ഷുക്കൂർ വധക്കേസ്;
ഗൂഢാലോചനക്കുറ്റം
തെളിയിക്കാനായില്ലെന്ന് കോടതി

നിയമപോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായെന്നും അത് തുടരുമെന്നും വിധിയ്ക്കു പിന്നാലെ ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ് പ്രതികരിച്ചു.

News Desk

യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിലെ 33 പ്രതികളിൽ 13 പേരും കുറ്റക്കാരെന്ന് കോടതി. 18 പ്രതികളെ എറണാകുളം സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. ശിക്ഷ ഇന്നു തന്നെ വിധിക്കും.

സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരടക്കമുള്ളവരെയാണ് ​വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ ഉണ്ടായിരുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. പ്രതിപ്പട്ടികയിലുണ്ടായിരുന്ന 33 പേരും സി.പി.എം പ്രവർത്തകരായിരുന്നു. രണ്ടുപേർ മരിച്ചതിനാൽ 31 പ്രതികളുടെ കാര്യത്തിലാണ് വിധി വന്നത്.

ഒന്നാം പ്രതി കെ.വി. സുമേഷ്, മൂന്നാം പ്രതി എ.വി. അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10-ാം പ്രതി എന്‍.പി. ദിനേശന്‍, 12-ാം പ്രതി ബിജുമോൻ, 14-ാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 15-ാം പ്രതി ഷിജിൻ മോഹൻ, 16-ാം പ്രതി കെ.വി സജിത്ത്, 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശന്‍ എന്നിവരാണ് കുറ്റക്കാർ. ആദ്യത്തെ ഏഴ് പ്രതികൾക്കെതിരെയും കൊലപാതകക്കുറ്റം തെളിഞ്ഞു.

നിയമപോരാട്ടത്തിന്റെ ആദ്യഘട്ടം പൂർത്തിയായെന്നും അത് തുടരുമെന്നും വിധിയ്ക്കു പിന്നാലെ ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് മുഹമ്മദ് പ്രതികരിച്ചു.

2012 ഫെബ്രുവരി 20നാണ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. തളിപ്പറമ്പ് അരിയിലില്‍ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പി. ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് വീട്ടില്‍നിന്നും ഷുക്കൂറിനെ ഇറക്കിക്കൊണ്ടുപോവുകയും സമീപത്തെ ചുള്ളിയോട്ടു വയലില്‍വെച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. നെഞ്ചില്‍ ആഴത്തിലേറ്റ മുറിവായിരുന്നു മരണകാരണം.

Comments