് വോട്ട് ഷെയർ കുറഞ്ഞുവരുകയും ബി ജെ പി വോട്ടുവിഹിതം വർധിക്കുന്നതായും കാണാം. ഇത്തവണ തോമസ് ഐസക്കിന്റെ സ്ഥാനാർഥിത്വത്തിൽ, കുറഞ്ഞുവന്ന ഇടത് വോട്ടുകളെ തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഡോ. ടി.എം. തോമസ് ഐസക്ക്
ഡോ. ടി.എം. തോമസ് ഐസക്ക്

നരേന്ദ്ര മോദിയുടെ കൈപിടിച്ച് മണ്ഡലത്തിലേക്കിറങ്ങിയ എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്റണി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. മാത്രമല്ല, കെ. സുരേന്ദ്രൻ കഴിഞ്ഞ തവണ നേടിയ വോട്ട് വിഹിതം നിലനിർത്താനുമായില്ല. മണ്ഡലത്തിൽ അദ്ദേഹം തീർത്തും അപരിചിതനായ ഒരാളായിരുന്നു. കാമ്പയിനിൽ, ഒരു ഘട്ടത്തിലും മുൻതൂക്കം​ നേടാൻ അദ്ദേഹത്തിനായില്ല.

സ്ഥാനാർഥിത്വത്തിനായി പി.സി. ജോർജ് അരയും തലയും മുറുക്കി നിന്നിരുന്ന സമയത്താണ് അനിൽ ആന്റണിയെ മണ്ഡലത്തിലേക്കിറക്കിയത്. തന്റെ പാർട്ടിയായ ജനപക്ഷത്തെ ജോർജ് ബി.ജെ.പിയിൽ ലയിപ്പിച്ചത് പത്തനംതിട്ടയിലെ സ്ഥാനാർഥിത്വം മോഹിച്ചാണ്. എന്നാൽ, ജോർജിനെതിരെ ബി.ജെ.പിയിൽനിന്നുതന്നെ ശക്തമായ എതിർപ്പുയർന്നു.

ക്രൈസ്തവ വിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലമാണിത്. ഈ വിഭാഗത്തിന്റെ വോട്ട് നേടിയെടുക്കാന്‍ ബി.ജെ.പി കിണഞ്ഞുശ്രമിച്ചിരുന്നു.

Comments