ആശമാരുടെ സമരം പുതിയ ഘട്ടത്തിലേക്ക്, 50ാം ദിവസം; മുടി മുറിച്ച് പ്രതിഷേധം

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരം പുതിയ ഘട്ടത്തിലേക്ക്. നിരാഹാരത്തിനും കൂട്ട ഉപവാസത്തിനും ശേഷം മുടിമുറിച്ച് പ്രതിഷേധിക്കുകയാണ് തൊഴിലാളികൾ…

News Desk

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരം 50ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിൻെറ അടുത്ത ഘട്ടമെന്ന നിലയിൽ മുടിമുറിച്ച് പ്രതിഷേധിക്കുകയാണ് സ്ത്രീ തൊഴിലാളികൾ. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക, വിരമിക്കൽ ആനുകൂല്യം നൽകാതെ 62-ാം വയസിൽ പിരിച്ചുവിടാനുള്ള ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻെറ നേതൃത്വത്തിൽ ആശാ വർക്കർമാർ സമരം നടത്തുന്നത്. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം 50 ദിവസം പിന്നിടുകയാണ്. ഒരുഘട്ടത്തിൽ തൊഴിലാളികൾ നിരാഹാര സമരത്തിലേക്ക് കടന്നിരുന്നു. പിന്നീട് കൂട്ടഉപവാസം നടത്തുകയും ചെയ്തു. ഇപ്പോൾ കൂടുതൽ രൂക്ഷമായി മുടിമുറിച്ച് കൊണ്ട് പ്രതിഷേധിക്കുകയാണ്. ചിലർ മുടി മുറിച്ചും ചിലർ മുടി പൂർണമായും മുടി മുണ്ഡനം ചെയ്തും സമരപ്പന്തലിലുണ്ട്.

കടുത്ത ചൂടിനെ അവഗണിച്ച് കൊണ്ടാണ് കഴിഞ്ഞ 50 ദിവസമായി സ്ത്രീ തൊഴിലാളികൾ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്നത്. ഫെബ്രുവരി 10നാണ് സമരം ആരംഭിക്കുന്നത്. ന്യായമായ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന സമരത്തിൽ ഏറ്റവുമൊടുവിൽ നടന്ന രണ്ടു ചർച്ചകളും പരാജയപ്പെടുകയായിരുന്നു. എൻ.എച്ച്.എം ഡയറക്ടറുമായി നടന്ന ആദ്യ ചർച്ചയിൽ തീരുമാനമെടുക്കേണ്ടത് മന്ത്രി സഭയാണെന്നാണ് അവർ പറഞ്ഞൊഴിഞ്ഞത്. പിന്നീട് ആരോഗ്യമന്ത്രി വീണാ ജോർജുമായി നടന്ന ചർച്ചയും പരാജയപ്പടുകയായിരുന്നു. ഫെബ്രുവരി 14, 15 തീയതികളിൽ ഉദ്യോഗസ്ഥതലത്തിലും മാർച്ച് 19-ന് മന്ത്രിതലത്തിലുമാണ് ചർച്ച നടന്നത്. സംസ്ഥാന സർക്കാർ പൂർണമായി സമരത്തെ അവഗണിക്കുകയാണ് ചെയ്യുന്നത്. സമരം പരിഹരിക്കുന്നതിന് വേണ്ടിയുള്ള ആത്മാർത്ഥമായ ഒരു ശ്രമവും ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നോ സർക്കാരിൻെറ ഭാഗത്ത് നിന്നോ ഉണ്ടായിട്ടില്ലെന്ന് സമരക്കാർ കുറ്റപ്പെടുത്തുന്നു.

“ഇത് വളരെ വൈകാരികമായ വിഷയം തന്നെയാണ്. കഴിഞ്ഞ 50 ദിവസമായി സമരം ചെയ്യുന്ന ആരോഗ്യപ്രവർത്തകരുടെ ആരോഗ്യത്തെക്കുറിച്ച് പോലും യാതൊരു ഉത്തരവാദിത്വവും സർക്കാരിനില്ല. സമരക്കാരെ അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയാണ് ഭരണത്തിൻെറ ഉത്തരവാദിത്വപ്പെട്ട തലങ്ങളിൽ ഇരിക്കുന്നവർ പോലും ചെയ്യുന്നത്. കേരളത്തിലെ സ്ത്രീകളും പൊതുസമൂഹവും ഞങ്ങളോടൊപ്പമുണ്ട്. സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ പ്രതിഷേധമുയരുന്നുണ്ട്,” സമരസമിതി കോഡിനേറ്റർ എസ്.മിനി പറഞ്ഞു.

READ RELATED CONTENTS

Comments