സിറ്റിങ് എം.പിയും എം.എല്‍.എയും തമ്മിൽ,
മൂന്നാമതൊരു കേന്ദ്രമന്ത്രിയും…

ആറ്റിങ്ങൽ മണ്ഡലത്തിലെ എല്‍.ഡി.എഫ് കുത്തക തകര്‍ത്ത അടൂര്‍ പ്രകാശിലൂടെ ഇത്തവണയും സീറ്റ് നിലനിർത്താനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് വര്‍ക്കല മണ്ഡലം പിടിച്ചെടുത്ത വി.ജോയിലൂടെ ആറ്റിങ്ങല്‍ മണ്ഡലവും തിരിച്ചുപിടിക്കാനാകുമെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്.

Election Desk

സിറ്റിങ്ങ് എം.പിയും എം.എല്‍.എയും മത്സരിക്കുകയാണ് ഇത്തവണ ആറ്റിങ്ങലിൽ. മൂന്നാമതൊരു കേന്ദ്രമന്ത്രിയുമുണ്ട്. സിറ്റിങ്ങ് എം.പി അടൂര്‍ പ്രകാശിനെതിരെ ഇടതുപക്ഷം വര്‍ക്കല എം.എല്‍.എ അഡ്വ. വി.ജോയിയെയും ബി.ജെ.പി കേന്ദ്രസഹമന്ത്രി വി. മുരളീധരനെയുമാണ് മത്സരരംഗത്തേക്കിറക്കുന്നത്. അതുകൊണ്ടുതന്നെ ഇരു മുന്നണികൾക്കും ഒപ്പം ബി.ജെ.പിയും ഒരു ​കൈ നോക്കുകയാണ് ആറ്റിങ്ങലിൽ.

1957-ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ചിറയിന്‍കീഴ് ലോക്‌സഭാ മണ്ഡലത്തിന് കീഴിലായിരുന്നു ആറ്റിങ്ങല്‍ മണ്ഡലം. 2008- ലെ മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷമാണ് ആറ്റിങ്ങല്‍സ്വതന്ത്ര മണ്ഡലമായത്. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട തുടങ്ങി ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് ലോക്സഭാ മണ്ഡലത്തിലുള്ളത്. 2019- ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അടൂര്‍പ്രകാശാണ് അട്ടിമറി വിജയം നേടിയത്. സി.പി.എമ്മിലെ എ. സമ്പത്തിനെ 38,247 വോട്ടിനാണ് തോൽപ്പിച്ചത്. അടൂര്‍ പ്രകാശിന് 380,995 (38.34%) വോട്ടും എ. സമ്പത്തിന് 3,42,748 (34.50%) വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് 2,48,081 (24.9%) വോട്ടുമാണ് ലഭിച്ചത്.

അടൂർ പ്രകാശ്
അടൂർ പ്രകാശ്

കരുത്തരായ പല നേതാക്കളെയും അട്ടിമറിച്ചതിന്റെ ചരിത്രം കൂടി ആറ്റിങ്ങലിനുണ്ട്. 1967-ല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ആര്‍.ശങ്കര്‍, 1980- ല്‍ വയലാര്‍ രവി, 1989-ൽ സിപി.എം നേതാവ് സൂശീലാ ഗോപാലന്‍ തുടങ്ങിയവരെയെല്ലാം പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടുണ്ട്.

1952- ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥി വി. പരമേശ്വരന്‍ നായരാണ് വിജയിച്ചത്. ഐക്യ കേരള രൂപീകരണത്തിനുശേഷമുള്ള 1957- ലെ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എം.കെ. കുമാരനാണ് വിജയിച്ചത്. 1962-ലും കുമാരന്‍ വിജയം ആവര്‍ത്തിച്ചു. 1967- ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പിനു ശേഷം സി.പി.ഐയും സി.പി.എമ്മും ഒരുമിച്ചുചേര്‍ന്ന തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിനെ പരാജയപ്പെടുത്തി സി.പി.എം സ്ഥാനാര്‍ഥി കെ.അനിരുദ്ധന്‍ വിജയിച്ചു. എന്നാല്‍ 1971- ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വയലാര്‍ രവി അട്ടിമറി വിജയം നേടി. സി.പി.എമ്മിലെ വര്‍ക്കല രാധാകൃഷ്ണനെയാണ് വയലാര്‍ രവി പരാജയപ്പെടുത്തിയത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977- ലെ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ച രവി, 1980- ല്‍ സി.പി.എം പിന്തുണയോടെ കോണ്‍ഗ്രസ്(യു) സ്ഥാനാര്‍ഥിയായാണ് മത്സരിക്കാനെത്തിയത്. പക്ഷേ കോണ്‍ഗ്രസ് (ഐ) സ്ഥാനാര്‍ഥി എ.എ. റഹീമാണ് വിജയിച്ചത്. 1984- ലും 1989- ലും തലേക്കുന്നില്‍ ബഷീറാണ് ജയിച്ചു കയറിയത്.

1991-ല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുള്ള സഹതാപതരംഗമുണ്ടായിട്ടും ബഷീറിനെ തോല്‍പിച്ച് സൂശീലാ ഗോപാലനാണ് ജയിച്ചത്. ഈ വിജയത്തിനുശേഷം 2019- വരെയും മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. 1996- ല്‍ തലേക്കുന്നില്‍ ബഷീറിനെ 48,083 വോട്ടിന് പരാജയപ്പെടുത്തി അനിരുദ്ധന്റെ മകനായ എ. സമ്പത്ത് വിജയിച്ചു. 1998, 1999, 2004 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ നിയമസഭ മുന്‍ സ്പീക്കർ വര്‍ക്കല രാധാകൃഷ്ണന്‍ ഹാട്രിക്ക് വിജയം നേടി. 2009, 2014 തിരഞ്ഞെടുപ്പുകളില്‍ എ. സമ്പത്താണ് വിജയിച്ചത്. 2009- ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജി.ബാലചന്ദ്രനെയും 2014-ല്‍ ബിന്ദു കൃഷ്ണയെയുമാണ് സമ്പത്ത് പരാജയപ്പെടുത്തിയത്. എന്നാല്‍ 2019- ല്‍ സമ്പത്തിന് വിജയം ആവര്‍ത്തിക്കാനായില്ല. മണ്ഡലത്തിലെ പുതുമുഖമായിരുന്ന അടൂര്‍ പ്രകാശ്, സമ്പത്തിനെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി.

അഡ്വ.വി.ജോയ്
അഡ്വ.വി.ജോയ്

ആറ്റിങ്ങൽ മണ്ഡലത്തിലെ എല്‍.ഡി.എഫ് കുത്തക തകര്‍ത്ത അടൂര്‍ പ്രകാശിലൂടെ ഇത്തവണയും സീറ്റ് നിലനിർത്താനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. അടൂര്‍ പ്രകാശിന്റെ ജനകീയത വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. 2019- ല്‍ അടൂര്‍ പ്രകാശ് മത്‌സരിക്കാനെത്തിയതോടെയാണ് 28 വര്‍ഷത്തോളം നീണ്ട എല്‍.ഡി.എഫ് കുത്തക അവസാനിക്കുന്നത്. 2019- ല്‍ നെടുമങ്ങാട് മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസിനെക്കാള്‍ എല്‍.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിരുന്നത്. മറ്റ് ആറ് മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

കഴിഞ്ഞ തവണ കൈവിട്ടുപോയ ആറ്റിങ്ങൽ തിരിച്ചുപിടിക്കുകയെന്നത് എല്‍.ഡി.എഫിനെ സംബന്ധിച്ച് അനിവാര്യമാണ്. ഈ ലക്ഷ്യത്തില്‍ ഊന്നിയാണ് സി.പി.എം ജില്ലാ സെക്രട്ടറിയും വര്‍ക്കല എം.എല്‍.എയുമായ വി.ജോയിയെ കളത്തിലിറക്കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് വര്‍ക്കല മണ്ഡലം പിടിച്ചെടുത്ത വി.ജോയിലൂടെ ആറ്റിങ്ങല്‍ മണ്ഡലവും തിരിച്ചുപിടിക്കാനാകുമെന്നാണ് എല്‍.ഡി.എഫ് കരുതുന്നത്. നിലവില്‍ ആറ്റിങ്ങലിലെ ഏഴ് മണ്ഡലങ്ങളിലും ഇടത് എം.എല്‍.എ മാരണുള്ളതെന്നതും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

1989 മുതലാണ് ചിറയിന്‍ കീഴ് മണ്ഡലത്തില്‍ ബി.ജെ.പി മത്സരിക്കാനെത്തുന്നത്. 2004 വരെയും പത്തില്‍ താഴെ വോട്ട് ശതമാനം മാത്രമേ ബി.ജെ.പിക്ക് നേടാന്‍കഴിഞ്ഞിരുന്നുള്ളു. 2014- ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന എസ്. ഗിരിജകുമാരി 90528 വോട്ടാണ് നേടിയിരുന്നത്. 2019- ലേക്ക് എത്തുമ്പോള്‍ ബി.ജെ.പി വോട്ടിൽ ഒന്നര ലക്ഷത്തിലേറെ വര്‍ധനവുണ്ടായി. ഈ വോട്ട് വര്‍ധനവ് മുരളീധരനിലൂടെ ആവര്‍ത്തിക്കാനാകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. ജയിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് മുരളീധരന്‍ ആറ്റിങ്ങലില്‍ മത്സരിക്കാനെത്തിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ക്ക് മുന്നോടിയായി തന്നെ മണ്ഡലം കേന്ദ്രീകരിച്ച് നിരവധി പ്രവര്‍ത്തനങ്ങളും മുരളീധരന്‍ നടത്തിയിരുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീടുകള്‍ തോറും അക്ഷത വിതരണം നടത്തിയതും ആറ്റിങ്ങലിലാണെന്നതും ഇതിനോട് ചേര്‍ത്തുപറയേണ്ടതാണ്.

വി. മുരളീധരൻ
വി. മുരളീധരൻ

കണ്‍വെന്‍ഷനുകളും പൗരത്വഭേദഗഗതി കാമ്പയിനുമെല്ലാം ആറ്റിങ്ങലിലെ കാമ്പയിനെ ചൂടുപിടിപ്പിക്കുന്നുണ്ട്. മത്സ്യബന്ധന, കയര്‍ വ്യവസായ, ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ പ്രധാന ചര്‍ച്ചാ വിഷയങ്ങളാണ്.

ആറ്റിങ്ങലിൽ 1.72 ലക്ഷം ഇരട്ട വോട്ടുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി അടൂര്‍ പ്രകാശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറിന് പരാതി നല്‍കിയതും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ 400 നടുത്ത് ഇരട്ടവോട്ടുകള്‍ മാത്രമേ പരിശോധനയില്‍ കണ്ടെത്താനായതെന്നാണ് തിരഞ്ഞെടുപ്പ് കമീഷണർ വ്യക്തമാക്കിയത്. കണ്ടെത്തിയവ തന്നെ ഇരട്ട വോട്ടുകളാണെന്ന് പറയാനാവില്ലെന്നും മുമ്പ് മരിച്ചവരുടെയും ആറ്റിങ്ങലില്‍ നിന്ന് പുറത്തുപോയി താമസിക്കുന്നവരുടെയും പേരുകളാണ് പട്ടികയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments