അട്ടിമറികളുടെ അരൂർ; വരുമോ പി. രാജീവ്?

എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ തെരഞ്ഞെടുപ്പുപോരാട്ടങ്ങൾ നടന്ന മണ്ഡലമാണ് ആലപ്പുഴ ജില്ലയിലെ അരൂർ. കെ.ആർ. ഗൗരിയമ്മയുടെ പര്യായപദം. കേരളത്തിൽ ഏറ്റവും അധിക കാലം ഒരു വനിതയെ എം.എൽ.എയാക്കിയ മണ്ഡലം. 1965 മുതൽ 38 വർഷമാണ് അരൂർ ഗൗരിയമ്മക്കൊപ്പം കൈകോർത്തുനിന്നത്. ഏറ്റവുമൊടുവിൽ, 2019ൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനിലൂടെ അരൂരിന് ഇനിയും ഒരട്ടിമറിക്ക് ബാല്യമുണ്ടെന്ന് തെളിയിച്ചു.

കെ.ആർ. ഗൗരിയമ്മ / ചിത്രീകരണം: ദേവപ്രകാശ്

2016ൽ കോൺഗ്രസിലെ അഡ്വ. സി.ആർ. ജയപ്രകാശിനെ 38,519 വോട്ടിനാണ് സി.പി.എമ്മിലെ എ.എം. ആരിഫ് തോൽപ്പിച്ചത്. തുടർന്നുവന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ആലപ്പുഴയിൽ സ്ഥാനാർഥിയായ ആരിഫ് ഷാനിമോൾ ഉസ്മാനെ തോൽപ്പിച്ച് എം.പിയായതോടെ എം.എൽ.എ സ്ഥാനം രാജിവെച്ചു.

ഉപതെരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാൻ മണ്ഡലം തിരിച്ചുപിടിച്ചു- അരൂരിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ മൂന്നാമത്തെ ജയം. മുമ്പ്, രണ്ടു തവണ പി.എസ്. കാർത്തികേയൻ കോൺഗ്രസിനുവേണ്ടി അരൂരിൽനിന്ന് ജയിച്ചിരുന്നു. ആരിഫിന്റെ കൂറ്റൻ ഭൂരിപക്ഷമാണ് 2079 വോട്ടിന് മനു സി. പുളിക്കലിനെ തോൽപ്പിച്ച് ഷാനിമോൾ ഉസ്മാൻ മറികടന്നത്.

സി.പി.എമ്മിലെ സംഘടനാപ്രശ്‌നങ്ങളാണ് അരൂരിൽ തിരിച്ചടിയുണ്ടാക്കിയത്. തോൽവി ശരിക്കും പാർട്ടിയെ ഞെട്ടിച്ചുകളഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടിയിൽ പരസ്യപ്രതിഷേധങ്ങളുണ്ടായി. സംഘടനാപ്രശ്‌നങ്ങൾ പൂർണമായി പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം വ്യക്തമാക്കുന്നു. അച്ചടക്കലംഘനം വച്ചുപൊറുപ്പിക്കില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടു പഞ്ചായത്തുകളിലുണ്ടായ തിരിച്ചടിയും പിണറായി എടുത്തു പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു മണ്ഡലത്തിലെ കൂടുതൽ പഞ്ചായത്തുകളും. അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി പഞ്ചായത്തുകൾ എൽ.ഡി.എഫ് നേടിയപ്പോൾ അരൂക്കുറ്റി, തുറവൂർ പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിന്.

ഇത്തവണയും ഷാനിമോൾ ഉസ്മാൻ തന്നെയാകും അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയെന്ന് സാക്ഷാൽ രമേഷ് ചെന്നിത്തല തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു.

എൽ.ഡി.എഫ് സ്ഥാനാർഥിയായി സി.പി.എം പ്രാദേശിക ഘടകങ്ങളുടെ പരിഗണനയിലുള്ളവരിൽ ഒരാൾ പി. രാജീവാണ്. ഷാനിമോൾ ഉസ്മാന്റെ വിജയത്തിനിടയാക്കിയ പാർട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങൾ മറികടക്കാൻ രാജീവിനുകഴിയുമെന്നാണ് പാർട്ടി കണക്കുകൂട്ടൽ.
മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, സി.ബി. ചന്ദ്രബാബു, ആർ. നാസർ തുടങ്ങിയവരുടെ പേരുകളും ആലോചനകളിലുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണക്കാൻ തീരുമാനിച്ച ജെ.എസ്.എസ് അരൂർ തങ്ങൾക്കുവേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

2019 - നിയമസഭ ഉപതെരഞ്ഞെടുപ്പിലെ കക്ഷിനില.

അരൂക്കുറ്റി, അരൂർ, ചേന്നം പള്ളിപ്പുറം, എഴുപുന്ന, കോടം തുരുത്ത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ് അരൂർ മണ്ഡലം. 1957 മുതൽ നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 10 തവണയും എൽ.ഡി.എഫിനായിരുന്നു വിജയം. കെ.ആർ. ഗൗരിയമ്മ ഏഴു തവണയും ആരിഫ് മൂന്നുതവണയും ജയിച്ചു. 1957, 1960 വർഷങ്ങളിൽ കോൺഗ്രസിലെ പി.എസ്. കാർത്തികേയനും 1977ൽ കോൺഗ്രസ് പിന്തുണയോടെ സി.പി.ഐ സ്ഥാനാർഥി പി.എസ്. ശ്രീനിവാസനുമാണ് ജയിച്ചത്. 1991, 1996 വർഷങ്ങളിൽ ജെ.എസ്.എസിലൂടെ യു.ഡി.എഫ് സ്ഥാനാർഥിയായി ഗൗരിയമ്മയും ജയിച്ചു. 2006ൽ ഗൗരിയമ്മ ആരിഫിനോട് തോറ്റു.

രാഷ്ട്രീയപ്രാധാന്യമുള്ള പോരാട്ടങ്ങളേറെ നടന്ന മണ്ഡലം. പുന്നപ്ര വയലാർ സമരനേതാവും തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ പങ്കുവഹിക്കുകയും ചെയ്ത സി.ജി. സദാശിവനെ ഗൗരിയമ്മ 1965ലും 1970ലും അരൂരിൽ തോൽപ്പിച്ചിട്ടുണ്ട്.

1965ലായിരുന്നു ഗൗരിയമ്മയുടെ അരൂരിലെ ആദ്യ മൽസരം. കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ഗൗരിയമ്മ സി.പി.എമ്മിലും ഭർത്താവ് ടി.വി. തോമസും സി.ജി. സദാശിവനും അടക്കമുള്ള നേതാക്കൾ സി.പി.ഐയിലും. വയലാർ രവിയുടെ അമ്മ ദേവകി കൃഷ്ണനെയാണ് ഗൗരിയമ്മ അന്ന് തോൽപ്പിച്ചത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലുണ്ടായിരുന്ന ദേവകി കൃഷ്ണൻ പിന്നീട് കോൺഗ്രസിലെത്തി. സി.ജി. സദാശിവൻ നാലാം സ്ഥാനത്തായിരുന്നു. എന്നാൽ, ആർക്കും ഭൂരിപക്ഷമില്ലാത്തതിനെതുടർന്ന് സഭക്ക് ചേരാനായില്ല.
അതേ ഗൗരിയമ്മക്ക് സി.പി.ഐ നേതാവായിരുന്ന പി.എസ്. ശ്രീനിവാസനിൽനിന്നും പുതുമുഖമായിരുന്ന ആരിഫിൽനിന്നും തോൽവി വാങ്ങിക്കൊടുത്ത ചരിത്രവും അരൂരിനുണ്ട്.


Comments