ജാതിവിവേചനത്തിൻെറ ഇരയായി മരണപ്പെട്ട കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജ്.

നിതിന്റെ മരണം, ജാതികേരളം നടത്തിയ ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ

നിതിനെന്ന ബി.ഡി.എസ് വിദ്യാർത്ഥിയുടെ മരണം കേരളത്തിൻെറ ജാതിവെറിയുടെ സാമൂഹിക യാഥാർത്ഥ്യത്തിൽ ഒരു ഒറ്റപ്പെട്ട സംഭവമേയല്ല. ‘ജാതിക്കൊലപാതക’ങ്ങളുടെ കണക്കിലാണ് ഈ മരണം ഉൾപ്പെടുത്തേണ്ടത്...

News Desk

“പട്ടി, പുഴുത്ത നാറി എന്നെല്ലാം വിളിച്ച് അധിക്ഷേപിച്ചു. രണ്ടാമത് കറുപ്പാണ് എൻെറ മോൻ. കറുപ്പ് നിറം പഞ്ഞ് അധിക്ഷേപിച്ചു. മൂന്നാമത് ഞാൻ കൂലിപ്പണിക്കാരനാണ്… അത് പറഞ്ഞ് അധിക്ഷേപിക്കുന്നു. നാലാമത് അവൻ ഒരു എസ്.സിക്കാരനാണ് അത് പറഞ്ഞും അധിക്ഷേപിക്കുന്നു,” ജാതിവിവേചനത്തിൻെറ ഇരയായി മരണപ്പെട്ട കണ്ണൂർ അഞ്ചരക്കണ്ടി ഡെൻറൽ കോളേജ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജിന്റെ അച്ഛൻ മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് ഹൃദയവേദനയോടെ വിശദീകരിച്ചതാണ് ഇക്കാര്യങ്ങൾ. കോളേജിലെ ചില അധ്യാപകരും വിദ്യാർത്ഥികളും നിരന്തരമായി നടത്തിയ ജാതിവെറിയുടെ ഇരയായി മാറുകയായിരുന്നു നിതിൻ. നാം കൊട്ടിഘോഷിക്കുന്ന പുരോഗമന പ്രബുദ്ധ കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് എന്തുകൊണ്ടാണ് നിതിനെന്ന വിദ്യാർത്ഥിയുടെ ജീവന് ഒരു സുരക്ഷിതത്വവും നൽകാൻ സാധിക്കാതെ പോയത്?

ആശുപത്രി കെട്ടിടത്തിൽ നിന്നുവീണ് മകൻ മരിച്ച വിവരം രക്ഷിതാക്കളെ നേരിട്ട് അറിയിക്കാൻ പോലും കോളേജ് അധികൃതർ തയ്യാറായിരുന്നില്ല. ചാനൽ വാർത്തകൾ കണ്ടാണ് വീട്ടുകാർ സംഭവം അറിഞ്ഞത്. അതിന് പിന്നാലെ കോളേജ് അധികൃതരെ വിളിച്ചപ്പോൾ “നിങ്ങൾക്ക് താങ്ങാൻ പറ്റുമെങ്കിൽ കേട്ടോളൂ” എന്ന് പറഞ്ഞാണ് അവർ മരണവാർത്ത അറിയിച്ചത്. തിരുവനന്തപുരം സ്വദേശിയായ നിതിൻ കോളേജിൽ ചേർന്ന കാലം മുതൽക്ക് തന്നെ ജാതി അധിക്ഷേപം നേരിട്ടിരുന്നതായി കുടുംബം പറയുന്നുണ്ട്.

ഒന്നാം വർഷ വിദ്യാർത്ഥിയായ നിതിൻ കോളേജിൽ സിനീയർ വിദ്യാർത്ഥികളിൽ നിന്ന് റാഗിങ് നേരിടേണ്ടി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യപകരോട് പരാതിപ്പെട്ടപ്പോൾ കടുത്ത ജാതിഅധിക്ഷേപവും മാനസിക പീഡനവുമാണ് നേരിടേണ്ടി വന്നത്. സ്റ്റാഫ് റൂമിൽ താൻ നേരിട്ട ഭീഷണിയുടെയും അധിക്ഷേപത്തിൻെറയും വിശദാംശങ്ങൾ നിതിൻ സഹപാഠികളോട് പറയുന്നതിൻെറ വീഡിയോയും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. അവൻെറ ജാതിയെക്കുറിച്ചും നിറത്തെക്കുറിച്ചും അച്ഛൻെ ജോലിയെക്കുറിച്ചും സാമ്പത്തിക അവസ്ഥയെക്കുറിച്ചുമെല്ലാം പറഞ്ഞാണ് അധിക്ഷേപം. ഇതിന് പുറമെ കുട്ടിയുടെ മാർക്ക് വെട്ടിക്കുറയ്ക്കൽ വരെ നടന്നു. അത് പഠനപ്രവർത്തനങ്ങളുടെ ഭാഗമായല്ല, വ്യക്തിപരമായി അധ്യാപകൻെറ പകയാണ് പ്രവർത്തിച്ചത്.

ആശുപത്രി കെട്ടിടത്തിൽ നിന്നുവീണ് മകൻ മരിച്ച വിവരം രക്ഷിതാക്കളെ നേരിട്ട് അറിയിക്കാൻ പോലും കോളേജ് അധികൃതർ തയ്യാറായിരുന്നില്ല. ചാനൽ വാർത്തകൾ കണ്ടാണ് വീട്ടുകാർ സംഭവം അറിഞ്ഞത്.
ആശുപത്രി കെട്ടിടത്തിൽ നിന്നുവീണ് മകൻ മരിച്ച വിവരം രക്ഷിതാക്കളെ നേരിട്ട് അറിയിക്കാൻ പോലും കോളേജ് അധികൃതർ തയ്യാറായിരുന്നില്ല. ചാനൽ വാർത്തകൾ കണ്ടാണ് വീട്ടുകാർ സംഭവം അറിഞ്ഞത്.

നിതിൻെറ മരണത്തിൽ പ്രധാനമായും മൂന്ന് അധ്യാപകർക്കെതിരെയാണ് കുടുംബം പോലീസിലും പട്ടികജാതി കമ്മീഷനിലും പരാതി നൽകിയിരിക്കുന്നത്. അധ്യാപകരായ ഡോ. എം.കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവരെ അന്വേഷണ വിധേയമായി കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. അനാട്ടമി വിഭാഗം മേധാവി കൂടിയായ റാമിനെ ഒരിക്കൽ വിളിച്ചപ്പോൾ താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ചും നിതിൻെറ അച്ഛൻ പറയുന്നുണ്ട്. അത്രമാത്രം ജാതിബോധം തന്നെയാണ് ഈ അധ്യാപകരിൽ പ്രവർത്തിച്ചതെന്ന് വ്യക്തം. ഒരു ഇൻസ്റ്റ്യൂഷൻ മുഴുവനും അവിടുത്തെ അധ്യാപകരും സിസ്റ്റവും നടത്തിയ നിരന്തരമായ ജാതിവെറിയാണ് നിതിൻെറ മരണത്തിന് കാരണമായത്. 22-കാരനായ ഈ യുവാവിൻെറ മരണത്തിൽ ദുരൂഹതകളുണ്ടെന്ന് കുടുംബം പറയുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്.

നിതിനെന്ന ബി.ഡി.എസ് വിദ്യാർത്ഥിയുടെ മരണം കേരളത്തിൻെറ സാമൂഹിക യാഥാർത്ഥ്യത്തിൽ ഒരു ഒറ്റപ്പെട്ട സംഭവമേയല്ല. കേരളത്തിലെ ‘ജാതിക്കൊലപാതക’ങ്ങളുടെ കണക്കിൽ ഏറ്റവും പുതിയത് മാത്രമാണ് ഇതെന്ന് പറയേണ്ടി വരും. പരിമിതമായ സൗകര്യങ്ങളിൽ വളർന്ന്, സാഹചര്യങ്ങളോട് പോരാടി പഠിച്ച് നല്ല മാർക്ക് നേടി വിജയിച്ച് വലിയ സ്വപ്നങ്ങൾ കണ്ട് മുന്നോട്ട് പോയിരിക്കുന്ന ഒരു ചെറുപ്പക്കാരനാണ് പാതിവഴിയിൽ ജീവിതം ഇല്ലാതായിപ്പോയിരിക്കുന്നത്. ജാതികേരളം നടത്തിയ ഇൻസ്റ്റിറ്റ്യൂഷണൽ മർഡർ എന്നല്ലാതെ ഇതിനെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല…

Comments