അഴിമതി പ്രചാരണവിഷയമാകുമ്പോൾ അഴീക്കോട് എന്തുചെയ്യും?

Election Desk

മുസ്‌ലിം ലീഗിന്റെ കെ.എം. ഷാജി സ്ഥാനാർഥിയായതോടെ, അഴിമതി മുഖ്യപ്രചാരണവിഷയമാക്കുകയാണ് അഴീക്കോട്ട് എൽ.ഡി.എഫ്. ഷാജിക്കെതിരായ ആരോപണങ്ങളാണ് സി.പി.എം ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്: അഴീക്കോട് ഹൈസ്‌കൂളിന് ഹയർസെക്കൻഡറി കോഴ്സ് അനുവദിച്ചതിന് മാനേജുമെന്റിൽനിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതി, അനധികൃത സ്വത്ത് സമ്പാദനക്കേസ് തുടങ്ങിയവ. ഈ തന്ത്രം മുന്നിൽ കണ്ടുതന്നെയാണ് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.വി. സുമേഷിനെ സി.പി.എം സ്ഥാനാർഥിയാക്കിയത്. മികച്ച പ്രതിച്ഛായയും ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്തെ പ്രവർത്തനങ്ങളും വോട്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

ആരോപണങ്ങളുടെ വെളിച്ചത്തിൽ ഷാജി വീണ്ടും മത്സരിക്കാനിടയില്ലെന്ന് സൂചനയുണ്ടായിരുന്നു. മുസ്‌ലിം ലീഗിലെ ഒരു വിഭാഗവും അദ്ദേഹം മത്സരിക്കുന്നതിനെതിരെ രംഗത്തുവന്നിരുന്നു. സർക്കാറിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചതിന് തന്നെ വേട്ടയാടുകയാണെന്ന ഇരവാദമുയർത്തിയാണ് ഷാജി ആരോപണങ്ങളെ പ്രതിരോധിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനത്തിനുമുമ്പേ സ്വന്തം പടമുള്ള പോസ്റ്ററുകൾ പതിച്ചാണ് ഷാജി ഇതിന് മറുപടി നൽകിയത്, ഒടുവിൽ സ്ഥാനാർഥിത്വം നേടിയെടുക്കുകയും ചെയ്തു.

2016ൽ ഷാജിയെ തോൽപ്പിക്കാൻ സി.പി.എം രംഗത്തിറക്കിയത് മാധ്യമപ്രവർത്തകൻ എം.വി. നികേഷ്‌കുമാറിനെയാണ്, എങ്കിലും നേരിയ ഭൂരിപക്ഷത്തിന് ഷാജി രക്ഷപ്പെട്ടു.

ഷാജി വർഗീയപ്രചാരണം നടത്തിയെന്നാരോപിച്ച് എതിർ സ്ഥാനാർഥികൾ നൽകിയ പരാതിയിൽ കോടതി, അദ്ദേഹത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആറുവർഷം വിലക്കി. എം.എൽ.എ എന്ന നിലയിൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാമെങ്കിലും വോട്ടവകാശം വിലക്കി. ആനുകൂല്യങ്ങളും കൈപ്പറ്റാൻ പാടില്ല. ഇതിനെതിരെ ഷാജി സുപ്രീംകോടതിയിൽനിന്ന് സ്റ്റേ വാങ്ങി. ഈ കേസിൽ അന്തിമവിധി വന്നിട്ടില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ചവർ മുസ്ലിംലീഗിന് അകത്തുള്ളവനാണെങ്കിലും പുറത്തുള്ളവനാണെങ്കിലും എട്ടിന്റെ പണി കൊടുത്തിരിക്കുമെന്ന് കണ്ണൂർ വളപട്ടണത്ത് യൂത്ത് ലീഗ് പരിപാടിയിൽ ഷാജി പ്രസംഗിച്ചത് വിവാദമായിരുന്നു. ഷാജിക്കെതിരെ ലീഗിനുള്ളിൽ തന്നെയുള്ള വിഭാഗങ്ങൾ ഇത്തവണയും പണി പറ്റിക്കുമോ എന്ന ആശങ്ക പാർട്ടിക്കും യു.ഡി.എഫിനുമുണ്ട്. ഷാജിയുടെ കഴിഞ്ഞ രണ്ടു വിജയങ്ങളും നേരിയ ഭൂരിപക്ഷത്തിനായിരുന്നു. 2011ൽ സി.പി.എമ്മിലെ എം. പ്രകാശൻ മാസ്റ്ററെ തോൽപ്പിച്ചത് 493 വോട്ടിനാണ്. ഈ നേരിയ ഭൂരിപക്ഷത്തെ, ഒരു യുവപ്രാതിനിധ്യവും മികച്ച പ്രതിച്ഛായയും കൊണ്ട് മറികടക്കാം എന്നാണ് എൽ.ഡി.എഫിന്റെ ഉറപ്പ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കെ. സുധാകരന് അഴീക്കോട്ട് 21,857 വോട്ടിന്റെ ലീഡുണ്ട്, എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 6141 വോട്ടിന്റെ ലീഡ് പിടിച്ചു. അഴീക്കോട്, ചിറയ്ക്കൽ, പാപ്പിനിശ്ശേരി, നാറാത്ത് തുടങ്ങിയ പഞ്ചായത്തുകളിൽ ഇടതുമുന്നണി ജയിച്ചപ്പോൾ വളപട്ടണത്ത് യു.ഡി.എഫിനായിരുന്നു ജയം.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

1977ൽ സി.പി.എം നേതാവ് ചടയൻ ഗോവിന്ദന്റെ ജയത്തോടെയാണ് അഴീക്കോടിന്റെ ചരിത്രം തുടങ്ങുന്നത്. ഇടതുമുന്നണിക്കായിരുന്നു മുൻതൂക്കം. 1980, 82 വർഷങ്ങളിൽ സി.പി.എമ്മിലെ പി. ദേവൂട്ടിക്കായിരുന്നു ജയം. 1987ൽ സി.പി.എമ്മിൽനിന്ന് പുറത്താക്കപ്പെട്ട എം.വി. രാഘവൻ സി.എം.പി രൂപീകരിച്ച് മത്സരിക്കാൻ തെരഞ്ഞെടുത്തത് അഴീക്കോടിനെയായിരുന്നു. എതിരാളിയോ, അടുത്ത സഖാവായിരുന്ന ഇ.പി. ജയരാജൻ. കേരളം മുഴുവൻ ശ്രദ്ധിച്ച പോരാട്ടം. രാഘവനെ തോൽപ്പിക്കാൻ സി.പി.എം പതിനെട്ടടവും പയറ്റിയെങ്കിലും 1389 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിന് രാഘവൻ തന്നെ ജയിച്ചു. 1991ൽ ഇ.പി. ജയരാജൻ അഴീക്കോട് തിരിച്ചുപിടിച്ചു. 1996, 2001 തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന്റെ ടി.കെ. ബാലൻ ജയിച്ചു. പിന്നീട് രണ്ടുവർഷം സി.പി.എമ്മിലെ എം. പ്രകാശൻ മാസ്റ്റർ. 2010 ലെ പുനർനിർണയത്തിനുശേഷമാണ് യു.ഡി.എഫ് ജയിച്ചുതുടങ്ങിയത്. തുടർന്ന് രണ്ടു തെരഞ്ഞെടുപ്പിലും ഷാജിയാണ് ജയിച്ചത്, നേരിയ ഭൂരിപക്ഷത്തോടെ. കണ്ണൂർ താലൂക്കിൽ ഉൾപ്പെട്ട അഴീക്കോട്, ചിറക്കൽ, പള്ളിക്കുന്ന്, വളപട്ടണം, പുഴാതി, നാറാത്ത്, പാപ്പിനിശ്ശേരി എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.


Comments