മൃതദേഹം തെരുവിൽ കിടക്കുന്ന സാഹചര്യമുണ്ടാകില്ല- ആര്യ രാജേന്ദ്രൻ

എന്റെ പോസ്റ്റ് അന്ന് വിവാദമാക്കിയവരൊക്കെ ഇപ്പോൾ ക്ഷമ ചോദിച്ച് മെസേജ്​ അയച്ചു തുടങ്ങി. നേരത്തെ മേയറെ വിമർശിച്ചവരെല്ലാം ഇപ്പോൾ അഭിനന്ദിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടോ എന്നാണ്​ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്​ അവരോടൊക്കെ പറയാനുള്ളത്, ഇത് സന്തോഷിക്കാനുള്ള സമയമേ അല്ല എന്നാണ്​. ഒരു ജനപ്രതിനിധിയെ സംബന്ധിച്ച്​ എല്ലാവരും സുഖമായിരിക്കണം എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്- തിരുവനന്തപുരം മേയർ ആര്യ രാ​ജേന്ദ്രൻ സംസാരിക്കുന്നു

കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് മേയ് എട്ടു മുതൽ മേയ് 16 വരെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ പല ജില്ലകളിലും അതിതീവ്രവ്യാപനമാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു.

മുഖ്യമന്ത്രി പുറത്തുവിട്ട കണക്കുപ്രകാരം 63 കോവിഡ് മരണങ്ങളാണ് വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ബുധനാഴ്ച 58 ഉം ചൊവ്വാഴ്ച 57 ഉം മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 5628 ആയി. സംസ്ഥാനത്ത് ഇന്ന് 42,464 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകളും മരണനിരക്കും ദിനംപ്രതി കൂടുന്ന സാഹചര്യത്തിലാണ് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതരായത്.

കോവിഡ് ബാധിതരുടേതുൾപ്പെടെ മരണങ്ങൾ കൂടിയതോടെ തിരുവനന്തപുരം ജില്ലയിലെ ശ്മശാനങ്ങളിൽ സംസ്‌കരത്തിനുള്ള സംവിധാനം അപര്യാപ്തമാണെന്നന്നും തിരുവനന്തപുരം നഗരസഭയുടെ കീഴിലുള്ള ശാന്തി കവാടത്തിൽ സംസ്‌കാരം നടത്താൻ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നും വാർത്തകൾ വന്നിരുന്നു. സംസ്ഥാനത്തുടനീളം ശവസംസ്‌ക്കാരവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ സ്ഥിതിഗതികളെക്കുറിച്ചും ശാന്തികവാടത്തിലെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട വാർത്തകളെ കുറിച്ചും തിരുവനന്തപരും മേയർ ആര്യ രജേന്ദ്രൻ ‘തിങ്കു’മായി സംസാരിക്കുന്നു.

അലി ഹൈദർ:തിരുവനന്തപുരം ശാന്തി കവാടത്തിൽ സംസ്‌കാരം നടത്താൻ കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്ന വാർത്തകളുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമാണോ തലസ്ഥാനത്തുള്ളത് ?

ആര്യ രാജേന്ദ്രൻ:നിലവിൽ അങ്ങനെ ഒരു ആശങ്കയുമില്ല. ഇത്രയും നാൾ കോവിഡ് ബാധിച്ചും അല്ലാതെയും മരിക്കുന്നവരെ ശ്മശാനത്തിൽ തന്നെയാണ് സംസ്​കരിച്ചിരുന്നത്​. അത് തുടരുന്നതിൽ ഒരു തരത്തിലുള്ള ആശങ്കയില്ല, പാനിക്ക് ആകേണ്ട സാഹചര്യവുമില്ല. കോവിഡ് മരണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കുറവാണ്. തിരുവനന്തപുരത്തെ സംബന്ധിച്ച്​ നഗരപരിധിയിൽ മാത്രമുള്ളവരല്ല നഗരസഭയുടെ ഈ ശ്മശാനം ഉപയോഗിക്കുന്നത്. മറ്റ് ജില്ലകളിൽ നിന്നുള്ളവരുണ്ട്, മെഡിക്കൽ കൊളേജ്, ആർ.സി. സി അടക്കമുള്ളആശുപത്രികളിൽ ചികിത്സക്ക്​ വരുന്നവരുണ്ട്, കോവിഡ് പൊസിറ്റിവ് ആയി മരിക്കുന്നവരുണ്ട്. അല്ലാതെയും മരിക്കുന്നവരുണ്ട്.

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കോവിഡ് കൺട്രോൾ റൂമിൽ നേമം എം.എൽ.എ വി.ശിവൻകുട്ടിക്കൊപ്പം ആര്യ രാജേന്ദ്രൻ

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പോലും ചികിത്സയ്ക്ക് ഇവിടെയെത്തി മരിച്ചുപോകുന്നവരുണ്ട്​. കോവിഡ് അല്ലാതെ മരിക്കുന്നവരുടെയും മൃതദേഹങ്ങൾ സംസ്​കരിക്കുന്നുണ്ട്​. അതുകൊണ്ട് ആളുകൾ പരിഭ്രാന്തരാവേണ്ടതില്ല. ഓൺലൈൻ ബുക്കിംഗ് സംവിധാനം അങ്ങനത്തന്നെയാണ് പ്രവർത്തിക്കുന്നത്​. ഒരു മൃതദേഹവും സംസ്​കരിക്കാൻ
പറ്റില്ലെന്നുപറഞ്ഞ് കോർപറേഷൻ തിരിച്ചുവിടുന്ന സാഹചര്യം ഉണ്ടായിട്ടില്ല.

ശ്​മശാനത്തിന്റെ പ്രവർത്തനം എങ്ങനെയാണ് നടക്കുന്നത്.

ഇപ്പോൾ മൂന്ന് സംവിധാനത്തിലായാണ് പ്രവർത്തിക്കുന്നത്; വൈദ്യുതി, ഗ്യാസ്​, വിറക്​ എന്നിവ കൊണ്ട്​. കോവിഡ് മൂലം മരിച്ചവരെയും അല്ലാത്തവരെയും സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം അവിടെയുണ്ട്​. അല്ലാത്ത ഒരു പ്രതിസന്ധിയിലേക്ക്​ ഇപ്പോഴും എത്തിയിട്ടില്ല. മുഴുവൻ മൃതദേഹങ്ങളും, എല്ലാ ആദരവോടെയും സംസ്​കരിക്കാൻ നഗരസഭ പൂർണമായും സജ്ജമാണ്.

സംസ്​കാരത്തിന്​ ബുക്ക് ചെയ്തു കാത്തിരിക്കേണ്ട അവസ്ഥയുണ്ടോ?

മഹാമാരിയുടെ സമയത്ത്​, മരണം കൂടുമ്പോൾ, സ്വാഭാവികമായും കാലതാമസമുണ്ടാകും. അതു മാത്രമല്ല, ചില കേസുകളിൽ കാലതാമസം വരുന്നതിന്​ മറ്റു കാരണങ്ങളുണ്ട്​. നഗരസഭക്കു പുറത്തുനിന്ന് ഇവിടെ ചികിത്സക്കുവന്ന കേസ് ആണെങ്കിൽ, അവരുടെ വീട്​ എവിടെയാണോ, അവിടത്തെ തദ്ദേശ സ്​ഥാപനത്തിൽനിന്ന്​ ഒരു വെരിഫിക്കേഷൻ കോർപറേഷനിലേക്ക്​ അയക്കണം. എന്നിട്ടാണ് മൃതദേഹം റിലീസ് ചെയ്യുന്നത്. എന്നിട്ടുമാത്രമേ ക്രിമേഷൻ നടത്താൻ വേണ്ടി സാധിക്കൂ. അങ്ങനെയുള്ള കാലതാമസം വരുന്നുണ്ട്. അതിനപ്പുറത്തേക്ക് നമ്മൾ ഭയപ്പെടേണ്ട സ്​ഥിതിയില്ല. മൃതദേഹം സംസ്​കാരിക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് നമ്മൾ എത്തിയിട്ടില്ല. അങ്ങനെ എത്താതിരിക്കാനുള്ള മുൻകരുതൽ കോർപറേഷൻ എടുത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് കൺട്രൂൾ റൂം തുറന്നതായി കണ്ടു. എന്താണ് ആക്ഷൻ പ്ലാൻ?

കൺട്രൂൾ റൂം നഗരസഭയുടെ മെയിൻ ഓഫീസ് കേന്ദ്രീകരിച്ചാണ്. വാർഡ് തലത്തിൽ ചെയ്യാൻ നിർ​ദേശിച്ച കാര്യങ്ങൾ കോർഡിനേറ്റ് ചെയ്യുക എന്നതാണ് ലക്ഷ്യം. അതിനുപുറമേ, കോവിഡ് സാഹചര്യത്തിൽ കേരളത്തിൽ ഇന്ന് മറ്റൊരിടത്തും തുടങ്ങിയിട്ടില്ലാത്ത ഒരു നടപടി കൂടി എടുത്തിട്ടുണ്ട്. ഒരു മെഡിക്കൽ ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്​. വിദഗ്​ധരായ ഡോക്ടർമാരും നഴ്‌സുമാരും പാരാമെഡിക്കൽ സ്റ്റാഫുമടക്കമുള്ളവരെ സജ്ജീകരിച്ചിട്ടുണ്ട്. ഈ ടീം കോർപറേഷന്റെ മെയിൻ ഓഫീസിൽ ഉണ്ടാകും. ഓക്‌സിജൻ വേരിയേഷൻ പ്രശ്‌നം അല്ലെങ്കിൽ ബ്രീത്തിംഗ് പ്രശ്‌നം, ചെറിയ തരത്തിലുള്ള രോഗലക്ഷണങ്ങൾ തുടങ്ങിയവ ഉള്ളവർക്ക്​ ബുദ്ധിമുട്ടുണ്ടാകു​മ്പോൾ ആശുപത്രികളിലേക്ക് മാറ്റുന്നതിനു പകരം വീട്ടിൽ പോയി ഹോം കയർ കൊടുക്കാൻ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു. അതിനായി വരുന്ന കോളുകൾ അറ്റൻറ്​ ചെയ്യാൻ സാധിക്കുന്നുണ്ട്. വീട്ടിൽ തന്നെ കെയർ കൊടുത്ത് മറ്റ് രോഗങ്ങളോ രോഗലക്ഷണങ്ങളോ ഉള്ളവരെ കണ്ടെത്തി വിദഗ്​ധ ചികിത്സ നൽകുക എന്നതിനാണ്​ നഗരസഭ മുൻഗണന നൽകുന്നത്​.

ശനിയാഴ്​ച മുതൽ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ക്രമീകരണങ്ങൾ വരുത്തണമോ എന്നത് മുഖ്യമന്ത്രി വാർത്താസമ്മേളത്തിലൂടെ പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിൽ വേണ്ടത്​ ചെയ്യും. ഭക്ഷണവും യാത്രാ സൗകര്യവും ഒരുക്കുന്നതിനും കോവിഡ് പോസിറ്റിവ് കേസുകൾ അടക്കം ഷിഫ്റ്റ് ചെയ്യുന്നതിനും വേണ്ടിയുള്ള ക്രമീകരണങ്ങൾ കൺട്രോൾ റൂമിൽ നിന്ന് നേരിട്ടാണ് ചെയ്യുന്നത്.

തിരുവനന്തപുരത്തെ ശാന്തി കവാടം

നഗരത്തിൽ കോർപ്പറേഷന് മറ്റു ശ്മശാനങ്ങളില്ലാത്ത സ്ഥിതിക്ക് സമുദായ സംഘടനകളുടെ ശ്മശാനങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചുകൂടെ?

നമ്മുടെ കയ്യിൽ നിൽക്കാത്ത കേസുകൾ വരുമ്പോഴല്ലേ അതിനെപറ്റി ആലോചിക്കേണ്ടതുള്ളു. അവരുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിൽ, അടിയന്തര ഘട്ടത്തിൽ നമ്മളോടൊപ്പം നിൽക്കും എന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ട്​. അവരോട് ഔദ്യോഗികമായി സംസാരിച്ചിട്ടുണ്ട്. പക്ഷെ, അങ്ങനെ പോവേണ്ട സാഹചര്യം ഇപ്പോഴില്ല. പിന്നെ, കോവിഡ് പോസിറ്റിവായ കേസുകളെല്ലാം ശാന്തികവാടത്തിൽ തന്നെ സംസ്​കരിക്കും എന്നത്​ നഗരസഭയുടെ തീരുമാനമാണ്. അത് പൂർണമായി ചെയ്യാൻ നഗരസഭയ്ക്ക് സാധിക്കുന്നുണ്ട്. ഇനിയും അത് സാധിക്കും.

കൂടുതൽ കേസുകൾ വരികയാണെങ്കിലോ?

ഇതേക്കുറിച്ച്​ ഇപ്പോൾ ആലോചിക്കേണ്ട സാഹചര്യം എത്തിയിട്ടില്ല. അത്തരം സാഹചര്യം വന്നാൽ ബദൽ സംവിധാനം ഉണ്ടാക്കും.

തൈക്കാട് ശാന്തികവാടത്തിൽ പുതിയ ഗ്യാസ് ശ്മശാനം ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലിടുകയും ചർച്ചയാവുകയും ചെയ്തിരുന്നല്ലോ. അതിനെ കുറിച്ചെന്താണ് പറയാനുള്ളത്?

എന്റെ പോസ്റ്റ് അന്ന് വിവാദമാക്കിയവരൊക്കെ ഇപ്പോൾ ക്ഷമ ചോദിച്ച് മെസേജ്​ അയച്ചു തുടങ്ങി. നേരത്തെ മേയറെ വിമർശിച്ചവരെല്ലാം ഇപ്പോൾ അഭിനന്ദിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടോ എന്നാണ്​ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്​. അതുകൊണ്ട് അവരോടൊക്കെ പറയാനുള്ളത്, ഇത് സന്തോഷിക്കാനുള്ള സമയമേ അല്ല എന്നാണ്​. ഒരു ജനപ്രതിനിധിയെ സംബന്ധിച്ച്​ എല്ലാവരും സുഖമായിരിക്കണം എന്നു തന്നെയാണ് ആഗ്രഹിക്കുന്നത്.

ഒരു കാര്യം ഉറപ്പിച്ചുപറയാം: മറ്റ്​ സംസ്​ഥാനങ്ങളിലെ​പ്പോലെ, മൃതദേഹം തെരുവിൽ കിടക്കുന്ന സാഹചര്യം ഞങ്ങളുള്ളിടത്തോളം കാലം ഉണ്ടാകില്ല. അത് അഭിമാനത്തോടെ തിരുവനന്തപുരം നഗരസഭ പറയും. ആയിരത്തിൽ കൂടുതൽ പോസിറ്റിവ് കേസുകൾ അടക്കമുള്ള പ്രതിസന്ധിഘട്ടമുണ്ടായി. കോവിഡി​ന്റെ തുടക്കം മുതൽ പോസിറ്റീവ് ആയും അല്ലാതെയും മരിച്ചവരെ സംസ്​കരിക്കാൻ കഴിഞ്ഞു. മരിച്ചുകഴിഞ്ഞാൽ കൊടുക്കേണ്ട ഒരു ആദരവുണ്ട്. ആ രീതിയിൽ തന്നെ സംസ്‌ക്കരിക്കുന്നതിന് വേണ്ടിയുള്ള നിലപാട് നഗരസഭ എടുക്കും.


Comments