ആരിഫ് മുഹമ്മദ് ഖാന്റെ ആർ.എസ്.എസ് അജണ്ട

സർവകലാശാലകളുടെ മതനിരപേക്ഷത കാക്കാനാണ് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ക്രിമിനൽസ് എന്ന് ആക്ഷേപിച്ചും 'ഗെറ്റ് ലോസ്റ്റ്' എന്നാക്രോശിച്ചും തനി ഗുണ്ടാവിളയാട്ടം നടത്തുകയാണ് ഗവർണർ യൂണിവേഴ്സിറ്റി കാമ്പസിൽ ചെയ്തത് എന്ന വാദമുയർത്തുകയാണ് കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറായ കെ.ടി. കുഞ്ഞിക്കണ്ണൻ.

ർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള ആർ.എസ്.എസ് അജണ്ടയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മൂന്ന് ദിവസം കോഴിക്കോട് സർവകലാശാല ഗസ്റ്റ്ഹൗസിൽ ക്യാമ്പ് ചെയ്ത് പ്രകോപനങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സനാതന ധർമ്മപീഠവും ഭാരതീയ വിചാരകേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച സെമിനാറിനും ഒരു വിവാഹചടങ്ങിലും പങ്കെടുക്കാനാണ് അദ്ദേഹം മൂന്ന് ദിവസം യൂണിവേഴ്സിറ്റി ഗസ്റ്റ്ഹൗസിൽ തങ്ങി ഒന്നിനുപിറകെ ഒന്നായി പ്രകോപനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നത്.

ഗവർണർക്കെതിരായ വിദ്യാർത്ഥികളുടെ പ്രതിഷേധം ന്യായവും ജനാധിപത്യപരവുമാണ്. സർവകലാശാല സെനറ്റിലേക്ക് യൂണിവേഴ്സിറ്റിഅധികൃതർ നൽകിയ ലിസ്റ്റിലെ പേരുകൾ വെട്ടി ആർ.എസ്.എസുകാരെ തിരുകി കയറ്റിയതിലുള്ള പ്രതിഷേധമാണ് ഗവർണർക്കെതിരായ പ്രക്ഷോഭങ്ങൾക്ക് കാരണമായത്. സർവകലാശാലകളുടെ മതനിരപേക്ഷത കാക്കാനാണ് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിനിറങ്ങിയത്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ക്രിമിനൽസ് എന്ന് ആക്ഷേപിച്ചും 'ഗെറ്റ് ലോസ്റ്റ്' എന്നാക്രോശിച്ചും തനി ഗുണ്ടാവിളയാട്ടം നടത്തുകയാണ് ഗവർണർ യൂണിവേഴ്സിറ്റി കാമ്പസിൽ ചെയ്തത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

2014-ൽ തങ്ങൾക്ക് ലഭ്യമായ കേന്ദ്രാധികാരം ഉപയോഗിച്ച് സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളെയും, വിശിഷ്യാ വിദ്യാഭ്യാസ മേഖലയെ, കാവിവൽക്കരിക്കാനുള്ള നീക്കമാണ് മോദി സർക്കാർ നടത്തിയത്. ചരിത്രത്തെയും സംസ്കാരത്തെയും കാവിവൽക്കരിച്ച് ഹിന്ദുരാഷ്ട്ര നിർമിതിക്കാവശ്യമായ പ്രത്യയശാസ്ത്രപരിസരം സൃഷ്ടിക്കുകയാണ് അവരുടെ അജണ്ട. 2014-നുശേഷം ഇന്ത്യയുടെ അഭിമാനങ്ങളായ അക്കാദമിക് സ്ഥാപനങ്ങളെല്ലാം സംഘപരിവാർ പിടിയിലമർന്നു. സ്വതന്ത്രമായ അക്കാദമിക് പ്രവർത്തനങ്ങൾക്കും സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിനും നേരെ കടന്നുകയറ്റം നടത്തുകയാണ് ബി.ജെ.പി സർക്കാർ ചെയ്തത്.

യാതൊരു അക്കാദമിക് യോഗ്യതയുമില്ലാത്ത ആർ.എസ്.എസുകാരെയും മോദി ഭക്തരെയും ദേശീയ അക്കാദമിക് സ്ഥാപനങ്ങളുടെ മേധാവികളായി അവരോധിച്ചു. 2014-ൽ ചരിത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനാക്കിയ വൈ. സുദർശനറാവുവും കൗൺസിൽ അംഗങ്ങളും സംഘപരിവാർ വിധേയത്വമെന്ന ഒറ്റ യോഗ്യത മാത്രമുള്ളവരായിരുന്നു. സാമൂഹ്യശാസ്ത്ര ഗവേഷണ കൗൺസിലിന്റെ അധ്യക്ഷനായി നിയമിക്കപ്പെട്ട ബ്രിജ്ബിഹാറികുമാർ സാമൂഹ്യശാസ്ത്ര ഗവേഷണരംഗത്ത് ഒരു സംഭാവനയുമില്ലാത്ത ആർ.എസ്.എസുകാരൻ മാത്രമാണ്. ഇന്ത്യയിൽ ജാതിവ്യവസ്ഥയും അസ്പൃശ്യതയും സൃഷ്ടിച്ചത് തുർക്കികളും മുഗളന്മാരുമാണെന്ന അബദ്ധപൂർണമായ സിദ്ധാന്തങ്ങൾ കൊണ്ടുനടക്കുന്ന ആളാണ് ഈ ബ്രിജ്ബിഹാറികുമാർ.

ആരിഫ് മുഹമ്മദ് ഖാനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എസ്.എഫ്.ഐ ബാനര്‍ / Photo: SFI Calicut University Campus
ആരിഫ് മുഹമ്മദ് ഖാനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എസ്.എഫ്.ഐ ബാനര്‍ / Photo: SFI Calicut University Campus

ഇതുപോലുള്ളവരാണ് കഴിഞ്ഞ 10 വർഷമായി നമ്മുടെ അക്കാദമിക്‌ രംഗം കയ്യടക്കിയിരിക്കുന്നത്. ഇപ്പോഴത്തെ യു.ജി.സി ചെയർമാൻ ഡോ. ജഗദീഷ്‌കുമാർ ആർ.എസ്.എസിന്റെ വിജ്ഞാനഭാരതി പ്രവർത്തകനാണ്. നേരത്തെ ഇദ്ദേഹം ജെ.എൻ.യു വി.സിയായിരുന്നു. ഇപ്പോൾ ജെ.എൻ.യു വി.സിയായി പ്രവർത്തിക്കുന്നത് ഗോഡ്‌സെയുടെ ആരാധികയായ ശാന്തിശ്രീ പണ്ഡിറ്റാണ്. ഇന്ത്യൻ ശാസ്ത്രകോൺഗ്രസിന്റെ ചെയർമാനായി നിയമിക്കപ്പെട്ട അച്യുത്‌ സമന്തയുടെ യോഗ്യത ആർ.എസ്.എസുകാരനാണെന്നത് മാത്രമാണ്. മിത്തുകളെയും ഇതിഹാസ കഥകളെയും ശാസ്ത്രമായി അവതരിപ്പിക്കുന്ന വിജ്ഞാനവിരുദ്ധതയുടെ പ്രാചീനതയിലേക്ക് രാജ്യത്തെ നയിക്കുന്നവരാണിവർ.

കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സർവ്വകലാശാലകളിൽ തങ്ങളാഗ്രഹിക്കുന്ന രീതിയിൽ കാവിവൽക്കരണം നടത്താനാണ് ഗവർണർമാരെ, അവരിലർപ്പിതമായ ചാൻസലർ പദവി ഉപയോഗപ്പെടുത്തി, ആർ.എസ്.എസ് കടന്നുകയറ്റം നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമാണ് സർവകലാശാലകളിൽ ആരിഫ് മുഹമ്മദ് ഖാൻ നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റങ്ങൾ. ആർ.എസ്.എസ് അജണ്ടയിലാണ് ആരിഫ് മുഹമ്മദ് ഖാൻ കളിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള വിവേകവും മതനിരപേക്ഷ രാഷ്ട്രീയബോധവുമാണ് കേരളമിന്ന് ആവശ്യപ്പെടുന്നത്.

ഡോ.ജഗദീഷ്‌കുമാർ, ശാന്തിശ്രീപണ്ഡിറ്റ്
ഡോ.ജഗദീഷ്‌കുമാർ, ശാന്തിശ്രീപണ്ഡിറ്റ്

സ്വതന്ത്രമായ അക്കാദമിക് സമൂഹമെന്നത് ഏതൊരു സമൂഹത്തിലും ജനാധിപത്യം നിലനിൽക്കുന്നതിനും വിപുലമാകുന്നതിനുമുള്ള മുന്നുപാധിയാണ്. അക്കാദമിക് സ്ഥാപനങ്ങളെ ആർ.എസ്.എസിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവന്ന് രാജ്യത്തെ സമഗ്രാധിപത്യത്തിലേക്കും ഫാഷിസത്തിലേക്കും നയിക്കാനാണ് ആർ.എസ്.എസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രതിരോധങ്ങൾക്ക് എസ്.എഫ്.ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ എന്തുകൊണ്ടോ മടിച്ചനിൽക്കുകയാണ്.

ഹിന്ദുരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്രനിലപാടുകളിൽനിന്നാണ് ആർ.എസ്.എസ് നയിക്കുന്ന കേന്ദ്രസർക്കാർ ഇന്ത്യയുടെ ബഹുസംസ്‌കൃതിക്കും ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്കും എതിരായി നിരന്തരമായി കടന്നാക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പിയിതര സർക്കാരുകൾ നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ചുകൊണ്ടുള്ള കുത്തിത്തിരിപ്പുകളും അട്ടിമറി ശ്രമങ്ങളുമാണ് മോദി- അമിത്ഷാ ക്ലിക്ക് കഴിഞ്ഞ 10 വർഷക്കാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ സ്വയംസേവക്‌സംഘത്തിന്റെ പ്രത്യയശാസ്ത്രലക്ഷ്യങ്ങളിലേക്ക് കേരളത്തെകൂടി എത്തിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായിട്ടുവേണം സർവകലാശാലകളിലേക്കുള്ള ഗവർണറെ ഉപയോഗിച്ചുള്ള കടന്നുകയറ്റത്തെ കാണാൻ. കേരളം എക്കാലത്തും ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തിന് പ്രതിരോധം തീർത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ

2023 ഡിസംബർ 18-ന് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കിടയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ സനാതന ധർമപീഠം ചെയർ സംഘടിപ്പിച്ച സെമിനാറിൽ ഉദ്ഘാടനപ്രസംഗം നടത്തിക്കൊണ്ട് ഗവർണർ ഉദ്‌ബോധിപ്പിച്ചത്; സർവ്വകാല പ്രസക്തമായിട്ടുള്ള ധർമസിദ്ധാന്തമാണ് ഭാരതത്തിന്റേത്. ദേശകാലാതീതമാണ് സനാതനധർമം. ലോകത്തിനുവേണ്ടിയുള്ള ധർമ്മമാണ് സനാതനസംസ്‌കാരം (ജന്മഭൂമി, 2023 ഡിസംബർ 19). അപ്പോൾ കാര്യം വ്യക്തമാണ്. ചാതുർവർണ്യാധിഷ്ഠിതമായ വ്യവസ്ഥയെ സാധൂകരിച്ച് നിർത്തുന്ന സനാതന ധർമമാണ് ആർ.എസ്.എസ് വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രമെന്നത്.

ആര്യവംശാഭിമാനത്തിലധിഷ്ഠിതമായ സാംസ്കാരിക ദേശീയതാവാദികൾ തങ്ങളനഭിമതരും നീചജന്മങ്ങളുമായി കാണുന്ന ന്യൂനപക്ഷങ്ങൾക്കും ദലിതുകൾക്കും സ്ത്രീകൾക്കുമെതിരായ വിശുദ്ധ വർണധർമ്മത്തെ സനാതന സംസ്കാരമായി കൊണ്ടാടുന്നവരാണ്. നവോത്ഥാന ദർശനങ്ങൾക്കും സാമ്രാജ്യത്വവിരുദ്ധ ദേശീയതക്കും എതിരായ അത്യന്തം പ്രതിലോമപരമായ പ്രത്യയശാസ്ത്രമാണ് ഈ ഹിന്ദുത്വമെന്നത്. ഇന്ത്യൻ നാടുവാഴിത്ത രാജഭരണത്തെയും ഫ്യൂഡൽ മതാത്മകതയെയും ദേശീയതയായും ദേശസ്‌നേഹമായും നിർവ്വചിക്കുന്ന ആർ.എസ്.എസ് കമ്യൂണിസ്റ്റുകാരെയും മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ആഭ്യന്തര വിപത്തുകളായികണ്ട് ഉച്ഛാടനം ചെയ്യണമെന്ന നിലപാട് പുലർത്തുന്നവരാണ്.

‘വിചാരധാര’യില്‍ നിന്ന്
‘വിചാരധാര’യില്‍ നിന്ന്

ഇന്ത്യൻ സമൂഹത്തിലെ ജാതി- ഗോത്ര- മതാധികാര- വർണാധികാര വ്യവസ്ഥയിലധിഷ്ഠിതമായ ജന്മിത്വത്തിനും അതുമായി സഹവർത്തിച്ച കൊളോണിയലിസത്തിനുമെതിരെ നിലപാട് സ്വീകരിച്ചവരെന്ന നിലക്കാണ് കമ്യൂണിസ്റ്റുകാർ ഹിന്ദുത്വവാദികളുടെ ശത്രുക്കളായി മാറിയത്. ഹിന്ദുത്വത്തിന്റെ ഈയൊരു പ്രത്യയശാസ്ത്ര നിലപാടിൽ നിന്നാണ് അവരുടെ കമ്യൂണിസ്റ്റ് വിരോധവും കേരള അജണ്ടയും രൂപപ്പെട്ടുവന്നിട്ടുള്ളത്.

കൗതുകകരമായ വസ്തുത കമ്യൂണിസ്റ്റ് പാർട്ടിയുടെ ജന്മഗൃഹമായ കോഴിക്കോട് തന്നെയാണ് ആർ.എസ്.എസിന്റെ ആദ്യശാഖ പ്രവർത്തനമാരംഭിച്ചത്. സാമ്രാജ്യത്വവിരുദ്ധ സമരം കത്തിജ്വലിച്ചു നില്ക്കുന്ന രാഷ്ട്രീയ സാഹചര്യത്തിലാണ് 1942-ൽ അതിനെതിരായ ആസൂത്രിത ലക്ഷ്യങ്ങളോടെ കേരളത്തിൽ ആർ.എസ്.എസ് പ്രവർത്തനമാരംഭിക്കുന്നത്. തന്റെ കമ്യൂണിസ്റ്റ് വിരുദ്ധ അജണ്ടയുടെ പരീക്ഷണഭൂമി കൂടിയായിട്ടാണ് ഇടതുപക്ഷ സ്വാധീനമുള്ള കേരളത്തിലെ ആർ.എസ്.എസ് പ്രവർത്തനങ്ങളെ ഗോൾവാക്കർ കണ്ടത്.

ഗോൾവാൾക്കർ
ഗോൾവാൾക്കർ

1921-ലെ മലബാർ കലാപകാലത്ത് ഹിന്ദുമഹാസഭയുടെ മെഡിക്കൽ മിഷനിലെ അംഗമായി ഹെഡ്‌ഗേവാർ കോഴിക്കോട് വന്നിരുന്നു. കോൺഗ്രസ് ഖിലാഫത്ത് മുന്നേറ്റങ്ങൾക്കെതിരെ ഒരു ഹിന്ദുസേനാദളം രൂപീകരിക്കുന്നതിനെക്കുറിച്ച് മലബാറിലെ സന്ദർശനകാലത്ത് ഹെഡ്‌ഗേവാർ അഭിപ്രായപ്പെട്ടതായി പലരും സൂചിപ്പിക്കുന്നുണ്ട്. ഗോൾവാൾക്കറാകട്ടെ കുഞ്ഞാലിമരക്കാരെയും ടിപ്പുവിനെയും ദേശാഭിമാനികളായി കാണുന്ന കേരളചരിത്രത്തെ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് നേരിട്ടിട്ടുള്ളത്. വിചാരധാരയിൽ ഗോൾവാൾക്കർ ഈ അസഹിഷ്ണുത ചരിത്രവിരുദ്ധമായ വിലകുറഞ്ഞ അധിക്ഷേപങ്ങളായി എഴുതിയിട്ടുണ്ട്; തന്റെ ഹിന്ദുരാജാവിനെ തടവിലിട്ട് സിംഹാസനം പിടിച്ചുപറ്റിയ ഹൈദർക്കും അനവധിപേരെ ഇസ്‍ലാമിലേക്ക് മതപരിവർത്തനം ചെയ്യുകയും നിരവധി ക്ഷേത്രങ്ങൾ നശിപ്പിക്കുകയും അനേകം സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത പുത്രനായ ടിപ്പുവിനും നാം പ്രതിമകൾ നിർമ്മിച്ചുയർത്തണമെന്ന് പറയുന്നവരുണ്ട്. ഇത്രത്തോളം വങ്കത്തം ഇപ്പോഴും അവശേഷിക്കുന്നു (വിചാരധാര, പേജ് 276).

ബ്രിട്ടീഷ് വിരുദ്ധ സൈനിക യുദ്ധമുഖങ്ങളിൽ ജ്വലിച്ചുനിന്ന മൈസൂർ രാജാക്കന്മാരെ ഗോൾവാക്കർ എതിർക്കുന്നത് എന്തിന്റെ പേരിലാണ്? രാജഭക്തനായ ഗോൾവാക്കർ സാമ്രാജ്യത്വവിരുദ്ധ ദേശാഭിമാനികളായ രാജാക്കന്മാരെ അവർ മുസ്‍ലിം നാമധാരികൾകൂടി ആയതുകൊണ്ടാണ് ആക്ഷേപിക്കുന്നതെന്നകാര്യം എന്താണ് കാണിക്കുന്നത്? ഹിന്ദുരാജ്യാഭിമാനമെന്നത് തരംതാണ വർഗീയവിരോധമാണെന്നല്ലാതെ മറ്റൊന്നുമല്ലായെന്നാണ്. ടിപ്പുവിന്റെ ബ്രിട്ടീഷ് വിരുദ്ധ പടനീക്കത്തെയും ജന്മി ബ്രാഹ്‌മണാധികാരത്തിനെതിരായ റവന്യൂ പരിഷ്‌കാരങ്ങളെയുമാണ് ഫ്യൂഡൽ രാജഭക്തനായ ഗോൾവാൾക്കറെ പ്രകോപിപ്പിച്ചത്.

ഹെഡ്‌ഗേവാർ
ഹെഡ്‌ഗേവാർ

കൊളോണിയൽ അധിനിവേശത്തിന്റെ കഥ തുടങ്ങുന്നത് കോഴിക്കോട് കാപ്പാട് കടപ്പുറത്ത് വാസ്‌കോഡിഗാമ കപ്പലിറങ്ങിയതോടെയാണല്ലോ. അതോടൊപ്പം തന്നെയാണ് സാമ്രാജ്യത്വ ആധിപത്യത്തിനെതിരായി ചരിത്രത്തിന് ധീരദേശാഭിമാനി കുഞ്ഞാലിമരക്കാർ തന്റെ പോരാട്ടങ്ങളിലൂടെ നാന്ദി കുറിക്കുന്നതും. ഗോൾവാൾക്കറുടെ വിചാരഗതിയനുസരിച്ച് ഹിന്ദുരാഷ്ട്രാഭിമാനത്തിന്റെ യഥാർത്ഥ പ്രതിനിധികളാണല്ലോ സാമൂതിരിയും കൊച്ചിത്തമ്പുരാനും തിരുവിതാംകൂർ രാജാവുമെല്ലാം. ഇവർ തമ്മിലുള്ള കിടമത്സരത്തിന്റെ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ് പോർച്ചുഗീസുകാരും ഫ്രഞ്ചുകാരും തുടർന്ന് ബ്രിട്ടീഷുകാരും ഇന്ത്യയെ കോളനിയാക്കിയതെന്ന കാര്യം ഗോൾവാൾക്കറിസ്റ്റുകൾ സൗകര്യപൂർവ്വം മറന്നുകളയുകയാണ്. ഇവരുടെ വഞ്ചനയുടെയും കൂട്ടിക്കൊടുപ്പിന്റെയും നീചമായ ചരിത്രവഴികളിലാണ് കൊളോണിയൽ അധികാരം നമ്മുടെ നാടിനെ അടിമയാക്കിയത്.

ഗോൾവാക്കർ ആവേശപൂർവ്വം പുണരുന്ന ഹിന്ദുനാടുവാഴികളുടെ കൊട്ടാരവഴികളിലൂടെയാണ് കേരളത്തിലും ഇന്ത്യയിലും സാമ്രാജ്യത്വം കടന്നുവന്നത്. രാജ്യത്തെതന്നെ ശ്രീപത്മനാഭന് അടിയറവെച്ച തിരുവിതാംകൂർ രാജാക്കന്മാർ തന്നെയാണ് പത്മനാഭനുമേൽ റസിഡന്റ് സായിപ്പിനെ വാഴിച്ചത്. പ്ലാസിയിലെ ചതുപ്പ് നിലങ്ങളിൽ സിറാജ്ദൗളയുടെ തലവെട്ടിയിട്ട് ബ്രിട്ടീഷ് അധികാരത്തിന് തുടക്കം കുറിക്കാൻ ഒറ്റുകാരായി നിന്നത് ഹിന്ദുരാഷ്ട്രാഭിമാനികളുടെ ആദർശപ്രതീകങ്ങൾ തന്നെയാണല്ലോ. ഏകപക്ഷീയമായ ചരിത്രവ്യാഖ്യാനങ്ങളിലൂടെ ദേശീയ വഞ്ചനയുടെ ചരിത്രം മറച്ചുപിടിച്ചുകൊണ്ടാണ് ഹിന്ദുരാഷ്ട്രാഭിമാനത്തിന്റെ മായാരാക്ഷസന്മാർ ഇന്ന് അഴിഞ്ഞാടുന്നത്. ഇന്ത്യൻ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും എതിർദിശയിൽ സഞ്ചരിച്ചവർ ഇന്ന് അതിദേശീയത ഇളക്കിവിട്ട് ന്യൂനപക്ഷങ്ങളെയും ദലിതരെയും കമ്യൂണിസ്റ്റുകാരെയും രാജ്യവിരുദ്ധരാക്കി വേട്ടയാടുകയാണ്.

പ്ലാസി യുദ്ധത്തിന് ശേഷം ക്ലീവും മിര്‍ ജാഫറും തമ്മിലുള്ള കണ്ടുമുട്ടല്‍ / ചിത്രീകരണം: Francis Hayman
പ്ലാസി യുദ്ധത്തിന് ശേഷം ക്ലീവും മിര്‍ ജാഫറും തമ്മിലുള്ള കണ്ടുമുട്ടല്‍ / ചിത്രീകരണം: Francis Hayman

ആര്യശ്രേഷ്ഠതയിലും വംശാഭിമാനത്തിലും അധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര നിർമിതിക്ക് ആവശ്യമായ ഉത്തമസന്തതികളെ സൃഷ്ടിക്കുന്നതിനെക്കുറിച്ചുള്ള പ്രചാരണ ക്യാമ്പയിനുകൾ ആർ.എസ്.എസ് ആരംഭിച്ചിട്ടുണ്ട്. കേരളീയ പാരമ്പര്യത്തെ ഉദാഹരിച്ചുകൊണ്ട് ഉത്തമ സന്താന ഉല്പാദനത്തെക്കുറിച്ച് ഗോൾവാൾക്കർ നടത്തിയ ഒരു പ്രസംഗം ആർ.എസ്.എസിന്റെ ചരിത്രത്തോടുള്ള അശ്ലീലകരമായ സമീപനത്തെ വ്യക്തമാക്കിത്തരുന്നതാണ്. കേരളത്തിൽ ബ്രാഹ്മണാധികാരം സൃഷ്ടിച്ച വൃത്തികെട്ട ആദ്യരാത്രി അവകാശത്തെ ഉത്തമസന്താന ഉല്പാദനമെന്നപേരിൽ ആദർശവൽക്കരിച്ചുകൊണ്ട് ഗോൾവാൾക്കർ ഗുജറാത്ത് സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസിലെ വിദ്യാർത്ഥികളോട് നടത്തിയ പ്രസംഗം (1960 ഡിസംബർ 17-ന്) കുപ്രസിദ്ധമാണ്. ഈയൊരു സന്ദർഭത്തിൽ അത് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. ഇന്ത്യൻ സമൂഹത്തിൽ സങ്കരപ്രത്യുല്പാദനം നിലനിന്നിരുന്നതായി കേരളത്തിലെ ഫ്യൂഡൽ ബ്രാഹ്മണ ആചാരക്രമത്തെ ഉദാത്തവൽക്കരിച്ച് ഗോൾവാൾക്കർ ഇങ്ങനെ വിശദീകരിക്കുന്നു: ''ഇന്ന് മൃഗങ്ങളിൽ മാത്രമെ സങ്കരപ്രത്യുല്പാദനത്തിനുള്ള പരീക്ഷണങ്ങൾ നടക്കുന്നുള്ളൂ. ഇന്ന് ആധുനിക ശാസ്ത്രജ്ഞരെന്ന് വിളിക്കപ്പെടുന്നവർ പോലും മനുഷ്യരിൽ അത്തരം പരീക്ഷണങ്ങൾ നടത്താൻ ധൈര്യപ്പെടുന്നവരല്ല. ഇന്ന് മനുഷ്യരുടെ സങ്കരപ്രത്യുല്പാദനം നടക്കുന്നത് ശാസ്ത്രീയ പരീക്ഷണങ്ങൾ മൂലമല്ല, മറിച്ച് മാംസനിബദ്ധം മൂലമാണ്. ഇനി ഈ മേഖലയിൽ നമ്മുടെ പൂർവ്വികർ നടത്തിയ പരീക്ഷണങ്ങൾ എന്തായിരുന്നുവെന്ന് നോക്കാം. സങ്കര പ്രത്യുല്പാദനത്തിലൂടെ മനുഷ്യരിലെ വംശങ്ങളെ മെച്ചപ്പെടുത്താൻ വടക്കുനിന്നുള്ള നമ്പൂതിരി ബ്രാഹ്‌മണർ കേരളത്തിൽ പാർപ്പുറപ്പിച്ചു. നമ്പൂതിരി കുടുംബത്തിലെ കന്യകയെ മാത്രമേ കല്യാണം കഴിക്കാവൂ എന്നൊരു നിബന്ധന പ്രാബല്യത്തിൽ വരുത്തി. വിവാഹിതരായ ഏതു വിഭാഗത്തിൽപ്പെട്ട സ്ത്രീയുടെയും ആദ്യ സന്താനം ഒരു നമ്പൂതിരി ബ്രാഹ്‌മണർ മുഖേനയാകണമെന്നും പിന്നീടവർക്ക് സ്വന്തം ഭർത്താവിനെകൊണ്ട് സന്താനങ്ങളെ സൃഷ്ടിക്കാമെന്നുമുള്ള കൂടുതൽ ധീരമായ ഒരു നിബന്ധനയും പ്രാബല്യത്തിൽ വന്നു. ഇന്ന് ഈ പരീക്ഷണത്തെ വ്യഭിചാരമെന്ന് വിളിക്കപ്പെടും. എന്നാൽ, അങ്ങനെയല്ല. ഇത് സ്വത്തും മറ്റ് ഉത്തരവാദിത്തങ്ങളും വന്നുചേരുന്ന ആദ്യത്തെ കുട്ടിയെ ഉല്പാദിപ്പിക്കാനുള്ള ബീജത്തിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു'' (ഓർഗനൈസർ, 1961 ജനുവരി 2).
ആർ.എസ്.എസും ഗോൾവാൾക്കറും എന്തുമാത്രം ബ്രാഹ്‌മണ വംശാഭിമാനത്തിന്റെ വക്താക്കളും അശ്ലീലകരമായ പാരമ്പര്യത്തിന്റെ തുടർച്ചക്കാരുമാണെന്നാണ് ഇത് കാണിക്കുന്നത്.

ആരോഗ്യഭാരതി ലോഗോ
ആരോഗ്യഭാരതി ലോഗോ

ഈയൊരു ഗോൾവാക്കറിസ്റ്റ് വീക്ഷണമാണ് വംശശുദ്ധിയുള്ള സന്താനങ്ങളെ ഉല്പാദിപ്പിക്കാനുള്ള ആർ.എസ്.എസിന്റെ പ്രചാരണപരിപാടിയുടെ അടിസ്ഥാനം. ആർ.എസ്.എസ് സംഘടനയായ ആരോഗ്യ ഭാരതി രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലും ഗർഭവിജ്ഞാനകേന്ദ്രങ്ങൾ സ്ഥാപിക്കുകയാണല്ലോ. ആരോഗ്യ ഭാരതിയുടെ ദേശീയ കൺവീനർ ഡോ. കരിഷ്മാ മോഹന്ദാസിനെ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്, ഉത്തമസന്തതികളെ സൃഷ്ടിക്കാനായി ഗർഭവിജ്ഞാനകേന്ദ്രങ്ങൾ തുടങ്ങണമെന്നാണ്. 10 വർഷം മുമ്പ് ഗുജറാത്തിലാരംഭിച്ച പദ്ധതി 2015-ലാണ് ആർ.എസ്.എസ് ദേശവ്യാപകമാക്കാൻ തീരുമാനിച്ചത്. ഇപ്പോൾ തന്നെ ഇത്തരത്തിലുള്ള 450 കുട്ടികൾ ജനിച്ചുകഴിഞ്ഞുവെന്നാണ് ആരോഗ്യ ഭാരതി അവകാശപ്പെടുന്നത്. 2020 ഓടെ ‘വംശ-വർണമേന്മ’യുള്ള ആയിരക്കണക്കിന് ഉത്തമസന്തതികളെ സൃഷ്ടിക്കുകയാണുപോലും ആരോഗ്യ ഭാരതിയുടെ ലക്ഷ്യം.

ഹിറ്റ്‌ലേറിയൻ ആര്യവംശ ശുദ്ധിയുടെ അപമാനകരമായ ആവർത്തനമാണിത്. മാതാപിതാക്കളിൽ ശുദ്ധീകരണപ്രക്രിയ നടത്തി ഉത്തമസന്താനങ്ങളെ സൃഷ്ടിക്കാമെന്ന പദ്ധതി ലക്ഷ്യംവെക്കുന്നത് ഹിന്ദുരാഷ്ട്രമാണ്. ഉത്തമ സന്താനങ്ങളിലൂടെ, അതായത് ശ്രേഷ്ഠവംശജരിലൂടെ ശക്തമായ രാജ്യം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യമാണ് ആർ.എസ്.എസിനുള്ളത്. അങ്ങേയറ്റം വംശവെറിയൻ അശ്ലീല സിദ്ധാന്തത്തെ സാധൂകരിക്കാനായി കേരളത്തിൽ നിലനിന്നിരുന്ന ബ്രാഹ്‌മണാധികാരത്തിന്റെ വൈകൃതങ്ങളെയാണ് ഗോൾവാൾക്കർ കൂട്ടുപിടിക്കുന്നതെന്നത് അദ്ദേഹത്തിന്റെ വൃത്തികെട്ട ഫ്യൂഡൽ മൂല്യബോധത്തെയാണ് അനാവരണം ചെയ്യുന്നത്.

ത്രൈവർണികർക്കുതാഴെ ശൂദ്രനും ഇതരസമൂഹങ്ങൾക്കും മനുഷ്യരെന്ന പരിഗണനപോലും നൽകാത്ത വർണാശ്രമ ധർമ്മങ്ങളിലധിഷ്ഠിതമാണ് ആർ.എസ്.എസിന്റെ ദേശീയത. സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്ന, ഭൂപരിഷ്‌കരണത്തിലൂടെ ജാതിജന്മിത്വ വർഗബന്ധങ്ങളെ പരിവർത്തനപ്പെടുത്തണമെന്ന് വാദിക്കുന്ന കമ്മ്യൂണിസ്റ്റുകാർ ആർ.എസ്.എസിന്റെ ബദ്ധശത്രുക്കളാകുന്നത് സ്വാഭാവികമാണ്. സ്ഥിതിസമത്വാശയങ്ങളെ പ്രകൃതിവിരുദ്ധവാദമായിട്ടാണ് ഗോൾവാൾക്കർ വിചാരധാരയിൽ വിശദീകരിക്കുന്നത്. വിഷമാവസ്ഥ (Disparity) പ്രകൃതിജന്യമാണെന്ന് വാദിച്ച് സോഷ്യലിസത്തെയും കമ്യൂണിസത്തെയുമൊക്കെ നിരസിക്കാനാണ് ഗോൾവാൾക്കർ നിർബന്ധിക്കുന്നത്. ഗോൾവാൾക്കർ വിചാരധാരയിൽ തന്റെ സമത്വാശയങ്ങളോടുള്ള നിശിതമായ വിമർശനം അവതരിപ്പിക്കുന്നത് നോക്കൂ: ''നമ്മുടെ തത്വദർശനമനുസരിച്ച് ഈ പ്രപഞ്ചത്തിന്റെ ഉൽപത്തിതന്നെ അതിന്റെ സ്വത്വം, രജസ്സ്, തമസ്സ് എന്നീ മൂന്ന് ഗുണങ്ങളുടെ സന്തുലിതാവസ്ഥയ്ക്കു ഭംഗം വന്നതിനെ തുടർന്നാണ്. ഇവ മൂന്നും ശരിയായ സന്തുലിതാവസ്ഥയിൽ വന്നാൽ അതായത് ഗുണസാമ്യമുണ്ടായാൽ പ്രപഞ്ചം തന്നെ വീണ്ടും അതിന്റെ അവ്യക്തഭാവത്തിലേക്ക് വിലയം പ്രാപിക്കുകയും ചെയ്യും. അതിനാൽ അസമത്വം അതായത് വിഷമാവസ്ഥ പ്രകൃതിയുടെ ഒഴിച്ചുകൂടാത്ത സ്വഭാവമാണ്. നാം അതോടൊപ്പം ജീവിച്ചേപറ്റൂ. അതിനെ നിയന്ത്രിച്ചുനിർത്തി ആ അസമത്വത്തിൽ നിന്നുളവാകുന്ന നീറ്റൽ കളയുവാൻ മാത്രമായിരിക്കണം നമ്മുടെ ശ്രമം'' എത്ര സമർത്ഥമായിട്ടാണ് തന്റെ ചൂഷകവർഗങ്ങൾക്കനുകൂലമായ തത്വദർശനത്തെ ഗോൾവാൾക്കർ പറഞ്ഞുവെച്ചിരിക്കുന്നത്. ദൈവം ദുർബലർക്കുള്ളതല്ല എന്ന് വിചാരധാരയിൽ മറ്റൊരിടത്ത് ഗോൾവാൾക്കർ സംശയരഹിതമായി പ്രഖ്യാപിച്ചിട്ടുമുണ്ട് (വിചാരധാരയുടെ അവതാരിക).

മഹാത്മാഗാന്ധി, ജവഹർ ലാൽ നെഹ്റു
മഹാത്മാഗാന്ധി, ജവഹർ ലാൽ നെഹ്റു

പരസ്യമായിതന്നെ ഗാന്ധിയൻ ദർശനങ്ങളെയും സോഷ്യലിസത്തെയും ആക്രമിക്കുകയാണ് വിചാരധാരയിലുടനീളം ഗോൾവാൾക്കർ. ഗാന്ധിയെയും ഗാന്ധിയൻ പ്രസ്ഥാനത്തെയും ഇന്ത്യയിലെ സാംസ്‌കാരിക ശക്തികളെ തനതായ പരിശുദ്ധിയിലും ബലത്തിലും ഉൾക്കൊള്ളാൻ കഴിയാതെപോയ രാജനീതിക്ക് പ്രാമുഖ്യം കൊടുത്ത ഒരപചയമായിട്ടാണ് വിചാരധാരക്കാരൻ വിലയിരുത്തുന്നത്. ഭാരതീയ സമാജത്തിന്റെയും സാമൂഹ്യക്രമത്തിന്റെയും ഭാവാത്മകമായൊരു സൃഷ്ടിക്ക് ഗാന്ധി അപ്രാപ്തനായിരുന്നുവെന്നാണ് ഗോൾവാൾക്കർ കുറ്റപ്പെടുത്തുന്നത്.

എന്താണ് ഗോൾവാൾക്കർ പറയുന്ന ഭാവാത്മകത? അത് ചാതുർവർണ്യാധിഷ്ഠിത ത്രൈവർണികാധികാരക്രമത്തെയും ശ്രേണീബന്ധങ്ങളെയും അടിസ്ഥാനമാക്കിയുള്ള സമ്പദ്‍വ്യവസ്ഥയല്ലാതെ മറ്റെന്താണ്? ഭാവാത്മകമായ സാമൂഹ്യക്രമത്തെക്കുറിച്ച് ചിന്തിക്കാത്ത ഗാന്ധിയും ദേശീയപ്രസ്ഥാനവും നിഷേധാത്മകമായിരുന്നു എന്നാണ് ഗോൾവാൾക്കർ വിലയിരുത്തുന്നത്. ഈ നിഷേധാത്മകതയിൽ നിന്നാണുപോലും സോഷ്യലിസ്റ്റായ ജവഹർലാൽ നെഹ്റുവിനെ ഗാന്ധി തന്റെ അനന്തരഗാമിയായി പരിഗണിച്ചതെന്നാണ് ഗോൾവാൾക്കർ കുറ്റപ്പെടുത്തുന്നത്. നെഹ്റുവിന്റെ 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പുസ്തകം ഇന്ത്യൻ സംസ്കാരത്തിന്റെ അന്തഃസത്തയെ ഉൾക്കൊള്ളാത്തതാണെന്നാണ് ഗോൾവാൾക്കർ ഉപരിപ്ലവമായി ആക്ഷേപിക്കുന്നത്. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് ആഭിമുഖ്യത്തെയും ഭാവി ഇന്ത്യയെക്കുറിച്ചുള്ള വീക്ഷണങ്ങളെയും അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് ഗോൾവാൾക്കർ സമീപിക്കുന്നത്.

ലെനിന്‍
ലെനിന്‍

സോഷ്യലിസം അവ്യക്തവും ഉപരിപ്ലവവും ചൈതന്യശൂന്യവും യാന്ത്രികവും വർഗസമരത്തിന്റെ പരിഹൃതമാകാത്ത നിരവധി പ്രശ്‌നങ്ങൾക്കൊണ്ട് നീറുന്നതുമാണെന്നാണ് ഗോൾവാൾക്കർ വിലയിരുത്തുന്നത്. ഒക്ടോബർ വിപ്ലവത്തെയും സോഷ്യലിസത്തെയും ലെനിനെയുമെല്ലാം അങ്ങേയറ്റം അവജ്ഞയോടെയാണ് വിചാരധാരയിൽ ഗോൾവാൾക്കർ നിരീക്ഷിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അർത്ഥം ബ്രാഹ്‌മണ വൈദിക മൂല്യങ്ങളിലേക്കുള്ള തിരിച്ചുപോക്കായിട്ടാണ് ആർ.എസ്.എസ് എല്ലാകാലത്തും വിശദീകരിച്ചിട്ടുള്ളത്. ആധുനിക പൗരസമൂഹ സങ്കല്പങ്ങളെയും സോഷ്യലിസ്റ്റ് സങ്കല്പങ്ങളെയും വിദേശിയായി അധിക്ഷേപിക്കുകയാണ് ആർ.എസ്.എസിന്റെയും ഗോൾവാൾക്കറുടെയും പതിവുശൈലി. ഗോൾവാൾക്കർ എഴുതിയിരിക്കുന്നത് നോക്കൂ: ‘ഇന്നെല്ലായിടത്തും അമേരിക്കനോ ഇംഗ്ലീഷോ റഷ്യനോ ആയ മൂശകളിൽ നമ്മുടെ ജീവിതസമ്പ്രദായം വാർത്തെടുക്കാനുള്ള ശ്രമമാണ് കാണുന്നത്. അതിൽ 'സ്വ' ഇല്ലെങ്കിൽപിന്നെ എങ്ങനെ നമുക്ക് അതിനെ 'സ്വതന്ത്രത' എന്നു വിളിക്കാം. അത് പാരതന്ത്ര്യമാണ്. ലെനിനെ നമ്മുടെ ആദർശമാക്കിവെച്ചാൽ അത് 'ലെനിൻ തന്ത്ര'മാവും. 'സ്വതന്ത്രത'യാവില്ല. വാസ്തവത്തിൽ നമ്മുടെ ദേശീയ ജീവിതമൂല്യങ്ങളായ ധർമത്തിന്റെയും സംസ്‌കൃതിയുടെയും സംരക്ഷണവും പ്രചാരണവും സ്വാതന്ത്ര്യത്തിന്റെ അസ്തിത്വഹേതു എന്ന നിലയ്ക്ക് നമ്മുടെ ചരിത്രപാരമ്പര്യത്തിൽ നാം എന്നും ഉയർത്തിപ്പിടിച്ചിട്ടുണ്ട്.’ (വിചാരധാര, അദ്ധ്യായം-21).

സോഷ്യലിസത്തോട് മാത്രമല്ല ഇന്ത്യൻ ജനതയുടെ ആധുനികവല്ക്കരണപ്രക്രിയയെതന്നെ സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് പാദസേവകരായി വിരാജിച്ചവർ എത്ര അവജ്ഞയോടെയാണ് കാണുന്നതെന്ന് നോക്കൂ: ''പുരോഗമനത്തെക്കുറിച്ച് വീമ്പുപറഞ്ഞുകൊണ്ടു നാം നീങ്ങുന്നതെങ്ങിനെയാണ്. നാം അങ്ങോട്ടാണ് പോകുന്നതെന്നു നാം അറിയുന്നില്ല. ഇന്നു നമ്മുടെ ദേശീയ ജീവിതത്തിന്റെ സത്തായി എടുത്തു കാണിക്കുവാന് നമുക്കെന്താണുള്ളത്? നമ്മുടെ ജീവിതരീതിയും വിദ്യാഭ്യാസസമ്പ്രദായങ്ങളും മാറിക്കഴിഞ്ഞു. നമ്മുടെ പെരുമാറ്റവും വസ്ത്രധാരണരീതിയും മാറിയിരിക്കയാണ്. വീടുകൾ, പട്ടണങ്ങൾ, നഗരങ്ങൾ എന്നിവയുടെ നിർമ്മാണ രീതികളും വ്യത്യാസപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഇങ്ങനെ ദേശീയ ജീവിതത്തിന്റെ സൈ്വര്യവൈശിഷ്ട്യങ്ങളും അടിമുടി ഭയങ്കരമായി വികൃതമായിരിക്കുകയാണ്. ഗതികെട്ട ഈ അനുകരണം നമ്മുടെ രാഷ്ട്രാഭിമാനത്തിനു കളങ്കം ചേർക്കില്ലേ. ദേശീയവ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെടുന്നതിന്റെ വ്യക്തമായ തെളിവല്ലേ ഇത് എന്നൊന്നും ആരും ചിന്തിക്കുന്നില്ല. അതിന് ആർക്കും സാവകാശവുമില്ല. അങ്ങനെ നാം മുന്നോട്ടു നീങ്ങുകയാണ്. ബുദ്ധിപരമായ അടിമത്തത്തിലേയ്ക്ക്?'' (വിചാരധാര, അദ്ധ്യായം-14).

ഈ പ്രാകൃതവും ആധുനികതയുടേതായ എല്ലാറ്റിനെയും നിരാകരിക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകളിൽ നിന്നാണ് ഹിന്ദുത്വവാദികളുടെ ആചാരസംരക്ഷണ വാദങ്ങൾ ഉയരുന്നതെന്ന് മനസിലാക്കാനുള്ള വിവേകബുദ്ധിപോലും കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് ഇല്ലാതെ പോയിരിക്കുന്നു.

ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളവര്‍മ കോളജ് കവാടത്തിൽ എസ്.എഫ്.ഐ ഉയർത്തിയ ബാനര്‍
ആരിഫ് മുഹമ്മദ് ഖാനെതിരെ കേരളവര്‍മ കോളജ് കവാടത്തിൽ എസ്.എഫ്.ഐ ഉയർത്തിയ ബാനര്‍

അസമത്വങ്ങൾ പരിഹരിക്കാനും ചൂഷണം അവസാനിപ്പിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും വൃഥാ യത്‌നങ്ങളായിട്ടാണ് ഗോൾവാൾക്കർ നിരീക്ഷിക്കുന്നത്. സോഷ്യലിസ്റ്റ് ആശയം വിഭാവനം ചെയ്യുന്ന സമത്വം ലോകത്ത് ഒരിക്കലും നടക്കാത്തതും മർദ്ദിതന്റെ എല്ലാ അതിജീവനശ്രമങ്ങളും അസ്ഥാനത്താണെന്ന് സ്ഥാപിക്കുകയുമാണ് വിചാരധാര. ദൗത്യം എന്ന ശീർഷകത്തിൽ എഴുതിയിട്ടുള്ള വിചാരധാരയുടെ ഒന്നാം ഭാഗത്തുടനീളം വിചിത്രമായ വാദങ്ങളാണ് ഗോൾവാൾക്കർ അവതരിപ്പിക്കുന്നത്. ദാരിദ്ര്യാവസ്ഥ ദൈവസൃഷ്ടമാണെന്നും ദരിദ്രരെ ദൈവം സൃഷ്ടിച്ചിരിക്കുന്നത് അവർക്ക് ദൈവത്തെ സേവിക്കാനുള്ള അവസരത്തിനു വേണ്ടിയാണെന്നുമാണ് ഗോൾവാൾക്കർ വാദിക്കുന്നത്. ദാരിദ്ര്യത്തെ ദൈവനിയോഗമായി അവതരിപ്പിക്കുന്ന വിചാരധാരയിലെ ഭാഗം നോക്കൂ: ‘‘നമ്മുടെ ചുറ്റുപാടും വിശക്കുന്നവരും നിലാരംബരുമായി ജീവിതത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ടവരായി കല്ലുപോലുള്ള ഹൃദയത്തെ പോലും അലിയിക്കുന്ന ദയനീയകഥകളോടുകൂടിയ ലക്ഷോപലക്ഷങ്ങളുണ്ട്. ദരിദ്രരുടെയും അനാഥരുടെയും യാതനക്കാരുടെയും രൂപങ്ങൾ കൈക്കൊണ്ടിട്ടുള്ളത് യഥാർത്ഥത്തിൽ ദൈവം യാതനക്കാരുടെയും തന്നെയാണ്... അദ്ദേഹം ആ രൂപങ്ങളിൽ വരുന്നത് നമുക്ക് അദ്ദേഹത്തെ സേവിക്കാനുള്ള അവസരം പ്രദാനം ചെയ്യുന്നതിനാണ്...’’

ദാരിദ്ര്യത്തെയും അസമാവസ്ഥയെയും സാധൂകരിക്കുകയും ശാശ്വതീകരിക്കുകയുമാണ് ഗോൾവാൾക്കർ ചെയ്യുന്നത്. ദരിദ്രജനതയുടെ വർഗപരമായ ശാക്തീകരണത്തെയും അവരിൽ അവകാശബോധം ഉയർത്തുന്ന പ്രവർത്തനങ്ങളെയും അധിക്ഷേപപൂർവ്വമാണ് ഗോൾവാൾക്കർ കാണുന്നത്: നമ്മുടെ എല്ലാ രാഷ്ട്രീയകക്ഷികളും നമ്മുടെ ജനങ്ങളുടെ അവകാശങ്ങളെപ്പറ്റി എല്ലായിപ്പോഴും പറഞ്ഞുപറഞ്ഞ് അവരുടെ അഹങ്കാരത്തെ ഉണർത്തുകയാണ്.

അവകാശബോധവും ആത്മബോധവും നേടുന്ന സാധാരണജനങ്ങളെ അഹങ്കാരികളായി ആക്ഷേപിക്കുന്ന ഗോൾവാൾക്കർ അവകാശബോധം വളർന്നുകഴിഞ്ഞാലുള്ള കുഴപ്പത്തെപ്പറ്റി വിലപിക്കുന്നതുനോക്കൂ: ''അവകാശങ്ങളെക്കുറിച്ചുള്ള ബോധത്തിന്റെ അന്തരീക്ഷത്തിൽ സമാജത്തിന്റെ ആത്മാവായ സഹകരണഭാവം ജീവിക്കുകയേയില്ല.''

ചൂഷകവർഗങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന പാവപ്പെട്ടവരുടെ ആത്മബോധത്തെയും അവകാശബോധത്തെയും അതിനുവേണ്ടി പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റുകാരെയും പരമശത്രുക്കളായി കാണുന്ന പ്രത്യയശാസ്ത്രമാണ് ആർ.എസ്.എസിന്റേത്.

ആർ.എസ്.എസിന്റെ കേരള അജണ്ട രൂപപ്പെടുന്നത് നിസ്വവർഗങ്ങൾക്കും അവരുടെ അവകാശപ്പോരാട്ടങ്ങൾക്കുമെതിരായ ഇടപെടലെന്ന നിലയ്ക്കുകൂടിയാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. വിചാരധാരയിൽ മൂന്നാമത്തെ ആഭ്യന്തര ഭീഷണിയായി ഗോൾവാൾക്കർ പറയുന്ന കമ്യൂണിസ്റ്റുകാരെ നേരിടാൻ മതവികാരം ജ്വലിപ്പിക്കുകയാണ് വഴിയെന്നാണ് കൽപ്പിക്കുന്നത്. മതവികാരം ഉണർത്തി വർഗീയമായി ജനങ്ങളെ ചേരിതിരിക്കുകയാണ് വേണ്ടതെന്നാണ് മറയേതുമില്ലാതെ ഗോൾവാൾക്കർ വിശദമാക്കുന്നത്.

സോഷ്യലിസം എന്ന ആശയത്തെ വൈദേശികാശയവും ഇന്ത്യയുടെ ഭാവാത്മകതയ്ക്ക് ഇണങ്ങാത്ത നിഷേധാത്മക നിലപാടുമായിട്ട് കാണുന്ന ഗോൾവാൾക്കർ എഴുതിയിരിക്കുന്നത് നോക്കൂ: ''സോഷ്യലിസം ഈ മണ്ണിന്റെ സന്തതിയല്ല. അത് നമ്മുടെ രക്തത്തിലും പാരമ്പര്യത്തിലും ഇല്ല. സഹസ്രാബ്ദങ്ങളായുള്ള നമ്മുടെ ദേശീയ ജീവിതത്തിന്റെ ആദർശങ്ങളും പാരമ്പര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല. ഇവിടുത്തെ നമ്മുടെ ജനകോടികൾക്ക് വൈദേശികമായൊരു ചിന്തയാണത്. ആ നിലയ്ക്ക് നമ്മുടെ ഹൃദയത്തെ കോരിത്തരിപ്പിക്കുവാനും സമ്പൂർണ സമർപ്പണത്തിന്റെയും ചാരിത്ര്യശുദ്ധിയുടേതുമായ ഒരു ജീവിതത്തിന് പ്രചോദനമാവാനോ അതിന് കഴിയില്ല. ഇപ്രകാരം നമ്മുടെ ദേശീയ ജീവിതാദർശമായിരിക്കാനുള്ള പ്രാഥമിക യോഗ്യതപോലും അതിനില്ലെന്ന് കാണുന്നു'' (ആന്തരിക ഭീഷണികൾ, വിചാരധാര).

സമത്വാശയങ്ങളോടും കമ്യൂണിസത്തോടും അനുരഞ്ജനരഹിതമായ വിദ്വേഷവും പുച്ഛവുമാണ് ആർ.എസ്.എസിനള്ളത്. കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാരിന്റെ അധികാരാരോഹണത്തെയും ആ സർക്കാർ നടപ്പിലാക്കിയ ഭൂപരിഷ്‌കരണ നിയമത്തെയും ഗോൾവാൾക്കർ എന്തൊരവജ്ഞയോടെയാണ് നിരീക്ഷിക്കുന്നതെന്ന് നോക്കൂ: ''ഇന്നത്തെ കമ്യൂണിസ്റ്റ് ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ തങ്ങളുടെ പരമാധികാരത്തിനുനേരെ യാതൊരു വെല്ലുവിളിയും വേണമെന്നാഗ്രഹിച്ചില്ല. അതിനാലവർ പഴയ പ്രഭുക്കന്മാരെയും നാടുവാഴികളെയും വ്യവസായികളെയുമെല്ലാം തുടച്ചുനീക്കി. എല്ലാ വ്യവസായങ്ങളും ദേശസാൽക്കരിച്ചു. വലിയ ഭൂവുടമകളെയും ഒടുവിൽ ചെറിയചെറിയ സെമീന്ദാർമാരെയും കർഷകരെയും എല്ലാം തന്നെയും അവർ ഇല്ലാതാക്കി. ഇവിടെയും ജന്മിമാരെ ഇല്ലാതാക്കി. ഇപ്പോൾ 17-ാം ഭേദഗതിമൂലം അരയേക്കർ ഭൂമി മാത്രമുള്ള ചെറിയ കർഷകനെപോലും എസ്റ്റേറ്റുടമയായി കണക്കാക്കി അവന്റെ സ്വത്ത് ഫലത്തിൽ യാതൊരു നഷ്ടപരിഹാരവും നൽകാതെ കണ്ടുകെട്ടാനുള്ള അധികാരം ഗവണ്മെന്റിനുണ്ടാക്കിയിരിക്കുന്നു'' (വിചാരധാര).

നഗ്‌നമായ ജന്മി പക്ഷപാതിത്വവും കുത്തകമൂലധനശക്തികളോടുള്ള കൂറുമാണ് ഗോൾവാൾക്കറുടെ ഈ വാക്കുകളിൽ തികട്ടിനിൽക്കുന്നത്. ആധുനിക കേരള നിർമ്മിതിയുടെ ചരിത്രത്തെ മുഴുവൻ ശത്രുതയോടെ നോക്കിക്കാണുന്ന ആർ.എസ്.എസ് ബ്രാഹ്‌മണാധികാരത്തിന്റെ ഭൂതകാലത്തെ പലതലങ്ങളിലും പുനരാനയിക്കാനാണ് കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യലിസത്തെയും കമ്യൂണിസത്തെയും ആർ.എസ്.എസുകാർ ഉന്മൂലനം ചെയ്യേണ്ട പ്രത്യയശാസ്ത്രമായി കാണുന്നത് അവരുടെ ചൂഷകവർഗപക്ഷപാതിത്വം കൊണ്ടുതന്നെയാണ്. മുതലാളിത്തത്തിന് ബദലായ എല്ലാറ്റിനെയും അത്യന്തം ഭയത്തോടെയാണ് ഗോൾവാൾക്കർ കാണുന്നത്. സഹകരണകൃഷി, കൂട്ടുകൃഷി ബാങ്ക് ദേശസാൽക്കരണം, വ്യവസായ ദേശസാൽക്കരണം തുടങ്ങിയ സോഷ്യലിസ്റ്റ് സിദ്ധാന്തങ്ങളെല്ലാം അന്തരീക്ഷത്തിൽ നിറഞ്ഞുനില്ക്കുന്നു. ഇതെല്ലാം തന്നെ ഒരുവിധത്തിൽ പടിപടിയായി ചൈനീസ് പിന്തുടരലാണ്. ഈ അടുപ്പം കാണാനും ചുമരെഴുത്ത് വായിക്കാനും നമുക്ക് പരിശ്രമിക്കാം. വെറും അടിമകളും ഉപകരണങ്ങളും മാത്രമായി തീരാതിരിക്കാൻ നല്ലപോലെ കരുതിയിരിക്കുക.'

സ്ഥിതിസമത്വത്തെയും അതിനായുള്ള സോഷ്യലിസ്റ്റ് സമീപനങ്ങളെയും അസഹിഷ്ണുതയോടെ കാണുന്ന ഗോൾവാൾക്കറുടെ നിലപാടുകൾ സാമ്രാജ്യത്വകുത്തകമൂലധനത്തിന്റെ സംരക്ഷണദൗത്യമാണ് സ്വയം ഏറ്റെടുത്തിരിക്കുന്നത്. കമ്യൂണിസ്റ്റുകാരും ആർ.എസ്.എസുകാരും തമ്മിലുള്ള എതിർപ്പിന്റെയും സംഘർഷത്തിന്റെയും വേരുകൾ കിടക്കുന്നത് ഈ പ്രത്യയശാസ്ത്രനിലപാടുകളിലാണ്. വർഗപരമായ പക്ഷപാതിത്വങ്ങളിലാണ്.

കമ്യൂണിസത്തോടുള്ള ആജന്മശത്രുതയാണ് ഗോൾവാൾക്കറുടെ ചൈനാവിരോധത്തിന്റെയും അടിസ്ഥാനമെന്ന് വിചാരധാര വായിക്കുമ്പോൾ എളുപ്പം മനസ്സിലാകും. ഗോൾവാൾക്കർ ചൈനയെക്കുറിച്ച് എഴുതിയിരിക്കുന്നത് ഒന്നുനോക്കൂ: ''സാധാരണ നിലയിൽ നിയമശാസനം പാലിച്ചിരുന്ന ഒരു നാഗരിക ജനതയാണ് ബ്രിട്ടീഷുകാർ. എന്നാൽ ചൈന തികച്ചും ഭിന്നമായ സ്വത്വമാണ്. സർവ്വസാധാരണ മനുഷ്യഗുണങ്ങളായ ദയ, സഹതാപം, മനുഷ്യജീവനോടുള്ള ബഹുമാനം ഇതൊന്നും തൊട്ടുതെറിച്ചിട്ടില്ലാത്ത ഒരു കൂട്ടരാണ് ചൈനക്കാർ.''

അമേരിക്കക്കാരോടും ബ്രിട്ടീഷുകാരോടും ആത്മീയ ഐക്യം പ്രഖ്യാപിക്കുന്ന ഗോൾവാൾക്കർ ചൈനയെ ഈ വിധം അധിക്ഷേപിക്കുന്നത് തന്റെ വംശീയവും കമ്യൂണിസ്റ്റ് വിരുദ്ധവുമായ ഭ്രാന്തൻ നിലപാടുകൾ മൂലമാണ്. അങ്ങേയറ്റം പരിഹാസ്യമായ നിലപാടുകളും ചൈനയെയും ഇന്ത്യൻ കമ്യൂണിസ്റ്റുകാരെയും പറ്റി വിചാരധാരയിൽ ഗോൾവാൾക്കർ എഴുതിയിട്ടുണ്ട്. ഇന്ത്യൻ കമ്യണിസ്റ്റുകാരെ ശത്രുക്കളെപ്പോലെ വീക്ഷിക്കണമെന്നും അവരെ ദാക്ഷിണ്യമില്ലാത്ത ഉരുക്കുകൈകൾകൊണ്ട് അടിച്ചമർത്തുകയും വേണമെന്നുമാണ് ഗോൾവാൾക്കർ അനുശാസിക്കുന്നത്.

Comments