2016ൽ സി.പി.എമ്മിലെ അഡ്വ. ബി. സത്യൻ 40,383 വോട്ടിന് ആർ.എസ്.പിയിലെ കെ. ചന്ദ്രബാബുവിനെ തോൽപ്പിച്ച മണ്ഡലം. ബി.ജെ.പിയുടെ റജി പ്രസാദ് 27,550 വോട്ട് നേടി. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശിനായിരുന്നു മണ്ഡലത്തിൽ ലീഡ്. തദ്ദേശ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന്റെ നില അത്ര തൃപ്തികരമായിരുന്നില്ല, ചില പഞ്ചായത്തുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. ആറ്റിങ്ങൽ നഗരസഭയും പഴയകുന്നുമ്മേൽ, നഗരൂർ പഞ്ചായത്തുകളും എൽ.ഡി.എഫ് നിലനിർത്തി. യു.ഡി.എഫ് ഭരിച്ചിരുന്ന മണമ്പൂർ, ഒറ്റൂർ പഞ്ചായത്തുകൾ പിടിച്ചെടുക്കുകയും ചെയ്തു. എന്നാൽ, എൽ.ഡി.എഫ് ഭരിച്ചിരുന്ന വക്കം, ചെറുന്നിയൂർ, കിളിമാനൂർ, പുളിമാത്ത് പഞ്ചായത്തുകൾ യു.ഡി.എഫിന്റെ കൈയിലായി. എൽ.ഡി.എഫ് ഭരിച്ചിരുന്ന കരവാരം പഞ്ചായത്തിൽ ബി.ജെ.പിയാണ് ജയിച്ചത്. ബി.ജെ.പി നടത്തിയ മുന്നേറ്റം സി.പി.എമ്മിൽ ചർച്ചയാകുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് എം.എൽ.എമാർക്ക് ഒരു അവസരം കൂടി നൽകാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ആ നിലക്ക് ബി. സത്യൻ ആറ്റിങ്ങലിൽ ഒരു വട്ടം കൂടി തുടർന്നേക്കും. എന്നാൽ, രണ്ടുതവണ വിജയിച്ച ആളെന്ന നിലക്ക് സത്യനെ മാറ്റിനിർത്താനുള്ള തീരുമാനമുണ്ടാവുകയാണെങ്കിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വിനീഷിനായിരിക്കും സാധ്യത.
തോൽക്കാൻ മാത്രമായി മത്സരിക്കേണ്ടെന്ന നിലപാടിലാണ് ആർ.എസ്.പി. സംഘടനാസംവിധാനം പോലുമില്ലാത്ത ആറ്റിങ്ങൽ ഇത്തവണ തങ്ങൾക്കുവേണ്ടെന്നുതന്നെ പാർട്ടി തീർത്തുപറഞ്ഞു കഴിഞ്ഞു. അപ്പോൾ, കോൺഗ്രസ് മണ്ഡലം ഏറ്റെടുക്കാൻ സാധ്യതയേറുന്നു. ഒരു പുതുമുഖത്തെ നിർത്തി, ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ മികവ് മുതലാക്കാനാണ് കോൺഗ്രസ് ആലോചന.
1957ൽ, ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐക്കായിരുന്നു ജയം. പി.എസ്.പിയിലെ ഗോപാലപ്പിള്ളയെ സി.പി.ഐയിലെ ആർ. പ്രകാശമാണ് തോൽപ്പിച്ചത്. 1960ൽ കോൺഗ്രസിലെ എൻ. കുഞ്ഞിരാമന് ജയം. 1965ലെ തെരഞ്ഞെടുപ്പ്, സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നാണ്. സി.പി.എമ്മിലെ പുതുമുഖമായിരുന്ന കെ. അനിരുദ്ധൻ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ആർ. ശങ്കറിനെ തോൽപ്പിച്ചു. മുൻ എം.പി എ. സമ്പത്തിന്റെ പിതാവാണ് അനിരുദ്ധൻ. ശങ്കറിന്റെ തോൽവി ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 1962ൽ പട്ടം താണുപിള്ള മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ് പഞ്ചാബ് ഗവർണറായപ്പോഴാണ് ശങ്കർ മുഖ്യമന്ത്രിയായത്. 1964ൽ കോൺഗ്രസിലെ ഏതാനും എം.എൽ.എമാർ കേരള കോൺഗ്രസ് രൂപകരിച്ച് ഭരണപക്ഷത്തുനിന്ന് വിട്ടുനിന്നപ്പോൾ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസാകുകയും ശങ്കർ പുറത്താകുകയുമായിരുന്നു. അവിശ്വാസത്തിലൂടെ പുറത്തായ ഏക കേരള മുഖ്യമന്ത്രി. 1965ലെ തെരഞ്ഞെടുപ്പിൽ കെ. അനിരുദ്ധനും ശങ്കറും തമ്മിലുള്ള മൽസരം വീറുറ്റതായിരുന്നു. അനിരുദ്ധനടക്കമുള്ള പ്രമുഖ സി.പി.എം നേതാക്കളെ ചൈനീസ് ചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചിരിക്കുകയായിരുന്നു. അനിരുദ്ധന്റെ മൂന്നുവയസ്സുള്ള മകൻ സമ്പത്തുമായി ഉന്തുവണ്ടിയിലായിരുന്നു സി.പി.എം പ്രചാരണം. സംസ്ഥാനത്തെ ഏറ്റവും വലിയ അട്ടിമറിയോടെ അനിരുദ്ധൻ ജയിച്ചെങ്കിലും ആ സഭ ചേർന്നില്ല.
1967ൽ സി.പി.എമ്മിലെ കോസല രാമദാസ് വക്കം പുരുഷോത്തമനെ തോൽപ്പിച്ചു. 1969ലെ ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ കാട്ടായിക്കോണം ശ്രീധർ ജയിച്ചു. 1970ൽ വക്കം പുരുഷോത്തൻ കാട്ടായിക്കോണം ശ്രീധറിനെ പരാജയപ്പെടുത്തി. 1977ൽ വർക്കല രാധാകൃഷ്ണനെയും 1980ൽ വക്കം ദേവരാജനെയും തോൽപ്പിച്ച് വക്കം പുരുഷോത്തമൻ കുത്തക സ്ഥാപിച്ചു.
1982 ൽ പി വിജയദാസിനെ പരാജയപ്പെടുത്തി വക്കം പുരുഷോത്തമൻ വിജയം ആവർത്തിച്ചു. 1987 ൽ എൽ.ഡി. എഫ് സ്ഥാനാർഥിയായി മത്സരിച്ച ആനത്തലവട്ടം ആനന്ദൻ കോൺഗ്രസിലെ കാവിയാട് ദിവാകരപ്പണിക്കരെ തോൽപ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 1991ൽ കോൺഗ്രസിലെ ശരത്ചന്ദ്രപ്രസാദ് ആനത്തലവട്ടം ആനന്ദനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. 1996 ൽ ആനത്തലവട്ടം ആനന്ദൻ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തി. 2001 ൽ കടകംപള്ളി സുരേന്ദ്രനെ വീണ്ടും വക്കം പുരുഷോത്തമൻ തോൽപ്പിച്ചു.
ആനത്തലവട്ടം ആനന്തൻ മൂന്നുതവണ ആറ്റിങ്ങലിൽനിന്ന് എം.എൽ.എ ആയിട്ടുണ്ട്, വക്കം പുരുഷോത്തമൻ നാലു തവണയും. 2006 മുതൽ രണ്ടു തവണയായി സി.പി.എമ്മാണ് ജയിക്കുന്നത്. ഇപ്പോൾ ആറ്റിങ്ങൽ സംവരണ മണ്ഡലമാണ്. ആറ്റിങ്ങൽ നഗരസഭയും ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മണമ്പൂർ, നഗരൂർ, ഒറ്റൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത്, വക്കം പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്.