അഭയ കേസ്​: അന്നത്തെ വാർത്തക്ക്​ എന്തുപറ്റി?

ഇന്നലെയും മിനിയാന്നും ആയി പലരും സ്വകാര്യമായി ചോദിച്ച ഒരു ചോദ്യം ഉണ്ട്. അന്നത്തെ വാർത്തയ്ക്ക് എന്തുപറ്റി? രാസപരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തി ബലാത്സംഗ സാധ്യത മറച്ചുവച്ചു എന്നതായിരുന്നു അന്ന് രേഖകൾ സഹിതം ഞാൻ നൽകിയ റിപ്പോർട്ട്- അഭയകേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകനും ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ മെട്രോ എഡിറ്ററുമായ ബി. ശ്രീജൻ, അഭയ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പങ്കുവെക്കുന്നു

ർജ പ്രവാഹത്തിൽ ഒഴുകി നടക്കുന്ന അവസ്ഥയിൽ ആയിരുന്നു കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങൾ. "മാധ്യമ മലരൻ' എന്നല്ലാതെ ആരെങ്കിലും സംബോധന ചെയ്തു കേട്ടിട്ട് മാസങ്ങൾ ആയത് കൊണ്ട് തന്നെ ഇതൊക്കെ സത്യം ആണോ എന്ന് അതിശയിച്ച് പോയി ആദ്യം. നേരിട്ടും സാമൂഹിക മാധ്യമങ്ങളിലൂടെയും നല്ല വാക്കുകൾ പറഞ്ഞ സുഹൃത്തൂക്കളും പരിചയക്കാരും അപരിചിതരും ബന്ധുക്കളും ആയ എല്ലാ പേർക്കും Newslaundry, Indian Journalism Review പോർട്ടലുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ തന്നെ നന്ദി പറയട്ടെ. മറ്റേതൊരു sunset industry യിലും എന്ന പോലെ covid ഏൽപിച്ച ആഘാതം നിത്യേന തൊഴിൽ രംഗത്ത് നേരിടുന്ന ഒരാൾക്ക്, ഈ സമയത്ത് നിങ്ങൾ ഓരോരുത്തരും നൽകിയ പിന്തുണ വിലമതിക്കാൻ ആവാത്തതാണ്.

സിസ്റ്റർ അഭയ കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച ബി.ശ്രീജന്റെ റിപ്പോർട്ടുകൾ

സത്യത്തിൽ ഈ അഭിനന്ദനവും കൊണ്ടാടലും ഒട്ടുമേ അർഹിക്കാത്ത ഒരാളാണ് ഞാൻ. സിസ്റ്റർ അഭയ കേസിൽ ഇ​പ്പോഴുണ്ടായ പരിസമാപ്തി ജോമോൻ പുത്തൻപുരയ്ക്കലിന്റെ നിശ്ചയദാർഢ്യം, ജുഡീഷ്യൽ ഓഫിസർമാരായ കെ.കെ ഉത്തരൻ, ആന്റണി മൊറായിസ്, പി.ഡി. ശാരങ്ധ​രൻ, എസ്. സോമൻ, കെ. സനിൽകുമാർ എന്നിവരുടെ ഉന്നതമായ കർത്തവ്യ ബോധം, ആർ. എം. കൃഷ്ണ, ആർ.കെ. അഗർവാൾ, എം. നന്ദകുമാർ തുടങ്ങിയ സി.ബി.ഐ ഉദ്യോഗസ്ഥരുടെ അർപ്പണബോധം, രാജുവിനെ പോലുള്ള നിസ്വരായ ചില സാക്ഷികളുടെ നീതിബോധം, പ്രോസിക്യൂട്ടർ എം. നവാസിന്റെ കഠിനാധ്വാനം, പിന്നെ നിശബ്ദരാക്കപ്പെട്ട നൂറു കണക്കിന് വിശ്വാസികളുടെ മൗന പ്രാർഥന എന്നിവയുടെയൊക്കെ ആകെത്തുകയാണ്​.

2007 ഏപ്രിൽ 12 ന് ഞാൻ എഴുതി The New Indian Express ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തക്ക് 28 വർഷത്തെ ചരിത്രത്തിലെ ഒരു ചെറിയ കണ്ണി എന്നതിന് അപ്പുറം എന്തെങ്കിലും പ്രാധാന്യം സാധാരണ ഗതിയിൽ ഉണ്ടാവേണ്ടതല്ല; പ്രത്യേകിച്ചും അതിൽ ഉന്നയിച്ച വിഷയം "Sister Abhaya was Raped and Murdered' സി.ബി.ഐ പിന്നീട് അനീഷിച്ച് ക്ലോസ് ചെയ്ത കേസ് ആകുമ്പോൾ.

പക്ഷേ, 15 വർഷം നിർജീവമായി നിന്നിരുന്ന ഒരു കൊലക്കേസ് അന്വേഷണം പെട്ടെന്ന് സജീവമാക്കാൻ സഹായിച്ച വാർത്ത എന്ന നിലയിൽ, വലിയ തോതിൽ സ്വാധീനമുള്ള ആൾക്കാർ എന്തുതരം കൃത്രിമവും കാട്ടി കേസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു എന്ന വസ്തുത അരക്കിട്ട് ഉറപ്പിച്ച രേഖ എന്ന നിലയിൽ, സി.ബി.ഐ യെ നേർവഴിക്ക് നയിക്കാൻ തയാറായി നിന്ന കോടതിക്ക് അതിന് പറ്റിയ ഒരു വടി നൽകിയ വസ്തുത എന്ന നിലയിൽ, മുഖ്യാധാര മാധ്യമങ്ങളെ അപ്പാടെ വീണ്ടും ഈ കേസിലേക്ക് ആകർഷിച്ച് കൊണ്ടുവന്ന ചൂണ്ട എന്ന നിലയിൽ അന്നത്തെ ബ്രേക്കിംഗ് ന്യൂസ് നിറവേറ്റിയത് നിർണായകമായ ഒരു ദൗത്യം ആണെന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസ്സിലാക്കുന്നു.

ഇന്നലെയും മിനിയാന്നും ആയി പലരും സ്വകാര്യമായി ചോദിച്ച ഒരു ചോദ്യം ഉണ്ട്. അന്നത്തെ വാർത്തയ്ക്ക് എന്ത് പറ്റി? രാസപരിശോധന റിപ്പോർട്ടിൽ തിരുത്തൽ വരുത്തി ബലാത്സംഗ സാധ്യത മറച്ചുവച്ചു എന്നതായിരുന്നു അന്ന് രേഖകൾ സഹിതം ഞാൻ നൽകിയ റിപ്പോർട്ട്. പിന്നീട് ഹൈദരാബാദിലെ നാഷണൽ Forensic lab അന്നത്തെ ലാബിലെ work register പരിശോധിച്ച് വാർത്തയിൽ ചൂണ്ടിക്കാട്ടിയ ഓരോ തിരുത്തും ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു. രേഖ തിരുത്തൽ കേസ് കൊലക്കേസിന് സമാന്തരമായി മറ്റൊരു ക്രിമിനൽ കേസ് ആയി നടക്കുകയായിരുന്നു. എന്നെ ആ കേസിൽ സാക്ഷി ആയി തിരുവനന്തപുരം CJM കോടതി വിസ്തരിച്ചിരുന്നൂ. സി.ബി.ഐ സംഘം ഇതേ വിഷയത്തിൽ എന്റെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. വാർത്തയുടെ സോഴ്സ് അവർ പല തവണ ചോദിച്ചിട്ടും പറയാൻ ആവില്ലെന്ന ഉറച്ച മറുപടി ആയിരുന്നു ആ കൂടിക്കാഴ്ചയിൽ ഉണ്ടായ ഒരേ ഒരു കല്ലുകടി.

എനിക്ക് മനസ്സിലായ വസ്തുത, കൊലക്കേസ് തന്നെ തെളിയിക്കാൻ പാട് പെട്ടിരുന്ന സമയത്ത് ബലാത്സംഗം കൂടി ചേർത്ത് കേസ് സങ്കീർണമാക്കാൻ അവർക്ക് താൽപര്യം ഉണ്ടായിരുന്നില്ല എന്നാണ്. സിസ്റ്റർ അഭയയുടെ മാതാപിതാക്കൾ അന്ന് അത്തരം ഒരു സാധ്യത ശക്തമായി എതിർത്തിരുന്നു. 15 വർഷം മുൻപ് മരിച്ച മകളുടെ മാനം ചോദ്യം ചെയ്യുന്ന ഒരു സാഹചര്യം അവർക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അഭയയുടെ അപ്പൻ നിസ്സഹായനായി സംസാരിച്ചത് ഇന്നും എന്റെ കാതിൽ മുഴങ്ങുന്നുണ്ട് .

സാങ്കേതിക മികവ് ആവശ്യമുള്ള വിഷയമായതിനാൽ AIIMS ലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട ഒരു പാനലാണ് അന്ന് ആരോപണ വിധേയരായ രണ്ട് ഉദ്യോഗസ്ഥരെ സി.ബി.ഐക്കുവേണ്ടി ചോദ്യം ചെയ്തത്. അവരുടെ വിശദീകരണം, ആദ്യ ടെസ്റ്റ് തെറ്റായി ചെയ്തതിനാൽ തെറ്റായ റിസൽട്ട് കിട്ടി എന്നും ഒന്നുകൂടെ ടെസ്റ്റ് ചെയ്ത് കിട്ടിയ റിസൽട്ട് ആദ്യത്തെ റിസൽട്ട് ചുരണ്ടി മാറ്റി എഴുതി എന്നത്, ആ മെഡിക്കൽ ബോർഡ് അംഗീകരിക്കുകയായിരുന്നു; അത്തരം ഒരു സാധ്യത തള്ളിക്കളയാനാവില്ല എന്നായിരുന്നു അവരുടെ റിപ്പോർട്ട്. പ്രധാനമായും ആ വാദം അംഗീകരിച്ച്​ തിരുത്തൽ കേസിൽ CJM കോടതി പിന്നീട് ആ ഉദ്യോഗസ്ഥരെ വെറുതെ വിട്ടൂ. കോടതി തീർപ്പ് കൽപ്പിച്ച കേസ് എന്ന നിലയിൽ അതിന്മേൽ ഇനി പുനഃപരിശോധന വേണം എന്ന് ഞാൻ കരുതുന്നില്ല.

അന്നത്തെ വാർത്തക്ക് ശേഷം അഭയ കേസ് എന്റെ regular beat ആയി. ആദ്യ അറസ്റ്റ് നടക്കുന്നതുവരെ Express ൽ നിത്യേനയെന്നോണം ഫോളോ അപ്പ് വന്നിരുന്നു. അന്നത്തെ എഡിറ്റർ മനോജ് കെ. ദാസ് നൽകിയ ശക്തമായ പിന്തുണയും പ്രോത്സാഹനവും വാർത്തകൾ നല്ല പ്രാധാന്യത്തോടെ വിന്യസിച്ചു വരാനും സഹായിച്ചു.

2011 ൽ പുതിയ സ്ഥാപനത്തിലേക്ക് മാറിയിട്ടും ഈ കേസ് എന്റെ ബീറ്റ് ആയി തുടർന്നു. 2019 ൽ തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ വിചാരണ തുടങ്ങിയപ്പോൾ മിക്കവാറും ദിവസങ്ങളിൽ കോടതിയിൽ പോയി കേസ് കേട്ട് റിപ്പോർട്ട് ചെയ്തിരുന്നു. പ്രധാന ദിവസത്തെ വാദങ്ങൾ വന്ന TOI വാർത്തകൾ എന്റെ ടൈംലൈൻ പരതിയാൽ കാണാം. മണിക്കൂറുകൾ നീളുന്ന വിചാരണ കോടതി മുറിയുടെ പിന്നിൽ നിന്ന് കേട്ടാണ് റിപ്പോർട്ട് തയാറാക്കിയത്. വഞ്ചിയൂർ കോടതിക്കുള്ളിൽ പത്രപ്രവർത്തകർക്ക് ഇന്നും അപ്രഖ്യാപിത വിലക്കുണ്ട്. അതിനാൽ തന്നെ കുഴപ്പക്കാരായ വക്കീലന്മാർ കാണാതെ തഞ്ചത്തിൽ പണി ചെയ്ത് പോരുകയായിരുന്നു. 6-7 മണിക്കൂർ ഒക്കെ ഒരേ നിൽപ് നിന്ന് വാദം കേട്ട ദിവസങ്ങളുണ്ട്. വിചാരണയുടെ അവസാന ഘട്ടത്തിൽ പല ദിവസങ്ങളിൽ മറ്റു പണികൾ മാനേജ് ചെയ്യാൻ പറ്റാതെ വന്നപ്പോൾ നേരിട്ട് പോക്ക് മുടങ്ങി. ഇന്ന് കിട്ടുന്ന പൂച്ചെണ്ടുകൾ ഇന്നലെ കൊണ്ട വെയിലിന്റെ കൂലിയാണ് എന്നറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം അനൽപമാണ്.

വിധി ദിനത്തിൽ ഞാൻ കോടതിയിൽ പോയിരുന്നില്ല. 2008 മേയിൽ ഒരു ദിവസം ഞാൻ ഫാ. തോമസ് കോട്ടൂരിനോട് ദീർഘമായി ഫോണിൽ സംസാരിച്ചിരുന്നു. സി.ബി.ഐ അന്വേഷണം അച്ചനിൽ എത്തിത്തുടങ്ങിയ സമയം. കർത്താവിന്റെ പദ്ധതികളെ പറ്റിയാണ് തീർത്തും അക്ഷോഭ്യനായി അദ്ദേഹം എന്നോട് അന്ന് പറഞ്ഞത്. യേശുവിന്റെ പദ്ധതി മാത്രമേ നടക്കുകയുള്ളൂ എന്നും അത് എന്തായാലും സന്തോഷമായി സ്വീകരിക്കും എന്നും അന്ന് അദ്ദേഹം പറഞ്ഞത് ഞാൻ ഓർക്കുന്നു. ചൊവ്വാഴ്ച ശിക്ഷ കേട്ട് ജയിലിലേക്ക് പോകുമ്പോഴും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് അതുതന്നെ ആയിരുന്നു.

"ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണ് ഞാൻ വന്നത്.' എന്ന് പറഞ്ഞത് മറ്റാരും ആയിരുന്നില്ലല്ലോ (മർക്കോസ് 2:13-17)


Comments