‘‘ആ രാത്രിയെ കുറിച്ചുള്ള പേടിപ്പിക്കുന്ന ഓർമയാണ് ഞങ്ങൾക്കിപ്പോഴും. കുടുംബത്തിലെ പതിനാല് പേരെയാണ് ഉരുളെടുത്തത്. എന്റെയും ഭാര്യയുടെയും മാതാപിതാക്കൾ, വീടും വീടിനോട് ചേർന്നുള്ള സ്ഥലങ്ങൾ എല്ലാം നഷ്ടപ്പെട്ടു. മനസിനാകെ ഒരു മരവിപ്പാണ്. കരകയറാൻ മുന്നിൽ ഒരു വഴിയും കാണുന്നില്ല. മൊത്തം ശൂന്യതയാണ്. പുനരധിവാസമായിട്ടില്ല. ആർക്കും ഉയർത്തെണീക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനിടയിലാണ് ബാങ്കുകാരുടെ ശല്യം. ദുരിതബാധിതരുടെ എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്ന് സർക്കാർ പറഞ്ഞിട്ടും ബാങ്കുകൾ ഇതുവരെ അതിന് തയാറായിട്ടില്ല. ഇസാഫ് ബാങ്ക്, ഭാരത് ഫിനാൻസ്, കേരള ഗ്രാമീൺ ബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് ഞാൻ ലോണെടുത്തത്. ചെറിയ തുകകളാണ്. എഴുതിതള്ളാനുള്ള തീരുമാനം മുകളിൽ നിന്ന് വന്നിട്ടില്ലെന്നാണ് ഈ ബാങ്കുകളെല്ലാം പറയുന്നത്. ജീവൻ മാത്രം ബാക്കിയായ ഞങ്ങളെങ്ങനെ ഈ കടം വീട്ടും. ഇങ്ങനെ ഒരുപാട് പേരുണ്ടിവിടെ. മൂന്ന് മാസമായിട്ടും അതിജീവിക്കാനുള്ള ഒരു സാധ്യതയും മുന്നിൽ തെളിയാത്തവർ. അവിടേക്കാണ് ഈ ബാങ്കുകൾ കടങ്ങളുടെ കണക്കുമായി കടന്നുവരുന്നത്’’.
ദുരന്തത്തിൽ വീടും കുടുംബത്തിലെ 14 പേരെയും നഷ്ടപ്പെട്ട വിപിൻ ദാസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞതാണിത്. വിപിൻ ദാസിനെ പോലെ ജീവൻ മാത്രം അവശേഷിച്ച അനേകം പേരാണ് സർവ്വം നഷ്ടപ്പെട്ട് സ്തംഭിച്ചുനിൽക്കുന്നത്. തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമായ ഇവരെല്ലാം ചെറിയ വായ്പകളെടുത്താണ് ജീവിതം തള്ളിനീക്കിയിരുന്നത്. വായ്പക്ക് ഈടുവച്ചതെല്ലാം ഉരുൾപൊട്ടലിൽ നഷ്ടമായി. എന്നാൽ വായ്പകൾ മാത്രം വലിയ ചോദ്യചിഹ്നമായി നിൽക്കുകയാണ്.
ഉരുൾപൊട്ടലിൽ ഉപജീവനമാർഗം നഷ്ടപ്പെട്ടവരെ സംബന്ധിച്ച്, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനാകുമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും അവരെ വീണ്ടും മാനസിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുകയാണ്, വായ്പകളെക്കുറിച്ചുള്ള ഓർമകൾ പോലും. വായ്പ എഴുതിത്തള്ളണമെന്ന് നിരന്തരം ആവശ്യം ഉയരുമ്പോഴും മൂന്നാം മാസവും ബാങ്കുകളും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും. ഒരു നടപടിയും എടുത്തിട്ടില്ല.
വായ്പ എഴുതിത്തള്ളുമെന്ന പ്രതീക്ഷയിലാണ് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ജീവൻ മാത്രം ബാക്കിയായ വേണു:
“എന്റെ വീടും ഭാര്യയുടെ കൈവശമുണ്ടായിരുന്ന സ്വർണവും നഷ്ടപ്പെട്ടു. ആദ്യ ഉരുൾപ്പൊട്ടലിലാണ് വീട് പൂർണമായും തകർന്നത്. അനിയന്റെയും സഹോദരിയുടെയും കുടുംബം എന്റെ വീട്ടിലായിരുന്നു. എന്റെയും അനിയന്റെയും ഏട്ടന്റെയും വീട് പോയി. മൂന്നും ഒറ്റ കോമ്പൗണ്ടിലായിരുന്നു. തറവാട് നഷ്ടപ്പെട്ടു. ഞാൻ സ്വർണം ഈടു നൽകി ലോൺ എടുത്തിട്ടുണ്ട്. മൊറട്ടോറിയത്തിന് കഴിഞ്ഞ ദിവസം ഫോം പൂരിപ്പിച്ച് കൊടുത്തിരുന്നു. കടം എഴുതിത്തള്ളണെമെന്നാണ് ഞങ്ങളുടെ ആവശ്യം. മൊറട്ടോറിയം കൊണ്ട് കാര്യമില്ല. പക്ഷേ, തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം വായ്പകൾ റീ സ്‌ട്രെക്ച്ചർ ചെയ്യാനുള്ള ക്യാമ്പിൽ പങ്കെടുത്തിരുന്നു. ഫോം പൂരിപ്പിച്ച് നൽകി എന്നല്ലാതെ കാര്യമായൊന്നും അവിടെയും നടന്നില്ല. ഫോമിൽ വായ്പ എഴുതിത്തള്ളുമെന്നോ മറ്റോ പറയുന്നില്ല. ഉത്തരവാദിത്തപ്പെട്ടവരുമായി സംസാരിച്ച് നടപടി എടുക്കുമെന്നാണ് അധികൃതർ അറിയിച്ചത്.”
വേണുവിനെ പോലെ ചെറിയ വായ്പകളെടുത്ത അനേകം പേർ ഇവിടെയുണ്ട്. ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ നടന്ന സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗത്തിൽ, വായ്പകൾക്ക് ഒരു വർഷത്തെ മോറിട്ടോറിയം പ്രഖ്യാപിക്കുകയാണുണ്ടായത്. എന്നാൽ, മോറിട്ടോറിയമല്ല, കടം മുഴുവനായും എഴുതിത്തള്ളുകയാണ് വേണ്ടതെന്ന് അന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു:
“ബാങ്ക് നടപടികൾ യാന്ത്രികമാകരുത്. വായ്പ എടുത്തവർക്ക് തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയാണ്. അവധി നീട്ടി നൽകിയതുകൊണ്ടോ പലിശ ഇളവ് നൽകിയതുകൊണ്ടോ കാര്യമില്ല. വായ്പ എടുത്ത പലരും ഇന്ന് ജീവനോടെയില്ല. മറ്റ് പലർക്കും എല്ലാം നഷ്ടപ്പെട്ടു. അതുകൊണ്ട് വായ്പകൾ എഴുതിത്തള്ളുകയാണ് വേണ്ടത്.” - മുഖ്യമന്ത്രി ബാങ്കേഴ്‌സ് സമിതി യോഗത്തിൽ പറഞ്ഞു. എന്നിട്ടും, ബാങ്കുകൾ തീരുമാനമെടുക്കുന്നത് നീട്ടിക്കൊണ്ടുപോകുകയാണ്. കടങ്ങൾ പൂർണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ഡയറക്ടർ ബോർഡിന് തീരുമാനിക്കാമെന്ന് മാത്രമാണ് അന്നത്തെ യോഗത്തിൽ തീരുമാനമായത്.
“മുണ്ടക്കൈയിൽ ഏറ്റവും കൂടുതൽ ലോൺ ഉള്ളത് കേരള ഗ്രാമീൺ ബാങ്കിലാണ്. കനറാബാങ്കാണ് ഗ്രാമീൺ ബാങ്കിന്റെ സ്‌പോൺസർ ബാങ്ക്. കനറാ ബാങ്ക് തന്നെയാണ് കേരളത്തിന്റെ ലീഡ് ബാങ്കും. അപ്പോൾ കനറാ ബാങ്ക് ഒരു തീരുമാനമെടുത്താൽ തന്നെ ദുരന്തബാധിതരുടെ വായ്പയുടെ വലിയൊരു ശതമാനം എഴുതിത്തള്ളാം. ഒരു ബാങ്ക് കടം എഴുതിത്തള്ളുമ്പോൾ മറ്റെല്ലാ പബ്ലിക് സെക്ടർ ബാങ്കുകളും അത് നോക്കി വായ്പകൾ എഴുതിത്തള്ളും. അതിനുള്ള സമ്മർദ്ദം നമ്മളാണ് കൊടുക്കേണ്ടത്. സംസ്ഥാന ബാങ്കേഴ്‌സ് സമിതിയിൽ ധനകാര്യ മന്ത്രിയും അംഗമാണ്. അവിടെയാണ് ഡെവലപ്‌മെന്റ് പ്ലാൻ സംസാരിക്കുന്നത്. അപ്പോൾ ആ സമിതിയിൽ സംസ്ഥാനത്തിന് ഇടപെടാം.” - അഖിലേന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ മുൻ ജനറൽ സെക്രട്ടറി തോമസ് ഫ്രാങ്കോ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു.
കടം എഴുതിത്തള്ളണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിൽ വയനാട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ, ദുരന്ത ബാധിതരുടെ ബാങ്ക് ലോൺ ഡാറ്റ റി - സ്‌ട്രെക്ച്ചർ ചെയ്യുന്നതിനായി അപേക്ഷകൾ സ്വീകരിക്കുന്നതിന് ഒക്ടോബർ 23-ന് പ്രത്യേക ക്യാമ്പ് നടന്നു. ഈ ക്യാമ്പിൽ വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു ദുരിതബാധിതകർ കരുതിയത്. എങ്ങനെയാണ് റി സ്‌ട്രെക്ച്ചർ ചെയ്യുന്നതെന്ന് ബാങ്കുകൾ വ്യക്തമാക്കുന്നില്ല. മോറിട്ടോറിയം പലിശരഹിതമാണോ തുടങ്ങിയ വ്യവസ്ഥകളും വെളിപ്പെടുത്തിയിട്ടില്ല. ക്യാമ്പിൽ 1170 അപേക്ഷകളാണ് ലഭിച്ചത്. 1100-ഓളം പേർ പങ്കെടുത്തു. ലോണുകൾ എഴുതിത്തള്ളുന്നതിന് റീ സ്ട്രക്ചറിങ് തടസമാകില്ല എന്നാണ് അധികൃതർ പറയുന്നത്.
റീ സ്‌ട്രെക്ച്ചർ എന്ന് പറയുമ്പോഴും പലിശനിരക്ക് റീസ്‌ട്രെക്ച്ചർ ചെയ്യുന്നില്ലെന്ന് സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി പ്രോഗ്രാം ഡയറക്ടർ മജു വർഗീസ് പറഞ്ഞു: “ലോണുകളുടെ പലിശ ബാങ്കുകൾ റീസ്‌ട്രെക്ച്ചർ ചെയ്യുന്നില്ല. 12- 14 ശതമാനം പലിശയുള്ള പേഴ്‌സണൽ ലോണുകൾ ആർ.ബി.ഐ നിരക്ക് അനുസരിച്ച് ആറ് ശതമാനവും അഞ്ച് ശതമാനവും ആക്കാമെല്ലോ. ജനങ്ങളെ സഹായിക്കുകയാണ് ലക്ഷ്യമെങ്കിൽ റീസ്‌ട്രെക്ച്ചർ ചെയ്യുമ്പോൾ പലിശ നിരക്ക് കൂടി റീ സ്ട്രക്ചർ ചെയ്യണം. ബാങ്കുകൾ സുതാര്യമായിട്ടല്ല പ്രവർത്തിക്കുന്നത്. ദുരന്തം നേരിട്ട് ബാധിച്ചവരെയും അല്ലാത്തവരെയും ബാങ്കുകൾ പരിഗണിക്കണം. ജോൺ മത്തായി കമീഷൻ റിപ്പോർട്ട് വന്നതോടെ, ദുരന്തമേഖലയിൽ ആളുകൾ ഇനി താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. അപ്പോൾ നാടിനെ മൊത്തമായി തന്നെ ദുരന്തം ബാധിച്ചതായി പരിഗണിക്കേണ്ടിവരും”
റി സ്ട്രക്ചർ ക്യാമ്പിൽ, കേരള ബാങ്ക് നൽകിയ അപേക്ഷയിൽ മാത്രമാണ് വായ്പ എഴുതിത്തള്ളുക എന്നൊരു ആവശ്യം ഉന്നയിക്കാൻ അവസരമുണ്ടായത്. മറ്റ് ബാങ്കുകളുടെ അപേക്ഷാ ഫോമിൽ അതിനായി ഒരു വരി പോലും നൽകിയിട്ടില്ല. സ്വന്തം കൈപ്പടയിൽ ഇക്കാര്യം ആവശ്യപ്പെടുമെന്ന് അപേക്ഷകർ പറഞ്ഞപ്പോൾ, അപേക്ഷ തള്ളിപ്പോകുമെന്നായിരുന്നു ബാങ്ക് പ്രതിനിധികളുടെ പ്രതികരണമെന്ന് ചൂരൽമലയിൽ നിന്നുള്ള ജീപ്പ് ഡ്രൈവർ രാജേഷ് ട്രൂകോപ്പിയോട് പറഞ്ഞു.
“ഞാൻ തൊള്ളായിരം കണ്ടി കേന്ദ്രീകരിച്ച് ജീപ്പ് ഓടിക്കുന്നയാളാണ്. എനിക്ക് ശ്രീറാം ഫിനാൻസിൽ നാലര ലക്ഷം രൂപയുടെ വായ്പയും മൂന്ന് ലക്ഷത്തിന്റെ സ്വർണപ്പണയവുമുണ്ട്. ഞങ്ങളുടെ വീടുകളെല്ലാം വാസയോഗ്യമല്ലാതായി. പൂർണമായി എഴുതിത്തള്ളിയില്ലെങ്കിലും ചെയ്യാൻ പറ്റുന്നത് ചെയ്യാമെന്നാണ് ശ്രീറാം ഫിനാൻസ് പറയുന്നത്. ഇപ്പോഴും ഞങ്ങളെ ഏറ്റവും ശല്യപ്പെടുത്തുന്നത് ബജാജ് ഫിനാൻസാണ്. ചൂരൽമല ഭാഗത്ത് ഇനി ഒരു ബാങ്കും പുതിയ ലോണുകൾ നൽകുന്നില്ല എന്നും പറയുന്നുണ്ട്’’.
വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ തങ്ങൾ കബളിപ്പിക്കപ്പെടുകയാണോ എന്ന ആശങ്കയും രാജേഷ് പ്രകടിപ്പിച്ചു: ‘‘കേരള ബാങ്ക് അവരുടെ ഫോമിൽ, ‘വായ്പ എഴുതിത്തള്ളാനും പുനഃക്രമീകരണത്തിനും’ എന്ന് എഴുതിയിട്ടുണ്ട്. മറ്റു ബാങ്കുകളൊന്നും വായ്പ എഴുതിത്തള്ളുക എന്ന ഓപ്ഷൻ വെച്ചിട്ടില്ല. എഴുതിത്തള്ളുന്നതിന്റെ ഭാഗമായി കാമ്പയിനിൽ വരണം എന്ന് പറഞ്ഞിട്ടാണ് മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവരെ ക്യാമ്പിലേക്ക് വിളിച്ചത്. എഴുതിത്തള്ളുമെന്ന സൂചന അപേക്ഷാ ഫോമിൽ ഇല്ലാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ, ആദ്യം പത്ത് മാസം താൽക്കാലിക മോറിട്ടോറിയമാണ് നടപ്പാക്കുന്നത് എന്നായിരുന്നു മറുപടി. മോറിട്ടോറിയം പലിശരഹിതമാണോ എന്ന് ചോദിച്ചപ്പോൾ വ്യക്തമായ മറുപടിയില്ല. മോറിട്ടോറിയം വന്നാലും വായ്പ നീട്ടിയ അത്രയും കാലത്തെ പലിശ അടക്കേണ്ടിവരും എന്നാണ് അവർ പറഞ്ഞത്. കേരള ബാങ്ക് ‘കടം എഴുതിത്തള്ളുക’ എന്ന ഓപ്ഷൻ വെച്ചതുപോലെ തങ്ങൾക്ക് സാധ്യമല്ല എന്നാണ് മറ്റു ബാങ്കുകൾ പറഞ്ഞത്. അങ്ങനെയെങ്കിൽ അപേക്ഷാഫോമിലെ പുനഃക്രമീകരണം എന്നത് വെട്ടി ഞങ്ങൾ സ്വന്തം കൈപ്പടയിൽ, വായ്പകൾ എഴുതിത്തള്ളുന്നതിന് എന്ന് എഴുതിയാൽ അപേക്ഷ സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോൾ അപേക്ഷ സ്വീകരിക്കില്ലെന്നായിരുന്നു മറുപടി’’- രാജേഷ് പറയുന്നു.
ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഓഖി ദുരന്തത്തിലും 2004 ലെ സുനാമിയിലും വീട് നഷ്ടപ്പെട്ടവരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളിയിരുന്നു. എന്നാൽ വയനാട് ദുരന്തം പിന്നിട്ട് ഇത്രയും ദിവസങ്ങൾ പിന്നി്ട്ടിട്ടും ദുരന്തം ബാധിച്ച മനുഷ്യരുടെ കടബാധ്യതകളുടെ കാര്യത്തിൽ യാതൊരു തീരുമാനവുമായിട്ടില്ല. രാജ്യത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിട്ടും ദുരന്തബാധിതർക്കൊപ്പം നിൽക്കാതെ എല്ലാം നഷ്ടമായവരിൽ നിന്ന് പണം കൊള്ളയടിക്കാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. ദുരന്തത്തിൽ വീടും മറ്റ് സമ്പാദ്യങ്ങളും പൂർണമായും നഷ്ടപ്പെട്ട , വീടുകൾ വാസയോഗ്യമല്ലാതായ ആ മനുഷ്യർ തങ്ങളുടെ ജീവിതം ഒന്നിൽ നിന്നും തുടങ്ങാനുള്ള വെപ്രാളത്തിലാണ്. അതിനിടയിലാണ് ബാങ്ക് അവരുടെ കടബാധ്യതകൾ എഴുതി തള്ളാതെ ആ മനുഷ്യരെ വീണ്ടും സമ്മർദ്ദത്തിലാഴ്ത്തുന്നത്. 12 ബാങ്കുകളിൽ നിന്ന് 35.12 കോടി രൂപയാണ് വായ്പ. അതിൽ ഏറ്റവും കൂടുതൽ വായ്പ നൽകിയത് ഗ്രാമീൺ ബാങ്കാണ്. കാർഷിക വായ്പയായി 19.81 കോടിയും ചെറുകിട സംരഭങ്ങൾക്കായി 3.4 കോടിയും വായ്പ നൽകിയിട്ടുണ്ട്. ഭവനവായ്പ, സ്വർണ പണയ വായ്പ, കാർഷിക വായ്പ, വാഹനവായ്പ, എസ്.എച്ച്.ജി വായ്പകൾ, മുദ്ര ഉൾപ്പെടെയുള്ള എം.എസ്.എം.ഇ വായ്പകൾ തുടങ്ങിയവയാണ് മറ്റ് വായ്പകൾ.
നിലവിലെ വായ്പകൾ എഴുതിത്തള്ളി ദുരിതബാധിതർക്ക് പുതിയ വായ്പ നൽകുകയാണ് ബാങ്കുകൾ ചെയ്യേണ്ടതെന്ന് തോമസ് ഫ്രാങ്കോ പറയുന്നു:
“കൃഷി നഷ്ടപ്പെട്ട കർഷകർ വായ്പ തിരിച്ചടക്കാൻ നിർബന്ധിതരാകുമ്പോഴാണ് കർഷക ആത്മഹത്യകളുണ്ടാകുന്നത്. അത്തരമൊരു അവസ്ഥയിലേക്ക് മുണ്ടക്കൈ പോകാതിരിക്കാൻ, വായ്പകൾ എഴുതിത്തള്ളി പുതിയ വായ്പ നൽകുകയാണ് ബാങ്കുകൾ ചെയ്യേണ്ടത്. ലീഡ് ബാങ്കായ കനറാ ബാങ്കിന് ഇതിൽ വലിയ പങ്കുണ്ട്. അവരാണ് അഞ്ച് വർഷത്തെ ക്രഡിറ്റ് പ്ലാൻ ഉണ്ടാക്കേണ്ടത്. ഇതുപോലൊരു ദുരന്തം സംഭവിക്കുന്ന സമയത്ത് സ്‌പെഷ്യൽ പ്ലാൻ തയ്യാറാക്കണം. ഏതൊക്കെ ബാങ്ക് എത്ര വായ്പ നൽകണം എന്നെല്ലാം തീരുമാനിക്കണം. അത് ഇതുവരെ നടപ്പിലായിട്ടില്ല. ദുരന്തപശ്ചാത്തലത്തിൽ നടക്കുന്ന പഠനങ്ങളെല്ലാം പെട്ടെന്ന് നടക്കണം. ബാങ്കുകളെല്ലാം നല്ല ലാഭത്തിലാണ്. അതുകൊണ്ടുതന്നെ, ദുരന്തബാധിതരെ സപ്പോർട്ട് ചെയ്യാൻ അവർ ബാധ്യസ്ഥരുമാണ്. മുദ്ര ലോൺ 49 കോടി ആളുകൾക്ക് നൽകിയെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞത്. പക്ഷെ, വയനാട് ജില്ലയിലാകെ ഏഴ് പേർക്കാണ് ഈ ലോൺ ലഭിച്ചിട്ടുള്ളത്. ഇതെല്ലാം അവരിൽ എത്തിയിട്ടുമില്ല.”
ദുരന്തം നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും മേപ്പാടി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ജനങ്ങളുടെ ഉപജീവനമാർഗം മൂന്ന് മാസമായി അനിശ്ചിതത്വത്തിലാണ്. പലവിധ ജോലി ചെയ്യുന്നവരും ചെറിയ തുകയിൽ സംരംഭങ്ങൾ ആരംഭിച്ചവരുമെല്ലാം ഉരുൾപൊട്ടലിനുശേഷം വൻ പ്രതിസന്ധിയിലാണ്.
മുണ്ടക്കൈ സ്വദേശിയും കുടുംബശ്രീ സെക്രട്ടറിയുമായ സബിത അത്തരം അനുഭവത്തിലൂടെ കടന്നുപോകുകയാണ്:
“ഞാൻ ഹാന്റികാഫ്റ്റ് ചെയ്യുകയാണ്. ഉരുൾപൊട്ടലിൽ ഉപജീവനമാർഗം നഷ്ടപ്പെട്ടു. മൂന്ന് മാസത്തോളമായി ആർക്കും ജോലിയില്ല. എന്തെങ്കിലും വരുമാനം കിട്ടിത്തുടങ്ങിയാലും കടം വീട്ടേണ്ടിവരും’’.
വയനാട്ടിലെ ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുന്നതുകൊണ്ട് ബാങ്കുകൾക്ക് വലിയ നഷ്ടം വരുന്നില്ലെന്ന് മജു വർഗീസ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:
“രണ്ട് ലക്ഷം കോടി രൂപയാണ് പബ്ലിക് ബാങ്കുകളുടെ കഴിഞ്ഞ വർഷത്തെ ലാഭം. മുണ്ടക്കൈയിൽ എഴുതിത്തള്ളാനുള്ളത് 35 കോടി കോടിയാണ്. എന്നാൽ, ഏത് ബാങ്കിന്റെ വായ്പയാണ് എഴുതിത്തള്ളേണ്ടത് എന്ന വിഷയമാണ് അവരുന്നയിക്കുന്നത്. മുണ്ടക്കൈയിൽ ഏറ്റവും കൂടുതൽ വായ്പയുള്ളത് കേരള ഗ്രാമീൺ ബാങ്കിൽ നിന്നാണ്. അതൊരു ആർ.ആർ.ബി ( റീജ്യണൽ റൂറൽ ബാങ്ക്) ആണ്. ഗ്രാമീൺ ബാങ്ക് എസ്.ബി.ഐ പോലെയോ ബാങ്ക് ഓഫ് ബറോഡ പോലെയോ ഉള്ള ബാങ്കല്ല. ഗ്രാമീൺ ബാങ്കുകളുടെ പ്രധാന ഉദ്ദേശ്യം, ഗ്രാമീണ മേഖലകളിൽ വായ്പ നൽകുകയാണ്. അവർക്കാണ് മുണ്ടക്കൈയിൽ 11 കോടിയോളം വായ്പയുള്ളത്. പക്ഷെ അവരുടെ സ്‌പോൺസർ ബാങ്ക് സെൻട്രൽ ഗവൺമെന്റും സ്‌റ്റേറ്റ് ഗവൺമെന്റും കനറാ ബാങ്കുമാണ്. കനറാ ബാങ്കിന് 50 % ത്തിൽ കൂടുതൽ ഷെയറുണ്ട്. അങ്ങനെയാകുമ്പോൾ ഈ മൂന്നുപേരും കൂടി തീരുമാനിച്ചാൽ മതിയാകും. ഗ്രാമീൺ ബാങ്കിന് കടം എഴുതി തള്ളാൻ മാർഗമില്ല എന്ന് പറയുന്നത് ശുദ്ധ അബദ്ധമാണ്.” - മജു വർഗീസ് പറയുന്നു.
ഇനി മറ്റൊരു കണക്ക് പരിശോധിക്കാം.
2022 ഡിസംബർ 19 ന് പാർലമെൻിൽ ധനകാര്യ മന്ത്രി പറഞ്ഞതനുസരിച്ച്, അഞ്ച് വർഷത്തിനിടയിൽ കോർപ്പറേറ്റുകളുടെ 10.09 ലക്ഷം കോടി രൂപയാണ് ബാങ്കുകൾ എഴുതിത്തള്ളിയത്. 2014 - 15 സാമ്പത്തിക വർഷം മുതലിങ്ങോട്ടുള്ള പത്ത് വർഷത്തിനിടയിൽ 14.56 കോടിയോളം വായ്പ എഴുതിത്തള്ളിയതായി ധനമന്ത്രി 2023 ഓഗസ്റ്റ് ഏഴിന് പാർലമെന്റിൽ പറഞ്ഞിരുന്നു. 14,56,226 കോടിയിൽ 7,40,968 കോടിയോളം വൻകിട കോർപ്പറേറ്റുകളുടേതാണ്. ബാങ്കുകൾ എഴുതിത്തള്ളുന്ന വായ്പകളുടെ 80 ശതമാനത്തിലധികവും വൻകിട കോർപ്പറേറ്റുകളുടേതാണ്. സാധാരണ ജനങ്ങളുടെ നിക്ഷേപങ്ങളിലൂടെയാണ് ബാങ്കുകൾ പ്രവർത്തിക്കുന്നതുതന്നെ. 2023 - 24 വർഷം 12 പബ്ലിക് ബാങ്കുകളുടെ ലാഭം മൂന്ന് ലക്ഷം കോടിയാണ്. എന്നിട്ടും സാധാരണ ജനങ്ങളുടെ പണം വെച്ച് പ്രവർത്തിക്കുന്ന ഈ ബാങ്കുകൾക്ക് അവരുടെ വായ്പകൾ എഴുതിത്തള്ളാൻ എന്തുകൊണ്ട് കഴിയുന്നില്ല എന്നാണ് മുണ്ടക്കൈയിലെ ദുരിതബാധിതർ ചോദിക്കുന്നത്.
“ഞങ്ങളുടെ ആവശ്യം ബാങ്കുകൾ ഞങ്ങളുടെ കടം പൂർണമായും എഴുതിത്തള്ളുക എന്നത് തന്നെയാണ്. കാരണം ഒരു രീതിയിലും ഞങ്ങൾക്ക് തിരിച്ചടവ് സാധ്യമല്ല. പഴയത് ജോലിക്ക് പോകാനും ഇനി പറ്റുന്നില്ല. വീടും മറ്റും എല്ലാം നഷ്ടപ്പെട്ടതാണ്. പുനരധിവാസമായി ബന്ധപ്പെട്ടും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത് വരെ ഒന്നും അറിഞ്ഞിട്ടില്ല. ബാങ്കിന് മേൽഘടകത്തിൽ നിന്ന് ഇത് വരെ ഒരു അറിയിപ്പും ലഭിച്ചിട്ടില്ല എന്നാണ് പറയുന്നത്. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലെ ദുരിതബാധിതരുടെ ആകെ കടം തന്നെ 50 കോടി പോലും വരില്ല. 35 കോടി മാത്രമാണ് ദുരിതബാധിതരുടെ ആകെ കടം. ബാങ്കിന്റെ ഭാഗത്ത് നിന്ന് ചിന്തിച്ചാലും വലിയ ബിസിനസ് കാരുടെ വലിയ കടങ്ങൾ അവർ എഴുതിത്തള്ളുന്നുണ്ട്. അപ്പോൾ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളി എന്നുള്ളത് കൊണ്ട് ബാങ്കുകൾക്ക് ഒരു നഷ്ടവും വരാൻ പോകുന്നില്ല. കണക്കെടുപ്പും കാര്യങ്ങളും എല്ലാം പെട്ടന്ന് പൂർത്തിയാക്കി ദുരന്തബാധിതരുടെ കടങ്ങൾ പൂർണമായും ബാങ്കുകൾ എഴുതിത്തള്ളണം. കാരണം ഒരു രീതിയിലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ബാങ്കുകളോടും സർക്കാരിനോടും ആവശ്യപ്പെട്ടിട്ടും മൂന്ന് മാസമായിട്ടും ഒരു തീരുമാനവും ആയിട്ടില്ല. ശെരിക്കു പറഞ്ഞൽ ഞങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. മൂന്നര മാസത്തോളമായി ദുരന്ത കഴിഞ്ഞിട്ട്. അന്ന് മുതൽ പരിഗണിക്കാം, ചെയ്യാം എന്നെല്ലാം മാത്രമാണ് ബാങ്കും ഗവൺമെന്റും പറയുന്നത്.” - വിപിൻ ദാസ് പറയുന്നു.
പുതിയ വായ്പയും
നിഷേധിക്കുന്നു
മുണ്ടക്കൈ ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പാർലമെന്റിലെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി (പി.എ.സി ) ആവശ്യപ്പെട്ടിരുന്നു. 15 ദിവസത്തിനകം നടപടി വേണമെന്നാണ് പി.എ.സി യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. പി.എ.സി ചെയർമാൻ കെ.സി. വേണുഗോപാൽ, എം.പിമാരായ ജഗദാംബിക പാൽ, ഡോ. അമർ സിംഗ, ബാലഷോരി വല്ലഭനേനി, ഡോ. സി.എം. രമേഷ്, ശക്തിസിൻഹ് ഗോഹിൽ, സൗഗത റോയ്, തിരുച്ചി ശിവ, ജയ്പ്രകാശ്, അപരാജിത സാരംഗി എന്നിവരടങ്ങിയ സമിതിയാണ് ദുരിതബാധിതരുടെ കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടത്.
‘‘The National Authority may, in cases of disasters of severe magnitude, recommend relief in repayment of loans or for grant of fresh loans to the persons affected by disaster on such concessional terms as may be appropriate’’ എന്നാണ് 2005- ലെ ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ടിൽ പറയുന്നത്. അതായത്, ഗുരുതര ദുരന്തങ്ങൾ സംഭവിക്കുമ്പോൾ ദുരിതബാധിതരുടെ വായ്പകളിൽ ഇളവ് നൽകാനും അവർക്കാശ്വാസകരമാകുന്ന തീരുമാനങ്ങളെടുക്കാനും ദേശീയ ദുരന്തനിവാരണ വകുപ്പിന് സാധിക്കും. ദുരിതബാധിതർക്ക് പുതിയ വായ്പകൾ നൽകുന്നതിനും ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് ശുപാർശ ചെയ്യാമെന്നും ഈ ആക്ടിൽ പറയുന്നുണ്ട്. ദുരന്തനിവാരണ നിയമത്തിലെ 13 -ാം വകുപ്പ് പ്രകാരം ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടൽ ബാധിതരുടെ വായ്പകൾ പൂർണമായി എഴുതിത്തള്ളണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്തബാധിതരുടെ നിലവിലുള്ള വായ്പകൾ എഴുതിത്തള്ളാനോ എല്ലാം നഷ്ടപ്പെട്ട മനുഷ്യർക്ക് കൈത്താങ്ങാവുന്ന രീതിയിൽ പുതിയ വായ്പകൾ അനുവദിക്കാനോ ബാങ്കുകൾ ഇതുവരെ തയ്യാറായിട്ടില്ല. പുതിയ വായ്പകൾക്കായി സമീപിച്ചവരോട് ബാങ്ക് അതോറിറ്റിയുടെ അറിയിപ്പ് ഉണ്ടാകുന്നത് വരെ ചൂരൽമല, മുണ്ടക്കൈ മേഖലയിലുള്ളവർക്ക് പുതിയ വായ്പകൾ നൽകുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു.
“ബാങ്കുകൾ ഒരു മാനുഷിക പരിഗണനയും ഇപ്പോഴും തരുന്നില്ല. ഇപ്പോഴും ഞങ്ങളുടെ സിവിൽ സ്‌കോർ കുറയുന്നുണ്ട്. മോറിട്ടോറിയമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വായ്പകൾ തിരിച്ചടക്കണം എന്ന് തന്നെയാണ് ബാങ്ക് പറയുന്നത്. ഒരു വർഷം മോറിട്ടോറിയം പ്രഖ്യാപിക്കുമ്പോഴും പലിശനിരക്ക് കൂടുകയും സിബിൽ സ്‌കോർ കുറയുകയും ചെയ്യുന്നുണ്ട്. ഒരു വർഷം കാലാവധി തരുമ്പോഴും വീണ്ടും സാമ്പത്തിക ബാധ്യത കൂടുകയാണ് ചെയ്യുന്നത്. എനിക്ക് ജോലി ഇല്ലാത്തതുകൊണ്ട് ഒരു ജീപ്പ് എടുക്കാൻ വായ്പ തരുമോ എന്ന് അന്വേഷിച്ചപ്പോൾ നമ്മുടെ വാർഡുകളിലേക്ക് പുതിയ വായ്പ നൽകുന്നില്ലെന്നാണ് പറയുന്നത്. പുതിയ ഒരു ലോണും നൽകുന്നില്ലെന്നും എല്ലാം നിർത്തി വെച്ചെന്നുമാണ് ബാങ്ക് പറയുന്നത്. ഞങ്ങൾ പ്രൈവറ്റായിട്ടും ഗ്രാമീൺ ബാങ്കുമായും ആണ് ബന്ധപ്പെട്ടത്. അവരെല്ലാം പുതിയ വായ്പകൾ നിർത്തിവെച്ചതായാണ് പറയുന്നത്. എനിക്ക് ഗ്രാമീൺ ബാങ്കിലും നിലവിൽ വായ്പയുണ്ട്. ദുരന്തം സംഭവിക്കുന്നതുവരെ ഒരു അടവ് പോലും തെറ്റിച്ചിട്ടില്ല. ദുരന്തം സംഭവിച്ച ശേഷമാണ് അടവ് തെറ്റിയിട്ടുള്ളത്. ഇവിടെയുള്ള എല്ലാവരുടെയും അടവ് തെറ്റിയതും ദുരന്തത്തിന് ശേഷമാണ്. എന്നിട്ടും നമുക്ക് മുന്നോട്ടുള്ള ജീവിതത്തിന് ആശ്വാസകരമാകുന്ന ഒരു നടപടിയും ബാങ്കിന്റെ ഭാഗത്തുനിന്നോ അധികാരികളുടെ ഭാഗത്തുനിന്നോ ലഭിക്കുന്നില്ല. ഇപ്പോഴുള്ള വായ്പ എഴുതിത്തള്ളി താമസിക്കാൻ ഒരു വീടെങ്കിലും തന്നിട്ടുണ്ടെങ്കിൽ മുന്നോട്ട് എന്തെങ്കിലും ചെറിയ ജോലികൾ ചെയ്ത് ജീവിക്കാനാകും.” - വിപിൻ ദാസ് പറഞ്ഞു.
കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങൾ നൽകിയ വാഗ്ദാനങ്ങളെല്ലാം കടലാസ്സിലൊതുങ്ങുന്നതും ബാങ്കുകൾ തോന്നിയതുപോലെ ദുരിതബാധിതരുടെ വായ്പയുമായി നിർദാക്ഷിണ്യം മുന്നോട്ട് പോകുന്നതും രാജ്യത്തെ ഏറ്റവും വലിയ ദുരിതബാധിതരോട് ചെയ്യുന്ന ക്രൂരതയാണ്. ദുരിത ബാധിതരെ പരിഗണിക്കാതെ ബാങ്കുകൾ തുടരുന്ന ഈ ക്രൂരത കേവലം പ്രഖ്യാപനത്തിലൂടെ ഇല്ലാതാക്കാമെന്നാണ് സർക്കാർ കരുതുന്നത്.
സംസ്ഥാന സർക്കാറിന്റെ ഒരു പ്രഖ്യാപനം ഇതാ: ‘‘ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ദുരന്തബാധിതരെടുത്ത വായ്പകൾ എഴുതിത്തള്ളുന്നത്തിൽ ബാങ്ക് ഭരണ സമിതികൾ തങ്ങളുടെ തീരുമാനം വേഗത്തിൽ കൈക്കൊള്ളണമെന്ന ആവശ്യം സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. റിസർവ് ബാങ്കിനെയും കേന്ദ്ര ധനമന്ത്രാലയത്തെയും ഇക്കാര്യത്തിൽ ബന്ധപ്പെടുത്തി നടപടികൾ വേഗത്തിലാക്കാനും സ്വകാര്യവ്യക്തികൾ കടം ഈടാക്കുന്നത് സംബന്ധിച്ച വിഷയങ്ങളിൽ ജില്ലാ ഭരണസംവിധാനം ഇടപെടാനുമുള്ള നിർദ്ദേശവും സർക്കാർ നൽകി’’.
ഇതോടെ, തങ്ങളുടെ ഭാഗം സുരക്ഷിതമായി എന്ന നിലപാടിലാണ് സർക്കാർ. പൊതുമേഖലാ ബാങ്കുകൾക്കുമേൽ കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ഒരുതരം സമ്മർദവും ഉണ്ടാകുന്നുമില്ല. ഭരണകൂടത്തിന്റെ ഒത്താശയോടെ ദുരന്തമുഖത്തും ലാഭം മാത്രം കാണുന്ന ബാങ്ക് നടപടി അവസാനിപ്പിക്കുക തന്നെ വേണം. മോറിട്ടോറിയമെന്ന ഓമനപ്പേരിട്ട് ദുരന്തബാധിതരെ ഇരട്ടി സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന നടപടിയെ സർക്കാർ ഇടപെട്ട് തിരുത്തുകയെങ്കിലും വേണം. മോറിട്ടോറിയമല്ല വായ്പ പൂർണമായും എഴുതിത്തള്ളുകയാണ് തങ്ങൾക്ക് വേണ്ടതെന്ന് ആ മനുഷ്യർ എല്ലാ വാതിലുകളും മുട്ടി പറയുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുന്ന ബാങ്കുകളും ബാങ്കുകളെ ഈ പിടിച്ചുപറിയിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കാത്ത സർക്കാരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്.