അബ്ദുൾ ഷുക്കൂർ

അതിക്രൂരമായ
കൊലപാതകം,
14 വർഷത്തിനുശേഷം
വിധി

അരിയിൽ ഷുക്കൂർ വധക്കേസിൽ ആകെയുണ്ടായിരുന്ന 33 പ്രതികളും സി.പി.എംകാരായിരുന്നു. അതിൽ കൊലയിൽ നേരിട്ട് പങ്കുള്ള ഏഴു പേർക്കാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ എന്താണ് ഷുക്കൂറിൻെറ കൊലപാതകത്തിലേക്ക് നയിച്ചത്?

News Desk

കണ്ണൂരിലെ അരിയിലിൽ 22-കാരനായ എം.എസ്.എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ കൊല്ലപ്പെട്ട സംഭവം കേരളത്തിൻെറ രാഷ്ട്രീയ മനഃസ്സാക്ഷിയെ പിടിച്ചുലച്ച സംഭവമാണ്. കേസിൽ ആകെയുണ്ടായിരുന്ന 33 പ്രതികളും സി.പി.എംകാരായിരുന്നു. അതിൽ അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെയും കല്യാശേരി എം.എൽ.എയായിരുന്ന ടി.വി. രാജേഷിനെയും വെറുെതെ വിട്ടുവെങ്കിലും ഒന്നാം പ്രതിയടക്കം കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 13 പേരെ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി. അതിൽ പലരും സിപിഎമ്മിൻെറ ലോക്കൽ, ബ്രാഞ്ച്, ഏരിയ തലത്തിൽ പ്രവർത്തിച്ചിരുന്ന നേതാക്കളാണ്.

14 വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 2012 ഫെബ്രുവരി 20-നാണ് അതിക്രൂരമായ കൊലപാതകം സംഭവിക്കുന്നത്. എന്താണ് അന്ന് യഥാർത്ഥത്തിൽ സംഭവിച്ചത്?

കണ്ണൂർ തളിപ്പറമ്പിനടുത്തുള്ള പട്ടുവത്തെ അരിയിൽ പ്രദേശം മുസ്‌ലിം ലീഗിന്റെയും സി.പി.എമ്മിന്റെയും ശക്തികേന്ദ്രങ്ങളിലൊന്നാണ്. ഇരുപാർട്ടികളുടെയും പ്രവർത്തകർക്കിടയിൽ നിലനിന്നിരുന്ന രാഷ്ട്രീയ സംഘർഷങ്ങൾ പലപ്പോഴും അക്രമങ്ങളിലേക്ക് വഴിമാറിയിരുന്നു. അത്തരത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾ നിലനിന്നിരുന്ന സമയത്താണ് ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എം.എൽ.എയും പ്രദേശം സന്ദർശിക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം തടയുകയും ആക്രമിക്കുകയും ചെയ്തുവെന്നതാണ് കൊലപാതകത്തിന് കാരണമായ പ്രകോപനം. സംഭവത്തിന് പിന്നാലെ ജയരാജനും ടി.വി. രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെ വെച്ചാണ് ഷുക്കൂർ വധക്കേസിലേക്ക് നയിച്ച ഗൂഢാലോചന നടന്നതെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.

ജയരാജൻെറയും രാജേഷിൻെറയും വാഹനം തടഞ്ഞവർക്കെതിരെ തിരിച്ചടിക്കണമെന്ന ആഹ്വാനം പ്രദേശത്തെ സിപിഎം പ്രവർത്തർക്കിടയിലുണ്ടായി. ഇത് ഏറ്റെടുത്ത് സംഘടിതമായി നടത്തിയ കുറ്റകൃത്യമായിരുന്നു ഷുക്കൂറിൻെറ കൊലയെക്ക് കുറ്റപത്രത്തിൽ പറയുന്നു. രാഷ്ട്രീയവിരോധവും ആൾക്കൂട്ട വിചാരണയും 22 വയസ്സുകാരന്റെ കൊലപാതകത്തിൽ കലാശിച്ചു.

അക്രമിസംഘത്തിൽനിന്ന് രക്ഷപ്പെടാൻ ഷുക്കൂറും സുഹൃത്തുക്കളും കേസിലെ ആറാം സാക്ഷി കൂടിയായ മുഹമ്മദ് കുഞ്ഞിന്റെ വീട്ടിൽ എത്തിച്ചേരുകയായിരുന്നു. മുഹമ്മദ് കുഞ്ഞിന്റെ വീട്ടിലേക്കാണ് ഇരുമ്പുദണ്ഡുകളും വടികളുമായി അക്രമികൾ എത്തുന്നത്. വാഹനം തടയുന്നതിന് നേതൃത്വം നൽകിയത് ഷുക്കൂറാണെന്ന് ആരോപിച്ചായിരുന്നു സംഘം എത്തിയത്. പിന്നീട് ഷുക്കൂറിനെയും സക്കറിയയെയും പ്രദേശത്തെ ചുള്ളിയോട് വയലിലേക്ക് പിടിച്ചുകൊണ്ടുവന്നു. അതിക്രൂരമായ ആക്രമണമാണ് ഇരുവർക്കുമെതിരെ പിന്നീട് നടന്നതെന്ന് കേസിലെ സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഷുക്കൂറിനെയും സക്കറിയയെയും വയലിലിട്ട് ക്രൂരമായി മർദ്ദിച്ചു. ആൾക്കൂട്ട വിചാരണ നടത്തിയ ശേഷം ഷുക്കൂറിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. വയറ്റിലും നെഞ്ചിലുമായി കത്തികൊണ്ട് കുത്തി. ഗുരുതരമായി പരിക്കേറ്റ ഷുക്കൂറിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. പരിക്കേറ്റ സക്കറിയ കേസിലെ പ്രധാന സാക്ഷിയായി.

പി.ജയരാജൻ
പി.ജയരാജൻ

സി പി എം പ്രതിസ്ഥാനത്തുവന്ന ആൾക്കൂട്ട വിചാരണയും കൊലപാതകവുമെന്ന നിലയിലാണ് സംഭവം കേരളത്തിൽ വലിയ പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചത്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് പി.സി. ആത്തിക്ക നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ 2016-ലാണ് ഹൈക്കോടതി അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെ 33 പേരാണ് കേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

ടി.വി. രാജേഷ്
ടി.വി. രാജേഷ്

പതിനാലു വർഷത്തെ നിയമനടപടികൾക്കൊടുവിൽ കേസിൽ ഒടുവിൽ വിധി വന്നിരിക്കുന്നു. രണ്ട് പേർ മരിച്ചതിനാൽ 31 പ്രതികളുടെ കാര്യത്തിലാണ് വിധി വന്നത്. 18 പേരെ വെറുതെവിടുകയും 13 പേരെ കുറ്റക്കാരായി കണ്ടെത്തുകയും ചെയ്തു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലാണ് പ്രതികൾക്കെതിരായ വിധി. പി. ജയരാജനും ടി.വി. രാജേഷിനും എതിരായ ഗൂഢാലോചനക്കുറ്റം കോടതിയിൽ തെളിയിക്കാൻ സാധിച്ചില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻെറ മകൻ ശ്യാംജിത്തും കേസിൽ പ്രതിയായിരുന്നു. ശ്യാംജിത്തും കുറ്റവിമുക്തനായിരിക്കുകയാണ്. ഷുക്കൂറിനെ കൊലപ്പെടുത്തുന്നതിൽ നേരിട്ട് പങ്കുള്ള 7 പേർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കെ.വി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒൻപതാം പ്രതി മനോഹരൻ , പത്താം പ്രതി എൻ.പി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. മൂന്ന് വർഷത്തിൽ താഴെ തടവുശിക്ഷ വിധിച്ച 6 പ്രതികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്താണ് കോടതിവിധി. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവർക്ക് ശിക്ഷ ലഭിച്ചുവെങ്കിലും ഗൂഢാലോചന തെളിയിക്കപ്പെടാത്തതിൽ ഷുക്കൂറിൻെറ കുടുംബത്തിന് നിരാശയുണ്ട്. കേസിലെ നിയമപോരാട്ടം തുടരുമെന്ന് തന്നെയാണ് അവർ പ്രതികരിച്ചിരിക്കുന്നത്.

Comments