‘ഹെർ ഹൈനസിനെ’ റാൻ വിളികളോടെ ആനയിക്കുന്ന ഭരണപക്ഷ ഇടതുപക്ഷം

‘‘രാജാധികാരഹുങ്കിനോട് നേരിട്ടേറ്റുമുട്ടിയാണ് കേരളമുണ്ടായത്. എന്നിട്ടാണ് ആ കേരളത്തിലെ ജനാധിപത്യ സർക്കാർ ‘ഹെർ ഹൈനസിനെ’ റാൻ വിളികളോടെ ആനയിക്കുന്നത്. വലിയ ചുടുകാട്ടിലെ മണ്ണിനടിയിൽ നിന്നും ചുരുട്ടിപ്പിടിച്ച മുഷ്ടികളും പൊട്ടിത്തെറിക്കുന്ന മുദ്രാവാക്യങ്ങളും ചോരപുരണ്ട വാരിക്കുന്തങ്ങളും ഉയരുന്നത് നിങ്ങൾക്ക് കാണുന്നില്ലേ?’’- പ്രമോദ് പുഴങ്കര എഴുതുന്നു.

സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വാസ്തുവിദ്യ ഗുരുകുലം സംഘടിപ്പിക്കുന്ന ‘പൈതൃകം 2023’ എന്ന പരിപാടിയിലാണ് ‘തിരുവിതാംകൂർ രാജകുടുംബം’ എന്ന പേരിൽ ഇപ്പോഴും എഴുന്നള്ളിച്ചുകൊണ്ടിരിക്കുന്ന, ജനാധിപത്യവിരുദ്ധ അശ്ലീലസംവിധാനത്തിൽ നിന്നുള്ള ഒരംഗം പ്രസംഗിക്കുകയും നിയമസഭാമന്ദിരത്തിന്റെ വാസ്തുദോഷത്തെക്കുറിച്ചും അതുമൂലമുള്ള മൂല്യച്യുതി കോലാഹലത്തെക്കുറിച്ചും വിലപിക്കുകയും ചെയ്തത്. ദോഷങ്ങളില്ലാത്ത വാസ്‌തുവെച്ചുണ്ടാക്കിയ കൊട്ടാരത്തിൽ നിന്നും ശ്രീമൂലം സഭയുടെ ഔദാര്യത്തിൽ നിന്നും ജനാധിപത്യത്തിലേക്ക് കാലം നീങ്ങിയതും കേരളം തിരുവിതാംകൂർ മാത്രമല്ലാത്ത ഐക്യകേരളമായതും രാജാവും രാജകുടുംബവുമൊക്കെ ചരിത്രം മാത്രമാവുകയും ചെയ്‌തത്‌ അറിയാത്തതുകൊണ്ടല്ല ആ സ്ത്രീ അങ്ങനെയൊക്കെ വിളമ്പിയത്, അതവർക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്. വലതുപക്ഷ രാഷ്ട്രീയവും അതിന്റെ മൂല്യബോധവും ശക്തിപ്രാപിക്കുമ്പോൾ ഇത്തരം പ്രേതങ്ങൾ ചരിത്രത്തിലെ കുഴിമാടങ്ങളിൽ നിന്ന് ഇളിച്ചുകാട്ടുന്നത് പുതിയ സംഭവമല്ല. തിരുവനന്തപുരത്താകട്ടെ കേരളത്തിലെ മൊത്തം ജനങ്ങളുടെയും ചെലവിൽ തെഴുക്കുന്നൊരു സാംസ്കാരിക പരാന്നഭോജിസംഘം ഈ രാജകുടുംബ സേവയെയൊക്കെ കൊട്ടിപ്പാടിസേവയാക്കി കൊണ്ടുനടക്കാൻ മിടുക്കരാണ് താനും.

ശ്രീമതി ലക്ഷ്മീഭായിയുടെ ജനാധിപത്യത്തിന്റെ വാസ്തുദോഷത്തെക്കുറിച്ചുള്ള പരിദേവനത്തിനു അവർക്ക് വേദിയൊരുക്കിക്കൊടുത്തത് സംസ്ഥാന സർക്കാരാണ് എന്നതാണ് വസ്തുത. നമുക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാക്കുന്നില്ലെങ്കിൽ അവരെയും ചേർത്തുപിടിക്കാം എന്നതാണ് രീതി.

വാസ്തുവിദ്യ ഗുരുകുലമെന്ന സർക്കാർ സ്ഥാപനം സംഘടിപ്പിച്ച പരിപാടിയുടെ ക്ഷണപത്രിക നോക്കൂ. മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരും സർക്കാർ ഉന്നതോദ്യഗസ്ഥരും തലസ്ഥാനത്തും പരിസരത്തുമുള്ള സാംസ്കാരിക കേരളശ്രീകളും പ്രഭകളും എല്ലാമുണ്ടതിൽ. സെപ്റ്റംബർ 13-നു ഉച്ചയ്ക്ക് 2 മണിക്കുള്ള വാസ്തുവിദ്യാ സെമിനാർ ഉദ്ഘാടനം ചെയ്യുന്നത് ‘ഹെർ ഹൈനസ് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീബായ് തമ്പുരാട്ടി’ എന്ന് ചുവന്ന അക്ഷരങ്ങളിൽ എഴുതിയിട്ടുണ്ട്. അധ്യക്ഷനാകട്ടെ ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമൊക്കെയുള്ള മാർക്സിയൻ വിശകലനമെന്ന മട്ടിൽ കടന്നലുകളെയൊക്കെ ബോധവത്ക്കരിക്കുന്നതായി കാണാറുള്ള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഒരു കാർത്തികേയൻ നായരാണ്. ഇത്രയും ജനാധിപത്യവിരുദ്ധമായൊരു 'ഹേർ ഹൈനസ് ഉദ്ഘാടനവേദിയിൽ അവരുടെ ജ്ഞാനസിദ്ധാന്തങ്ങൾ കേട്ടിരിക്കാൻ അല്പം ലജ്ജ തോന്നണമായിരുന്നു ശ്രീ. നായർക്ക് എന്ന് നാം വാശിപിടിക്കരുത്. വേദിയനുസരിച്ച് പ്രസംഗിക്കലും പ്രഭാഷണവുമാണ് നിലനിൽപ്പിന്റെ രഹസ്യം. വാസ്തുവിദ്യയുടെ എന്ത് ശാസ്ത്രമാണ് പഠിപ്പിക്കുന്നതെന്നത് വേറെ ചോദ്യം. ആധുനിക വാസ്തുശില്പപഠനത്തിന്റെ ഭാഗമായി സമീപിക്കേണ്ട കേരളീയ തച്ചുവിദ്യയെ പാരമ്പര്യഘോഷണത്തിന്റെ അന്ധവിശ്വാസങ്ങളിൽ തളച്ചിടുന്ന ഒരു വലതുപക്ഷപദ്ധതിയുടെ രാഷ്ട്രീയപരിപാടി കൂടിയാണ് ഇതൊക്കെ.

ആരെങ്കിലും ഹെർ ഹൈനസ് ആകുന്നതിൽ ഭരണപക്ഷ ഇടതുപക്ഷത്തിന് വലിയ ബുദ്ധിമുട്ടൊന്നുമില്ല. കോട്ടയം വയസ്കര ഇല്ലത്തിലെ ‘തമ്പുരാട്ടിക്ക്’ സർക്കാർ വക ഉത്രാടക്കിഴി നൽകാൻ മന്ത്രി വാസവൻ പോയപ്പോൾ പ്രതിപക്ഷത്തെ സുമന്ത്രരായ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഒപ്പം കൂട്ടിയത്, ഭരണ പ്രതിപക്ഷ ഭേദമെന്യേ ആചാരങ്ങളെ മുറുകെപ്പിടിക്കുന്ന, ബ്രാഹ്മണ, ക്ഷത്രിയ ഭൂദേവന്മാരെ ബഹുമാനിക്കുന്ന ആ ഐക്യസന്ദേശം നൽകാനാണ്. ഉത്രാടക്കിഴി കൂട്ടുമെന്നും വാസവൻ പറഞ്ഞിരുന്നു. യുവജനോത്സവത്തിൽ മാംസം വിളമ്പണമെന്ന ആവശ്യം വന്നപ്പോൾ ഈശ്വരോ രക്ഷതു എന്നുപറഞ്ഞോടിപ്പോയ കരാറുകാരൻ ശ്രീ. മോഹനനെ, "തിരുമേനിക്ക്" വിഷമമുണ്ടാകരുത് എന്ന് പറഞ്ഞ് സന്ദർശിച്ച വാസവനടക്കമുള്ള രാഷ്ട്രീയനേതൃത്വമാണ് ‘ഹെർ ഹൈനസി’നെ സർക്കാർ വേദിയിൽ സാധ്യമാക്കുന്നത്.

എങ്ങനെയാണ് ജനാധിപത്യ സർക്കാരിന്റെ പരിപാടിയിൽ ‘ഹേർ ഹൈനസ് തമ്പുരാട്ടി’മാർ കയറിവരുന്നതെന്ന് കാരണഭൂതസംഘത്തോട് ചോദിക്കാതെ മാർത്താണ്ഡവർമ്മ, എട്ടുവീട്ടിൽ പിള്ളമാർ എന്നൊക്കെപ്പറഞ്ഞു ഗ്രാഹ്യം നടിക്കുന്നത് പരിതാപകരമായ അവസരവാദമാണ്. യാതൊരുവിധ ഇടതുപക്ഷ രാഷ്ട്രീയവും തൊട്ടുതീണ്ടാത്ത ഒരു കൂട്ടം അധികാരരാഷ്ട്രീയ പരാന്നഭോജികളുടെ നേതൃത്വമാണ് നമ്മളെ ജനാധിപത്യരാഷ്ട്രീയത്തിന്റെ ചെലവിൽ പറ്റിക്കുന്നത് എന്നതുകൊണ്ടാണത്.

പുതിയ നിയമസഭാമന്ദിരം പണിതീർന്നപ്പോൾ അന്നത്തെ സ്പീക്കർ വിജയകുമാർ "രാജകുടുംബാംഗങ്ങളെ" അതിന്റെ ഉദ്ഘാടനത്തിനു മുമ്പ് ക്ഷണിച്ചുവരുത്തി കാണിച്ചുകൊടുത്തിരുന്നു. അവരാണല്ലോ ഇവിടെ ഇതൊക്കെ ഭരിച്ചിരുന്നത് എന്നായിരുന്നു ടിയാന്റെ നന്ദി വിശദീകരണം. സി.പി. എമ്മിന്റെ ഒരു വനിതാനേതാവ് തമ്പുരാട്ടിയുടെ കയ്യിൽനിന്ന് വിഷുക്കൈനീട്ടം വാങ്ങിയ ചിത്രമൊക്കെയിട്ടത് ഒരു തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ്.

ഈയടുത്തായി തമ്പുരാൻ, തമ്പുരാട്ടി, രാജാവ് എന്നൊക്കെ വിളിച്ചുകൊണ്ട് ഈ അശ്ലീലസംവിധാനത്തിന്റെ ജീർണ്ണശേഷിപ്പുകളെ പൊക്കിക്കൊണ്ടുവരുന്നതിനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. ജനങ്ങളെ സമൂലം കൊള്ളയടിക്കുകയും അവരുടെ ചെലവിൽ തിന്നുകൊഴുത്തു ജീവിക്കുകയും കൊട്ടാരങ്ങൾ പണിയുകയും ജനാധിപത്യമെന്ന സംവിധാനത്തെ തോൽപ്പിക്കാൻ എല്ലാവിധ അടവുകളും നോക്കുകയും ചെയ്ത, മറ്റേത് രാജാധികാര അധമരേക്കാളും യാതൊരു വിശേഷവുമില്ലാത്തൊരു കൂട്ടരാണ് തിരുവിതാംകൂറിനെ ചൂഷണം ചെയ്തു ജീവിച്ച അന്നത്തെ രാജഭരണാധികാരികൾ. കേരളത്തിലെ ജനാധിപത്യസമൂഹം പുറത്താക്കിയിട്ടും ഇപ്പോഴും ഒരു വിഭാഗം രാഷ്ട്രീയനേതൃത്വത്തിന്റെയും ഇനിയും ജനാധിപത്യത്തിന്റെ അർത്ഥം ഗ്രഹിക്കാൻ മടിയുള്ള തിരുവനന്തപുരത്തെ കുറേ രാജഭക്ത കോമാളികളുടെയും വലതുപക്ഷ ബോധത്തിന്റെയും ബലത്തിൽ അവർ മലയാളിക്ക് മുന്നിൽ ഹെർ ഹൈനസും ഹിസ് ഹൈനസുമൊക്കെയായി ഞെളിയാൻ ശ്രമിക്കുമ്പോൾ യാതൊരു കരുണയുമില്ലാതെ പൊതുമണ്ഡലത്തിൽ നിന്നും ആ ചരിത്രത്തിന്റെ വിഴുപ്പുഭാണ്ഡങ്ങളെ തൊഴിച്ചു പുറത്താക്കേണ്ടതുണ്ട്.

തിരുവനന്തപുരത്തെ മ്യൂസിയത്തിൽ രാജ്യം ഭരിച്ച തിരുവിതാംകൂർ രാജാക്കന്മാരുടെ മഹത്തരമായ അപദാനങ്ങൾ എഴുതിവെച്ച പ്രത്യേക പ്രദർശനഗൃഹമുണ്ട്. രാജാധികാരം കയ്യൊഴിഞ്ഞ അധികാരമില്ലാതെ ജനസേവനം നടത്തിയ രാജാവിനെ അവിടെ രേഖപ്പെടുത്തുന്നു. നൂറുകണക്കിന് സമരസേനാനികളുടെ ചോരയും ജീവനും കൊടുത്ത് നടത്തിയ സമരത്തിനൊടുവിൽ നിവൃത്തിയില്ലാതെ പുറത്തുപോയ തിരുവിതാംകൂർ രാജാവിനെ "രാഷ്ട്രീയകാലുഷ്യം നിറഞ്ഞ കാലഘട്ടത്തിൽ അധികാരമേറ്റ യുവരാജാവ് ....ജനകീയ നേതൃഭരണത്തിനു വഴിമാറിക്കൊടുക്കുകയായിരുന്നു" എന്ന സൗമനസ്യം അവിടെ എഴുതിവെച്ചിട്ടുണ്ട്. അതും സർക്കാർ ചെലവിൽ പ്രദര്ശിപ്പിച്ചുകൊണ്ടിരിക്കുന്നു. തിരുവനന്തപുരം മുഴുവൻ ഇത്തരം ലജ്ജാശൂന്യമായ അശ്ലീലങ്ങൾ കാണാം.

ജനാധിപത്യം കേവലമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല, അത് സമൂഹത്തിന്റെ സകലതുറകളിലും വ്യക്തികളുടെ സാമൂഹ്യവീക്ഷണത്തിലും ഉൾച്ചേരേണ്ട ഒരു രാഷ്ട്രീയവീക്ഷണമാണ്. ജനാധിപത്യം ദുർബ്ബലമാവുകയും നിരന്തരമായി പൗരന്മാർക്ക് ഇടപെടാൻ കഴിയുന്ന ഭരണക്രമം വികസിക്കാതിരിക്കുകയും ചെയ്യുന്ന ജനാധിപത്യത്തിന്റെ ദരിദ്രകാലത്ത് പഴയ തിരുനാളുമാർ തങ്ങളുടെ ഭാഗ്യവും പരീക്ഷിക്കാനിറങ്ങും. അത്തരം ഓരോ ശ്രമത്തേയും യാതൊരു ദാക്ഷിണ്യവുമില്ലാതെ കാലിൽവാരിച്ചുഴറ്റിയെറിഞ്ഞു കളയണം. അമേരിക്കൻ മോഡൽ മാത്രമല്ല, തിരുവിതാംകൂർ രാജകുടുംബമെന്ന ജനാധിപത്യവിരുദ്ധ അശ്ലീലചൂഷണസംവിധാനത്തെയും മലയാളി അറബിക്കടലിൽ കളഞ്ഞതാണ്. ആ രാജാധികാരഹുങ്കിനോട് നേരിട്ടേറ്റുമുട്ടിയാണ് കേരളമുണ്ടായത്. എന്നിട്ടാണ് ആ കേരളത്തിലെ ജനാധിപത്യ സർക്കാർ ‘ഹെർ ഹൈനസിനെ’ റാൻ വിളികളോടെ ആനയിക്കുന്നത്. വലിയ ചുടുകാട്ടിലെ മണ്ണിനടിയിൽ നിന്നും നിന്നും ചുരുട്ടിപ്പിടിച്ച മുഷ്ടികളും പൊട്ടിത്തെറിക്കുന്ന മുദ്രാവാക്യങ്ങളും ചോരപുരണ്ട വാരിക്കുന്തങ്ങളും ഉയരുന്നത് നിങ്ങൾക്ക് കാണുന്നില്ലേ?

Comments