ജോസ് കെ. മാണി പാലായിൽ തെര​ഞ്ഞെടുപ്പുപ്രചാരണത്തിൽ

സർവോപരി പാലാക്കാര്യം

1979 ൽ പി.ജെ. ജോസഫ് പിളർന്ന് മാറി പുതിയ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ കെ.എം. മാണി പറഞ്ഞുവത്രേ: “പിളരുന്നെങ്കിൽ പിളർന്നോട്ടെ; രണ്ടു പൂവൻ ഒരു കൂട്ടിൽ കിടന്നാൽ ശരിയാവില്ല.”

കാലവർഷക്കാലത്തെ മീനച്ചിലാറിന്റെ ഗതി പോലെ പ്രവചനാതീതമാണ് പാലായുടെ രാഷ്ട്രീയ മനസ്സ്. നിയതമായ വഴിയിലൂടെ ശാന്തമായി പാലായെ പകുത്ത് ഒഴുകുന്ന മീനച്ചിലാർ കാലവർഷക്കാലത്ത് മഴ കടുക്കുമ്പോൾ റൂട്ട് ഒന്ന് മാറ്റിപ്പിടിക്കും. ഇരുകരയിലും വരിയായി നിൽക്കുന്ന കെട്ടിടങ്ങളിലേക്ക് ഇരച്ചുകയറും. പഴയ ബസ് സ്റ്റാൻഡിനും ജൂബിലി പള്ളിക്കും മുന്നിലൂടെ മാണി സാർ പണിതിട്ട രാജപാത മഴനാളുകളിൽ മീനച്ചിലാറിന്റേത് മാത്രമാകും. കുർബാന മുടക്കാൻ പറ്റാത്തതിനാൽ ഞായറാഴ്‌ചകളിൽ മാത്രം ഇടവകയിലൊതുങ്ങുന്ന പാലാക്കാർ വെള്ളം പൊങ്ങുമ്പോൾ നിർബന്ധിത അവധി എടുത്ത് പണി മുടക്കി വീട്ടിലിരിക്കും.

മണ്ഡലം ഉണ്ടായ 1965 മുതൽ മാണി സാർ അരങ്ങൊഴിയുന്ന 2019 വരെ പാലായുടെ ഗതി വേനൽക്കാലത്തെ മീനച്ചിലാറിന്റേത് തന്നെയായിരുന്നു; കല്പിച്ചു നൽകിയ വഴിയിലൂടെ ശാന്തമായി ഒഴുകുക. ഇടയ്ക്കു വേനൽ മഴ കടുപ്പിക്കും പോലെ ചില തിരഞ്ഞെടുപ്പ് കാലത്ത് ഇപ്പോൾ കര കവിയുമെന്നു പാലായും തോന്നിക്കും. പെട്ടെന്ന് മഴ നിന്ന് ഒഴുക്കിന്റെ ശക്തി കുറയുമ്പോലെ വോട്ട് എണ്ണിക്കഴിയുമ്പോഴേക്കും പാലാ വീണ്ടും മാണി സാറിനെ വരിക്കും.

കെ.എം. മാണി
കെ.എം. മാണി

ബാല്യവും കൗമാരവും യൗവനവുമൊക്കെ കെ.എം മാണിയുടെ കൈപിടിച്ചാണ് താണ്ടിയതെങ്കിലും പാലായുടെ ഇപ്പോഴത്തെ നാഥൻ മാണി സാറിന്റെ നിതാന്ത ശത്രുവാണ്. മാണിയുള്ളപ്പോൾ പല തവണ പാലായെ കടത്തിക്കൊണ്ടു പോകാൻ കാപ്പൻ ആവതു ശ്രമിച്ചതാണ്. സത്യത്തിൽ മാണി സി. കാപ്പൻ അല്ല മൂത്ത ചേട്ടൻ ജോർജ് സി. കാപ്പൻ ആണ് ആദ്യമായി പാലായെ തട്ടിയെടുക്കാൻ നോക്കിയത്. 1991 ൽ ആയിരുന്നു അത്. പക്ഷെ ജോർജ് മാണിക്ക് ഒരു എതിരാളിയേ ആയിരുന്നില്ല. അടിക്ക് തടയും തന്ത്രത്തിന് കുതന്ത്രവും പണത്തിനു പണവും തരാതരം പോലെ ഇറക്കി കണ്ണിലെ കൃഷ്ണമണി പോലെ പാലായെ മാണി അവസാന ശ്വാസം കാത്തു സൂക്ഷിച്ചു. ‘ലക്ഷണമൊത്ത യുവ സുന്ദരിയാണ്; ആർക്കും ഒരു മോഹം തോന്നും’ എന്ന് മാണി സാർ കേരള കോൺഗ്രസിനെ പറ്റി പറഞ്ഞത് പാലായ്ക്കും ബാധകമാണ്. തറവാട്ടിലെ കാരണവർ കണ്ണടച്ചപ്പോൾ ഒതുക്കത്തിൽ പെണ്ണിനെ ചാടിച്ചുകൊണ്ടു പോയ ശത്രുവീട്ടിലെ സാഹസിക യുവാവായാണ് ഇപ്പോഴും മാണി സാറിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാർ കാപ്പനെ കാണുന്നത്. ‘ഒള്ളത് പറഞ്ഞാൽ, തറവാട്ടിലെ നേരവകാശി ഇത്തിരി ഒഴപ്പനായത് കാപ്പന് ഒന്നൂടെ സൗകര്യമായി’ എന്ന് അവർ അടക്കം പറയും.

റോഡിനു റോഡ്, സ്കൂളിന് സ്കൂൾ, ആശുപത്രിക്ക് ആശുപത്രി എന്നുവേണ്ട മാണി സി. കാപ്പന്റെ തിരഞ്ഞെടുപ്പ് ബ്രോഷർ കണ്ടാൽ ഭൂമിയിലെ സ്വർഗരാജ്യം ഇവിടെയാണെന്നും അത് പണിയാൻ കർത്താവ് തിരഞ്ഞെടുത്തയച്ച ആളാണ് അദ്ദേഹമെന്നും തോന്നും.

തട്ടിക്കൊണ്ടു പോയതായാലും മനസോടെ ഇറങ്ങി പോയതായാലും കാപ്പൻ പാലായെ നന്നായി നോക്കുന്നുണ്ടെന്ന് നാട്ടുകാർ സമ്മതിക്കും. 16 മാസം എന്നാൽ മധുവിധു തീരാനുള്ള കാലം പോലും ആയില്ല. റോഡിനു റോഡ്, സ്കൂളിന് സ്കൂൾ, ആശുപത്രിക്ക് ആശുപത്രി എന്നുവേണ്ട മാണി സി. കാപ്പന്റെ തിരഞ്ഞെടുപ്പ് ബ്രോഷർ കണ്ടാൽ ഭൂമിയിലെ സ്വർഗരാജ്യം ഇവിടെയാണെന്നും അത് പണിയാൻ കർത്താവ് തിരഞ്ഞെടുത്തയച്ച ആളാണ് അദ്ദേഹമെന്നും തോന്നും.

മാണി സി. കാപ്പൻ യുവാവായിരിക്കു​​മ്പോൾ / Photo: Ambu Senan, Wikimedia Commons
മാണി സി. കാപ്പൻ യുവാവായിരിക്കു​​മ്പോൾ / Photo: Ambu Senan, Wikimedia Commons

ആ മാണി സി കാപ്പൻ ആണ് ‘ചങ്കാണ് പാലാ’ എന്ന് വോട്ടർമാരോട് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. കാപ്പൻ ആദ്യമായി നിർമിച്ച മേലേപ്പറമ്പിൽ ആൺവീട് എന്ന സിനിമയിൽ മീന ജഗതിയെപ്പറ്റി പറയുന്ന ഡയലോഗ്: ‘ഇത്രയധികം മനുഷ്യസ്നേഹമുള്ളൊരു മോനെ ഞാൻ കണ്ടിട്ടില്ല’ എന്ന് പാലാ തന്നോടും പറയുമെന്നാണ് കാപ്പന്റെ ഉറച്ച വിശ്വാസം. അത്രയ്ക്കങ്ങു വിശ്വാസം വരാത്തവരെ കാപ്പൻ 16 മാസത്തെ മണ്ഡലത്തിലെ വികസനവും കെ.എം. മാണി പ്രതിനിധീകരിച്ച 54 വർഷത്തെ വികസനവും തമ്മിൽ താരതമ്യം ചെയ്യാൻ വെല്ലുവിളിക്കുന്നുണ്ട്. എന്നിട്ടും കെറുവിച്ചു നിൽക്കുന്നവരെ പാലാ ചങ്കായത് കൊണ്ടല്ലേ ചങ്കോളം പ്രിയമുള്ള പാർട്ടിയെ തന്നെ ഉപേക്ഷിച്ചിട്ട് മത്സരിക്കാൻ നിൽക്കുന്നതെന്ന് ഓർമപ്പെടുത്തുന്നുമുണ്ട്.

കാപ്പന്റെ ചങ്കായ പാലാ തന്നെയാണ് ജോസ് കെ. മാണിയുടെ ചങ്കിടിപ്പും. പാലാ കൈവിട്ടാൽ നിലയ്ക്കാൻ പോകുന്നത് രണ്ടുപേരുടെയും രാഷ്ട്രീയ ഹൃദയമാണ്. ജോസ് കെ. മാണി ജനിച്ച 1965 ലാണ് പാലാ മണ്ഡലത്തിന്റെയും പിറവി. കേരള കോൺഗ്രസ് (മാണി) എന്ന പേരും രണ്ടില ചിഹ്നവും കുശാഗ്ര ബുദ്ധിക്കാരനായ പി.ജെ. ജോസഫിൽ നിന്ന് പിടിച്ചെടുത്തു തുടങ്ങിയ ജൈത്രയാത്ര പൂർണമാക്കാൻ പാലായിലെ വിജയം ജോസിന് കൂടിയേ തീരൂ. മാണി സാറിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ നേരവകാശി താനാണെന്നും താൻ മാത്രമാണെന്നും കുടുംബക്കാരെയും നാട്ടുകാരെയും പാർട്ടിക്കാരെയും ബോധിപ്പിക്കേണ്ടത് ജോസിന്റെ അശ്വമേധത്തിലെ പ്രധാന ചുവട് ആണ്.

പാലായിലെ ഉപതിരഞ്ഞെടുപ്പ് പരാജയം ജോസിന്റെ നേതൃശേഷിയെ സംശയനിഴലിൽ ആക്കിയെങ്കിലും മാണിസാർ സ്ഥാപകനേതാവായ ഐക്യ ജനാധിപത്യ മുന്നണിയുമായി ബന്ധം വിടർത്താൻ തീരുമാനിച്ചത് നല്ല അസ്സല് ചൂതാട്ടമായിരുന്നു.

ജനാധിപത്യ പാർട്ടി എന്നാണ് പേരെങ്കിലും പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ നടത്തിപ്പ് രീതിയാണ് കേരള കോൺഗ്രസ് ഗ്രൂപ്പുകൾക്ക്. മാണി മരിച്ചപ്പോൾ തലപ്പൊക്കമുള്ള നേതാക്കൾ മിക്കവാറും ഔസേപ്പച്ചന്റെ കൂടെപ്പോയെങ്കിലും വിശ്വാസികളായ അണികൾ പാറപോലെ ഉറച്ചുനിന്നത് ജോസ് പക്ഷത്തായിരുന്നു. പാലായിലെ ഉപതിരഞ്ഞെടുപ്പ് പരാജയം ജോസിന്റെ നേതൃശേഷിയെ സംശയനിഴലിൽ ആക്കിയെങ്കിലും മാണിസാർ സ്ഥാപകനേതാവായ ഐക്യ ജനാധിപത്യ മുന്നണിയുമായി ബന്ധം വിടർത്താൻ തീരുമാനിച്ചത് നല്ല അസ്സല് ചൂതാട്ടമായിരുന്നു.

ഇത്തിരി എടുത്തുചാട്ടവും സാഹസികതയും ഇഷ്ടപ്പെടുന്നവരാണ് പാലാക്കാർ. ഇല്ലായ്മയുടെ ഭൂതകാലത്ത് പട്ടിണി പങ്കുവച്ചു തളർന്നു വീഴാതെ ചങ്കുവിരിച്ചു കാടുകയറി വന്യ മൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും മല്ലിട്ടു കൃഷി ചെയ്തു ജീവിച്ച പാരമ്പര്യമുള്ളവർക്ക് ജോസ് മോന്റെ തീരുമാനം നന്നായി സുഖിച്ചിട്ടുണ്ടാവും. ഉമ്മൻ ചാണ്ടിയുടെ ഔദാര്യം പറ്റി ഐക്യമുന്നണിയുടെ ചായ്‌പിൽ കിടക്കേണ്ട പാർട്ടിയല്ല കേരള കോൺഗ്രസ്​ എന്ന്​ ജോസ് നിരൂപിച്ച ദിവസമായിരിക്കും യഥാർത്ഥ പാലാക്കാരൻ ആദ്യമായി ജോസ് കെ. മാണി സിന്ദാബാദ് എന്ന് വിളിച്ചത്. അടുത്ത നീക്കവും സമർഥമായിരുന്നു. കോടികൾ കിലുക്കി പിന്നാലെ കൂടിയ കാവിപ്പടയോട് ‘നോ’ പറഞ്ഞാണ് ജോസ് കെ. മാണി പിണറായിയിലേക്ക് കോടിയേരി വഴി ഒരു പാലമിട്ടത്. കഴിഞ്ഞ ദിവസം അന്തരിച്ച മുൻ എം.പി. സ്കറിയ തോമസ് ആയിരുന്നു പ്രധാന എഞ്ചിനീയർ. ആ പാലം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയതീരത്തേക്കുള്ള ഷോർട്ട്​ കട്ട് ആയതോടെ വിമർശകർ തൽക്കാലം നാവടക്കി.

മാണി സാറിന്റെ പാരമ്പര്യത്തോടൊപ്പം നിർണായക പോരാട്ടത്തിൽ ജോസ് കെ.മാണിക്ക് കരുത്തേകുന്നത് സി.പി.എം നൽകുന്ന നിർലോഭ പിന്തുണയാണ്. പിണറായി വിജയൻ ജോസ് കെ. മാണിക്ക് നൽകുന്ന പ്രാമുഖ്യം പാലായിലും പാർട്ടി മത്സരിക്കുന്ന മറ്റു സീറ്റുകളിലും പഴുതടച്ച തിരഞ്ഞെടുപ്പ് പ്രവർത്തനം ഉറപ്പ് നൽകുന്നു. ഇടതു മുന്നണിയുടെ അകത്തളങ്ങളിൽ കേൾക്കുന്ന കഥ, റിസ്ക് ഒഴിവാക്കി കടുത്തുരുത്തിയിലേക്ക്​ മാറാൻ തയാറെടുത്ത ജോസ് കെ. മാണിയോട് പാലായിൽ തന്നെ മത്സരിക്കണമെന്ന് പിണറായി വിജയൻ കർശനമായി പറഞ്ഞുവെന്നാണ്. കാപ്പൻ അവകാശപ്പെടുന്ന 16 മാസത്തെ നേട്ടം ഇടതുമുന്നണി സർക്കാരിന്റെ ഭരണമികവിന്റെ സമ്മാനമാണെന്നും അതിന്റെ അവകാശി ഇത്തവണ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്ന ജോസ് കെ. മാണി ആണെന്നുമാണ് മുന്നണിയുടെ പ്രധാന പ്രചാരണം. തുടർഭരണം ഉറപ്പായ തിരഞ്ഞെടുപ്പിൽ തന്ത്രപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവസരം പാലായിലെ പ്രയോഗികമതികളായ വോട്ടർമാർ കളഞ്ഞുകുളിക്കില്ലെന്ന് അവർ കരുതുന്നു.

പി.സി. തോമസ്
പി.സി. തോമസ്

ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങിയ 2004-ലാണ് ജോസ് കെ. മാണി ഇതുപോലൊരു അഗ്നിപരീക്ഷ മുൻപ് നേരിട്ടത്. ‘മോൻ’ എന്ന് മാണി സാർ സ്നേഹപൂർവ്വം വിളിച്ചിരുന്ന പി.സി. തോമസ് മറുകണ്ടം ചാടി ഐ.എഫ്.ഡി.പി സ്ഥാനാർത്ഥിയായി മൂവാറ്റുപുഴ ലോക്​സഭാ മണ്ഡലത്തിൽ ജോസിനെ നേരിട്ടു. ശിഷ്യനും മകനും നേർക്കുനേർ വന്നപ്പോൾ ശിഷ്യൻ ജയിച്ചു കയറുന്നത് സ്തബ്ധനായി നോക്കിനിൽക്കാനേ കെ.എം. മാണിക്ക് കഴിഞ്ഞുള്ളു. ഇത്തവണയും ജോസിന്റെ വഴിമുടക്കാൻ പി.സി. തോമസ് എത്തിയിട്ടുണ്ട്. ജോസഫ് ഗ്രൂപ്പ് വഴി യു.ഡി.എഫിലെത്തിയ പി.സി. തോമസ് മാണി സി. കാപ്പന്റെ പ്രചാരണത്തിൽ സജീവ സാന്നിധ്യമാവും.

യേർക്കാട് മോൺ ഫോർട്ട് കോൺവെന്റിൽ സ്കൂൾ വിദ്യാഭ്യാസവും ചെന്നൈ ലയോള കോളജിൽ നിന്ന് ബി കോം ബിരുദവും കോയമ്പത്തൂർ പി.എസ്.ജി കോളജിൽ നിന്ന് എം.ബി.എയും നേടി ബാങ്കിൽ ഉന്നത ഉദ്യോഗം വഹിച്ചിരുന്ന ജോസ് കെ. മാണിയുടെ രാഷ്ട്രീയ ഭാവിയിൽ കരിനിഴൽ വീഴ്ത്താൻ പോന്നതായിരുന്നു മൂവാറ്റുപുഴ തോൽവി. ജോസ് ഒന്ന് തളർന്നെങ്കിലും മാണി വിടാൻ ഭാവമില്ലായിരുന്നു. യൂത്ത്ഫ്രണ്ടിലും തുടർന്ന് പാർട്ടിയിലും സജീവമാകാൻ മാണി മകനോട് ആവശ്യപ്പെട്ടു. 2009-ൽ കോട്ടയത്തുനിന്ന് പാർലമെന്റിലേക്ക് മത്സരിക്കുമ്പോൾ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ആയിരുന്നു ജോസ് കെ. മാണി. പിന്നെ ഒൻപത് വർഷം ലോക് സഭയിലും അവസാന രണ്ടു വർഷം രാജ്യസഭയിലും പ്രവർത്തിച്ച പരിചയവുമായാണ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി കന്നി നിയമസഭാ മൽസരത്തിന് ഇറങ്ങിയിരിക്കുന്നത്.

കെ.എം. മാണി ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ പാലാ സെന്റ് മേരീസ് എൽ.പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മാണി സി. കാപ്പൻ. സ്വാതന്ത്ര്യസമര സേനാനിയായിരുന്നു അച്ഛൻ ചെറിയാൻ ജെ. കാപ്പൻ. കുട്ടിക്കാലം മുതൽ രാഷ്ട്രീയം കണ്ടും അറിഞ്ഞും വളർന്ന കാപ്പൻ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ ആകുന്നത് കുറെ വൈകിയാണ്. കോളജ് പഠനം ഒക്കെ കഴിഞ്ഞു ബിസിനസ് രംഗത്തേക്ക് തിരിഞ്ഞ കാപ്പൻ സിനിമാ നിർമാണം തുടങ്ങുന്നത് 1993 ലാണ്.

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ, രണ്ടില ചിഹ്നത്തിന്റെ അഭാവം, ദുർബലനായ സ്ഥാനാർഥി, കോൺഗ്രസിന്റെ കുതികാൽവെട്ട് എന്നിങ്ങനെ ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് കേരള കോൺഗ്രസ് നിരവധി കാരണങ്ങൾ കണ്ടെത്തിയിരുന്നു

ഒപ്പം കോൺഗ്രസ് (എസ്) വഴി രാഷ്ട്രീയത്തിലും ഇറങ്ങി. നിർമാതാവും നടനും ആയി ശ്രദ്ധ നേടിയ മാണി സി. കാപ്പനാണ് സൂപ്പർ ഹിറ്റ് ചിത്രം മാന്നാർ മത്തായി സ്പീക്കിങ് സംവിധാനം ചെയ്തത്. പാലാ നഗരസഭാംഗം ആയാണ് കാപ്പന്റെ പാർലമെന്ററി ജീവിതം ആരംഭിക്കുന്നത്. 2000-ൽ മാണി സി. കാപ്പൻ പാലായിൽ കൗൺസിലർ ആകുമ്പോൾ ഒപ്പം സഹോദരന്മാരായ ജോർജ് സി. കാപ്പനും ചെറിയാൻ സി. കാപ്പനും ജയിച്ചുവന്നിരുന്നു. 2006 മുതൽ കെ.എം. മാണിയുടെ സ്ഥിരം എതിരാളിയായിരുന്ന കാപ്പൻ 2016 ലെ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. മാണിയുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ ജോസ് കെ. മാണി നിർത്തിയ ജോസ് ടോമിനെ മലർത്തിയടിച്ചു ആദ്യമായി നിയമസഭാംഗമായി.

മാണി സി. കാപ്പൻ പാലായിൽ പ്രചാരണത്തിനിടെ
മാണി സി. കാപ്പൻ പാലായിൽ പ്രചാരണത്തിനിടെ

പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ, രണ്ടില ചിഹ്നത്തിന്റെ അഭാവം, ദുർബലനായ സ്ഥാനാർഥി, കോൺഗ്രസിന്റെ കുതികാൽവെട്ട് എന്നിങ്ങനെ ഉപതിരഞ്ഞെടുപ്പ് തോൽവിക്ക് കേരള കോൺഗ്രസ് നിരവധി കാരണങ്ങൾ കണ്ടെത്തിയിരുന്നു. അതെല്ലാം പരിഹരിച്ചാണ് ഇടതുമുന്നണിയുടെ ഭാഗമായി ഇത്തവണ ജോസ് കെ. മാണിയുടെ മത്സരം. പോരാത്തതിന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലം നൽകിയ ആത്മവിശ്വാസവും. പാലാ നഗരസഭയും മണ്ഡലത്തിലെ ആറു പഞ്ചായത്തുകളും ഭരിക്കുന്നത് ഇടതുമുന്നണിയാണ്; അഞ്ച് പഞ്ചായത്തിൽ ഐക്യമുന്നണിയാണ് ഭരണം. മുത്തോലി പഞ്ചായത്തിൽ ഇത്തവണ ആദ്യമായി ബി.ജെ.പി ഭരണം പിടിച്ചെടുത്തു . കോൺഗ്രസ് വഴി ബി.ജെ.പിയിലെത്തിയ പ്രമീള ദേവിയാണ് പാലായിലെ ബി.ജെ.പി സ്ഥാനാർഥി. തീപാറും പോരാട്ടത്തിൽ ബി.ജെ.പി സ്ഥാനാർഥി പിടിക്കുന്ന വോട്ടുകളും നിർണായകമാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ വോട്ടുകൾ ചോർന്നുപോകാതെ ഇരു മുന്നണികളും അതി ജാഗ്രത പുലർത്തുന്നുണ്ട്.

അര നൂറ്റാണ്ടു കാലം കെ.എം മാണിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് ആയിരുന്ന വോട്ടർമാരെ പിളർത്തി എടുക്കാൻ കഴിഞ്ഞാൽ പോലും കാപ്പന് അത് വല്യ നേട്ടമാകും.

പ്രചാരണയോഗങ്ങളിൽ മാണി സി. കാപ്പൻ നിരത്തുന്ന വികസന നേട്ടങ്ങളിൽ കന്യാസ്ത്രീകൾക്കും സന്യസ്തർക്കും റേഷൻ കാർഡ് നല്കാൻ നടത്തിയ ശ്രമങ്ങൾ എടുത്തുപറയുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ കന്യാസ്ത്രീ മഠങ്ങൾ ഉള്ള മണ്ഡലങ്ങളിൽ ഒന്നാണ് പാലാ. അര നൂറ്റാണ്ടു കാലം കെ.എം. മാണിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് ആയിരുന്ന വോട്ടർമാരെ പിളർത്തി എടുക്കാൻ കഴിഞ്ഞാൽ പോലും കാപ്പന് അത് വല്യ നേട്ടമാകും.

ജയത്തിൽ കുറഞ്ഞതൊന്നും ഇരുപക്ഷത്തിനും സാധ്യമല്ലാത്ത അവസ്ഥയിൽ പാലായിലെ തിരഞ്ഞെടുപ്പിന് ഇത്തവണ പതിവിലുമേറെ ചൂടായിരിക്കും. 1979 ൽ പി.ജെ. ജോസഫ് പിളർന്ന് മാറി പുതിയ കേരള കോൺഗ്രസ് രൂപീകരിച്ചപ്പോൾ കെ.എം. മാണി പറഞ്ഞുവത്രേ: “പിളരുന്നെങ്കിൽ പിളർന്നോട്ടെ; രണ്ടു പൂവൻ ഒരു കൂട്ടിൽ കിടന്നാൽ ശരിയാവില്ല.” ജോസ് കെ. മാണി വന്നപ്പോൾ ഇടതു മുന്നണി വിട്ടുമാറാൻ മാണി സി. കാപ്പൻ കണ്ട ന്യായവും മറ്റൊന്നാവില്ല. എന്തായാലും ഒരു പൂവന്റെ ചോര കാണാതെ കോഴിപ്പോരിന് അന്ത്യമില്ലല്ലോ.▮


ബി. ശ്രീജൻ

മാധ്യമപ്രവർത്തകൻ. ദ ഫോർത്തിന്റെ ഡയറക്ടർ (ന്യൂസ്).

Comments