ഇവർ തന്നെയല്ലേ അവർ?
അയ്യപ്പസംഗമങ്ങൾ
കഴിഞ്ഞ് പടിയിറങ്ങുന്ന കേരളം

മൂന്ന് അയ്യപ്പസംഗമങ്ങളും പൂര്‍ത്തിയായതോടെ ‘തത്വമസി’ എന്ന ഉപനിഷത് വാക്യം അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെട്ടതിന്റെ ചാരിതാര്‍ഥ്യത്തിലാണ് കേരളത്തിലെ ഇടതു- വലത് വിശ്വാസിസമൂഹം. 'അത് നീയാകുന്നു' എന്നാണല്ലോ തത്വമസി എന്ന വാക്യത്തിന്റെ അര്‍ത്ഥം.

അതായത്, പമ്പയില്‍ ആഗോള അയ്യപ്പസംഗമം നടത്തിയത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുതന്നെയായി മാറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍. ഡല്‍ഹിയില്‍ അയ്യപ്പസംഗമം നടത്തിയത് പമ്പയില്‍ എല്‍.ഡി.എഫിന്റെ സഖ്യകക്ഷിയായിരുന്ന എന്‍.എസ്.എസും പിന്നെ സംഘ്പരിവാറും. ഇന്നലെ പന്തളത്ത് അയ്യപ്പസംഗമം നടത്തിയത് വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും ബി.ജെ.പിയുമെല്ലാം ചേര്‍ന്ന്. ഇവിടെയെല്ലാം ദൂരപരിധി വെടിഞ്ഞ് എന്‍.എന്‍.എസും ആഹ്ലാദത്തോടെ പങ്കെടുത്തു.

മൂന്ന് സംഗമങ്ങളുടെ ഫലശ്രുതിയായി, 'അത് തന്നെയല്ലേ നീ' എന്ന മട്ടില്‍ ഒരു അദ്വൈത വേദാന്ത നേതൃത്വം രൂപപ്പെട്ടിരിക്കുകയാണ്. പിണറായി വിജയന്‍, യോഗി ആദിത്യനാഥ്, വെള്ളാപ്പള്ളി നടേശന്‍, ജി. സുകുമാരന്‍ നായര്‍, ദല്‍ഹിയിലെ ബി.ജെ.പി എം.പി ബാന്‍സുരി സ്വരാജ്, തമിഴ്‌നാട് ബി.ജെ.പി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ, കെ.പി. ശശികല, വത്സന്‍ തില്ലങ്കേരി എന്നിവരെല്ലാം തിരിച്ചറിയാനാകാത്തവിധം ഒരേവേഷധാരികളായിമാറി, ഒരേ ശരണമന്ത്രങ്ങളുരുവിട്ട്, ഒരൊറ്റ വിശ്വാസിസമൂഹമായി പുതിയ കേരളത്തെ അടയാളപ്പെടുത്തുകയാണ്.

പമ്പയില്‍ പിണറായി മന്ത്രിച്ച ഭഗവത്ഗീതയും ഡല്‍ഹിയില്‍ സംഘ്പരിവാറുകാര്‍ തെളിയിച്ച അയ്യപ്പജ്യോതിയും പന്തളത്തുനിന്നുയർന്ന കൊടിയ വർഗീയ ആക്രോശങ്ങളും ഒരൊറ്റ മന്ത്രമായി മാറി, 'വിശ്വാസത്തിലൂന്നിയ വികസനം' ഉദ്‌ഘോഷിച്ച അസുലഭ മുഹൂര്‍ത്തം. വിശ്വാസത്തിൻ്റെയും വിശ്വാസികളുടെയും മുഖം മൂടിയിട്ട ആചാര സംരക്ഷണം മുതൽ വർഗീയതയെ വരെ അവയുടെ മൃദുഭാവങ്ങൾ വെടിഞ്ഞ് പ്രകടമായി തന്നെ സ്ഥാപിച്ചെടുക്കാനായി. ഒന്നോര്‍ത്താല്‍ ഇതുതന്നെയായിരുന്നുവല്ലോ മൂന്ന് അയ്യപ്പസംഗമങ്ങളുടെയും ലക്ഷ്യവും.

ഈയൊരു ഐക്യമുന്നണിയെ കേവലം വോട്ടുരാഷ്ട്രീയമായി ചുരുക്കിക്കാണുന്നത് അപകടകരമായിരിക്കും. 2026-ലെ തെരഞ്ഞെടുപ്പുകഴിഞ്ഞും അതിന് ആയുസ്സുണ്ടാകും. കേരളത്തെ യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ- പൗരസമൂഹത്തെ സംബന്ധിച്ച് അത് വലിയ വെല്ലുവിളിയുമായിരിക്കും.

ഒരു ക്ഷേത്രത്തിലെ വിശ്വാസികള്‍ക്ക് മാത്രം ബാധകമായ ഒരു കാര്യത്തെ കേരളത്തിലെ മനുഷ്യര്‍ക്കെല്ലാം ബാധകമായ മാനവികതയുടെയും സാഹോദര്യത്തിന്റെയും സാംസ്‌കാരിക സമന്വയത്തിന്റെയുമൊക്കെ തലത്തിലേക്ക് പ്രതിഷ്ഠിച്ചത് എന്തിനായിരുന്നു?

വൈദിക ബ്രാഹ്മണ്യം ചിട്ടപ്പെടുത്തിയ ആചാരങ്ങളിലൊന്നിനെപ്പോലും പ്രശ്‌നവല്‍ക്കരിക്കാതെ, അവയെ മതേതരത്വത്തിന്റെ വ്യാജവസ്ത്രമുടുപ്പിച്ചത് എന്തിനായിരുന്നു?

പിണറായി വിജയന്‍ സൂചിപ്പിച്ച മതാതീത ആത്മീയതയുടെ നടത്തിപ്പുസംഘമായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഏതുതരം ആത്മീയതയുടെ പൂണൂലണിഞ്ഞ സംവിധാനമാണ് എന്നതിൽ ആർക്കാണ് സംശയം?

ദേവസ്വം ബോര്‍ഡിന് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തെക്കുറിച്ച് മുഖ്യമന്ത്രി ആഗോള അയ്യപ്പസംഗമത്തില്‍ അഭിമാനപൂര്‍വം പറഞ്ഞു. എത്രയോ ദരിദ്രക്ഷേത്രങ്ങളിൽ അന്തിത്തിരി കൊളുത്താൻ ഈ തുക പ്രയോജനപ്പെടുന്നു എന്നാണ് പിണറായി ഭക്തിപൂർവം പറഞ്ഞത്. എന്നാൽ ദൈവങ്ങളുടെ പട്ടിണി മാറ്റുന്ന ഈ സംവിധാനം അടിസ്ഥാനമനുഷ്യരോട് എങ്ങനെ ഇടപെടുന്നു എന്നത് പിണറായിയുടെ വേദനയിൽ ഇടം പിടിച്ചില്ല.

ദേവസ്വം ബോർഡ് എന്ന സര്‍ക്കാര്‍ സംവിധാനം, ദലിതരെയും പിന്നാക്കക്കാരെയും ജാതിഅയിത്തം കല്‍പ്പിച്ച് മാറ്റിനിര്‍ത്തുന്ന മനുഷ്യവിരുദ്ധ സംവിധാനമാണ് എന്ന് പിണറായി വിജയന് അറിയാത്തതല്ല. ശബരിമല മേല്‍ശാന്തിയായി നിയമിക്കപ്പെടാനുള്ള അര്‍ഹത ആചാരപ്രകാരം മലയാള ബ്രാഹ്മണര്‍ക്കുമാത്രമാണ് ഇന്നും. ദേവസ്വം ബോര്‍ഡിന്റെ സ്ഥാപനങ്ങളില്‍ നടമാടുന്ന സാമൂഹിക നീതി​നിഷേധം മുഖ്യമന്ത്രി പറയുന്ന സമഭാവനയുമായി പൊരുത്തപ്പെട്ടുപോകുന്നത് എങ്ങനെയാണ്?

പിണറായി യഥാർഥ ഭക്തനാണ് എന്ന വെള്ളാപ്പള്ളിയുടെ വിശേഷണം കൃത്യമാണ്. ദൈവങ്ങളുടെ പട്ടിണിയെക്കുറിച്ച് ആശങ്കപ്പെടുകയും അടിസ്ഥാന മനുഷ്യരെക്കുറിച്ച് നിശ്ശബ്ദനായിരിക്കുകയും ചെയ്യുന്ന ഭക്തൻ. സാമൂഹിക നീതിയേക്കാൾ വിശ്വാസസംരക്ഷണത്തെക്കുറിച്ച് ആകുലനാകുന്ന ഭക്തഭരണാധികാരി.

പിന്നാക്കവിഭാഗക്കാരനെ കഴകക്കാരനായി നിയമിച്ചതില്‍ പ്രതിഷേധിച്ച് പൂജ മുടക്കുന്ന തന്ത്രിമാരാണ് ഇന്നും ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് എന്നോര്‍ക്കണം. സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തെ ജനാധിപത്യപരമായി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനങ്ങളല്ലേ വാസ്തവത്തില്‍ ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ടത്?

അയ്യപ്പസംഗമത്തിലെ ആളില്ലാക്കസേരകളെക്കുറിച്ചാണ് ഇപ്പോഴും മാധ്യമങ്ങളുടെ ചർച്ച. പമ്പയിലും പന്തളത്തും വരാത്തവരും വന്നവരും തമ്മിലുള്ള അതിരുകൾ വളരെ നേർത്തതാണെന്ന് തിരിച്ചറിയുകയാണ് ഇപ്പോൾ വേണ്ടത്. അതിനുപകരം, വിശ്വാസികളുടെ കണക്കെടുപ്പുകൊണ്ട് ആർക്കാണ് നേട്ടമുണ്ടാകുക എന്ന് പറയേണ്ടതില്ല. അയ്യപ്പസംഗമം വൻവിജയമാകാത്തതിൽ കണ്ണീരൊഴുക്കുന്ന മാധ്യമങ്ങളെപ്പോലെ, നിശ്ശബ്ദത കൊണ്ട് അതിനെ തത്വാധിഷ്ഠിത പിന്തുണ നൽകുന്നവരായി കേരളത്തിലെ സാംസ്കാരിക മനുഷ്യരിൽ വലിയ വിഭാഗം.

എന്തുകൊണ്ടാണ് ഇടതുപക്ഷം പ്രതിലോമകരമായ ഇത്തരമൊരു അധഃപ്പതനത്തിലേക്ക് കൂപ്പുകുത്തിയത്? അതിന്റെ കാരണം തീര്‍ത്തും രാഷ്ട്രീയമാണ്.

സർക്കാർ വിശ്വാസികളുടെ കൂടി പക്ഷത്തു നിൽക്കുക എന്നതിനർഥം വിശ്വാസത്തിൻ്റെ മനുഷ്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ താൽപര്യങ്ങളോടൊപ്പം നിൽക്കുക എന്നതാണ് എന്നാണ് ഇടതുപക്ഷം ഇപ്പോൾ കേരളത്തോട് പറയുന്നത്. കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ ആചാരവിരുദ്ധ സമരങ്ങളെ വിശ്വാസ സംരക്ഷണ യജ്ഞങ്ങൾ എന്ന നിലയ്ക്കാണ് ഇന്ന് അയ്യപ്പസംഗമത്തിലൂടെ പാർട്ടി പുനരാവിഷ്കരിക്കുന്നത്. പി. കൃഷ്ണപിള്ളയും എ. കെ. ജി യും നടത്തിയ സമരങ്ങൾ ക്ഷേത്രാചാരനടത്തിപ്പുകാരായ വൈദിക ബ്രാഹ്മണ്യത്തെ തകർക്കാനുള്ളതായിരുന്നു. എന്നാൽ അതേ വൈദിക ബ്രാഹ്മണ്യത്തോടൊപ്പം ആചാരമണി മുഴക്കുന്ന അധികാരിയായി പിണറായി വിജയൻ മാറുന്നതാണ് അയ്യപ്പസംഗമത്തിൽ കണ്ടത്.

എല്ലാ ആചാരങ്ങളും സംരക്ഷിക്കേണ്ടതുണ്ട് എന്നതിനാലാണ് അന്ധവിശ്വാസനിരോധന നിയമത്തെക്കുറിച്ച് ഒരു പൊതുസംവാദം പോലും നടത്താന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് കഴിയാത്തത്. വിശ്വാസത്തിന്റെയും ക്ഷേത്രാചാരങ്ങളുടെയും മനുഷ്യവിരുദ്ധതയെ കൊടിയ മര്‍ദ്ദനം കൊണ്ടുപോലും ചെറുത്തുനിന്ന സ്വന്തം ഭൂതകാലം നിര്‍ലജ്ജം കൈയൊഴിഞ്ഞ്, അന്നത്തെ അതേ വൈദിക ബ്രാഹ്മണ്യത്തിന്റെ പൂണൂലണിയുന്നത്. അതുകൊണ്ടാണ് എൻ. എസ്. എസിനെപ്പോലൊരു സവർണ ജാതിസംഘടനയുടെ പിന്തുണ ഇടതുപക്ഷത്തിന് അഭിമാനമാകുന്നത്. ഹിംസാത്മകമായ വർഗീയതയുടെ എക്കാലത്തെയും പൗരോഹിത്യ പ്രതീകമായ യോഗി ആദിത്യനാഥിൻ്റെ കത്ത് വായിച്ച് ഇടതുപക്ഷം ആനന്ദനൃത്തം ചവിട്ടുന്നത്.

കമ്യൂണല്‍ എഞ്ചിനീയറിംഗാണ് കേരളത്തില്‍ നിലനില്‍ക്കാനുള്ള ഒടുവിലത്തെ വഴിയെന്ന് ഇടതുപക്ഷം തിരിച്ചറിഞ്ഞിരിക്കുന്നു. അത് കേവലം, ഇലക്ഷന്‍ പൊളിറ്റിക്‌സുമായി ബന്ധപ്പെടതുമല്ല. തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്ന ഇടതുപക്ഷത്തിന് പല നിലയ്ക്കും, മുമ്പുണ്ടായിരുന്ന അതിന്റെ അടിസ്ഥാന പൊളിറ്റിക്കല്‍ റപ്രസെന്റേഷനുകള്‍ നഷ്ടമായിട്ടുണ്ട്. ക്രമേണ സംഭവിച്ചതാണെങ്കിലും തുടര്‍ച്ചയായുള്ള അധികാരം അതിന് ആക്കം കൂട്ടിയിട്ടുണ്ട്.

വ്യാജ മുന്‍ഗണനകള്‍ മുന്നോട്ടുവെക്കുന്ന വികസനം, സമഗ്രാധിപത്യസ്വഭാവമുള്ള ഭരണകൂട പ്രയോഗങ്ങള്‍, ജനവിരുദ്ധമായ പൊലിസിങും ബ്യൂറോക്രസിയും, വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുത തുടങ്ങിയവ ഇടതുപക്ഷത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന് വേഗം കൂട്ടിയിട്ടുണ്ട്. അടിസ്ഥാനവര്‍ഗങ്ങളുടെയും അടിസ്ഥാന പ്രശ്‌നങ്ങളുടെയും സഖ്യകക്ഷിയെന്ന ഇടതുപക്ഷ അസ്തിത്വം ഏറെ ദുര്‍ബലമായിരിക്കുന്നു. ആ ശോഷിച്ച ഇടതുപക്ഷശരീരത്തിന്റെ രക്ഷക്കെത്തുക സ്വാഭാവികമായും വെള്ളാപ്പള്ളി നടേശനും എന്‍.എസ്.എസും ഹിന്ദു സംഘടനകളുമെല്ലാമായിരിക്കും. ഈ ദുര്‍മേദസ്സാണ് കേരളത്തില്‍ ഇന്ന് ഇടതുപക്ഷമായി അവശേഷിക്കുന്നത്.

രാഷ്ട്രീയ പ്രതിപക്ഷം ഇല്ലാതായിക്കഴിഞ്ഞ കേരളത്തില്‍ ഒരു സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ സാന്നിധ്യം അനിവാര്യമായിരിക്കുകയാണ്. കേരളത്തെ വീണ്ടെടുക്കാനാകുന്ന അത്തരമൊരു ഇടപെടലിന്റെ വിദൂരപ്രതീക്ഷ പോലും ഇപ്പോഴില്ല എന്നത് ദൂഷിതവലയം പൂര്‍ത്തിയാക്കുന്നു.

Comments