കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഒരു നെഗറ്റീവ് രാഷ്ട്രീയമാണ്

കേരളത്തിൽ ആധിപത്യം പുലർത്തുന്ന രാഷ്ട്രീയം നെഗറ്റീവ് ആണ്. ഇവിടെ വളർന്നുവന്ന നവോത്ഥാനത്തെ പണക്കാരും കച്ചവടക്കാരും കരാറുകാരുമൊക്കെ പിടിച്ചെടുത്തതുപോലെ, പുരോഗമന പ്രസ്ഥാനങ്ങളെയും ഉപരിവർഗങ്ങളും ഉയർന്ന ഇടത്തരക്കാരും പിടിച്ചെടുത്തു. അവരുടെ പ്രതിനിധികളായിട്ടാണ് രാഷ്ട്രീയനേതാക്കന്മാർ പ്രവർത്തിക്കുന്നത്. പിണറായി വിജയനോ വി.ഡി. സതീശനോ അല്ല പ്രശ്നം, അവരെല്ലാം ഈ പറഞ്ഞ ക്ലാസിന്റെ ഉപകരണങ്ങളാണ്. ഇങ്ങനെയൊരു നെഗറ്റിവിറ്റി നിറഞ്ഞിരിക്കുന്നതുകൊണ്ടാണ് കേരളത്തിൽ ആർ.എസ്.എസിന്റെ നിഷേധാത്മകത ആവശ്യമില്ലാതായി വരുന്നത്. അല്ലാതെ തന്നെ കേരളത്തിൽ അതുണ്ട്. കേരളത്തിനുമാത്രമായി ഒരു സംഘ്പരിവാറിന്റെ ആവശ്യമില്ലല്ലോ- ബി. രാജീവനുമായി അഭിമുഖം.

Truecopy Webzine

‘‘ആർ.എസ്.എസിനെ ഒരു വർഗീയശക്തി എന്ന നിലയ്ക്കുമാത്രം വിശകലനം ചെയ്താൽ ഇനി പിഴവുകൾ സംഭവിക്കും. ഗ്ലോബൽ കോർപറേറ്റ് കാപ്പിറ്റലിസത്തിന്റെ ഒരു രാഷ്ട്രീയരൂപമെന്ന നിലയ്ക്ക് തിരിച്ചറിയാതെ, പഴയ തരത്തിലുള്ള സവർണ ഫാസിസമാണിത് എന്ന് ലഘൂകരിക്കാൻ കഴിയില്ല. അങ്ങനെ, പഴയത് എന്തെങ്കിലും തിരിച്ചുകൊണ്ടുവരാനുള്ള ആഗ്രഹമൊന്നുമല്ല ഇതിനുപിന്നിൽ. അത് വർത്തമാനലോകത്തെ കീഴടക്കാനുള്ള ഉപകരണമായിട്ടാണ് പ്രവർത്തിക്കുന്നത്''- ഇന്ത്യൻ രാഷ്ട്രീയത്തിലും കേന്ദ്ര ഭരണകൂടത്തിലും പിടിമുറുക്കുന്ന സ്വേച്ഛാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും പ്രവണതകൾ വിലയിരുത്തി ബി. രാജീവൻ ട്രൂ കോപ്പി വെബ്‌സീനുമായി സംസാരിക്കുന്നു.

‘‘റിയക്ഷനറി ശക്തികൾ എല്ലായിടത്തും പ്രവർത്തിക്കുന്നുണ്ട്, ഭരണകൂടങ്ങളെ സ്വാധീനിക്കുന്നുമുണ്ട്. ജനാധിപത്യമുക്തലോകം എന്നതാണ് ഇവയുടെ ലക്ഷ്യം. ബി.ജെ.പിയുടെ ‘കോൺഗ്രസ് മുക്ത ഭാരതം' എന്നതിലും ഈയൊരു ആശയം അടങ്ങിയിരിക്കുന്നുണ്ട്. ജനാധിപത്യത്തെ തള്ളിക്കളയുന്നതിലൂടെ ഗ്ലോബൽ ക്യാപിറ്റലിസത്തിന് വേണ്ടത് ഇത്തരത്തിലുള്ള റിയാക്ഷനറി ഉപകരണങ്ങളാണ്. ഇതാണ് ഇന്ത്യയിലും നടക്കുന്നത്. ഈയൊരു ക്യാപിറ്റൽ അജണ്ടയിലൂടെ ‘പൊളിറ്റിക്കൽ ഹിന്ദു' എന്ന ടേമിനകത്തേക്ക് മുസ്​ലിംകളെയും ക്രിസ്ത്യാനികളെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും വർഗീയമായല്ലാതെ തന്നെ അടുപ്പിക്കാൻ ഇവർക്കാവും. അത്തരമൊരു പൊളിറ്റിക്കൽ ശേഷിയും അവർക്കുണ്ടായിത്തീരും. അതായത്, ബാബറി മസ്ജിദ് ആവർത്തിക്കേണ്ടതില്ലാത്ത ഒരു സാഹചര്യം അവരെ സംബന്ധിച്ചുണ്ടാകും. ‘എല്ലാ പള്ളികളിലും ശിവലിംഗം തെരയേണ്ടതില്ല' എന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവന, അവർ തങ്ങളുടെ പ്ലാനുകളിൽ എത്രമാത്രം വിജയിച്ചുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെയും ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പൊളിറ്റിക്കൽ വില്ലിനെ അത്രത്തോളം ആർ.എസ്.എസ് കാസ്ട്രേറ്റ് ചെയ്തിരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. യു.പിയിലും ബീഹാറിലുമൊക്കെ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ അതാണ് സംഭവിച്ചത്. ഇതിനുള്ള കാരണം, ചരിത്രത്തിൽ കൂടി അന്വേഷിക്കേണ്ടിവരും.''

‘‘കേരളത്തിലെ ഇടതുപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധതയെക്കുറിച്ച് ഉപരിപ്ലവമായി പലരും പറയുന്നുണ്ടല്ലോ. പലതരത്തിലും ബി.ജെ.പിയുമായി സഹവർത്തിക്കാൻ കഴിവുള്ള ഒരു ഫോഴ്സാണ് ഇവിടെ ഇടതുപക്ഷം എന്ന് ഉപരിതലത്തിൽ പറയാറുണ്ട്. എന്നാൽ, ഇക്കാര്യം കുറെക്കൂടി ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിലുള്ള ഒരു പാരസ്പര്യമായല്ല ഇതിനെ കാണേണ്ടത്. ബി.ജെ.പിയിലും ആർ.എസ്.എസിലുമുള്ളത് സമഗ്രാധിപത്യത്തിന്റേതായ ഒരു നെഗറ്റീവ് രാഷ്ട്രീയമാണ്. ആത്മീയമായും ഇച്ഛാശക്തിയുടെ മണ്ഡലത്തിലുമൊക്കെ ആളുകളെ നിർവീര്യമാക്കി അടിച്ചമർത്തുന്ന പ്രക്രിയയാണ് നടക്കുന്നത്. സ്വയം നിഷേധിക്കുന്ന, എല്ലാത്തിനോടും വിദ്വേഷം പുലർത്തുന്ന ഒരുതരം ആളുകളാക്കി മനുഷ്യരെ മാറ്റുന്ന ഈ നെഗറ്റീവ് രാഷ്ട്രീയപ്രക്രിയക്ക് പ്രത്യേകമായൊരു പേരില്ല, വാസ്തവത്തിൽ. അതിന് ഇന്ത്യയിൽ നാം ഇടുന്ന പേരാണ് ആർ.എസ്.എസ് എന്നത്. ഈ നെഗറ്റീവ് പൊളിറ്റിക്സ് ഇന്ത്യയിൽ പല രൂപങ്ങളിലും പ്രവർത്തിക്കുന്നതുപോലെ, കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്. അത് ഏറ്റവും പ്രയോജനപ്പെടുത്തുന്നത് ഇടതുപക്ഷമാണ്.''

‘‘കേരളത്തിൽ ആധിപത്യം പുലർത്തുന്ന രാഷ്ട്രീയം നെഗറ്റീവ് ആണ്. ഇവിടെ വളർന്നുവന്ന നവോത്ഥാനത്തെ പണക്കാരും കച്ചവടക്കാരും കരാറുകാരുമൊക്കെ പിടിച്ചെടുത്തതുപോലെ, പുരോഗമന പ്രസ്ഥാനങ്ങളെയും ഉപരിവർഗങ്ങളും ഉയർന്ന ഇടത്തരക്കാരും പിടിച്ചെടുത്തു. അവരുടെ പ്രതിനിധികളായിട്ടാണ് രാഷ്ട്രീയനേതാക്കന്മാർ പ്രവർത്തിക്കുന്നത്. പിണറായി വിജയനോ വി.ഡി. സതീശനോ അല്ല പ്രശ്നം, അവരെല്ലാം ഈ പറഞ്ഞ ക്ലാസിന്റെ ഉപകരണങ്ങളാണ്. ഇങ്ങനെയാണ് കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം ഒരു നെഗറ്റീവ് രാഷ്ട്രീയമായി മാറിയത്. അത് വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് യഥാർഥത്തിൽ. ഇങ്ങനെയൊരു നെഗറ്റിവിറ്റി നിറഞ്ഞിരിക്കുന്നതുകൊണ്ടാണ് കേരളത്തിൽ ആർ.എസ്.എസിന്റെ നിഷേധാത്മകത ആവശ്യമില്ലാതായി വരുന്നത്. അല്ലാതെ തന്നെ കേരളത്തിൽ അതുണ്ട്. കേരളത്തിനുമാത്രമായി ഒരു സംഘ്പരിവാറിന്റെ ആവശ്യമില്ലല്ലോ.''

ബി. രാജീവൻ / കെ. കണ്ണൻ
ബാബറി മസ്ജിദിൽനിന്ന് ബി.ജെ.പി
‘മുന്നേറി'ക്കഴിഞ്ഞു, പ്രതിരോധമോ?
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 86
വായിക്കാം

Comments