ഷുക്കൂർ വധക്കേസ്;
ഏഴ് പ്രതികൾക്ക് ജീവപര്യന്തം,
ആറുപേര്‍ക്ക് ജാമ്യം

അരിയിൽ ഷുക്കൂർ വധത്തിൽ നേരിട്ട് പങ്കുള്ള 7 പേർക്ക് ജീവപര്യന്തം തടവുശിക്ഷ. പി.ജയരാജനും ടി.വി. രാജേഷും അടക്കം 18 പേർ കുറ്റവിമുക്തർ.

News Desk

അരിയിൽ ഷുക്കൂർ വധക്കേസിലെ 13 പ്രതികളിൽ ഏഴുപേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് എറണാകുളം സി.ബി.ഐ സ്പെഷ്യൽ കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് ആറു പ്രതികൾക്ക് കോടതി ജാമ്യം നൽകി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഒന്നാം പ്രതി കെവി സുമേഷ്, മൂന്നാം പ്രതി എ.വി. അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10-ാം പ്രതി എൻ.പി. ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 15-ാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 14-ാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 16-ാം പ്രതി കെ.വി സജിത്ത്, 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നീ ആറു പ്രതികൾക്കും കോടതി ജാമ്യം നൽകി. മൂന്നു വർഷത്തിൽ താഴെ ശിക്ഷ ലഭിച്ചവർക്കാണ് ജാമ്യം നൽകിയിരിക്കുന്നത്.

സി.പി.എം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരടക്കമുള്ളവരെ കോടതി ​വെറുതെ വിട്ടു. ഇവര്‍ക്കെതിരെ ഉണ്ടായിരുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ല. ആകെ 18 പേരെയാണ് വെറുതെവിട്ടത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന 33 പേരും സി.പി.എം പ്രവർത്തകരായിരുന്നു. രണ്ടുപേർ മരിച്ചതിനാൽ 31 പ്രതികളുടെ കാര്യത്തിലാണ് വിധി വന്നിരുന്നത്.

"വിധി നിരാശാജനകം, ഇതിനെതിരെ അപ്പീൽ നൽകും. സുപ്രീം കോടതി വരെ പോകേണ്ടിവന്നാലും ഈ നിയമയുദ്ധം ഞങ്ങൾ തുടരും" - കോടതിയിലെ ശിക്ഷാവിധി വന്നതിനു പിന്നാലെ ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് മുഹമ്മദ് പ്രതികരിച്ചു.

2012 ഫെബ്രുവരി 20-നാണ് യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന അരിയിൽ ഷുക്കൂർ കൊല്ലപ്പെടുന്നത്. തളിപ്പറമ്പ് അരിയിലില്‍ ഒരു പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന പി. ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണം നടത്തിയെന്നാരോപിച്ച് വീട്ടില്‍നിന്നും ഷുക്കൂറിനെ ഇറക്കിക്കൊണ്ടുപോവുകയും സമീപത്തെ ചുള്ളിയോട്ടു വയലില്‍വെച്ച് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്. നെഞ്ചില്‍ ആഴത്തിലേറ്റ മുറിവായിരുന്നു മരണകാരണം. തുടർന്ന്, 2016 ഫെബ്രുവരി എട്ടിനാണ് ഷുക്കൂറിന്റെ മാതാവ് ആത്തിക്കയുടെ ഹർജിയിന്മേൽ ഹൈക്കോടതിയാണ് കേസന്വേഷണം സിബിഐക്ക് കൈമാറിയത്.

Comments