കോഴിക്കോട് കോർപ്പറേഷന് കീഴിലുള്ള ആവിക്കൽ തോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ കഴിഞ്ഞ മൂന്ന് വർഷമായി ജനകീയ സമരം നടക്കുകയായിരുന്നു. കോർപ്പറേഷനിലെ വെള്ളയിൽ ആവിക്കൽതോട് കടലോര മേഖലയിൽ കൊണ്ടുവരാൻ പദ്ധതിയിട്ട സ്വീവേജ് പ്ലാന്റിനെതിരെയാണ് പ്രദേശവാസികളുടെയടക്കം നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നത്. പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗം നടത്തിയും സമരത്തെ തീവ്രവാദ ചാപ്പകൾ അടിച്ചേൽപ്പിച്ചും സമരക്കാരെ ആക്ഷേപിച്ചുമാണ് ജില്ലാ ഭരണകൂടം ജനകീയ പ്രക്ഷോപത്തെ നേരിട്ടിരുന്നത്.
ജനരോഷം ശക്തമായതോടെ കോർപ്പറേഷൻ പദ്ധതിയിൽ നിന്ന് പിൻമാറിയിരിക്കുകയാണ്. കോതിയിലെയും ആവിക്കൽ തോടിലെയും മാലിന്യപ്ലാന്റ് മാറ്റി സ്ഥാപിക്കാനാണ് കോഴിക്കോട് കോർപ്പറേഷൻ തീരുമാനിച്ചിരിക്കുന്നത്. കോർപ്പറേഷന്റെ കീഴിലുള്ള വെസ്റ്റ് ഹിൽ ഇൻഡസ്ട്രിയൽ ഭൂമിയിൽ ആവിക്കൽ തോടിലെയും കോതിയിലെയും മാലിന്യ പ്ലാന്റ് പദ്ധതികൾ ഒറ്റ പദ്ധതിയായി നടപ്പിലാക്കാനാണ് കോർപ്പറേഷന്റെ പുതിയ തീരുമാനം. ഇതോടെ ഒരു ജനകീയ സമരം വിജയിച്ചതിന്റെ സന്തോഷത്തിലാണ് ആവിക്കൽതോടിലെ ജനങ്ങൾ.