ആരിഫ് മുഹമ്മദ് ഖാന്റെ 'ആനന്ദവും' ഭരണഘടനയിലെ ഗവർണറും

ആരിഫ് മുഹമ്മദ് ഖാൻ ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണറുടെ സ്ഥാനത്തുനിന്നാണ് സംസാരിക്കുന്നത്. സംസ്ഥാനങ്ങളെയും ഹിന്ദി പ്രദേശത്തിനു പുറത്തുള്ള ഭാഷാ പ്രദേശങ്ങളെയും കോളനികളാക്കാൻ ഒരുമ്പെടുന്ന ബി.ജെ.പി/സംഘപരിവാർ രാഷ്ട്രീയത്തിന് ബ്രിട്ടീഷ് കൊളോണിയൽ ഭരണപാരമ്പര്യമാണ് കൂടുതൽ യോജിക്കുക.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയുടെ മാത്രമല്ല, സാമാന്യയുക്തിയുടെയും അതിരുവിട്ട് പറക്കുകയാണ്. ഗവർണറുടെ കാര്യാലയത്തെ/പദവിയെ ഇകഴ്‍ത്തിക്കാട്ടുന്ന തരത്തിൽ സംസാരിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന ഭീഷണിയാണ് ഏറ്റവും പുതുതായി ഗവർണർ ഖാൻ മുഴക്കിയിരിക്കുന്നത്.

നടപ്പാക്കാൻ പറ്റാത്ത ഭീഷണികളും വെല്ലുവിളികളും നിങ്ങളെ ആത്യന്തികമായി കൂടുതൽ ദുർബ്ബലനാക്കുകയേയുള്ളൂ എന്നത് യുദ്ധത്തിലേയും സാമാന്യവിവരമാണ്. കേരള ഗവർണർ നാൾക്കുനാൾ കൂടുതൽ അപഹാസ്യനാവുകയാണ്. എന്നാൽ, ഇതെല്ലാം പൂർണമായും ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷുഭിതബുദ്ധിയുടെ ഇളകിയാട്ടമാണെന്ന് തെറ്റിദ്ധരിക്കേണ്ടതുമില്ല. ആസൂത്രിതമായി തങ്ങളുടെ രാഷ്ട്രീയതാത്പര്യങ്ങളുടെ കീഴിലല്ലാത്ത സംസ്ഥാനങ്ങളെ നിരന്തരം സംഘർഷത്തിലും പ്രശ്നങ്ങളിലും പ്രതിസന്ധികളിലും കുരുക്കുക എന്ന ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമായാണ് ആരിഫ് മുഹമ്മദ് ഖാൻ ഇക്കാണുന്ന പ്രഹസനങ്ങൾ അരങ്ങേറ്റുന്നത്. അതിൽ അയാളുടെ വേഷം കോമാളിയുടേതാണെന്ന് ഒറ്റനോട്ടത്തിൽ തോന്നാമെങ്കിലും വാസ്തവത്തിൽ സംഘപരിവാറിന്റെയും സമഗ്രാധിപത്യ കേന്ദ്ര ഭരണകൂടത്തിന്റെയും രാഷ്ട്രീയയുദ്ധത്തിലാണ് അയാളുടെ വേഷം. അയാളാടുന്നത് മനോധർമത്തിലെ അമിതാവേശമാണെന്ന് തോന്നുമെങ്കിലും സംഘപരിവാറിന്റെയും കേന്ദ്രസർക്കാരിന്റെയും കളരിയിൽ ചൊല്ലിയാടിയ കത്തിവേഷമാണ് ഇപ്പോൾ അലറുന്നത്.

ഗവർണറുടെ കാര്യാലയത്തെ/പദവിയെ ഇകഴ്‍ത്തിക്കാട്ടുന്ന തരത്തിൽ സംസാരിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന ഭീഷണിയാണ് ഏറ്റവും പുതുതായി ഗവർണർ ഖാൻ മുഴക്കിയിരിക്കുന്നത്.

ഭരണഘടന ഗവർണറുടെ അവകാശാധികാരങ്ങളെക്കുറിച്ച് ഏറെയൊന്നും അവ്യക്തതയ്ക്കിടയില്ലാത്തവിധം (ആർട്ടിക്കിൾ 153 മുതൽ ആർട്ടിക്കിൾ 234 വരെയുള്ള ആർട്ടിക്കിളുകളിലായി) പറയുന്നുണ്ട്. ഗവർണർ എന്തു തരത്തിലാണ് സംസ്ഥാനത്തിന്റെ ഭരണത്തലവനാകുന്നത് എന്നതുമുതൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നത് മാത്രമല്ല, ജില്ലാ ജഡ്ജിയെ നിയമിക്കുന്നതുവരെയുള്ള ഗവർണറുടെ ഭരണഘടനാപരമായ ചുമതലകൾ വ്യക്തമാക്കുന്നു. ഇതെല്ലാം എങ്ങനെയാണ് ഗവർണർ ചെയ്യേണ്ടത് എന്നതിന് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ, മന്ത്രിസഭയുടെ ഉപദേശ, നിർദ്ദേശങ്ങൾക്കനുസരിച്ചാകണം എന്നും വ്യക്തമാക്കുന്നുണ്ട്. ഭരണഘടനാ നിർമാണ സഭയിൽ നടന്ന ചർച്ചകൾക്കൂടി കണക്കിലെടുക്കുമ്പൾ ഗവർണർ പദവി പൂർണമായും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് കീഴിലായാണ് ഉദ്ദേശിച്ചത് എന്ന കാര്യത്തിലും സംശയമൊന്നുമില്ല.

എങ്കിൽക്കൂടി, 1919-ലെയും 1935-ലെയും Government of India Act -കളുടെ പ്രേതബാധയാണ് സ്വതന്ത്ര ഇന്ത്യയിലെ ഗവർണർ പദവി. സംസ്ഥാനങ്ങളുടെ അധികാരം സംന്ധിച്ചും ഏതുതരത്തിലുള്ള സംസ്ഥാനങ്ങളായിരിക്കണം ഇന്ത്യയിലുണ്ടാകേണ്ടത് എന്നതുസംന്ധിച്ചും ഭരണഘടനയ്ക്ക് അംഗീകാരം നൽകി ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയപ്പോഴും വലിയ വ്യക്തത വന്നിരുന്നില്ല. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്ക്കരണത്തോടെയാണ് ഇന്ത്യ, ബ്രിട്ടീഷ് ഇന്ത്യയുടെ രൂപഘടനയെ പൂർണമായി ഉപേക്ഷിച്ചതും ഭരണഘടനാ നിർമ്മാണ സഭ കണ്ടതിനേക്കാളും കൂടുതൽ വിശാലമായ ഫെഡറൽ ആശയങ്ങളെ പ്രായോഗികമായി ഉൾക്കൊള്ളാനാകുന്ന തരത്തിൽ തനതായ ശേഷിയുള്ള സംസ്ഥാനങ്ങളായി മാറുന്ന പ്രക്രിയ ആരംഭിച്ചതും. അതുകൊണ്ടാണ് ഗവർണർ പദവി സംബന്ധിച്ച് ഭരണഘടനാനിർമാണ സഭയിൽ ബി.ആർ. അംബേദ്കർ നൽകിയ വിശദീകരണങ്ങൾ ഇന്നത്തെ കാലത്ത് പോരാതെ വരുന്നത്​, പല കാലങ്ങളിലായി സുപ്രീംകോടതി ഗവർണർ പദവിയുടെ ആലങ്കാരിക സ്വഭാവത്തെയും തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഭരണനിർവഹണ പരമാധികാരത്തെയും ആവർത്തിച്ച് വിശദമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തത്.

ബി.ആർ. അംബേദ്കർ / Photo: Wikimedia

എന്നാൽ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേന്ദ്ര സർക്കാർ മുതലുള്ള എല്ലാ കേന്ദ്ര സർക്കാരുകളും ഗവർണർ പദവിയെ സംസ്ഥാനങ്ങളെ മൂക്കുകയറിട്ട് നിയന്ത്രിക്കാനുള്ള ഒന്നാക്കുകയും അടിസ്ഥാനപരമായി രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ അടിച്ചമർത്തുകയും ചെയ്തുപോന്നു. തെരഞ്ഞെടുക്കപ്പെട്ട ആദ്യ കേരള സർക്കാരിനെ പിരിച്ചുവിട്ട നെഹ്റു സർക്കാരിന്റെ നടപടി മുതൽക്ക് ഇത് പ്രത്യക്ഷമാണ്. സംസ്ഥാന സർക്കാരുകളെ തന്നിഷ്ടംപോലെ പിരിച്ചുവിടുക മാത്രമല്ല, സംസ്ഥാനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെ നിഷേധിക്കുന്നതിനും അവയുടെ സാമ്പത്തികാധികാരങ്ങളിലേക്കും നയരൂപവത്കരണത്തിനുള്ള അധികാരങ്ങളിലേക്കും കടന്നുകയറുന്നതിനും കേന്ദ്ര സർക്കാരുകൾ തുടർച്ചയായി ശ്രമിച്ചു. കോൺഗ്രസിന്റെ ഏകക്ഷി ഭരണം ഇല്ലാതാവുകയും സംസ്ഥാനാടിസ്ഥാനത്തിലുള്ള ചെറുരാഷ്ട്രീയകക്ഷികൾ ദേശീയഭരണത്തിൽ നിർണായക സ്വാധീനം ചെലുത്താൻ തുടങ്ങുകയും ചെയ്തതോടെയാണ് ഈ പ്രവണത താത്ക്കാലികമായെങ്കിലും സാവധാനത്തിലായത്.

എന്നാൽ, തികഞ്ഞ സമഗ്രാധിപത്യ ഭരണകൂട കാഴ്ചപ്പാടുകളുള്ള ബി.ജെ.പി സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം നേടി ഭരിച്ചുതുടങ്ങിയതുമുതൽ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ-സാമ്പത്തികാധികാരങ്ങൾക്കുനേരെയുള്ള കേന്ദ്ര സർക്കാരിന്റെ കടന്നാക്രമണം രൂക്ഷമായിരിക്കുകയാണ്. ഇതിനു മറ്റൊരു രാഷ്ട്രീയസ്വഭാവം കൂടിയുണ്ട്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് സ്വാധീനം കുറവുള്ള സംസ്ഥാനങ്ങൾക്കുനേരെയും ഹിന്ദി പശു പ്രദേശത്തിന് പുറത്തുള്ള സംസ്ഥാനങ്ങൾക്കുനേരെയും മോദി സർക്കാരിന്റെ രാഷ്ട്രീയാക്രമണം നടക്കുന്നുണ്ട്. ഇതിന് പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ അവർ നിയോഗിച്ച രാഷ്ട്രീയ സ്വയംസേവകരാണ് ഗവർണർമാർ.

എന്നാൽ, ഇത്തരം അമിതാധികാര പ്രയോഗങ്ങളെ ഭരണഘടന അനുവദിക്കുന്നില്ല എന്നുമാത്രമല്ല, മറ്റെന്തൊക്കെ കുറവുകളുണ്ടെങ്കിലും ഗവർണർമാരുടെ അധികാരം സംബന്ധിച്ച് സുപ്രീംകോടതി ഭരണഘടനാ വ്യാഖ്യാനങ്ങളിലൂടെ അർശങ്കയ്ക്കിടയില്ലാത്തവിധം തടയിടുകയും ചെയ്യുന്നു.

ആരിഫ് മുഹമ്മദ് ഖാന്റെ വെല്ലുവിളികളും ആക്രോശങ്ങളും കേൾക്കുമ്പോൾ ഭരണഘടനയിലെ ഗവർണർ പദവി സംബന്ധിച്ച രണ്ടു ആർട്ടിക്കിളുകൾ മാത്രമേ വായിച്ചതായി തോന്നുകയുള്ളൂ. അതിലൊന്ന്, ഓരോ സംസ്ഥാനത്തിനും ഒരു ഗവർണർ വേണം എന്ന് നിഷ്‌കർഷിക്കുന്ന ആർട്ടിക്കിൾ 153 ആണ്. തന്നെ നിയമിച്ച രാഷ്ട്രപതിയുടെ ഉത്തരവുമായി (സംഘപരിവാറിന്റെ തീട്ടൂരവുമായി) അദ്ദേഹം വണ്ടിപിടിച്ചു കേരളത്തിൽ വന്നു. പിന്നെ അടുത്ത ആർട്ടിക്കിൾ പകുതി വായിച്ചു (154), അതായത് സംസ്ഥാനത്തിന്റെ ഭരണനിർവ്വഹണാധികാരം (executive power) ഗവർണറിൽ നിഷിപ്തമായിരിക്കുന്നു എന്നിടത്ത് വായന നിർത്തി. ഭരണഘടന അനുശാസിക്കുന്ന തരത്തിൽ എന്ന ബാക്കി ഭാഗം നോക്കിയില്ല. ശേഷം 1919-ലെ Government of India Act നിവർത്തി. അതിൽ രാജ്യത്തെ പ്രവിശ്യാഭരണം ഗവർണർമാർക്കുകീഴിലാണ്. മാത്രമല്ല, എട്ടു പ്രവിശ്യകളെ "ഗവർണർമാരുടെ പ്രവിശ്യകൾ' എന്നാണ് വിളിച്ചിരുന്നതും. ആരിഫ് മുഹമ്മദ് ഖാൻ ബ്രിട്ടീഷ് ഇന്ത്യയിലെ ഗവർണറുടെ സ്ഥാനത്തുനിന്നാണ് സംസാരിക്കുന്നത്. സംസ്ഥാനങ്ങളെയും ഹിന്ദി പ്രദേശത്തിനു പുറത്തുള്ള ഭാഷാ പ്രദേശങ്ങളെയും കോളനികളാക്കാൻ ഒരുമ്പെടുന്ന ബി.ജെ.പി/സംഘപരിവാർ രാഷ്ട്രീയത്തിന് ബ്രിട്ടീഷ് കൊളോണിയൽ ഭരണപാരമ്പര്യമാണ് കൂടുതൽ യോജിക്കുക.

ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസ് തലവൻ മോഹൻ ഭഗവതുമായുള്ള കൂടിക്കാഴ്ചയിൽ / Photo: Facebook

ഗവർണർമാരുടെ ചുമതല എന്നത് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ ഉപദേശ, നിർദ്ദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കുക മാത്രമാണ് എന്ന് സുപ്രീംകോടതിയും ഭരണഘടനയും വ്യക്തമാക്കുന്നു. അതായത്, ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ പറയുന്ന ഈ ഗവർണറുടെ "pleasure' അഥവാ സംതൃപ്തി, വ്യക്തിഗതമായ ഒന്നല്ലെന്നും അത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിന്റെ നയങ്ങളായിരിക്കണമെന്നും നിരവധി തവണ കോടതി പറഞ്ഞിട്ടുണ്ട്.

നബാം റേബിയ കേസിൽ (2016) സുപ്രീംകോടതി ഗവർണറുടെ വ്യക്തിഗതമായ വിവേചനാധികാരം എങ്ങനെയാണ് കേവലം സങ്കൽപം മാത്രമാകുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും നിയമസഭയെയും മറികടന്നുകൊണ്ടുള്ള ഒരു നടപടിയും കൈക്കൊള്ളാൻ ഗവർണർക്ക് കഴിയില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഗവർണറുടെയും പ്രസിഡന്റിന്റെയും അധികാരങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾക്ക് കൃത്യമായി അറുതിവരുത്തി, സുപ്രീം കോടതി ഷംസേർ സിങ് കേസിൽ (1974) പ്രസിഡന്റും ഗവർണറും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ നിദേശാനുസരണമാണ് പ്രവർത്തിക്കേണ്ടതെന്ന് വ്യക്തമാക്കി.

"പ്രസിഡന്റിന്റെയോ ഗവർണറുടെയോ തൃപ്തി എന്നത് പ്രസിഡന്റിന്റെയോ ഗവർണറുടെയോ എന്തെങ്കിലും ചുമതലകൾ നിർവഹിക്കാൻ ആവശ്യമായി വരുന്ന സന്ദർഭത്തിൽ, ഉദാഹരണത്തിന് ആർട്ടിക്കിളുകൾ 123, 213, 311(2), proviso (c), 317, 352 (1), 356, 360 എന്നിവ, ഭരണഘടനാ ആവശ്യപ്പെടുന്ന സംതൃപ്തി എന്നത് പ്രസിഡണ്ടിന്റെയോ ഗവർണറുടെയോ വ്യക്തിപരമായ സംതൃപ്തിയല്ല, മറിച്ച്, സർക്കാരിന്റെ മന്ത്രിസഭാസംവിധാനത്തിനുകീഴിലുള്ള ഭരണഘടനാപരമായ സംതൃപ്തിയാണ്...' (ഷംസേർ സിങ് 1974). തുടർന്ന് രാമേശ്വർ പ്രസാദ് കേസിലും (2006) സുപ്രീംകോടതി ഗവർണറുടെ വിവേചനാധികാരം ഭരണഘടന പ്രത്യക്ഷത്തിൽ പറയുന്നതിനപ്പുറത്തേക്ക് കടക്കുന്ന ഒന്നല്ല എന്ന് വ്യക്തമാക്കി.

ഇനി, ഗവർണർ മന്ത്രിസഭയുടെ ഉപദേശങ്ങൾക്ക് വിരുദ്ധമായി തീരുമാനമെടുക്കുന്ന സന്ദർഭങ്ങളിൽ അത് പരിശോധിക്കാനും ഭരണഘടനാപരമായി തിരുത്താനുമുള്ള അധികാരവും ഭരണഘടനാ കോടതിക്കുണ്ട്. അതായത്, ഗവർണറുടെ ഒരു നടപടിക്കും ഭരണഘടനാ കോടതികൾക്കുമുകളിലുള്ള പരിരക്ഷയില്ല. ഭരണഘടന പ്രത്യക്ഷത്തിൽ നിഷ്‌ക്കർഷിക്കുന്നവയൊഴിച്ച് എല്ലാ സന്ദർഭങ്ങളിലും മന്ത്രിസഭയുടെ ഉപദേശങ്ങൾക്കനുസരിച്ച് മാത്രമാണ് ഗവർണർ പ്രവർത്തിക്കേണ്ടത് (ആർ. എ. മേഹ്ത്ത കേസ്, 2013)

മുഖ്യമന്ത്രിയുടെ ശുപാർശയനുസരിച്ചാണ് ഗവർണർ മന്ത്രിമാരെ നിയമിക്കുന്നത്. അതുകൊണ്ടുതന്നെ മന്ത്രിമാരെ നീക്കുന്നതിനും മുഖ്യമന്ത്രിയുടെ ശുപാർശ വേണം. മുഖ്യമന്ത്രിയെ നിയമിക്കുന്നതും ഗവർണറുടെ ഇഷ്ടാനുസരണമല്ല, ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ളതും സുപ്രീംകോടതി വിവിധ കാലങ്ങളിലായി നൽകിയതുമായ മാനദണ്ഡങ്ങൾക്കനുസരിച്ചാണ്. എപ്പോഴെല്ലാം ഗവർണർമാർ തന്നിഷ്ടപ്രകാരവും കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ചും ഭരണഘടനാ ചുമതലകൾ അട്ടിമറിക്കാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം, മിക്ക സന്ദർഭങ്ങളിലും, സുപ്രീം കോടതി ഗവർണർമാർക്ക് അവരുടെ അധികാരപരിധിയും പരിമിതിയും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.

ഇപ്പോൾ ആരിഫ് മുഹമ്മദ് ഖാൻ ഉപയോഗിച്ച "pleasure' പോലും ഒരു കേന്ദ്ര/ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ ജോലിയിൽ തുടരുന്നത് പ്രസിഡൻറിന്റെ​​ /ഗവർണറുടെ "pleasure' ഉള്ള കാലം വരെ മാത്രമാണ് എന്ന പ്രമാണം വെച്ചാണ്. അത് കോമൺ ലോയിൽ ബ്രിട്ടീഷ് രാജാവിന്റെ / രാജ്ഞിയുടെ അധികാരത്തിന്റെ ഇന്ത്യൻ പകർപ്പാണ് എന്ന് വേണമെങ്കിൽ പറയാം. "Durente bene placito (reges) ', അതായത് രാജാവിന്/ രാജ്ഞിക്ക് തൃപ്തിയുള്ള കാലം വരെ എന്നാണ്. ഇന്ത്യൻ ഭരണഘടനയിൽ ആർട്ടിക്കിളുകൾ 310, 311 എന്നിവയാണ് പ്രസിഡന്റിനും ഗവർണർക്കും സമാന അധികാരം നൽകുന്നത്. എന്നാലിതൊക്കെ നിയമവാഴ്ചക്കനുസരിച്ചും നടപടിക്രമങ്ങൾ പാലിച്ചും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ തീരുമാനങ്ങൾക്കനുസരിച്ചും മാത്രം നടപ്പാക്കാവുന്നതാണ്.

ആത്യന്തികമായി ഗവർണറുടെ "pleasure' എന്നത് ഗവർണർ എന്ന വ്യക്തിയുമായി പുലബന്ധമില്ലാത്ത ഒരു ഭരണഘടനാ ആശയമാണ്. ആരിഫ് മുഹമ്മദ് ഖാൻ എന്ന സംഘപരിവാർ, കേന്ദ്ര സർക്കാർ കൂലിപ്പടയാളിയുടെ വൈകാരികപ്രപഞ്ചത്തിലേക്ക് അതിനെ വലിച്ചിടാൻ ഭരണഘടന അനുവദിക്കുന്നില്ല.

ഗവർണർ പദവിക്കും അതിനുള്ള അധികാരങ്ങൾക്കും തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെ മറികടക്കുന്നതരത്തിലുള്ള അധികാരങ്ങളോ അവസരങ്ങളോ വിവേചനാധികാരങ്ങളോ ഇല്ല എന്നത് അസന്ദിഗ്ധമായ വസ്തുതയാണ്. അതിനപ്പുറത്തേക്കുള്ള എന്തുനീക്കവും ഇന്ത്യയുടെ ഫെഡറൽ സ്വഭാവത്തെയും അതുവഴി ഭരണഘടനയുടെ അടിസ്ഥാന ഘടനാ പ്രമാണങ്ങളെയും (basic structure doctrine) ലംഘിക്കുന്നതാണ്, ഭരണഘടനാവിരുദ്ധമാണ്. രാജ്ഭവൻ എന്നതൊരു ജനാധിപത്യവിരുദ്ധമായ പേരും സ്ഥാപനവുമാണ്. അതിലുള്ളത് രാജാവല്ല എന്ന വസ്തുത എത്രയും വേഗം തിരിച്ചറിയുന്നതാണ് ആരിഫ് മുഹമ്മദ് ഖാന് നല്ലത്. അത് മനസ്സിലാക്കിക്കൊടുക്കുക എന്നത് ഇന്ത്യയിലെ വിവിധ ബി.ജെ.പി ഇതര കക്ഷികൾ ഭരിക്കുന്ന, ഹിന്ദിഇതര സംസ്ഥാനങ്ങൾ നടത്തേണ്ട ചരിത്രപരമായ പോരാട്ടം കൂടിയാണ്. ഇന്ത്യ ഇങ്ങനെയൊക്കെത്തന്നെയാണോ നിലനിൽക്കേണ്ടത് എന്നതിലും ഒരു തീർപ്പുണ്ടാക്കേണ്ട ഏറ്റുമുട്ടൽ കൂടിയാണിത്.

Comments