സഭ ബി.ജെ.പിയുടെ തോളിലേറി വോട്ടുചെയ്യാനെത്തുമ്പോൾ ആറന്മുള്ള 'വേണ്ട' എന്നു പറയുമോ?

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. ​കോൺഗ്രസ്​ സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടാകുന്നതോടെ, മത്സര ചിത്രം പൂർണമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

എൽ.ഡി.എഫിലെ സിറ്റിങ് എം.എൽ.എ വീണ ജോർജ് ആറന്മുള്ളയിൽ പ്രചാരണത്തിലാണ്​. ‘വികസനം സ്വപ്നമല്ല എന്നു തെളിയിച്ചു, ഇനി വികസനത്തുടർച്ച' എന്നതാണ് ഇത്തവണ അവരുടെ മുദ്രാവാക്യം. രണ്ടാം തവണയാണ് വീണ നിയമസഭയിലേക്ക് മത്സരിക്കുന്നത്. 2016ലെ ആദ്യ മത്സരത്തിൽ കോൺഗ്രസിലെ കെ. ശിവദാസൻ നായരെ 7646 വോട്ടിനാണ് തോൽപ്പിച്ചത്. 2011ൽ 6511 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു ശിവദാസൻ നായരുടെ ജയം.

തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിന് 865 വോട്ടിന്റെ നേരിയ ലീഡുങ്കെിലും വീണ ജോർജിന് അനുകൂലമായ അന്തരീക്ഷം തന്നെയാണ് മണ്ഡലത്തിൽ പൊതുവെ. എന്നാൽ, ഓർത്തഡോക്‌സ്- യാക്കോബായ സഭാ തർക്കം ആറന്മുള്ളയിലെ ജനവിധിയിൽ പ്രതിഫലിക്കുമോ എന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്.

സഭാ തർക്കം രൂക്ഷമായതോടെ ഇരുവിഭാഗങ്ങളും സംസ്ഥാന സർക്കാറിനോട് ഇടഞ്ഞുനിൽക്കുകയാണ്. ‘സഭയുടെ ശാപം ഏറ്റിട്ട് തുടർഭരണം നടത്താമെന്ന് സർക്കാർ കരുതേണ്ട' എന്ന് യാക്കോബായ സഭ തുറന്നുപറഞ്ഞുകഴിഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും ഇത്തവണ സഭാ വോട്ടുബാങ്കുകൾ കൈക്കലാക്കാനുള്ള മത്സരത്തിൽ സി.പി.എമ്മിനെ കടത്തിവെട്ടിയിരിക്കുകയാണ്​. മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയുടെ മാധ്യസ്ഥതയിൽ സഭാ നേതാക്കൾ പ്രധാനമന്ത്രിയുമായി ഒരു വട്ടം ചർച്ച നടത്തുകയും പിന്നീട് കഴിഞ്ഞദിവസം അമിത് ഷായെ കാണുകയും ചെയ്തു. ഇതേതുടർന്നാണ് ‘ബി.ജെ.പിയോട് അയിത്തമില്ല' എന്ന പ്രസ്താവന സഭ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത്. സഭാ തർക്കം തീർക്കാമെന്ന ഉറപ്പിൽ, വോട്ട് പങ്കിടുകയാണ് ബി.ജെ.പി തന്ത്രം. ആറന്മുള്ള അടക്കമുള്ള മേഖലയിൽ സമീപകാലത്തുണ്ടായ വർഗീയ ധ്രുവീകരണവും സഭയുടെ ഒത്താശയും ​ചേർന്നുള്ള ഒരു ഭൂരിപക്ഷക്കണക്കാണ്​ ബി.ജെ.പിയുടെ കൈവശമുള്ളത്​.

കോൺഗ്രസും വെറുതെയിരിക്കുകയല്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലും ദേവലോകത്തുപോയി പരിശുദ്ധ കാതോലിക്ക ബാവയെയും പുത്തൻകുരിശിൽ പോയി ശ്രേഷ്ഠ കാതോലിക്ക ബാവയെയും കണ്ടു. പത്തനംതിട്ട ജില്ലയിലെ നിർണായക വിഭാഗമായ മാർത്തോമ സഭ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനോട് അകലത്തിലായിരുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാൻ ഇരുവരും തിരുവല്ലയിലെ മാർതോമ സഭാ ആസ്ഥാനത്തും എത്തി.

കോൺഗ്രസോ ബി.ജെ.പിയോ ആയിരിക്കുകയില്ല ഇത്തവണ വീണ ജോർജിന്റെ യഥാർഥ എതിരാളി, സഭാ വോട്ടുകളായിരിക്കും. ഓരോ തെരഞ്ഞെടുപ്പിലും വർധിച്ചുവരുന്ന വോട്ടുവിഹിതമാണ് ബി.ജെ.പിയുടെ നീക്കങ്ങൾക്ക് ബലം പകരുന്നത്. വർഗീയ വോട്ടുകളെ തോൽപ്പിക്കാൻ കഴിയും വിധം രാഷ്ട്രീയ വോട്ടുകളെ എത്രത്തോളം ശക്തമായി കേന്ദ്രീകരിക്കാം എന്നിടത്തായിരിക്കും വീണയുടെ ജയം. തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ സഭകളും വർഗീയകക്ഷികളും തമ്മിലുള്ള അവിഹിത ഇടപെടലുകളെ തുറന്നുകാട്ടാനുള്ള ഒരു ജനവിധിക്കാണ് ആറന്മുള്ള ഇത്തവണ വേദിയാകുക.

ആറന്മുള്ള വള്ളസദ്യക്കെത്തുന്ന അത്രയും ആൾക്കൂട്ടമാണ് ഇത്തവണ കോൺഗ്രസിന്റെ സാധ്യതാപട്ടികയിൽ കയറിപ്പറ്റിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഡൽഹിയിൽ നടക്കുന്ന ചർച്ചയിൽ തീരുമാനമെടുക്കാൻ കഴിയാതെ മാറ്റിവച്ചിരിക്കുന്ന പത്തു മണ്ഡലങ്ങളിൽ ഒന്നായിരിക്കുകയാണ്​ ആറന്മുള്ള. മുൻ എം.എൽ.എ ശിവദാസൻ നായർ, പി. മോഹൻരാജ്, മഹിളാ കോൺഗ്രസ് നേതാവ് സ്റ്റെല്ല തോമസ്, പഴകുളം മധു, കെ.പി.സി. സി ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ജ്യോതി വിജയകുമാർ...നീണ്ടുപോകുകയാണ്​ ലിസ്​റ്റ്​. ഡൽഹി ചർച്ചകളിൽ അരിച്ചെടുത്തത്​ മൂന്നുപേരെയാണ്​: രാഹുൽ മാങ്കൂട്ടത്തിൽ, ശിവദാസൻ നായർ, പി. മോഹൻരാജ്​.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനും ഒരു നോട്ടമുണ്ടിവിടെ; പാർട്ടി ജില്ല പ്രസിഡന്റ് വിക്ടർ ടി. തോമസാണ് കുപ്പായം തുന്നിയിരിക്കുന്നത്. പക്ഷെ, ആ കുപ്പായം ഊരി​വെക്കേണ്ടിവരും.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ 50,487 വോട്ടാണ് നേടിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് 37,906 വോട്ട് നേടിയിരുന്നു, ഇത്തവണ ജില്ല പ്രസിഡന്റ് അശോകൻ കുളനടയായിരിക്കും സ്ഥാനാർഥി.

ഇടതുപക്ഷ സ്ഥാനാർഥികൾ പലതവണ ജയിച്ചിട്ടുണ്ടെങ്കിലും വലതുപക്ഷ- മധ്യവർഗ സ്വഭാവം പ്രകടിപ്പിക്കുന്ന മണ്ഡലമാണ് ആറന്മുള്ള. അതുകൊണ്ട്, പല ഫലങ്ങളും പ്രവചനാതീതമായിരുന്നു. 1957, 1960 വർഷങ്ങളിൽ കോൺഗ്രസിലെ കെ. ഗോപിനാഥപിള്ളയാണ് ജയിച്ചത്. 1965ൽ കളത്തിൽ വേലായുധൻ നായരെ കേരള കോൺഗ്രസിലെ എൻ. ഭാസ്‌കരൻ നായർ അട്ടിമറിച്ചു.

1967, 1970 വർഷങ്ങളിൽ എസ്.എസ്.പിയും സ്വതന്ത്രനും ആയി പി.എൻ. ചന്ദ്രസേനൻ. 1977 മുതൽ നാലുവർഷം കോൺഗ്രസ് മണ്ഡലം പിടിച്ചു. 1977ൽ ൽ എം.കെ. ഹേമചന്ദ്രനും 1980, 1982, 1987 വർഷങ്ങളിൽ കെ.കെ. ശ്രീനിവാസനും. 1991ൽ എൻ.ഡി. പിയിലെ ആർ. രാമചന്ദ്രൻ നായർ. 1996ലായിരുന്നു ആറന്മുള്ളയിലെ വലിയൊരു അട്ടിമറി. സി.പി.എം വിട്ട് സി.എം.പി രൂപീകരിച്ച എം.വി. രാഘവനെതിരെ സി.പി.എം സ്വതന്ത്രനായി നിർത്തിയത് കവി കടമ്മനിട്ട രാമകൃഷ്ണനെ. രാഘവന് ദയനീയ തോൽവി. 2001ൽ മാലേത്ത് സരളാദേവിയിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചു. കെ. കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ എം.എൽ.എ സ്ഥാനം രാജിവെച്ച് ഡി.ഐ.സിയിൽ ചേർന്നയാളാണ് സരളാദേവി. 2006ൽ കരുണാകരന്റെ സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു. 2008ൽ കരുണാകരനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തി. 2006ൽ സി.പി.എമ്മിലെ കെ.സി. രാജഗോപാൽ, 2011ൽ കോൺഗ്രസിലെ കെ. ശിവദാസൻ നായർ എന്നിവർക്കായിരുന്നു ജയം.



Summary: ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. ​കോൺഗ്രസ്​ സ്ഥാനാർഥി പ്രഖ്യാപനം നാളെയുണ്ടാകുന്നതോടെ, മത്സര ചിത്രം പൂർണമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.


Comments