നിയമസഭാ തെരഞ്ഞെടുപ്പിലെ സ്​ഥാനാർഥി നിർണയത്തിൽ പ്രതിഷേധിച്ച്​ പൊന്നാനിയിൽ സി.പി.എം പ്രവർത്തകർ നടത്തിയ പ്രകടനം. ജനാധിപത്യത്തിൽ മുഖ്യപങ്കുള്ള രാഷ്ട്രീയപാർട്ടികളിൽ ആഭ്യന്തരജനാധിപത്യം ഇല്ലെന്നത് പാർലമെന്റിലെ വനിതാ പ്രാതിനിധ്യം ചൂണ്ടിക്കാട്ടി ലേഖകൻ സ്ഥാപിക്കുന്നു

വോട്ടർ എന്ന ഉപഭോക്താവ്

ഈ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ ഏറ്റവും പ്രചാരണം കൊടുക്കാൻ പോകുന്നത് ലൈഫ് മിഷൻ ഭവന പദ്ധതിക്കാണ്. ഈ പദ്ധതിയിലൂടെ കേരളത്തിൽ ഇനിയൊരു ഭൂസമരം ഉണ്ടാകില്ല എന്ന് ഇടതുസർക്കാർ ഉറപ്പിച്ചു എന്നതാണ് വസ്തുത

കൊളോണിയൽ അധികാരത്തിൽ നിന്നുമാറി സ്വതന്ത്ര രാഷ്ട്രമായ ഒരു സമൂഹത്തിൽ ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും പാർലമെന്ററി ജനാധിപത്യം നിലനിർത്താനായി എന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രത്യേകതയാണ്. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ മാത്രമാണ് പാർലമെന്ററി ജനാധിപത്യം പടർന്ന് വികസിച്ചതും ഒരുപക്ഷെ ലോകത്തെ ഇതര ജനാധിപത്യ രാഷ്ട്രങ്ങൾക്കുപോലും മാതൃകയാക്കാവുന്ന രീതിയിൽ പാർലമെന്റിനെ ഒരു സ്ഥാപനമാക്കി തീർക്കാനും കഴിഞ്ഞത് എന്നത് ഗൗരവമായ വസ്തുതയാണ്.

ഇന്ത്യൻ ജനാധിപത്യം സ്ഥാപനവൽക്കരിച്ചതിനപ്പുറം പൗരജീവിതത്തെ നിയന്ത്രിക്കുന്ന സമാന്തര അധികാരത്തെയും പലപ്പോഴും പൗരനെ തന്നെ അപ്രസക്തമാക്കുന്ന രാഷ്ട്രീയാധികാരത്തെയും ചോദ്യം ചെയ്യാൻ പാകത്തിൽ രൂപപ്പെട്ടില്ല എന്നത് വസ്തുതയാണ്

എന്നാൽ എഴുപതു വർഷം കൊണ്ട് ഒരു ജനാധിപത്യ സംവിധാനം ആർജിക്കേണ്ട സാമൂഹിക മാറ്റം നമ്മുടെ രാജ്യത്തുണ്ടായോ എന്ന ചോദ്യം ഇന്ന് പ്രസക്തമാണ്. എന്തുകൊണ്ട് ഇത്തരമൊരു ചോദ്യം നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നതിന്റെ കാരണം നമ്മളൊരു ജനാധിപത്യ സമൂഹമായി മാറിയില്ല എന്നതുകൂടിയാണ്.

പീറ്റർ ജാർവിസ്(2008) ജനാധിപത്യമെന്നാൽ ഒരു ജീവിതകാലത്തോളം നിലനിൽക്കുന്ന പദ്ധതിയായി ചിത്രീകരിച്ചിട്ടുണ്ട്. ജാർവിസിന്റെ നിരീക്ഷണത്തോട് വേണമെങ്കിൽ വിയോജിക്കാനും കഴിയും. എന്നാൽ ആശയമെന്ന നിലക്കും ഭരണപദ്ധതി എന്ന നിലക്കും ജനാധിപത്യം പൗരജീവിതത്തെ മാറ്റിമറിക്കാൻ പ്രാപ്തമാണ്. എന്നാൽ, ഇന്ത്യൻ ജനാധിപത്യം സ്ഥാപനവൽക്കരിച്ചതിനപ്പുറം പൗരജീവിതത്തെ നിയന്ത്രിക്കുന്ന സമാന്തര അധികാരത്തെയും പലപ്പോഴും പൗരനെ തന്നെ അപ്രസക്തമാക്കുന്ന രാഷ്ട്രീയാധികാരത്തെയും ചോദ്യം ചെയ്യാൻ പാകത്തിൽ രൂപപ്പെട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. ഇന്ത്യയിൽ ജനാധിപത്യവും തെരഞ്ഞെടുപ്പുകളും ഒരു പൗരസമൂഹത്തെ സൃഷ്ടിച്ചിട്ടില്ല എന്ന് ഉറപ്പിച്ചു തന്നെ പറയാം, പകരം രാഷ്ട്രീയ പാർട്ടികൾ അവരെ ചോദ്യം ചെയ്യാനോ തിരുത്താനോ കഴിയാത്ത ഒരു ജനക്കൂട്ടത്തെ സൃഷ്ടിച്ചു എന്നതാണ് വസ്തുത. ഈ ജനക്കൂട്ടം രാഷ്ട്രീയ പാർട്ടികളുടെ നിലനിൽപ്പിനുതന്നെ അനിവാര്യവുമായി തീർന്നു. നവ-ഉദാരവൽക്കരണത്തോടെ ഈ സാധ്യത വലിയ തോതിൽ വർധിച്ചു. ഈ പശ്ചാത്തലത്തിൽ, രാഷ്ട്രീയ പാർട്ടികൾ, വികസനം, ജനാധിപത്യം എന്നിവ തെരഞ്ഞെടുപ്പിന്റെ പാശ്ചാത്തലത്തിൽ വിശദീകരിക്കുകയാണിവിടെ.

രാഷ്ട്രീയ പാർട്ടികളും ജനാധിപത്യവും

ജനാധിപത്യത്തിൽ രാഷ്ട്രീയ പാർട്ടികൾക്കാണ് മുഖ്യപങ്ക്. എന്നാൽ ഈ രാഷ്ട്രീയ പാർട്ടികളിൽ ആഭ്യന്തര ജനാധിപത്യം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. ഇന്ത്യ മഹാരാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയും ആഭ്യന്തര ജനാധിപത്യം വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. വനിതാ സംവരണം തന്നെയാണ് ഉദാഹരണം. ജനസംഖ്യയിൽ 48 ശതമാനം വനിതകളായിട്ടും ഇന്നും വനിതാ പ്രാതിനിധ്യം പാർലമെന്റിൽ പുരുഷാധിപത്യത്തിന് കീഴ്‌പ്പെട്ടു. ഇത്തരം പ്രാതിനിധ്യമില്ലായ്മ ജനാധിപത്യ വിരുദ്ധമാണെന്ന് എന്ന് രാഷ്ട്രീയ സമൂഹത്തിനും പൗര സമൂഹത്തിനും തോന്നുന്നില്ല എന്നിടത്താണ് നമ്മുടെ ജനാധിപത്യത്തിലെ മൗലിക മൂല്യം ഇല്ലാതാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് വലിയ പങ്കുണ്ട് എന്ന് പറയേണ്ടി വരുന്നത്.

അനിൽ അംബാനി, ഗൗതം അദാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി / Photo: Truth of Gujarat

രാഷ്ട്രീയ പാർട്ടികളെ നമ്മൾ അവരുടെ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് വിവിധ ധാരകളായി തിരിക്കുന്നതും പരിഗണിക്കുന്നതും. എന്നാൽ നമ്മൾ പലപ്പോഴും വിസ്മരിക്കുന്ന വസ്തുത, 1990 കൾക്കുശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലും നയരൂപീകരണത്തിലും സാമ്പത്തിക ശക്തികൾക്ക് വലിയ പങ്കാളിത്തം ഉണ്ടെന്നതാണ്. ഒരു പക്ഷെ കേട്ടുപഴകിയ ഒരു വാദമാണ് ഇതെന്നു തോന്നാം, കാരണം രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാരും ഇടതുപക്ഷവും ചങ്ങാത്ത മുതലാളിത്തമാണ് ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത് എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. നമ്മുടെ ജനാധിപത്യം ഈ ചങ്ങാത്ത മുതലാളിത്തത്തെ എങ്ങനെയാണ് സംരക്ഷിച്ചു നിർത്തുന്നത് എന്നതാണ് മർമ്മപ്രധാന ചോദ്യം. ഇന്ത്യയിലെ വോട്ടർമാർക്ക് അറിയാത്തതല്ല ഈ കാര്യവും. രാഷ്ട്രീയ പാർട്ടികൾക്ക് ചങ്ങാത്ത മുതലാളിത്തതോടുള്ള തങ്ങളുടെ നിലപാട് വിശദീകരിക്കേണ്ട ആവശ്യം ഇന്നില്ല. ഒരുപക്ഷെ ഇന്ത്യയിലെ സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ രാഷ്ട്രീയപാർട്ടികളിൽ ഉണ്ടാക്കിയ മാറ്റങ്ങളെ പൗരസമൂഹം ഗൗരവമായി കാണുന്നില്ല എന്നതാണ് രാഷ്ട്രീയ പാർട്ടികളെ ഗൗരവമായ സാമൂഹിക പ്രശ്‌നങ്ങളിൽ നിന്ന് മാറിനിൽക്കാൻ സഹായിക്കുന്നത്.

ബാബരി പള്ളി തകർത്തത് കൊണ്ടാണ് ബി.ജെ.പിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടം നേടാൻ കഴിഞ്ഞത് എന്ന കാഴ്പ്പാട് തിരുത്തേണ്ടതുണ്ട്, പകരം പടിപടിയായി കെട്ടിപ്പടുത്ത ഒരു ദേശരാഷ്ട്രസങ്കൽപം കൊണ്ടുകൂടിയാണത് സാധ്യമായത്

പൊതുവിൽ വിലയിരുത്തുന്നതുപോലെ തെരഞ്ഞെടുപ്പുകൾ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യയശാസ്ത്ര പരീക്ഷണം ഒന്നുമല്ല. പകരം പൊതുസമൂഹത്തിന് മുന്നിൽ ഇതര രാഷ്ട്രീയ പാർട്ടികളിൽ നിന്ന് തങ്ങൾ എത്ര വ്യത്യസ്തരാണ് എന്ന് ഒരു വോട്ടറുടെ മുന്നിൽ അവതരിപ്പിക്കുക മാത്രമാണ് വർത്തമാനകാല രാഷ്ട്രീയ പ്രവർത്തനം. തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്തം വോട്ടർമാരുടേതാണ്. അതുകൊണ്ടുതന്നെ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ വോട്ടർ എന്നാൽ ഉപഭോക്താവ് കൂടിയാണ്, കാരണം രാഷ്ട്രീയ പാർട്ടികൾ മുതലാളിത്ത ഉൽപാദന ബന്ധങ്ങളിൽ നിന്ന് മോചിതരല്ല. അതുകൊണ്ടുതന്നെ വിപണി എങ്ങനെയാണോ ഒരാൾക്ക് തിരഞ്ഞെടുക്കാൻ അവസരം നൽകുന്നത് അതിനു സമാനമായി രാഷ്ട്രീയ പാർട്ടികൾ വോട്ടറുടെ മുന്നിൽ വാഗ്ദാനങ്ങൾ നിരത്തുന്നു.

പ്രകടന പത്രിക എന്നാൽ ഒരുതരത്തിൽ ഉൽപ്പന്നം കൂടിയാണ്. ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ജാതി മേധാവിത്ത സംരക്ഷണം, മതസുരക്ഷ, രാഷ്ട്രസുരക്ഷ, ദേശശത്രു തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് എന്തുകൊണ്ടാണ് ഇത്ര പ്രാധാന്യം കിട്ടുന്നത് എന്നാണ് പഠിക്കേണ്ടത്. നരസിംഹറാവു സർക്കാർ ഭരണത്തിന്റെ ആദ്യ അഞ്ചുവർഷം തികച്ചശേഷം പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത് അഞ്ചുവർഷത്തെ നവ- ഉദാര വൽക്കരണ നയങ്ങൾ കൊണ്ടുണ്ടായ മാറ്റങ്ങളെ കുറിച്ചുള്ള ടി.വി പരസ്യത്തിലൂടെയായിരുന്നു. ഉദാരവൽക്കരണത്തിനുശേഷം ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞടുപ്പുകളിൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ചർച്ച ചെയ്യുന്നത് ഒഴിവാക്കി. ഇതൊരു രാഷ്ട്രീയ ശൂന്യത കൂടിയാണ് സൃഷ്ടിച്ചത്.
ഈ ശൂന്യതയിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കിയത് ബി.ജെ.പിയാണ്. ബാബരി പള്ളി തകർത്തത് കൊണ്ടാണ് ബി.ജെ.പിക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടം നേടാൻ കഴിഞ്ഞത് എന്ന കാഴ്ചപ്പാട് തിരുത്തേണ്ടതുണ്ട്, പകരം പടിപടിയായി കെട്ടിപ്പടുത്ത ഒരു ദേശരാഷ്ട്രസങ്കൽപം കൊണ്ടുകൂടിയാണ്.

ഗോൾവാൾക്കർ വിചാരധാരയിൽ പറയുന്നത്, രാജ്യം എന്നാൽ മാത്യഭൂമി എന്നാണ്. ഓരോ പ്രഭാതത്തിലും തനിക്ക് ഈ ഭൂമിയെ ചവിട്ടേണ്ടി വരുന്നതിൽ മാതൃഭൂമിയോട് ക്ഷമ ചോദിച്ചിട്ടാണ് ഓരോ ഹിന്ദുവും ഉണരുന്നത് എന്നാണ്. ദേശം/മാതൃദേശം എന്ന ഗോൾവാൾക്കർ ആശയത്തോട് യോജിക്കാത്തവരാണ് ന്യൂനപക്ഷങ്ങൾ എന്ന് ഗോൾവാൾക്കർ കൃത്യമായി പറഞ്ഞുവെക്കുന്നുണ്ട്. കാരണം ഇതൊരു സാംസ്‌കാരിക- മത സ്വത്വം കൂടിയാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷങ്ങൾ രാജ്യത്തെ ആന്തരിക ശത്രുക്കളാണ് എന്നാണ് ഗോൾവാൾക്കറുടെ കാഴ്ചപ്പാട്. ഇതേ പുസ്തകത്തിൽ തന്നെ എടുത്തുപറയുന്ന ഒരു വസ്തുത, മുസ്‌ലിംകൾ അവരുടെ ആരാധനാലയങ്ങൾ നിൽക്കുന്ന ഇടം സ്വതന്ത്ര പ്രദേശമായി കരുതുന്നു എന്നതാണ്. എന്തുകൊണ്ടാണ് പൊളിക്കേണ്ട പള്ളികളുടെ ലിസ്റ്റ് ചില സംഘടനകൾ സൂക്ഷിക്കുന്നു എന്നുചോദിച്ചാൽ, കാരണം ഒരു ദേശ- രാഷ്ട്ര നിർമിതി കൂടിയായി ഈ പദ്ധതിയെ കാണുന്നു എന്നതാണ് ഉത്തരം​. അതുകൊണ്ടുതന്നെ സാവധാനത്തിൽ മാത്രം രൂപപ്പെടേണ്ട ഒന്നാണ് ഇവരുടെ രാഷ്ട്രീയം. ക്ഷേമരാഷ്ട്ര സങ്കൽപത്തിനുണ്ടായ അപചയമാണ് ബി.ജെ.പി മുന്നോട്ടുവെക്കുന്ന ദേശരാഷ്ട്ര സങ്കൽപത്തിലൂടെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്.

സണ്ണി എം. കപിക്കാട് / photo: Bansree A S, Facebook

തെരഞ്ഞെടുപ്പ് രാഷ്ടീയത്തിലേക്ക് സാവധാനം കടന്നുവരേണ്ട ഒരു ആശയത്തെ ചുരുങ്ങിയ കാലം കൊണ്ട് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പ്രധാന ആശയമാക്കി മാറ്റിയത് ക്ഷേമരാഷ്ട്ര സങ്കൽപ്പത്തിന്റെ തകർച്ചയും കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ആന്തരിക പ്രതിസന്ധിയും കൂടിയാണ്. സർക്കാർ എന്ന ആശയം തന്നെ ഇതുമൂലം അപ്രസക്തമായി എന്നതാണ് വസ്തുത. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന ദേവസ്വം വകുപ്പ് മന്ത്രിയുടെ ഏറ്റുപറച്ചിൽ ഇടതുപാർട്ടികളിലേക്കും പുതിയ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കടന്നുവന്നു എന്നതിന്റെ തെളിവായി കാണാം. രണ്ടാം നവോത്ഥാന മുന്നേറ്റത്തെ വളരെ വേഗം നിഷേധിക്കാൻ ഇടതുപക്ഷത്തിന് കഴിയുന്നത് നേരത്തെ സൂചിപ്പിച്ച മത്സരം തന്നെയാണ്. കോൺഗ്രസും ബി.ജെ.പിയും വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കുന്ന മതരാഷ്ട്രത്തെ തങ്ങളും അനുകൂലിക്കുന്നു എന്ന തുറന്നുപറച്ചിൽ കൂടിയാണിത്. അതായത് ഇതാണ് വോട്ടർക്ക് ആവശ്യമെങ്കിൽ അതുറപ്പാക്കാൻ ഇടതുപക്ഷവും തയ്യാറാണ്​ എന്ന താരതമ്യത്തിനാണ് ഇവിടെ പ്രാധാന്യം.

വികസന പ്രവർത്തനം എന്ന ധാർമിക പ്രവർത്തനം

വെബ്‌സീൻ പാക്കറ്റ് 15ൽ എം. കുഞ്ഞാമൻ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാണിച്ചപോലെ വികസന പ്രവർത്തനം എന്നാൽ ധാർമിക പ്രവർത്തനമായി ചുരുങ്ങിയിരിക്കുന്നു. അലെൻ തോംസണെ പോലെയുള്ളവർ ഇതിനെ നവ- ഉദാരവൽക്കരണ കാലത്തെ വികസന പ്രതിസന്ധിയായി ചിത്രീകരിക്കുന്നു. വികസനം എന്ന ആശയത്തിന് നവ- ഉദാരവൽക്കരണ സംവിധാനം വലിയ പ്രാധാന്യത്തോടെയാണ് അവതരിപ്പിക്കാറ്. ഇവിടെ രണ്ട് പദ്ധതികൾ ഉദാഹരണമായി എടുക്കാം, ഒന്ന് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സ്വച്ഛ് ഭാരത് മിഷൻ. ഒരുപക്ഷെ, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ, ഒരു പദ്ധതി നൂറു ശതമാനം വിജയമെന്ന് അവകാശപ്പെടുന്നത്. ഈ അവകാശവാദം തെറ്റാണെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടി. എന്നാൽ ശൗചാലയങ്ങൾ ഇല്ലാത്തത് ഒരു സമൂഹത്തിൽ നിലനിൽക്കുന്ന വികസന അസമത്വമാണെന്ന വസ്തുത മറച്ചുവെക്കാൻ കഴിഞ്ഞു എന്നതാണ് ഈ പദ്ധതികൊണ്ടുള്ള സർക്കാർ നേട്ടം.

മറ്റൊന്ന് കേരള സർക്കാർ പ്രാധാന്യത്തോടെ ആഘോഷിക്കുന്ന ലൈഫ് മിഷൻ ഭവന പദ്ധതി. ഈ പദ്ധതിയിലൂടെ കേരളത്തിൽ ഇനിയൊരു ഭൂസമരം ഉണ്ടാകില്ല എന്ന് ഇടതുസർക്കാർ ഉറപ്പിച്ചു എന്നതാണ് വസ്തുത. സാമൂഹിക വിമർശകനായ സണ്ണി എം. കപിക്കാട് ചൂണ്ടിക്കാണിച്ചതുപോലെ മുപ്പതിനായിരത്തോളം പട്ടികജാതി- പട്ടിക വർഗ കോളനികളുള്ള കേരളത്തിൽ ലൈഫ് മിഷൻ പോലെയുള്ള പദ്ധതികൾ മുന്നോട്ട് വയ്ക്കുന്ന ആശയം രൂപപ്പെട്ടതുതന്നെ വലിയൊരു വൈരുധ്യമാണ്. പരാജയപ്പെട്ട ഭൂപരിഷ്‌കരണമാണ് കേരളത്തിൽ ഇത്രയധികം കോളനികൾ ഉണ്ടാക്കാൻ കാരണമെന്ന ചരിത്രം വിസ്മരിക്കപ്പട്ടു. കേരളത്തിലെ ഭൂസമരങ്ങൾ ഇടതുപക്ഷത്തിനുണ്ടാക്കിയ രാഷ്ട്രീയ-സംഘടന പ്രതിസന്ധി ചെറുതൊന്നുമല്ല. അപഹസിച്ചും പരിഹസിച്ചും ഇത്തരം സമരങ്ങളെയും അതിനെ നയിക്കുന്നവരെയും ചെറുതാക്കി പാർട്ടി അണികൾക്കിടയിൽ അവതരിപ്പിക്കുക എന്നതിനപ്പുറം ഇടതുപക്ഷത്തിന് മറ്റൊന്നും ചെയ്യാനില്ലായിരുന്നു. അതുകൊണ്ടുതന്നെ ലൈഫ് മിഷൻ പദ്ധതി ഏറ്റവും വലിയ രാഷ്ട്രീയനേട്ടം ഉണ്ടാക്കിയത് സി.പി.എം-സി.പി.ഐ പാർട്ടികൾക്കാണ്. ഈ പദ്ധതിക്കെതിരായ അഴിമതി ആരോപണങ്ങൾ നേരിടാൻ സർക്കാർ നിസ്സഹായരായ ഗുണഭോക്താക്കളുടെ ഫോട്ടോ സഹിതം പരസ്യം ചെയ്തത്, ഇതിനുപിന്നിൽ വലിയ രാഷ്ട്രീയ നേട്ടം പാർട്ടിക്കുണ്ടായി എന്നതുകൊണ്ടുകൂടിയാണ്.
ഈ തെരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ ഏറ്റവും പ്രചാരണം കൊടുക്കാൻ പോകുന്നത് ഈ പദ്ധതിക്കാണ്. ലൈഫ് മിഷൻ ഒരു നവ-ഉദാര വൽക്കരണ സാധ്യത കൂടിയാണ്.

കോൺഗ്രസ് ഒരിക്കലും ഈ പദ്ധതിയുടെ രാഷ്ട്രീയനേട്ടം തുറന്നു കാണിക്കില്ല. നരേന്ദ്രമോദി സർക്കാർ സ്വച്ഛ ഭാരത് മിഷൻ പദ്ധതിക്കു നൽകിയ പ്രാധാന്യം തന്നെയാണ് ഇടതു സർക്കാർ ലൈഫ് മിഷൻ പദ്ധതിക്കും നൽകുന്നത്. ലൈഫ് മിഷൻ വലിയ തോതിൽ വോട്ടുകൾ നേടികൊടുക്കുന്ന ഒന്നല്ല, കാരണം, ഈ പദ്ധതിയിലെ ഗുണഭോക്താൾ ഒരു വോട്ട്ബാങ്ക് എന്ന നിലയിൽ ഏകീകരിക്കപ്പെട്ടവരല്ല എന്നതുതന്നെ. വിവിധ രാഷ്ട്രീയ ധാരകളിലും അതോടൊപ്പം ഇത് സർക്കാർ പദ്ധതിയാണ് എന്നും തിരിച്ചറിവുള്ള ഒരു സമൂഹം കൂടിയാണ്. രാഷ്ട്രീയ പാർട്ടിയുടെ ചാരിറ്റി പ്രവർത്തനമായി കണ്ട് അവർക്കുമാത്രം വോട്ടു ചെയ്യാൻ തക്ക വിധേയത്വമുള്ള ഒരു സമൂഹമല്ല ലൈഫ് മിഷൻ ഗുണഭോക്താക്കൾ.

അടിസ്ഥാന സമൂഹത്തിലെ ഭൂരാഹിത്യവുമായി ബന്ധപ്പെടുത്തി വേണം ലൈഫ് മിഷൻ പദ്ധതിയെ വിലയിരുത്തേണ്ടത്. കുടുബങ്ങളുടെ വികാസത്തോടെ വ്യക്തിപരമായി മനുഷ്യന് കിട്ടുന്ന ഇടം കുറഞ്ഞു വരും എന്ന ചരിത്രം അറിയാവുന്ന ഒരു സമൂഹത്തിലാണ് സർക്കാർ ഇത്തരം പ്രഖ്യാപനങ്ങൾ നടത്തുന്നത് എന്ന് വിസ്മരിക്കപ്പെടുന്നു.

ഇത്തരത്തിൽ വലിയ പ്രചാരണം നടത്താൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നത് നേരത്തെ സൂചിപ്പിച്ച സാധ്യതകളാണ്. ഇവിടെ തെരഞ്ഞെടുപ്പുകൾ പൗരന് / വോട്ടർക്ക് വലിയ സാധ്യത നൽകുന്നില്ല. പകരം, രാഷ്ട്രീയ പാർട്ടികൾക്ക് നിശ്ചിതകാലത്തേക്ക് അതാത് പാർട്ടിയുടെ ഭാവി രൂപീകരിക്കാനുള്ള അവസരമായി തെരഞ്ഞടുപ്പുകൾ മാറി എന്നതാണ് വസ്തുത. ഒരു പൗരസമൂഹത്തിന് കാര്യമായ ഇടപെടലുകൾക്ക് തെരഞ്ഞെടുപ്പുകൾ അവസരം നൽകുന്നില്ല എന്നുകൂടി തിരിച്ചറിയണം. അങ്ങനെയായിരുന്നു എങ്കിൽ കേരളത്തിൽ നടന്ന പരിസ്ഥിതി സമരങ്ങളൊക്കെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേനേ. കേരളത്തിൽ നെൽ വയൽ സംരക്ഷണ നിയമത്തിനുതന്നെ കാരണമായ സമരസമിതി നേതാവിന് തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കിട്ടിയത് 100 താഴെ വോട്ടാണ്. അതുതന്നെയാണ് തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ യുക്തിയും.▮

ReferenceJarvis, Peter, 2008, Democracy, Life long Learning and the Learning Society: Active citizenship in a late modern age Routledge.Golwalkar, M. S, 1966, Bunch of Thoughts. https://www.thehinducentre.com/multimedia/archive/02486/ Bunch_of_Thoughts_2486072a.pdf​Thomas, Alan, 2000, Development as practice in a liberal capitalist world. Journal of international development j. Int. Dev. (2000)

Comments